രാത്രിയില്‍ ഉറക്കമുണരുന്നവര്‍ ശോഭയുള്ള പ്രകാശത്തോടു കൂടിയ ഫോണുകള്‍ ഉപയോഗിക്കരുതെന്നു പുതിയ പഠനം

രാത്രിയില്‍ ഉറക്കമുണരുന്നവര്‍ ശോഭയുള്ള പ്രകാശത്തോടു കൂടിയ ഫോണുകള്‍ ഉപയോഗിക്കരുതെന്നു പുതിയ പഠനം

ന്യൂഡല്‍ഹി: രാത്രിയില്‍ പതിവായി ഉറക്കമുണരുന്നവര്‍ അവരുടെ സ്മാര്‍ട്ട്‌ഫോണുകളോ ടാബ്‌ലെറ്റുകളോ സമയം നോക്കാനോ ടെക്സ്റ്റ് മെസേജുകള്‍ പരിശോധിക്കാനോ സോഷ്യല്‍ മീഡിയയില്‍ മറ്റ് സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനോ കുറച്ച് നിമിഷത്തേയ്ക്കാണെങ്കില്‍ പോലും എടുക്കരുതെന്നു പുതിയ പഠനം സൂചിപ്പിക്കുന്നു. കാരണം, ഇലക്‌ട്രോണിക് സ്‌ക്രീനുകളില്‍നിന്നും ചിതറുന്ന ശോഭയുള്ള പ്രകാശത്തിന്റെ ചെറിയ കണികകള്‍ പോലും ഉറക്കത്തിലേക്ക് മടങ്ങുന്നത് കൂടുതല്‍ ബുദ്ധിമുട്ടാണ്ടുക്കുമെന്നു ഗവേഷകര്‍ പറയുന്നു. പ്രകാശത്തിന്റെ ഹ്രസ്വ സ്ഫുരണത്തെ തലച്ചോര്‍ എങ്ങനെ പ്രോസസ് ചെയ്യുന്നു എന്നും അവ എങ്ങനെയാണ് ഉറക്കത്തെ ബാധിക്കുന്നതെന്നും യുഎസ് ഗവേഷകര്‍ പഠനം നടത്തുകയുണ്ടായി. ഹ്രസ്വ പ്രകാശനം (Short exposure) ശരീരത്തിന്റെ സര്‍ക്കാഡിയന്‍ റിഥത്തെ (circadian rhythm) ബാധിക്കില്ലെന്നു പഠനത്തില്‍ കണ്ടെത്തുകയുണ്ടായി. ഉറക്കം-ഉണരല്‍ ചക്രത്തെ (sleep-wake cycle) നിയന്ത്രിക്കുന്ന ആന്തരിക പ്രക്രിയയാണിത്. ഇത് ഓരോ 24 മണിക്കൂറിലും ആവര്‍ത്തിച്ചു കൊണ്ടിരിക്കും. ആന്തരിക സമയബോധമാണു സര്‍ക്കാഡിയന്‍ റിഥമെന്നു ചുരുക്കത്തില്‍ പറയാം.

ഉറങ്ങാന്‍ കിടക്കുന്നതിന് 90 മിനിറ്റ് മുമ്പ് ചെറുചൂടു വെള്ളത്തില്‍ കുളിക്കുന്നത് മെച്ചപ്പെട്ട ഉറക്കത്തിനു സഹായകരമാകുമെന്നു പഠനം പറയുന്നു. വൈകി അത്താഴം കഴിക്കുന്നത് ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും ഉറങ്ങാന്‍ ബുദ്ധിമുട്ടാകുമെന്നും പഠനം സൂചിപ്പിക്കുന്നു. ഉറങ്ങുന്നതിനു ചുരുങ്ങിയത് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിക്കാന്‍ ശ്രമിക്കണം. അത്താഴത്തിന് എണ്ണമയമില്ലാത്ത ഭക്ഷണമാണ് നല്ലത്. ലഘുവായ, പച്ചക്കറി ഉള്‍പ്പെടുന്ന ഭക്ഷണമാണെങ്കില്‍ ഉത്തമം. അത്താഴത്തിന് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ഒഴിവാക്കുന്നതും നല്ലതാണെന്നു പഠനം പറയുന്നു. ഉറക്കമുണര്‍ന്നതിനു ശേഷം ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ സ്വാഭാവിക പ്രകാശമേല്‍ക്കുന്നത് (സൂര്യപ്രകാശം) ശരീരത്തിന്റെ ബയോളജിക്കല്‍ ക്ലോക്കിനു വളരെ നല്ലതാണെന്നു പഠനം വ്യക്തമാക്കുന്നു. ഒരു ജീവിയുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സ്വതസിദ്ധമായ സംവിധാനമാണു ബയോളജിക്കല്‍ ക്ലോക്ക്.

Comments

comments

Categories: FK News