ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ ചന്ദ്രനിലേക്ക്

ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ ചന്ദ്രനിലേക്ക്
  • ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഉച്ചകഴിഞ്ഞ് 2.43 ന് വിക്ഷേപണം
  • സെപ്റ്റംബര്‍ ആദ്യവാരം റോവര്‍ ഉപകരണത്തെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറക്കും
  • ഇതുവരെ കണ്ടെത്താത്തത് കണ്ടെത്താനുള്ള ചരിത്ര യാത്രയുടെ തുടക്കമെന്ന് ഐഎസ്ആര്‍ഒ

ശ്രീഹരിക്കോട്ട: 135 കോടി ഇന്ത്യക്കാരുടെ സ്വപ്‌നങ്ങളും പേറി രാജ്യത്തിന്റെ ചന്ദ്ര പര്യവേഷണ വാഹനമായ ചന്ദ്രയാന്‍-2 ആകാശത്തേക്ക് കുതിച്ചുയര്‍ന്നു. രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് റിസര്‍ച്ച് സെന്ററില്‍ നിന്ന് ഉച്ച കഴിഞ്ഞ് 2.43 നാണ് ജിഎസ്എല്‍വി എംകെ-III റോക്കറ്റ് ചന്ദ്രയാനെയും വഹിച്ചുകൊണ്ട് പറന്നത്. ആശങ്കകള്‍ അസ്തമിപ്പിച്ച്, വിക്ഷേപിച്ച് പതിനാറാം മിനിറ്റില്‍ പേടകം 181.62 കിലോമീറ്റര്‍ അകലെയുള്ള ഭൂമിയുടെ ഭ്രമണ പഥത്തില്‍ എത്തിയതോടെ രാജ്യത്ത് ആഹ്ലാദം നിറഞ്ഞു. ഇതോടെ ആദ്യ ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയായി. ഇനി പേടകത്തിന്റെ ദൂരം ക്രമീകരിച്ച് ചന്ദ്രന് സമീപം എത്തേണ്ടതുണ്ട്. മുന്‍ നിശ്ചയിച്ച പ്രകാരം സെപ്റ്റംബര്‍ ഏഴിന് തന്നെ പേടകത്തെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറക്കാനാണ് പരിപാടി. വിക്ഷേപിച്ച് 48 ദിവസം കൊണ്ടാവും ചന്ദ്രയാനിലെ റോവര്‍ ചന്ദ്രോപരിതലത്തിലിറങ്ങുക.

ബാഹുബലി എന്നു വിശേഷിപ്പിക്കപ്പെട്ട ജിഎസ്എല്‍വി എംകെ-III വിക്ഷേപണ വാഹനത്തിന്റെ ഇന്ധന ടാങ്കില്‍ കണ്ടെത്തിയ സാങ്കേതിക പിഴവിനെ തുടര്‍ന്നാണ് ഈ മാസം 15 ന് പുലര്‍ച്ചെ നടത്തേണ്ടിയിരു ചന്ദ്രയാന്‍-2 വിക്ഷേപണം രാജ്യത്തിന്റെ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ മാറ്റിവെച്ചിരുന്നത്. നിശ്ചയിച്ച വിക്ഷേപണ സമയത്തിന് 56.24 മിനിറ്റ് മുന്‍പ് പുലര്‍ച്ചെ 1.55 ന് ദൗത്യം റദ്ദാക്കുകയായിരുന്നു. കേടുപാടുകള്‍ നിസാരമാണെന്ന് വിശദ പരിശോധനയില്‍ കണ്ടെത്തിയതോടെ അതിവേഗം പരിഹരിക്കാന്‍ ശാസ്ത്രജ്ഞര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും സാധിച്ചതോടെ വിക്ഷേപണത്തിന് ഈ മാസം തന്നെ കളമൊരുങ്ങുകയായിരുന്നു. ചന്ദ്രയാന്‍-1 വിജയകരമായി വിക്ഷേപിച്ച ഐഎസ്ആര്‍ഒയുടെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവലായി മാറിയിരിക്കുകയാണ് രണ്ടാം ചന്ദ്ര ദൗത്യത്തിന്റെ വിക്ഷേപണം. തുടര്‍ച്ചയായ പ്രതിസന്ധികള്‍ക്കൊടുവിലാണ് ദൗത്യം സഫലമാകുന്നത്. 2019 ജനുവരിയില്‍ ചന്ദ്രയാന്‍-2 വിക്ഷേപിക്കാനാണ് ആദ്യം നിശ്ചയിച്ചിരുതെങ്കിലും അവസാനഘട്ട പരീക്ഷണങ്ങളില്‍ കൂടുതല്‍ കൃത്യത വേണമെന്ന് കണ്ട് ദൗത്യം ദീര്‍ഘിപ്പിച്ചു. പിന്നീട് ഏപ്രിലില്‍ വിക്ഷേപണം തീരുമാനിച്ചെങ്കിലും ലാന്‍ഡറിലെ തകറാറുമൂലം മാറ്റിവെച്ചിരുന്നു. 978 കോടി രൂപയാണ് ചന്ദ്രയാന്‍-2 ന്റെ ചെലവ്.

രാജ്യത്തിന്റെ ആദ്യ ചന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-1 2008 ഒക്‌റ്റോബറിലാണ് വിക്ഷേപിച്ചിരുന്നത്. ജലസാന്നിധ്യം സ്ഥിരീകരിച്ചതടക്കം നിരവധി നിര്‍ണായക കണ്ടെത്തലുകള്‍ ആദ്യ ദൗത്യത്തില്‍ നടന്നു. ഇത്തവണ ആരും ഇതുവരെ ചെന്നെത്താത്ത ദക്ഷിണധ്രുവമാണ് ലക്ഷ്യം. ചന്ദ്രനിലെ ജലസാന്നിധ്യം കൂടുതല്‍ ഉറപ്പിക്കാനും മൂലകങ്ങളുടെ പരിശോധനയും ഇത്തവണത്തെ ദൗത്യത്തിലുള്ള റോവര്‍ നടത്തും. വമ്പന്‍ കാല്‍വെയ്പ്പിന് അനുമോദനങ്ങള്‍ എന്നാണ് ഇന്ത്യയിലെ യുഎസ് എംബസി അനുമോദന സന്ദേശത്തില്‍ പ്രതികരിച്ചത്.

ഇന്ത്യക്കാര്‍ക്കെല്ലാം അഭിമാനകരമായ നേട്ടമാണിത്. രാജ്യത്തിന്റെ തദ്ദേശീയ ബഹിരാകാശ പദ്ധതിയെ മുന്നോട്ടു നയിക്കുന്ന എല്ലാ ശാസ്ത്രജ്ഞര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും അഭിനന്ദനം. പുതിയ സാങ്കേതിക വിദ്യകളില്‍ ഐഎസ്ആര്‍ഒ പ്രാവീണ്യം നേടട്ടെയെന്നും പുതിയ അതിര്‍ത്തികള്‍ പിടിച്ചടക്കട്ടെയെന്നും ആശംസിക്കുന്നു -രാഷ്ട്രപതി രാം നാഥ് കോവിന്ദ്

ഹൃദയത്തിലും ആത്മാവിലും ഇന്ത്യന്‍! ചന്ദ്രയാന്‍ പൂര്‍ണമായും തദ്ദേശീയ ദൗത്യമാണെന്നത് എല്ലാ ഇന്ത്യക്കാരെയും അമിതാഹ്ലാദത്തിലേക്കെത്തിക്കുന്നു. ചന്ദ്രനെക്കുറിച്ച് പുതിയ വിജ്ഞാനം നല്‍കുന്നതാകും ഈ ദൗത്യം. ഇതുവരെ ആരും പര്യവേക്ഷണം നടത്താത്ത ദക്ഷിണ ധ്രുവത്തിലാവും പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുക – പ്രധാനമന്ത്രി നരേന്ദ്രമോദി

ചരിത്ര യാത്രക്ക് തുടക്കം: കെ ശിവന്‍

ശ്രീഹരിക്കോട്ട: ഇതുവരെ കണ്ടെത്താത്തത് കണ്ടെത്താനുള്ള ചരിത്ര യാത്രയുടെ തുടക്കമാണിതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ പ്രതികരിച്ചു. ജൂലൈ 15 ന് സാങ്കേതിക തകരാറ് മൂലമുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ശേഷം ഐഎസ്ആര്‍ഒ ആവേശത്തോടെ വിജയപാതയില്‍ തിരിച്ചെത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ദൗത്യം റദ്ദാക്കിയതിന് 24 മണിക്കൂറിനുള്ളില്‍ ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരുമടങ്ങിയ സംഘം കര്‍മനിരതരായിരുന്നു. ‘ഞങ്ങളുടെ ജോലി പൂര്‍ണമായിട്ടില്ല. അടുത്ത ദൗത്യത്തിലേക്ക് ഞങ്ങള്‍ കടക്കുകയാണ്. ഈ വര്‍ഷം ഏറെ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. ചന്ദ്രയാന്‍-2 സഫലമാക്കാന്‍ യത്‌നിച്ച എല്ലാവരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു,’ ഡോ. ശിവന്‍ പ്രതികരിച്ചു.

Categories: FK News, Slider