സാമൂഹ്യ ഭ്രഷ്ടനില്‍ നിന്ന് രാഷ്ട്ര നായകനിലേക്ക്

സാമൂഹ്യ ഭ്രഷ്ടനില്‍ നിന്ന് രാഷ്ട്ര നായകനിലേക്ക്

രാഷ്ട്രീയ വിവാദങ്ങളുടെ കളിത്തോഴനായിരുന്നു എന്നും അമിത് അനില്‍ചന്ദ്ര ഷാ. ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കേസുകളും ഗോധ്ര കലാപവും ഉയര്‍ത്തി വിട്ട ആരോപണങ്ങള്‍ ഷായെ വ്യാഴവട്ടത്തോഷം ഇരുണ്ട നിഴലില്‍ നിര്‍ത്തി. രാഷ്ട്രീയ എതിരാളികളുടെ കരുനീക്കങ്ങള്‍ക്കൊടുവില്‍ മാതൃ സംസ്ഥാനത്തു നിന്ന് ഭ്രഷ്ടനാക്കപ്പെട്ടു. ഏതാനും മാസം ജയിലില്‍. ഇതിനെല്ലാം മറുപടി നല്‍കുന്ന തിരക്കിലാണ് ഇപ്പോള്‍ ബിജെപിയുടെ എക്കാലത്തെയും മികച്ച പ്രസിഡന്റ്. തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ച എതിരാളികളെ രാഷ്ട്രീയ നാണക്കേടിലേക്കെത്തിക്കാന്‍ ഷായുടെ തന്ത്രങ്ങള്‍ക്ക് സാധിച്ചിരിക്കുന്നു

ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ ചെറുകോടാലിയെന്നും സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക്, തുല്‍സിറാം പ്രജാപതി തുടങ്ങിയവരുടെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്ക് ഉത്തരവിട്ട വ്യക്തിയെന്നുമൊക്കെയുള്ള വിവരണങ്ങള്‍ മാത്രമായിരുന്നു ഏറെക്കാലമായി അമിത് ഷായെക്കുറിച്ച് രാജ്യത്തെ ജനങ്ങള്‍ മാധ്യമങ്ങളിലൂടെ കേട്ടിരുന്നത്. ഇതിലധികം ആ വ്യക്തിയെക്കുറിച്ച് രാജ്യത്തിന് അറിവൊന്നും കിട്ടിയതുമില്ല. തെഹല്‍ക്ക മാഗസിനിലെ മാധ്യമപ്രവര്‍ത്തകയായ റാണ അയൂബ് നടത്തിയ ഒളിക്യാമറാ ഓപ്പറേഷന്‍ അന്നത്തെ സംസ്ഥാന ആഭ്യന്തര സഹമന്ത്രിയെ ജയിലിലുമാക്കി. ഏറ്റുമുട്ടലുകള്‍ വ്യാജമായിരുന്നോ എന്നത് നിര്‍ണയിക്കാന്‍ ഇപ്പോഴും കോടതിക്കായിട്ടില്ല. ഒരിക്കല്‍ പെട്ടാല്‍ പുറത്തേക്കുള്ള വഴിയടയുന്ന നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ കുഴപ്പം പിടിച്ച നടപടിക്രമങ്ങളുടെ ഇടനാഴിയിലൂടെ കേസ് ഇഴയുകയാണ്.

എന്നാല്‍ ഉറപ്പിച്ചു പറയാനാവുന്നത്, കൊടുംക്രിമിനലുകളായിരുന്ന ആളുകളുടെ എറ്റമുട്ടല്‍ കൊലപാതകമെന്ന ആരോപണങ്ങളിലൂടെ ജനങ്ങളെ സംരക്ഷിക്കാന്‍ ശക്തമായ നടപടികളെടുക്കാന്‍ മടിക്കാത്ത ഭരണാധികാരിയെന്ന പ്രതിച്ഛായ നരേന്ദ്ര മോദി നേടിയെടുത്തെന്നതാണ്. അതിനുശേഷം ഇതുവരെ, മോദി-ഷാ കൂട്ടുകെട്ടിനെ നേരിടാന്‍ എന്തുചെയ്യണമെന്നറിയാതെ എതിര്‍പക്ഷത്തുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ഇരുട്ടില്‍ തപ്പുന്നതായാണ് കാണുന്നത്.

2012 ഡിസംബറില്‍ നരേന്ദ്ര മോദി തുടര്‍ച്ചയായി മൂന്നാം തവണയും ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചതിനുശേഷം രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് അദ്ദേഹത്തിന് കണ്ണുണ്ടോയെന്നതിനുപരി എപ്പോഴാണദ്ദേഹം അവിയേയ്ക്ക് കടന്നുവരികയെന്ന ചോദ്യമാണ് ഉയര്‍ന്നു കേള്‍ക്കാനാരംഭിച്ചത്. അവസാനം 2013 സെപ്റ്റംബറില്‍ ഗുജറാത്തിലെ കരുത്തനായ നേതാവ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അഭിഷിക്തനായപ്പോള്‍ തന്റെ വിശ്വസ്തനായ അമിത് ഷായെ ഏറ്റവും നിര്‍ണായകമായ ഉത്തര്‍ പ്രദേശിന്റെ ചുമതലയേല്‍പ്പിക്കുകയായിരുന്നു ആദ്യം ചെയ്തത്.

ഗുജറാത്തില്‍ നിന്നുള്ള പ്രമുഖരായ ധാരാളം രാഷ്ട്രീയ നിരീക്ഷകരെ സംബന്ധിച്ച്് ഈ നീക്കം അല്‍ഭുതപ്പെടുത്തുന്നതായിരുന്നു. മോദിക്ക് ഷായുടെ ആത്മാര്‍ത്ഥതയില്‍ വിശ്വാസമുണ്ടെങ്കിലും അദ്ദേഹത്തിന്റെ അനുഭവസമ്പത്തില്‍ അല്ലെങ്കില്‍ മല്‍സരക്ഷമതയില്‍ പൂര്‍ണമായ വിശ്വസമില്ലെന്നുള്ള അഭിപ്രായമാണ് ഗുജറാത്തിലെ മാധ്യപ്രവര്‍ത്തക സമൂഹത്തിനിടയില്‍ ഉണ്ടായിരുന്നത്. രാഷ്ട്രീയ നിരീക്ഷകനായ ആകാര്‍ പട്ടേല്‍, അദ്ദേഹത്തിന്റെ ബ്ലോഗില്‍ കെട്ടിചമച്ച കഥയില്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ ആസ്ഥാനത്തേക്കുള്ള ഒരു കാര്‍ യാത്രക്കിടെ ഷായെ സംഘടനയുടെ പ്രസിഡന്റാക്കാനുള്ള തീരുമാനം പിന്‍വലിച്ച് മോദി സ്വയം ആ ജോലി ഏറ്റെടുക്കാന്‍ തീരുമാനിച്ചത് വിവരിച്ചത് ഇതിന്റെ ഒരു ഉദാഹരണമാണ്.

വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജയില്‍വാസം അനുഭവിക്കുന്ന ഗുജറാത്ത് മുന്‍ ഡിഐജിയായ ഡി ജി വന്‍സാര ഒരിക്കല്‍ ഷായ്ക്ക് മോദിയില്‍ മാരകമായ സ്വാധീനശക്തിയുണ്ടെന്ന് ആരോപിച്ചിരുന്നു. പിന്നീട് സംസ്ഥാന മുഖ്യമന്ത്രിയായ ആനന്ദി ബെന്‍ പട്ടേല്‍ വരെ ഷായുടെ ഈ സ്വാധീന ശക്തിയില്‍ അസൂയയുള്ളവരായിരുന്നു എന്നത് പ്രകടവുമായിരുന്നു. യൗവനകാലം മുതല്‍ മോദിയെ രാഷ്ട്രീയ ഗുരുക്കന്‍മാരിലൊരാളായി കണ്ട് പ്രവര്‍ത്തിച്ചു വന്ന ഷാ, ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ പേരില്‍ കടുത്ത നടപടികള്‍ നേരിട്ടിട്ടും ഒരിക്കല്‍ പോലും തന്റെ മുതിര്‍ന്ന നേതാവിനെ തള്ളിപ്പറയുകയോ പരോക്ഷമായി കുറ്റപ്പെടുത്തുകയോ ചെയ്തില്ലെന്നത് ആ വിശ്വാസ്യതയുടെ പ്രമാണപത്രവുമായി.

2010-12 കാലഘട്ടത്തില്‍ ഗുജറാത്ത് സംസ്ഥാനത്തു നിന്നു തന്നെ അദ്ദേഹം പുറത്താക്കപ്പെട്ടു. സംസ്ഥാനത്ത് പ്രവേശിക്കുന്നത് വിലക്കിയ കോടതി നടപടികളുടെ പശ്ചാത്തലത്തില്‍ ഭാര്യയോടൊപ്പം ഡെല്‍ഹിയിലെത്തിയ ഷാ, ഗുജറാത്ത് ഭവനിലാണ് പിന്നീട് താമസിച്ചത്. 2012 ല്‍ സുപ്രീംകോടതി, സിബിഐ കോടതിയുടെ വിലക്ക് നീക്കും വരെ അവിടെ തുടരേണ്ടി വന്നു, ഇന്ന് രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ വ്യക്തിക്ക്. തീര്‍ച്ചയാകും കേന്ദ്ര ഭരണം കൈയാളിയിരുന്ന കോണ്‍ഗ്രസ്, സിബിഐയെ കാര്യക്ഷമമായി തന്നെ പ്രയോജനപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിനെ ഭയന്ന് ബിജെപിയിലെ തന്നെ ദേശീയ നേതാക്കള്‍ പലരും ഷായ്ക്ക് മുഖം കൊടുക്കാന്‍ പോലും തയാറായില്ല.

രാജ്യം കേട്ടറിഞ്ഞതിന് നേരെ വിപരീത വ്യക്തിത്വമായിരുന്നു വാസ്തവത്തില്‍ ഷാ. വഴികാട്ടിയായ മോദി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന് അധികാരമുറപ്പിക്കുന്നതിനും ഏറെ മുന്‍പ് തന്നെ ഷാ, നിയമ സഭയില്‍ അംഗമായിരുന്നു. സര്‍ഖേച് നിയമസഭാ മണ്ഡലത്തില്‍ ആദ്യമായി മല്‍സരിച്ച 1997 ന് ശേഷം അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ ആര്‍ക്കുമായിട്ടില്ല.

അനൈക്യവും വിഭാഗീയതയും കാരണം വിഭജിച്ചു നിന്ന ഗുജറാത്തിലെ പാര്‍ട്ടി ഘടകത്തിന്റെ പ്രശ്‌ന പരിഹാരകനായിട്ടാണ് നരേന്ദ്ര മോദിയെ 2001 ന്റെ അവസാനം കേന്ദ്ര നേതൃത്വം സംസ്ഥാനത്തേക്കയച്ചത്. വിഭാഗീയത കെട്ടടങ്ങിയതിനൊപ്പം തെരഞ്ഞെടുപ്പുകളില്‍ നേടിയ തിളക്കമാര്‍ന്ന വിജയങ്ങളും മോദിയെ ശ്രദ്ധേയനാക്കി. എന്നാല്‍ മോദിയുടെ ആകര്‍ഷകമായ താരത്തിളക്കത്തിനൊപ്പം താഴെ തട്ടില്‍ ഷായുടെ സംഘടനാപാടവത്തിന്റെ മികവും ഈ വിജയങ്ങള്‍ക്ക് പിന്നില്‍ ഉണ്ടായിരുന്നു. ബൂത്ത് തലത്തില്‍ നടന്ന മൈക്രോ മാനേജ്‌മെന്റായിരുന്നു ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് തന്ത്രം. വോട്ടര്‍ പട്ടികയിലെ ഓരോ പേജുകളുടെയും ചുമതല ‘പന്നാ പ്രമുഖിന’ (പേജ് പ്രമുഖ്) നല്‍കിയായിരുന്നു ജനങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കിയത്. പത്തോളം പ്രവര്‍ത്തകരാണ് പേജ് പ്രമുഖിന് കീഴിലുണ്ടായിരുന്നത്.

ബിജെപിയോട് ചായ്‌വുള്ളവരോ അല്ലെങ്കില്‍ ആര്‍ക്ക് വോട്ട് ചെയ്യണ കാര്യത്തില്‍ തീരുമാനത്തിലെത്തിയിട്ടില്ലാത്തവരോ ആയ വോട്ടര്‍മാരുടെ ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ തന്ത്രം. വോട്ടെടുപ്പിന് മുന്‍പ് കുറഞ്ഞത് മൂന്നു പ്രാവശ്യമെങ്കിലും വോട്ടര്‍മാരുമായി ഇവര്‍ ബന്ധപ്പെടേണ്ടിയിരുന്നു. ഗുജറാത്തില്‍ പരീക്ഷിച്ചു വിജയിച്ച ഇതേ തന്ത്രമാണ് ഷാ ഉത്തര്‍പ്രദേശിലും ആവര്‍ത്തിച്ചത്. പാര്‍ട്ടിയുടെ സംഘടിത ശക്തി സംസ്ഥാനത്ത് ഒരുവിധം മൃതപ്രായമായ അവസ്ഥയിലായിരുന്നു. എന്നാല്‍ ഇവിടെയും മോദിയുടെ താരപ്രതിച്ഛായയും ഒപ്പം ഷായുടെ തന്ത്രങ്ങളും ധാരാളം ആളുകളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചു.

ഗുജറാത്തിലെ പോലെ ഉപദ്രവകാരികളായ കളകളെ ഇല്ലായ്മ ചെയ്യുന്ന മൂര്‍ച്ചയേറിയ അരിവാളായി മോദി പ്രവര്‍ത്തിച്ചെങ്കില്‍ ഷായുടെ തെരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ നടത്തി തഴമ്പിച്ച, ദൃഢമായ കൈകളാണ് അതിനെ പിടിച്ചിരുന്നത്. എല്ലാ നിരീക്ഷകരെയും അമ്പരപ്പിച്ചുകൊണ്ട് ഉത്തര്‍പ്രദേശില്‍ സ്വന്തം ശക്തികൊണ്ട് തന്നെ 71 സീറ്റുകളില്‍ ബിജെപി വിജയിച്ചു. രാജ്യത്തുടനീളം മോദി തരംഗം ആഞ്ഞു വീശിയതോടെ 282 സീറ്റുകള്‍ നേടി ഗുജറാത്തില്‍ നിന്നുള്ള നേതാവ് ഡെല്‍ഹിയിലെ അധികാരക്കസേരയില്‍ അമര്‍ന്നു.

ഷാ ബിജെപിയുടെ ദേശീയ അധ്യക്ഷനായി നിയമിതനായത് ഇത്തവണ ആരെയും ആശ്ചര്യപ്പെടുത്തിയില്ല. യൗവനകാലം മുതല്‍ ബിജെപിയുടെ മാതൃ സംഘടനയായ രാഷ്ട്രീയ സ്വയംസേവക് സംഘുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും മോദിയെപ്പോലെ ഒരിക്കലും ഒരു പൂര്‍ണസമയ പ്രചാരകനായി ഷാ മാറിയില്ലെന്നത് ശ്രദ്ധേയമാണ്. പ്രകടമായ ഇത്തരമൊരു ന്യൂനതയെ തന്റെ കരുത്തായി മാറ്റുകയാണ് അദ്ദേഹം ചെയ്തത്. സംയമനത്തിലൂന്നി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന പ്രചാരകന്‍മാര്‍ക്ക് നേര്‍ വിപരീതമെന്നോണം ഷായുടെ ഭാഷാശൈലി ഒരു യോദ്ധാവിന്റേതായിരുന്നു. തങ്ങള്‍ക്കു ചെയ്യാന്‍ സാധിക്കുമെന്ന് പ്രവര്‍ത്തകര്‍ ഒരിക്കലും കരുതിയിട്ടില്ലാത്ത കാര്യങ്ങള്‍ പോലും വിജയകരമായി ചെയ്തു തീര്‍ക്കാനുള്ള ആത്മവിശ്വാസം അവര്‍ക്ക് ലഭിച്ചത് രണ്ടും കല്‍പ്പിച്ചുള്ള ഷായുടെ ഈ നായകത്വത്തില്‍ നിന്നാണ്.

കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടെ തെരഞ്ഞെടുപ്പിന് ശേഷം തെരഞ്ഞെടുപ്പ് വിജയിക്കുന്ന അതിശയകരമായ ശൈലി പ്രകടമാക്കിയാണ് ഷായുടെ കീഴില്‍ ബിജെപി മുന്നോട്ടു പോകുന്നത്. ഒരു സമയത്ത് രാജ്യത്തെ 29 സംസ്ഥാനങ്ങളില്‍ 18 ലും അധികാരം നേടാന്‍ പാര്‍ട്ടിക്കായി. 2017 ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് വിജയം ഷായുടെ കിരീടത്തിലെ മുന്തിയ രത്‌നമായി മാറി. രണ്ട് പതിറ്റാണ്ടോളം അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട സംസ്ഥാനത്ത് അത്തവണ ബിജെപിയും അതിന്റെ സഖ്യകക്ഷിയും ചേര്‍ന്ന് 403 ല്‍ 325 സീറ്റുകള്‍ കരസ്ഥമാക്കി വിജയമാഘോഷിച്ചു.

ഇതിനെല്ലാമുപരി, രാജ്യത്തെ എല്ലാ മേഖലകളിലും സ്വാധീനവും പ്രാതിനിധ്യവുമുള്ള ദേശീയ പാര്‍ട്ടിയെന്ന സ്ഥാനം കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കാനുമായി. രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ഇപ്രകാരം പാര്‍ട്ടി അധ്യക്ഷനായ ഷാ ഇടം നേടിക്കഴിഞ്ഞു. ബിജെപിക്ക് സ്വാധീനമില്ലാതിരുന്ന പശ്ചിമബംഗാള്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, തെക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ചുവടുറപ്പിക്കാനുള്ള നിര്‍ണായക നീക്കവുമായാണ് ഇതിനെല്ലാം ശേഷം ഷായുടെ പ്രയാണം. പുതിയ മേച്ചില്‍പ്പുറങ്ങള്‍ പിടിച്ചടക്കാനുള്ള സ്വഭാവമാണ് ഷാ പ്രകടിപ്പിക്കുന്നതെങ്കില്‍ സ്വന്തം പാര്‍ട്ടിയിയില്‍ പോലും വിഭജിച്ച് ഭരിക്കുകയെന്ന പുരാതന റോമന്‍ പ്രമാണം പ്രയോഗിച്ചും ഉപജാപങ്ങള്‍ സംഘടിപ്പിച്ചുമാണ് സോണിയ ഗാന്ധി മുന്നോട്ട് നീങ്ങിയിരുന്നത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പ്രകടമായ വലിയ വ്യത്യാസത്തിന് ഇതാണ് ഒരു കാരണം.

കേരളത്തിലടക്കം രാജ്യത്തിന്റെ ചില ഭാഗങ്ങളിലുണ്ടാവുന്ന നഷ്ടം ശക്തി കേന്ദ്രങ്ങളിലെ വിജയം കൊണ്ട് സന്തുലിതമാകാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ടെന്നത് തീര്‍ച്ചയാണ്. മറുവശത്ത് രാജ്യത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന പദവി തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസിന് തങ്ങളുടെ അതിവേഗത്തില്‍ ചുരുങ്ങികൊണ്ടിരിക്കുന്ന അധീന മേഖലകളില്‍ കാര്യമായ പ്രവര്‍ത്തനം നടത്തേണ്ടി വരും.

ബിജെപി അനുഭാവികള്‍ പതിറ്റാണ്ടുകളായി കണ്ടിരുന്ന സ്വപ്‌നങ്ങളാണ് ഷാ യാഥാര്‍ത്ഥ്യമാക്കിയത്. കഴിഞ്ഞ ശൈത്യകാലത്ത് നടന്ന മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയം, 2004 ലെ അടല്‍ ബിഹാരി വാജ്‌പേയിയുടെ പൊതുതെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഭീഷണികളുയര്‍ത്തിയ സമയത്തും ‘ഗെയിം ഓഫ് ത്രോണ്‍’സിലെ പോരാളിയായ ആര്യ സ്റ്റാര്‍ക്കിനെപ്പോലെ ‘നോട്ട് ടുഡേ’ (ഇന്നങ്ങനെയല്ല) എന്നാണ് ബിജെപിയുടെ ‘അമിത് ഭായ്’ ആത്മവിശ്വാസത്തോടെ പറഞ്ഞത്.

2014 നെ നാണിപ്പിക്കുന്ന വിജയമാണ് മോദി-ഷാ ത്രയത്തിനായി 2019 കാത്തുവെച്ചത്. മുതിര്‍ന്ന ബിജെപി നേതാവ് ലാല്‍ കൃഷ്ണ അദ്വാനിയുടെ കോട്ടയായിരുന്ന ഗാന്ധിനഗറില്‍ നിന്ന് വിജയിച്ച് ഷാ പാര്‍ലമെന്റംഗമായതിനുശേഷം, രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയെന്ന നിലയിലും മന്ത്രിസഭയിലെ രണ്ടാമന്‍ എന്ന നിലയിലും അദ്ദേഹം ഇപ്പോള്‍ ഇരിക്കുന്ന പദവി മറ്റാരേക്കാള്‍ കൂടുതല്‍ അദ്ദേഹത്തെ സ്വാധീനിച്ച മൂന്നു പേരില്‍ ഒരാളായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആദ്യം അലങ്കരിച്ച സ്ഥാനമാണ്. ചാണക്യന്‍, വീര്‍ സവര്‍ക്കര്‍ എന്നിവരാണ് മറ്റു രണ്ടുപേര്‍.

ഇന്ത്യയിലെ ഹിന്ദുത്വ ദേശീയതാവാദത്തിന്റെ പ്രഭാവശാലികളായ നേതൃനിരയില്‍ ഷായുടെ സ്ഥാനം ഉറപ്പാണെന്നതില്‍ ഒരു സംശയവുമില്ല. ഡെല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റും ലൂട്ടിന്‍സ് ബംഗ്ലാവുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ, ഉപജാപക സംഘത്തിന്റെ ഇരയാക്കപ്പെട്ട് ഏതാനും വര്‍ഷം മുന്‍പ് വരെ ഒരു സാമൂഹ്യ ഭ്രഷ്ടനായി ജീവിക്കേണ്ടിവന്ന ഒരു മനുഷ്യന്റെ ജീവിതം വാസ്തവത്തില്‍ കീഴ്‌മേല്‍ മറിയുകയാണ് ചെയ്തിരിക്കുന്നത്. ആ അര്‍ത്ഥത്തില്‍ അദ്ദേഹം ധാരാളം പേര്‍ക്ക് പ്രചോദനവുമാണ്.

Categories: FK Special, Slider
Tags: Amit Shah