ആദ്യ ബഹിരാകാശ യുദ്ധ പരിശീലനവുമായി ഇന്ത്യ

ആദ്യ ബഹിരാകാശ യുദ്ധ പരിശീലനവുമായി ഇന്ത്യ
  • കേന്ദ്ര് പ്രതിരോധ മന്ത്രാലയം സംഘടിപ്പിക്കുന്ന യുദ്ധ പരിശീലനത്തിന്റെ പേര് ‘ഇന്‍ഡ്‌സ്‌പേസ്എക്‌സ്’
  • രാജ്യത്തെ മൂന്ന് സൈനിക വിഭാഗങ്ങളും ബഹിരാകാശ യുദ്ധ പരിശീനത്തിന്റെ ഭാഗമാകും
  • അതിവേഗം സാറ്റലൈറ്റ് വേധക സംവിധാനങ്ങള്‍ ആവിഷ്‌കരിക്കുന്ന ചൈനയെ ലക്ഷ്യമിട്ടാണ് പരിശീലനം

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ ബഹിരാകാശ യുദ്ധ പരിശീലനത്തിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം ഒരുങ്ങി. ഇവന്നും നാളെയുമായി നടക്കുന്ന സൈനിക പരിശീലനത്തില്‍ കര, വ്യോമ, നാവിക സേനകള്‍ പങ്കെടുക്കും. ബഹിരാകാശത്ത് രാജ്യം നേരിടുന്ന ആക്രമണ ഭീഷണികള്‍ മനസിലാക്കാനും അവ നേരിടാനുള്ള ഭാവി യുദ്ധതന്ത്രം സംയുക്തമായി ആവിഷ്‌കരിക്കാനുമാണ് പരിശീലന പരിപാടി ലക്ഷ്യമിടുന്നത്. ഏറ്റവും പ്രധാനമായി, ഇന്ത്യന്‍ സാറ്റലൈറ്റുകള്‍ക്ക് ചൈന ഉയര്‍ത്തുന്ന ഭീഷണി നേരിടുകയാണ് ഉദ്ദേശ്യം.

സാറ്റലൈറ്റ് വേധക മിസൈലായ എ-സാറ്റ് (ആന്റി സാറ്റലൈറ്റ്) ഉപയോഗിച്ച് സ്വന്തം സാറ്റലൈറ്റ് തകര്‍ക്കാനുള്ള പരീക്ഷണം വിജയിച്ചതോടെയാണ് ബഹിരാകാശത്തെ സൈനിക ഉപഗ്രഹങ്ങളടക്കം അതീവ തന്ത്ര പ്രധാനമായ ആസ്തികളുടെ സുരക്ഷയ്ക്കായി ഇന്ത്യ നീക്കം ശക്തമാക്കിയത്. മാര്‍ച്ച് 27 നാണ് മിഷന്‍ ശക്തി എന്നു പേരിട്ട ദൗത്യത്തിലൂടെ ഭൂമിയില്‍ നിന്ന് 283 കിലോമീറ്റര്‍ ദൂരത്തില്‍ ഭ്രമണം ചെയ്യുകയായിരുന്ന മൈക്രോസാറ്റ്-ആര്‍ ഉപഗ്രഹത്തെ എ-സാറ്റ് മിസൈല്‍ ഉപയോഗിച്ച് ഇന്ത്യ തകര്‍ത്തത്. ചൈനയടക്കമുള്ള രാഷ്ട്രങ്ങള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

ഭീഷണിയായി ചൈന

ബഹിരാകാശത്തെ സാറ്റലൈറ്റുകള്‍ റോക്കറ്റയച്ച് തകര്‍ക്കാനുള്ള ശേഷി നേരത്തെ തന്നെ കൈവരിച്ചിരുന്ന ചൈന, എ-സാറ്റ് മിസൈലുകളുടെ വന്‍ ശ്രേണി ഗവേഷണത്തിലൂടെ നേടിയെടുത്തിട്ടുണ്ട്. ഈ സാഹചര്യം മനസിലാക്കിയാണ് സാറ്റലൈറ്റ് വേധക ശേഷി അടിയന്തരമായി നേടാന്‍ ഇന്ത്യ തയാറായത്. ഭ്രമണ പഥത്തില്‍ ഒപ്പം സഞ്ചരിക്കുന്ന അന്യ ഉപഗ്രഹങ്ങളെ തകര്‍ക്കുന്ന ‘കൊലയാളി സാറ്റലൈറ്റു’കള്‍ ചൈനയ്ക്കുണ്ട്. കൈനറ്റിക് വിഭാഗത്തില്‍ പെടുന്നവയാണ് ഇവ. ഒപ്പം ഭൂമിയില്‍ നിന്ന് എതിര്‍ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ നശിപ്പിക്കാനുള്ള നോണ്‍-കാനറ്റിക് ആയുധങ്ങളും ചൈനയ്ക്കുണ്ട്. ലേസറുകള്‍, വൈദ്യുത-കാന്തിക തരംഗ ആയുധങ്ങള്‍ എന്നിവയാണ് അവ. ഇത്തരം ആയുങങ്ങളുപയോഗിത്തുള്ള ആക്രമണങ്ങളെ ചെറുക്കാനുള്ള ആയുധങ്ങളും തന്ത്രവും വികസിപ്പിക്കുക മാത്രമാണ് ഇന്ത്യയുടെ മുന്നിലുള്ള വഴിയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സാറ്റലൈറ്റുകള്‍ രാജ്യത്തിന്റെ വികസനത്തിലും, വിവര വിനിമയത്തിലും, പ്രതിരോധത്തിലും സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്. ശത്രുരാജ്യങ്ങള്‍ക്ക് ഇവ തകര്‍ക്കാനായാല്‍ രാജ്യത്തെ ബഹുദൂരം പിന്നോട്ടടിക്കാം. സൈന്യം ഉപയോഗിക്കുന്ന നിരീക്ഷണ, വിവര വിവിമയ, വിദൂര നിയന്ത്രിത ഉപഗ്രങ്ങള്‍ തകര്‍ന്നാല്‍ പ്രതിരോധ സേനയുടെ കണ്ണും കാതും മൂടപ്പെടും. സാറ്റലൈറ്റ് നിയന്ത്രിത യുദ്ധ സംവിധാനങ്ങള്‍ അവതാളത്തിലാവും. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ പുതിയ പരിശീലന പരിപാടിക്ക് ഏറെ പ്രാധ്യാന്യമുണ്ട്.

കരുത്തായി ഐഡിഎസ്

ബഹിരാകാശത്തെ സൈനിക, സിവിലിയന്‍ ഉപഗ്രഹങ്ങളുടെയും പേടകങ്ങളുടെയും സുരക്ഷാ ചുമതലയുള്ള ഇന്റഗ്രേറ്റഡ് സ്‌പേസ് സെല്ലടക്കം വിവിധോദ്ദേശ ഏജന്‍സികളുടെ സംരക്ഷണം നിര്‍വഹിക്കുന്ന ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്്റ്റാഫ് സേനാ വിഭാഗമാണ് അത്യധികം വൈദഗ്ധ്യം വേണ്ട പ്രത്യേക യുദ്ധ പരിശീലനത്തിന്റെ ഭാഗമാകുന്നത്. കര, വ്യോമ, നാവിക സേനകള്‍ക്ക് പുറമെ വിദേശകാര്യ മന്ത്രാലയം, പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ), പ്രതിരോധ മന്ത്രാലയം, ധനകാര്യ മന്ത്രാലയം എന്നിവയുടെ പ്രതിനിധികള്‍ ഐഡിഎസിന്റെ ഭാഗമാണ്. ഭാവിയില്‍ ബഹിരാകാശത്ത് ഇന്ത്യ നേരിടുന്ന സുരക്ഷാ വെല്ലുവിളികളെയും ആക്രമണങ്ങളെയും പ്രതിരോധിക്കുക ഐഡിഎസ് ആയിരിക്കും.

Categories: FK News, Slider
Tags: SATELLITE