ഉപരോധത്തിനിടെയും ചൈനാ തുറമുഖങ്ങളില്‍ ഇറാന്റെ എണ്ണ സംഭരണം

ഉപരോധത്തിനിടെയും ചൈനാ തുറമുഖങ്ങളില്‍ ഇറാന്റെ എണ്ണ സംഭരണം

ഇറക്കുമതി തീരുവയോ പ്രാദേശിക നികുതിയോ ചുമത്താത്ത ‘ബോണ്ടഡ് സ്‌റ്റോറേജ്’ ആയാണ് ചൈനീസ് തുറമുഖങ്ങളില്‍ ഇറാനില്‍ നിന്നുള്ള എണ്ണ സംഭരിക്കപ്പെടുന്നത്

ഇറാന്‍ സമ്പദ് വ്യവസ്ഥയുടെ ജീവനാഡിയാണ് എണ്ണവ്യാപാരം. ഉപരോധത്തിലൂടെ അമേരിക്ക തകര്‍ക്കാന്‍ ശ്രമിച്ചതും ഇറാന്റെ എണ്ണവ്യാപാരവും അതുവഴി അവരുടെ സമ്പദ് വ്യവസ്ഥയെയുമാണ്. പക്ഷേ ഉപരോധത്തിനിടെയും സാധ്യമായ എല്ലാ വഴികളിലൂടെയും ഇറാന്‍ എണ്ണ കയറ്റുമതി ചെയ്യുന്നു. തങ്ങളുടെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവായ ചൈനയുടെ സഹായം ഇക്കാര്യത്തില്‍ ഇറാനുണ്ടെന്നാണ് സംസാരം. ‘ബോണ്ടഡ് സ്‌റ്റോറേജെ’ന്ന മാര്‍ഗത്തിലൂടെ ഇറാനില്‍ നിന്നും വന്‍തോതില്‍ ചൈനയിലേക്ക് എണ്ണ ഒഴുകുന്നുണ്ട്. അമേരിക്കന്‍ ഉപരോധങ്ങളെ മറികടക്കാനുള്ള ഈ പുതിയ തന്ത്രത്തിലൂടെ ചൈനാ തുറമുഖങ്ങളിലെ സംഭരണ ടാങ്കുകള്‍ ഇറാനില്‍ നിന്നുള്ള എണ്ണയാല്‍ നിറയുകയാണ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവിന്റെ പടിവാതിലില്‍ അങ്ങനെ ഇറാനില്‍ നിന്നുള്ള എണ്ണ നിറഞ്ഞ് കവിയുന്നു.

ബോണ്ടഡ് സ്‌റ്റോറേജ്

ഇറാനില്‍ നിന്നുള്ള എണ്ണ വാങ്ങുന്നതിന് വൈറ്റ്ഹൗസ് ഉപരോധമേര്‍പ്പെടുത്തിയിട്ട് രണ്ടര മാസം പിന്നിട്ടെങ്കിലും ചൈനയിലേക്ക് ഇപ്പോഴും ഇറാന്‍ എണ്ണ നിര്‍ബാധം എത്തുന്നു. ഇറക്കുമതി തീരുവയോ പ്രാദേശിക നികുതിയോ ഒന്നും ചുമത്താത്ത ‘ബോണ്ടഡ് സ്‌റ്റോറേജ്’ ആയാണ് ഇറാനില്‍ നിന്നുള്ള എണ്ണ ചൈനീസ് തുറമുഖങ്ങളില്‍ സംഭരിക്കപ്പെടുന്നതെന്ന്് നിരവധി ചൈനീസ് തുറമുഖങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാവുന്ന വൃത്തങ്ങള്‍ പറയുന്നു. ഇത് പ്രാദേശിക കസ്റ്റംസ് നിയമങ്ങളുടെ പരിധിയില്‍ വരുന്നില്ല. ചൈനയുടെ ഇറക്കുമതി വിവരങ്ങളിലും ഇത്തരം ചരക്കുകളുടെ വിവരങ്ങള്‍ ഉണ്ടാകാറില്ല. അതുകൊണ്ട് തന്നെ അമേരിക്കയുടെ ഉപരോധം ലംഘിച്ച് കൊണ്ടുള്ള ‘എണ്ണ വ്യാപാര’മായി ഇതിനെ വിലയിരുത്താന്‍ കഴിയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരത്തില്‍ സംഭരിക്കപ്പെടുന്ന എണ്ണ വിപണിയില്‍ വിതരണത്തിന് എത്തുന്നില്ല എന്നതുകൊണ്ട് തന്നെ ചൈനീസ് തുറമുഖങ്ങളിലെ ഇവയുടെ സാന്നിധ്യം വിപണിയില്‍ ഒരു ചലനവും സൃഷ്ടിക്കില്ല.എന്നാല്‍ ഈ എണ്ണ ഉപയോഗപ്പെടുത്താന്‍ ചൈനയിലെ റിഫൈനറികള്‍ തീരുമാനമെടുത്താല്‍ ആഗോള എണ്ണവില കൂപ്പുകുത്തും. എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകും സഖ്യരാഷ്ട്രങ്ങളും ഉല്‍പ്പാദനം കുറച്ചാല്‍പ്പോലും ആ വിലത്തകര്‍ച്ചയെ നേരിടാന്‍ സാധിക്കില്ല. മാത്രമല്ല, ഇറാന്റെ എണ്ണവ്യാപാരം, പ്രത്യേകിച്ച് തന്ത്രപ്രധാന ഉപഭോക്താക്കളുമായുള്ള വ്യാപാരം തടസമില്ലാതെ തുടരുകയും ചെയ്യും.

ചൈനയിലാണെങ്കിലും എണ്ണ ഇറാന്റേത് തന്നെ

ചൈനയുടെ ബോണ്ടഡ് ടാങ്കുകളില്‍ സംഭരിക്കുന്നുണ്ടെങ്കിലും ഈ എണ്ണയുടെ ഉടമസ്ഥാവകാശം ഇറാന് തന്നെയാണ്. അമേരിക്കന്‍ ഉപരോധത്തിന്റെ ലംഘനമാകില്ല ഈ എണ്ണ ഇടപാടെന്ന് വിദഗ്ധര്‍ പറയാനുള്ള കാരണമിതാണ്. ചൈനയുടെ കസ്റ്റംസ് പരിധിയില്‍ വന്നിട്ടില്ല എന്നുള്ളത് കൊണ്ട് തന്നെ വസ്തുതാപരമായി ഇവ ‘സഞ്ചാരപാത’യിലാണെന്ന് മാത്രമേ പറയാന്‍ സാധിക്കുകയുള്ളു.

തങ്ങളുടെ മുഖ്യ ഉപഭോക്താവിന് അടുത്തായി വന്‍തോതില്‍ എണ്ണ സംഭരിക്കപ്പെടുന്നത് ഇറാന് ഗുണകരമാണ്. ഏതെങ്കിലും ഘട്ടത്തില്‍ ഉപരോധങ്ങളില്‍ ഇളവുണ്ടായാലോ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കം രൂക്ഷമായാലോ ചൈനയില്‍ സംഭരിക്കപ്പെട്ട എണ്ണ ഇറാന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായേക്കും. മാത്രമല്ല തങ്ങളുടെ ടാങ്കര്‍ ശേഷിയുടെ വലിയൊരു ഭാഗം എണ്ണ നിറച്ച നിലയില്‍ മാസങ്ങളോളം തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്ന സ്ഥിതിവിശേഷം ഒഴിവാക്കാനും ഇതിലൂടെ ഇറാന് സാധിക്കും. നേരത്തെ അമേരിക്കയുടെ വ്യാപാര വിലക്ക് നേരിട്ട 2012ലും 2016ലും 2018ലും ഇത്തരത്തില്‍ തുറമുഖങ്ങളില്‍ കെട്ടിയിട്ട ടാങ്കറുകളില്‍ എണ്ണ സംഭരിക്കേണ്ട ഗതി ഇറാനുണ്ടായിട്ടുണ്ട്.

ഇത്തരത്തില്‍ ചൈനീസ് തുറമുഖങ്ങളില്‍ സംഭരിക്കപ്പെടുന്ന എണ്ണയുടെ ഉടമസ്ഥാവകാശം ഇറാന് തന്നെയാണെങ്കിലും നിശ്ചിത ഭാഗം എണ്ണ ചൈനീസ് കമ്പനികളുടെ ഉടമസ്ഥതയിലുള്ളതാണ്. ‘നിക്ഷേപത്തിന് പകരമായുള്ള എണ്ണ’ എന്ന വിഭാഗത്തില്‍ പെടുന്നവയാണ് ഇവ. ഉദാഹരണമായി ഇറാനിലെ ഒരു ഉല്‍പ്പാദന പദ്ധതിയില്‍ ചൈനീസ് കമ്പനി നിക്ഷേപം നടത്തിയെന്ന് കരുതുക. ഏതെങ്കിലും രീതിയില്‍ തിരിച്ചടയ്ക്കാമെന്ന കരാറിലായിരിക്കും ഇത്തരം നിക്ഷേപങ്ങള്‍ നടന്നിരിക്കുക. അതിന്റെ ഭാഗമായി നടക്കുന്ന ഇത്തരം കൈമാറ്റങ്ങള്‍ ഉപരോധങ്ങളുടെ ലംഘനമാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല. അതിനാല്‍ ഔദ്യോഗിക ആശയക്കുഴപ്പം ഒഴിവാക്കുന്നതിന് വേണ്ടി ബോണ്ടഡ് സ്‌റ്റോറേജ് ആയി തന്നെ ചൈനീസ് കമ്പനികള്‍ ഈ എണ്ണ സൂക്ഷിക്കുന്നു. കസ്റ്റംസില്‍ രജിസ്റ്റര്‍ ചെയ്യുന്ന പക്ഷം ചൈനീസ് കമ്പനികള്‍ക്ക് ഇവ സ്വന്തമാക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.

ബോണ്ടഡ് സ്‌റ്റോറേജ് ആരംഭിച്ച് മാസങ്ങള്‍

ഇത്തരത്തില്‍ ഇറാനില്‍ നിന്നുള്ള എണ്ണ ചൈനീസ് തുറമുഖങ്ങളില്‍ സംഭരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇങ്ങനെ ചൈനയിലെ ബോണ്ടഡ് സംഭരണ കേന്ദ്രങ്ങളിലേക്ക് ഇറാനില്‍ നിന്നും വന്‍തോതില്‍ എണ്ണ എത്തിയിട്ടുണ്ടാകുമെന്നാണ് ബ്ലൂംബര്‍ഗിന്റെ ഷിപ്പ്-ട്രാക്കിംഗ് ഡാറ്റ സൂചിപ്പിക്കുന്നത്. ജനുവരി മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ ഇറാനില്‍ നിന്നും 12 മില്യണ്‍ ടണ്‍ എണ്ണ ചൈനയില്‍ എത്തിയിട്ടുണ്ടെന്ന്് ഷിപ്പ് ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു. ഇതില്‍ 10 മില്യണ്‍ ടണ്‍ കസ്റ്റംസ് നിയമങ്ങള്‍ അനുസരിച്ച് കൊണ്ടുള്ള ഇറക്കുമതിയാണ്. ബാക്കിയുള്ളവ ബോണ്ടഡ് സംഭരണ കേന്ദ്രത്തിലേക്കായിരിക്കാം പോയിരിക്കുക.

അമേരിക്ക ഇറാന്‍ ഉപരോധം കര്‍ശനമാക്കിയതിന് ശേഷവും ഈ രീതിയിലുള്ള എണ്ണസംഭരണം നിര്‍ബാധം തുടരുന്നുവെന്ന് ട്രാക്കിംഗ് ഡാറ്റ സൂചിപ്പിക്കുന്നു. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നതിന് അമേരിക്ക ചൈനയ്ക്ക് അനുവദിച്ച ഇളവുകള്‍ അവസാനിച്ചതിന് ശേഷം ചൈനയിലേക്കെത്തിയ ഇറാന്റെ വലിയ എണ്ണടാങ്കറുകളില്‍ ഒന്നായിരുന്നു ഹോര്‍സ്. പശ്ചിമേഷ്യയിലൂടെ സഞ്ചരിച്ച് ജൂലൈ ആദ്യവാരം ചൈനയിലെ ടിയാന്‍ജിന്‍ തുറമുഖത്ത് ഈ കപ്പല്‍ ചരക്ക് ഇറക്കിയതായാണ് ഷിപ്പിംഗ് ഡാറ്റയില്‍ നിന്നും വ്യക്തമാകുന്നത്. എന്നാല്‍ മേയ് 4ന് ഇറാനിലെ ഖാര്‍ഗ് ദ്വീപായിരുന്നു ഈ കപ്പല്‍ ലക്ഷ്യസ്ഥാനമായി പറഞ്ഞിരുന്നത്.

സമാനമായി ഇറാന്റെ ഉടമസ്ഥതയിലുള്ള നിരവധി ടാങ്കറുകള്‍ ചൈനീസ് തുറമുഖങ്ങളില്‍ ചരക്ക് ഇറക്കിയതായോ അവിടം ലക്ഷ്യമാക്കി സഞ്ചരിച്ചതായോ ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു. വിഎല്‍സിസി സ്ട്രീം ജൂണ്‍ 19ന് ടിയാന്‍ജിനിലും അംബെര്‍, സലൈന, സി.ഇന്‍ഫിനിറ്റി എന്നിവ ഹുവാങ്ദവോ, ജിന്‍സുഹ, നിന്‍ഗ്‌ബോ എന്നീ ചൈനീസ് തുറമുഖങ്ങളിലും ചരക്ക് ഇറക്കിയതായി ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു. അതേസമയം ഇറാന്റെ സ്‌നോ, സെവിന്‍, മറിയ എന്നീ ടാങ്കറുകള്‍ ചൈനയുടെ ദിശയില്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്നതായും ട്രാക്കിംഗ് വിവരങ്ങള്‍ സൂചന നല്‍കുന്നു.ഇറാന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള നാഷ്ണല്‍ ഇറാനിയന്‍ ഓയില്‍ കമ്പനിയുടെയും അവരുടെ കീഴിലുള്ള കപ്പല്‍ കമ്പനിയുടെയും ഉടമസ്ഥതയിലുള്ള പത്ത് വലിയ എണ്ണടാങ്കറുകളും രണ്ട് ചെറിയ ടാങ്കറുകളും നിലവില്‍ ചൈന ലക്ഷ്യമാക്കി സഞ്ചരിക്കുന്നുണ്ടെന്നാണ് ബ്ലൂംബര്‍ഗ് ഷിപ്പ് ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നത്. ഇവയ്ക്ക് ആകെ 20 മില്യണ്‍ ബാരല്‍ എണ്ണ വാഹക ശേഷിയുണ്ട്.

ബോണ്ടഡ് സ്‌റ്റോറേജ് -വ്യക്തത ആവശ്യം

ചൈനയുടെ ബോണ്ടഡ് സംഭരണ കേന്ദ്രങ്ങളില്‍ ഇറാനില്‍ നിന്നുള്ള എണ്ണ കെട്ടിക്കിടക്കുന്ന വിഷയം വാഷിംഗ്ടണ്‍ പരിഗണിക്കാനിരിക്കുന്നതേ ഉള്ളൂ. ഇറാനില്‍ നിന്നുള്ള എണ്ണ സ്വീകരിക്കുന്നതിന് ചില രാജ്യങ്ങള്‍ക്ക് നല്‍കിയ ഇളവുകള്‍ മേയ് 2നാണ് വാഷിംഗ്ടണ്‍ അവസാനിപ്പിച്ചത്. നിലവില്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യാന്‍ രാജ്യത്തിനും അനുമതിയില്ല. അതിനാല്‍ തന്നെ ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രങ്ങള്‍ ഉപരോധം ലംഘിച്ചവരായി കണക്കാക്കപ്പെടുമെന്ന് മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

പക്ഷേ ഉപരോധങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയെന്താണെന്ന് അമേരിക്ക വ്യക്തമാക്കേണ്ടിയിരിക്കുന്നു. മാത്രമല്ല, സാമ്പത്തിക ഇടപാടുകളുടെ അടിസ്ഥാനത്തിലാണോ അതല്ല ചരക്ക് കയറ്റലിന്റെയും ഇറക്കലിന്റെയും അടിസ്ഥാനത്തിലാണോ അമേരിക്ക എണ്ണവ്യാപാരത്തെ അടയാളപ്പെടുത്തുന്നത് എന്ന കാര്യത്തിലും വ്യക്തത ആവശ്യമാണ്.

എണ്ണവിപണി തകരും

ബോണ്ടഡ് സംഭരണകേന്ദ്രങ്ങളില്‍ നിന്നും ഇറാന്റെ എണ്ണ വിപണിയിലെത്തിയാല്‍ അത് എണ്ണവിലയില്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അമേരിക്ക-ചൈന വ്യാപാരതര്‍ക്കങ്ങളെ തുടര്‍ന്ന് തകര്‍ച്ച നേരിട്ട എണ്ണവിപണി പശ്ചിമേഷ്യയിലെ അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് തകര്‍ച്ചയില്‍ നിന്നും കുറച്ചെങ്കിലും കരകയറിയത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇനിയും ഇറക്കുമതി തീരുവ കൂട്ടാന്‍ അമേരിക്ക തീരുമാനിച്ചാല്‍ അത് ആഗോള സാമ്പത്തിക വളര്‍ച്ചയെ തളര്‍ത്തുമെന്നും ഇറാന്‍-ചൈന സഹകരണം വര്‍ധിപ്പിക്കാനും കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു. മാത്രമല്ല, അമേരിക്ക ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്താല്‍ പ്രതികാരമായി ചൈനയിലെ റിഫൈനറികള്‍ വന്‍തോതില്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യം. അത് എണ്ണവിപണിയുടെ തകര്‍ച്ചയ്ക്ക് വഴിവെക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

ഉപരോധം: എ്ഞ്ചിന്‍ ഇന്ധനം കിട്ടാതെ ഇറാന്‍ കപ്പലുകള്‍ ബ്രസീലില്‍ കുടുങ്ങി

യൂറിയയുമായി ബ്രസീലിലെത്തിയ രണ്ട് ഇറാന്‍ കപ്പലുകള്‍ തിരികെ പോകാന്‍ എഞ്ചിന്‍ ഇന്ധനം ലഭിക്കാതെ ബ്രസീലില്‍ കുടുങ്ങി. അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് ബ്രസീലിലെ ദേശീയ എണ്ണക്കമ്പനിയായ പെട്രോബ്രാസ് ഇന്ധനം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇറാന്‍ കപ്പലുകള്‍ ബ്രസീലില്‍ കുടുങ്ങിയത്. നിലവില്‍ നാല് കപ്പലുകളാണ് ഇത്തരത്തില്‍ ബ്രസീലില്‍ കുടുങ്ങിയിരിക്കുന്നത്.

എംവി ദില്‍രുബ, ഗന്‍ജ്, ഭവന്ത്,ടെര്‍മെഹ് എന്നീ ടാങ്കറുകളാണ് ബ്രസീലില്‍ കുടുങ്ങിക്കിടക്കുന്നത്. ഇറാന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ നാല് ടാങ്കറുകളും. ദര്യാബാറെന്ന മറ്റൊരു ഇറാന്‍ കപ്പലും ബ്രസീലില്‍ എത്തിയിരുന്നെങ്കിലും ഇതിന് തിരികെ പോകാന്‍ സാധിച്ചു. എണ്ണവ്യാപാരത്തിലുള്ള നഷ്ടം നികത്താന്‍ പെട്രോകെമിക്കല്‍ വ്യാപാരത്തിന് പുതിയ വിപണികള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച പുതിയ വാണിജ്യപാതകളുടെ ഭാഗമാണ്് ഈ അഞ്ച് കപ്പലുകളും. അതേസമയം അമേരിക്കയുടെ ശിക്ഷാനടപടികള്‍ അനുഭവിക്കേണ്ടി വരുമെന്നതിനാല്‍ ഇറാന്‍ കപ്പലുകള്‍ക്ക് എഞ്ചിന്‍ ഇന്ധനം നല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് പെട്രോബ്രാസ്.

Comments

comments

Categories: Arabia