തീവ്രവാദത്തെ വെള്ളപൂശരുതെന്ന് പാകിസ്ഥാനോട് ഇന്ത്യ

തീവ്രവാദത്തെ വെള്ളപൂശരുതെന്ന് പാകിസ്ഥാനോട് ഇന്ത്യ

ചേരി ചേരാ പ്രസ്ഥാനം ഒരിക്കലും ഒരു രാജ്യത്തിന് ഒറ്റൊരു രാജ്യത്തിന്റെ പ്രാദേശിക ഐക്യത്തെ തകര്‍ക്കാനുള്ള വേദിയായിട്ടില്ല

യുഎന്‍: വെനിസ്വേലന്‍ തലസ്ഥാനമായ കാറാകാസില്‍ നടന്ന ചേരി ചേരാ പ്രസ്ഥാനത്തിന്റെ മന്ത്രി തല യോഗത്തില്‍ ഭീകരരെയും സ്വാതന്ത്ര്യസമരപോരാളികളെയും തുല്യരായി ചിത്രീകരിക്കാനുള്ള പാക് ശ്രമങ്ങളെ നിശിതമായി വിമര്‍ശിച്ച് ഇന്ത്യ. സമ്മേളനത്തില്‍ കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനിടെ പാക്കിസ്ഥാന്റെ വിദേശകാര്യ വിഭാഗം പാര്‍ലമെന്ററി സെക്രട്ടറി അന്‍ദ്‌ലീപ് അബ്ബാസ്, പാക്കിസ്ഥാന്റെ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ വിരുദ്ധ ഭീകരവാദ സംഘടനകളെ ന്യായീകരിക്കുന്ന തരത്തിലുള്ള പരോക്ഷ പ്രസ്താവന നടത്തിയതോടെയാണ് ഇന്ത്യ ശക്തമായി പ്രതികരിച്ചത്. സമ്മേളനത്തിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യദ് അക്ബറുദീന്‍ തീവ്രവാദത്തെ സ്വാതന്ത്യസമാരമായി ചിത്രീകരിക്കാനുള്ള പാക്കിസ്ഥാന്‍ ശ്രമങ്ങളെ അപലപിച്ചു.

സ്വയം കേന്ദ്രീകൃതമായ ഒരു ആഖ്യാനത്തോട് ഒരു അംഗരാജ്യവും പ്രതികരിക്കില്ലെന്നും ചേരി ചേരാ പ്രസ്ഥാനം ഒരിക്കലും ഒരു രാജ്യത്തിന് ഒറ്റൊരു രാജ്യത്തിന്റെ പ്രാദേശിക ഐക്യത്തെ തകര്‍ക്കാനുള്ള വേദിയായിട്ടില്ല, ഇനി ആവുകയുമില്ലെന്ന് അക്ബറുദ്ദീന്‍ വ്യക്തമാക്കി. അംഗരാജ്യങ്ങളിലെ പൗരന്‍മാരെ ബാധിക്കുകയും അവരുടെ വികസന ശ്രമങ്ങളെ തടയുകയും ചെയ്യുന്ന തീവ്രവാദമാണ് ചേരി ചേരാ പ്രസ്ഥാനത്തിലെ പ്രധാന പ്രശ്‌നം. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നും തീവ്രവാദം ഇന്നും ശിക്ഷാഭീതിയില്ലാതെ, മനുഷ്യത്വരഹിതമായി തുടരുകയാണെന്നും അക്ബറുദീന്‍ പറഞ്ഞു. അംഗങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി പരാതികള്‍ പരിഹരിക്കുന്നതിനുള്ള ഒരു വേദിയെന്നതിനു പകരം ആഗോള സഹകരണത്തിനായി മുറവിളിയുയരുന്ന ഈ സമയത്ത് ചേരി ചേരാ പ്രസ്ഥാനം ഇന്നിന്റെ പ്രാഥമിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നവരുടെ മുന്‍പന്തിയിലുണ്ടായിരിക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Categories: FK News, Slider