17 സിഐഎ ചാരന്മാരെ പിടികൂടിയെന്ന് ഇറാന്‍; ചിലര്‍ക്ക് വധശിക്ഷ വിധിച്ചെന്നും റിപ്പോര്‍ട്ട്

17 സിഐഎ ചാരന്മാരെ പിടികൂടിയെന്ന് ഇറാന്‍; ചിലര്‍ക്ക് വധശിക്ഷ വിധിച്ചെന്നും റിപ്പോര്‍ട്ട്

ആണവശക്തി, സൈന്യം, സൈബര്‍ മേഖലകളിലുള്ള രഹസ്യവിവരങ്ങളാണ് ഇവര്‍ ചോര്‍ത്തിയത്

ടെഹ്‌റാന്‍: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന 17 ചാരന്മാരെ പിടികൂടിയെന്ന് ഇറാന്‍. ഇവരില്‍ ചിലരെ വധശിക്ഷയ്ക്ക് വിധിച്ചതായും ഇറാന്‍ അവകാശപ്പെട്ടു.

രഹസ്യാന്വേഷണ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇറാനിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനലാണ് അമേരിക്കന്‍ ചാരന്മാരെ പിടികൂടിയ വാര്‍ത്ത പുറത്തുവിട്ടത്. അറസ്റ്റ് ചെയ്ത ചിലരെ വധശിക്ഷയ്ക്ക് വിധിച്ചതായി അര്‍ദ്ധസര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു. ആണവശക്തി, സൈന്യം, സൈബര്‍ മേഖലകളിലുള്ള രഹസ്യവിവരങ്ങളാണ് ഇവര്‍ ചോര്‍ത്തിയതെന്നും ഇറാന്‍ വ്യക്തമാക്കി.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം സങ്കീര്‍ണ്ണമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഭാഗത്ത് നിന്നും പുതിയ പ്രകോപന നടപടി ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ മാസം ഇറാന്‍ തകര്‍ത്തെന്ന് അവകാശപ്പെട്ട സിഐഎ ചാരശൃംഖലയുടെ ഭാഗമായുള്ളവരാണോ ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെന്ന കാര്യം വ്യക്തമല്ല. സിഐഎ നിയന്ത്രണത്തിലുള്ള വന്‍ സൈബര്‍ നെറ്റ്‌വര്‍ക്ക് തകര്‍ത്തതായാണ് കഴിഞ്ഞ മാസം ഇറാന്‍ അവകാശപ്പെട്ടത്. ഇറാനെ മാത്രമല്ല, മറ്റ് ചില രാഷ്ട്രങ്ങളെയും ഈ ചാരശൃംഖല ലക്ഷ്യമിട്ടിരുന്നതായും ഇവരെ സംബന്ധിക്കുന്ന വിവരങ്ങള്‍ പ്രസ്തുത രാഷ്ട്രങ്ങള്‍ക്ക് കൈമാറിയതായും ഇറാന്‍ വ്യക്തമാക്കിയിരുന്നു.

ചില പ്രധാന സ്വകാര്യ കമ്പനികളില്‍ കോണ്‍ട്രാക്ടര്‍മാരായും കണ്‍സള്‍ട്ടന്റുമാരായും ജോലി ചെയ്തവരാണ് അറസ്റ്റിലായിരിക്കുന്നതെന്ന് ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് വ്യക്തമല്ലെങ്കിലും ഇറാന്‍ പൗരന്മാരും ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. യുഎസ് വിസയും പാശാത്യരാഷ്ട്രങ്ങളിലേക്ക് കുടിയേറാനുള്ള സൗകര്യവും വാഗ്ദാനം ചെയ്താണ് ഇവരെ സിഐഎ റിക്രൂട്ട് ചെയ്തതെന്നാണ് സൂചന.

Comments

comments

Categories: Arabia
Tags: Iran