ജനിത സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ ഡേറ്റിംഗ് നടത്തുന്ന രാജ്യമുണ്ട്, അറിയുമോ ?

ജനിത സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ ഡേറ്റിംഗ് നടത്തുന്ന രാജ്യമുണ്ട്, അറിയുമോ ?

ലാഗോസ്(നൈജീരിയ): ഡേറ്റിംഗ് എന്നത് മനുഷ്യരില്‍ പ്രണയബന്ധത്തിന്റെ ഒരു ഘട്ടമാണ്. ഡേറ്റിംഗിലൂടെ രണ്ട് പേര്‍ കണ്ടുമുട്ടുന്നു. പങ്കാളിയെന്ന നിലയില്‍ ഇരുവരും അനുയോജ്യമാണോ എന്ന് ഉറപ്പുവരുത്താനും ഡേറ്റിംഗിലൂടെ സാധിക്കുന്നു. ഡേറ്റിംഗില്‍ പൊതുവേ ആദ്യമായി ചോദിക്കുന്നത് ഇഷ്ടപ്പെട്ട ടിവി ഷോകളെ കുറിച്ചോ, ഹോബികളെ കുറിച്ചോ ഒക്കെയായിരിക്കും. എന്നാല്‍ നൈജീരിയയില്‍ കാര്യങ്ങള്‍ അല്‍പം വ്യത്യസ്തമാണ്. അവിടെ ഡേറ്റിംഗില്‍ ആദ്യം ചോദിക്കുന്നത് ഡിഎന്‍എയെക്കുറിച്ചാണ്. എല്ലാ ജീവജാലങ്ങളുടെയും വളര്‍ച്ചയും ഘടനയും പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെയുള്ള ജനിതക വിവരങ്ങള്‍ എഴുതപ്പെട്ടിരിക്കുന്ന ഒരു ന്യൂക്ലിക് അമ്ലമാണു ഡിയോക്‌സി റൈബോന്യുക്ലിക്ക് ആസിഡ്, അതായത് ഡിഎന്‍എ. എന്തിനാണ് ഡിഎന്‍എ നോക്കി ഡേറ്റിംഗ് നടത്തുന്നതെന്നു ചോദിച്ചാല്‍ അതിന് ഉത്തരമുണ്ട്. സിക്കിള്‍ സെല്‍ ഡിസീസ് (sickle cell disease -SCD) അഥവാ അരിവാള്‍ രോഗമുണ്ടാക്കുന്ന ജീനുകള്‍ വഹിക്കുന്നയാളാണോ എന്നറിയാനാണ് ഡിഎന്‍എ ചോദിച്ചറിയുന്നത്. ഇതുള്ളവരാണെങ്കില്‍ ഡേറ്റിംഗ് നടത്തി സമയം കളയാന്‍ പലരും ആഗ്രഹിക്കുന്നില്ലെന്നതു തന്നെ കാരണം.

നൈജീരിയയില്‍ പ്രതിവര്‍ഷം 1,50,000 ശിശുക്കള്‍ സിക്കിള്‍ സെല്‍ ഡിസീസുമായി ജനിക്കുന്നതായിട്ടാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോകത്ത് ഇത്രയും ഉയര്‍ന്ന നിരക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും ഈ രാജ്യത്താണ്. നൈജീരിയയുടെ ജനസംഖ്യയിലെ 24 ശതമാനവും സിക്കിള്‍ സെല്‍ ജീന്‍ വഹിക്കുന്നവരാണ്. കേരളത്തില്‍ അരിവാള്‍ രോഗം ബാധിച്ച് ആളുകള്‍ മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വടക്കന്‍ ജില്ലകളിലാണ് കൂടുതലായും ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനിതക കാരണങ്ങളാല്‍ ചുവന്ന രക്തകോശങ്ങള്‍ക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താല്‍ സംഭവിക്കുന്ന രോഗമാണ് അരിവാള്‍ രോഗം.

Comments

comments

Categories: FK News