2025 ഓടെ എല്ലാ സിട്രോണ്‍ കാറുകള്‍ക്കും ഇലക്ട്രിക്/ഹൈബ്രിഡ് പതിപ്പ്

2025 ഓടെ എല്ലാ സിട്രോണ്‍ കാറുകള്‍ക്കും ഇലക്ട്രിക്/ഹൈബ്രിഡ് പതിപ്പ്

എഫിഷ്യന്റ് മോഡുലര്‍ പ്ലാറ്റ്‌ഫോം 2 (ഇഎംപി2) ആയിരിക്കും മിക്ക കാറുകളും അടിസ്ഥാനമാക്കുന്നത്

പാരിസ് : ഇലക്ട്രിക് വാഹനങ്ങള്‍ സംബന്ധിച്ച് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോണ്‍ മനസ്സ് തുറന്നു. 2025 ഓടെ തങ്ങളുടെ എല്ലാ കാറുകള്‍ക്കും ഇലക്ട്രിക് അല്ലെങ്കില്‍ ഹൈബ്രിഡ് വേര്‍ഷന്‍ ഉണ്ടായിരിക്കുമെന്ന് സിട്രോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ലിന്‍ഡ ജാക്ക്‌സണ്‍ പ്രഖ്യാപിച്ചു. ഇലക്ട്രിക് വാഹന പദ്ധതി വൈകാതെ പ്രഖ്യാപിക്കുമെന്ന് അവര്‍ അറിയിച്ചു. അടുത്ത വര്‍ഷം പിറക്കുന്നതോടെ സി5 എയര്‍ക്രോസ് എസ്‌യുവിയുടെ പ്ലഗ്-ഇന്‍ പതിപ്പ് കാണാനാകുമെന്ന് ലിന്‍ഡ ജാക്ക്‌സണ്‍ പറഞ്ഞു.

എഫിഷ്യന്റ് മോഡുലര്‍ പ്ലാറ്റ്‌ഫോം 2 (ഇഎംപി2) ആയിരിക്കും മിക്ക കാറുകളും അടിസ്ഥാനമാക്കുന്നത്. കോംപാക്റ്റ്, പ്രീമിയം മോഡലുകള്‍ക്ക് വേണ്ടി കരുതിയതാണ് ഇഎംപി2. അടുത്ത വര്‍ഷം പുതിയ മോഡല്‍ വിപണിയിലെത്തിക്കുമെന്നും ഇലക്ട്രിക് വേര്‍ഷന്‍ ഉണ്ടായിരിക്കുമെന്നും സിട്രോണ്‍ സിഇഒ പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ പുറത്തിറക്കുന്ന ഓരോ പെട്രോള്‍/ഡീസല്‍ കാറിനും ഇലക്ട്രിക് അല്ലെങ്കില്‍ ഹൈബ്രിഡ് വേര്‍ഷന്‍ ഉറപ്പാക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ 15 പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് സിട്രോണിന്റെ മാതൃ കമ്പനിയായ പിഎസ്എ ഗ്രൂപ്പ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കള്‍ അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കും. സിട്രോണ്‍ സി5 എയര്‍ക്രോസ് എസ്‌യുവിയാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ മോഡല്‍. ഈ വര്‍ഷം ഏപ്രിലില്‍ എസ്‌യുവി ഇന്ത്യയില്‍ അനാവരണം ചെയ്തിരുന്നു. അടുത്ത വര്‍ഷം പുറത്തിറക്കും. സിട്രോണ്‍ സി5 എയര്‍ക്രോസും തുടര്‍ന്നുവരുന്ന മോഡലുകളും തമിഴ്‌നാട്ടിലെ തിരുവള്ളൂരിലുള്ള സികെ ബിര്‍ള ഫാക്റ്ററിയില്‍ നിര്‍മ്മിക്കും. ഇലക്ട്രിക് മോഡലുകളും ഇന്ത്യയില്‍ എത്തിച്ചേക്കും.

Comments

comments

Categories: Auto
Tags: Citreon cars