വനിതാ സംരംഭകരുടെ വളര്‍ച്ച എളുപ്പമാക്കാം

വനിതാ സംരംഭകരുടെ വളര്‍ച്ച എളുപ്പമാക്കാം

സംരംഭകത്വത്തില്‍ ആണ്‍പെണ്‍ വ്യത്യസമില്ലെന്നാണ് പറയപ്പെടുന്നത്. മികച്ച ആശയത്തിന്റെ പിന്‍ബലത്തില്‍ ആര് ബിസിനസ് തുടങ്ങിയാലും അത് ലാഭം തന്നെ.കൂടുതല്‍ മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം, നിക്ഷേപകനും സമൂഹത്തിനും ഒരുപോലെ നേട്ടങ്ങള്‍ ഉണ്ടാകണം. സാമ്പത്തികമായ കുതിച്ചുചാട്ടം ഏറെ പ്രതീക്ഷയോടെ വിലയിരുത്തപ്പെടുന്നു. ഇതെല്ലാമാണ് സംരംഭകത്വത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ പ്രധാനമായും വിലയിരുത്തപ്പെടുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ സംരംഭകത്വത്തിലേക്ക് ഇറങ്ങിത്തിരിക്കുന്ന വനിതകളയുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. സംരംഭം വലുതോ ചെറുതോ എന്നതല്ല, മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കാനും വരുമാനം ഉണ്ടാക്കിയെടുക്കാനുള്ള മനസുമാണ് ഇവിടെ വിലയിരുത്തപ്പെടുന്നത്.വനിതാ സംരംഭകത്വ വികസന സംഘടകള്‍ വനിതകളുടെ ബിസിനസ് മോഹങ്ങള്‍ക്ക് പൂര്‍ണ പിന്തുണയും നല്‍കുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനടക്കമുള്ള സംഘടനകള്‍ വനിതകള്‍ക്കായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും നിരവധി വനിതകള്‍ ഇപ്പോഴും സംരംഭകത്വത്തില്‍ പിന്നോട്ട് പോകുന്നു. ഇത്തരത്തില്‍ പാതി വഴിയില്‍ പരാജയം സമ്മതിച്ചു പിന്‍വലിയുന്നതിന് പിന്നില്‍ സ്വയം വികസപ്പിച്ചെടുത്തതും സാമൂഹികമായതുമായ ചില കരണങ്ങളാണുള്ളത്. അതിനാല്‍ അടിസ്ഥാനപരമായി ശ്രദ്ധ പതിപ്പിക്കേണ്ട ചില മേഖലകളില്‍ അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ വനിതാ സംരംഭകരുടെ പരാജയം ഒഴിവാക്കാം. ലോകത്ത് വിജയം കൈവരിച്ച 80 ശതമാനം വനിതാ സംരംഭകരും പിന്തുടര്‍ന്ന വഴി പിന്തുടര്‍ന്നാല്‍ സംരംഭം ഏതായാലും സംരംഭകര്‍ തിളങ്ങും എന്നുറപ്പാണ്

മികച്ച വിദ്യാഭ്യാസം, സാങ്കേതികമായ വളര്‍ച്ച, ജീവിത സാഹചര്യങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ സംരംഭകത്വത്തിലേക്ക് ഇറങ്ങുന്ന വനിതകളുടേ എണ്ണം വര്‍ധിച്ചു വരികയാണ്. ഏതെങ്കിലും ഒരു മുന്‍നിര സ്ഥാപനത്തില്‍ ഒരു തൊഴിലാളിയായി ഒതുങ്ങിക്കൂടുക എന്നതിനേക്കാള്‍ ഏറെ ചെറുതെങ്കിലും തന്റെ സ്വന്തം ആശയത്തില്‍ വിരിഞ്ഞ സ്ഥാപനത്തെ നയിക്കാനാണ് ഇന്ന് ഓരോ വ്യക്തിയും ആഗ്രഹിക്കുന്നത്. സര്‍ക്കാര്‍ പദ്ധതികളുടെ വെളിച്ചത്തില്‍ സംരംഭകത്വം ഇത്ര ജനകീയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മികച്ച ഒരു തൊഴിദാതാവാകാനുള്ള അവസരം വിനിയോഗിക്കുകയാണ് സ്മാര്‍ട്ട് വനിതകള്‍. സംരംഭകത്വ വായ്പകളുടെയും സംരംഭകത്വ ശില്‍പശാലകളുടെയും വെളിച്ചത്തില്‍ പുതിയ സംരംഭങ്ങള്‍ക്ക് വനിതകള്‍ രൂപം നല്‍കുന്നു. ഒരിക്കല്‍ കുടുംബശ്രീ പോലുള്ള സംഘടനകള്‍ക്ക് കീഴില്‍ മാത്രമായി ഒതുങ്ങി നിന്നിരുന്ന വനിതാ സംരംഭകത്വം ഇന്ന് സാങ്കേതിക സംരംഭങ്ങളിലേക്കും കൈത്തറിമേഖകളിലേക്കുമെല്ലാം വ്യാപിച്ചിരിക്കുകയാണ്. മാത്രമല്ല, പുരുഷന്റെ കുത്തകയായിരുന്ന നിര്‍മാണ മേഖലകളില്‍ വരെ സ്ത്രീ തന്റെ സാന്നിധ്യം തെളിയിച്ചു കഴിഞ്ഞു. എന്നിട്ടും സംരംഭകത്വത്തിലെ വനിതകളുടെ കൊഴിഞ്ഞു പോക്ക് അവസാനിക്കുന്നില്ല. ഒരു സംരംഭകക്ക് അനിവാര്യമായ സ്വഭാവ സവിശേഷതകളിലേക്ക് ഇപ്പോഴും എത്തിച്ചേരാന്‍ കഴിയാത്തതാണ് അത്തരത്തിലുള്ള കൊഴിഞ്ഞുപോക്കുകളുടെ അടിസ്ഥാനകാരണം. സംരംഭക മേഖലയില്‍ എളുപ്പത്തില്‍ വിജയം കാണുന്നതിന് 8 കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചാല്‍ മതി.

1. അനാവശ്യ ഉത്കണ്ഠകള്‍ക്ക് അവസാനമിടുക

താന്‍ പ്രതിനിദാനം ചെയ്യുന്ന മേഖലയിലെ വിവിധ കാര്യങ്ങളെപ്പറ്റി പൂര്‍ണമായ അറിവില്ലാതെ മുന്നോട്ട് താത്പര്യപ്പെടാത്തവരാണ് പൊതുവെ വനിതകള്‍. സംരംഭകത്വത്തില്‍ തനിക്കറിയാത്ത പലതും ഇനിയുമുണ്ട് എന്ന ചിന്ത അവരുടെ ആത്മവിശ്വാസം കെടുത്തുന്നു. അറിയാന്‍ പാടില്ലാത്ത ഒന്നിനെക്കുറിച്ചുള്ള ആകുലതകളും ഭയവുമാണ് എത്ര വലിയ നിക്ഷേപം നടത്തിയ സംരംഭങ്ങളില്‍ നിന്നും സ്ത്രീകളെ പിന്നോട്ട് വലിക്കുന്നത്. അപ്പോള്‍ സംരംഭക രംഗത്ത് വിജയം കൈവരിക്കണമെങ്കില്‍ ഇത്തരത്തിലുള്ള ചിന്താഗതി മാറ്റുക എന്നതാണ് പ്രധാനം. എല്ലാക്കാര്യത്തെപ്പറ്റിയും പൂര്‍ണമായ അറിവുള്ള ആളുകള്‍ ഉണ്ടാകില്ല. അതിനാല്‍ കാലാന്തരത്തില്‍ കാര്യങ്ങള്‍ പഠിച്ചെടുക്കാം എന്ന ആത്മവിശ്വാസത്തോടെ സംരംഭം മുന്നോട്ട് കൊണ്ട് പോകുന്നതാണ് ഉചിതം. ഏത് മേഖലയിലായാലും തിരിച്ചടികള്‍ സ്വാഭാവികമാണ്.അതിനാല്‍ അത് മനസ്സില്‍ പ്രതീക്ഷിക്കുക.തനിക്ക് അറിവില്ലാത്ത കാര്യങ്ങള്‍ മറ്റുള്ളവരില്‍ നിന്നും ചോദിച്ചറിയുന്നതിന് യാതൊരു മടിയും വേണ്ട. സംരംഭകത്വം എന്നത് ഒരു കൂട്ടായ പ്രവര്‍ത്തനമാണെന്നും തന്റെ തൊഴിലാളികള്‍ എന്നും തനിക്കൊപ്പം നില്‍ക്കും എന്നുമുള്ള ചിന്ത മനസ്സില്‍ സൂക്ഷിക്കുക

2. പരാജയത്തെ ഭയക്കരുത്

ജീവിതമെന്നത് സുഖദുഃഖ സമ്മിശ്രമാണ് എന്നപോലെ തന്നെയാണ് ബിസിനസിലെ പരാജയവും. പരാജയത്തെ ഭയന്ന് മുന്നോട്ട് പോകാതിരുന്നത് ഭീരുത്വമാണ്. ബിസിനസില്‍ വന്‍നഷ്ടങ്ങള്‍ ഉണ്ടായിട്ടും വീറോടെ മുന്നോട്ട് പോകുകയും വിജയം കൈവരിക്കുകയും ചെയ്ത ഒട്ടനവധി സംരംഭകരുടെ കഥ നമുക്ക് ചുറ്റുമുണ്ട്. ഇവയില്‍ നിന്നും കരുത്താര്‍ജിക്കാന്‍ ശ്രമിക്കുക. ആദ്യ പരിശ്രമത്തില്‍ തന്നെ നിങ്ങള്‍ വിജയിച്ചിരിക്കണമെന്ന നിര്‍ബന്ധമൊന്നുമില്ല. പലകുറി വീണിട്ടാണ് ഒരു കുട്ടി നടക്കാന്‍ പഠിക്കുന്നത്. അത് പോലെ തന്നെയാണ് സംരംഭകത്വവും. തുടക്കത്തിലെ വീഴ്ചകളും പാളിച്ചകളും മുഖവിലക്കെടുക്കേണ്ട കാര്യമില്ല. പരാജയത്തില്‍ നിന്നും വീറോടെ ഇയര്‍ന്നു പറക്കുന്ന ഫീനിക്‌സ് പക്ഷിയാകുക എന്നതാണ് പ്രധാനം. എന്നാല്‍ പരാജയം അംഗീകരിച്ചു മുന്നോട്ട് പോകുന്നതിനൊപ്പം പരാജയകരണങ്ങളെ വിലയിരുത്തുകയും വേണം.പരാജയകാരണങ്ങള്‍ മനസിലാക്കിയാല്‍ പിന്നീട് അവ പരിഹരിച്ചുകൊണ്ടാകണം മുന്നോട്ടുള്ള യാത്ര. പരാജയത്തിനൊടുവില്‍ മധുരിക്കുന്ന വിജയം ലഭിക്കുന്നത് വരെ പോരാടാനുള്ള മാനസികമായ കരുത്ത് ആര്‍ജിക്കുക പ്രധാനമാണ്.

3. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ളതാണ്

മനസ്സില്‍ തോന്നിയ ആശയങ്ങളും ആശങ്കകളും പങ്കുവയ്ക്കുക എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. എന്നാല്‍ പല വനിതാ സംരംഭകരും ഇതിനോട് അമാന്തം കാണിക്കുന്നു. മറ്റുള്ളവര്‍ തന്റെ അഭിപ്രായത്തെ എങ്ങനെ വിലയിരുത്തും താന്‍ അവഗണിക്കപ്പെട്ടാലോ , പറയുന്ന കാര്യങ്ങളില്‍ തെറ്റുണ്ടെങ്കിലോ തുടങ്ങിയ അബദ്ധ ചിന്തകളാണ് വനിതാ സംരംഭകരുടെ അടുത്ത വെല്ലുവിളി. ഇത് ആത്മവിശ്വാസത്തിന്റെ കുറവുകൊണ്ടാണ് സംഭവിക്കുന്നത്. അതിനാല്‍ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനം. ഇതിന് വനിതാസംരംഭകരുടെ വിജയകഥകള്‍ കേള്‍ക്കുന്നതും സംരംഭകത്വ സെമിനാറുകളില്‍ പങ്കെടുക്കുന്നതുമെല്ലാം സഹായിക്കും. മടിച്ചിരുന്നാല്‍ വിജയം അകന്നുപോകും എന്ന തിരിച്ചറിവാണ് ഒരു സംരംഭകയ്ക്ക് ആദ്യം ഉണ്ടാകേണ്ടത്. ചെറുതെങ്കിലും നേടുന്ന ഓരോ വിജയങ്ങളിലും ആനന്ദം കണ്ടെത്താന്‍ കഴിയണം. ഒത്ത ക്രമേണ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

4. പ്രായം ഒരു പ്രശ്‌നമല്ല

പല വനിതാസംരംഭകരും അല്ലെങ്കില്‍ സംരംഭകത്വത്തിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്നവരും പങ്കിടുന്ന പ്രധാന ആശങ്കയാണ് പ്രായം. സംരംഭകത്വത്തിലേക്ക് കടക്കുന്നതിന് പ്രായം ഒരു വിഷയമല്ല എന്ന് മനസിലാക്കുക. ലീല ഗ്രൂപ്പ് ചെയര്‍മാന്‍ ആയിരുന്ന കാപ്റ്റന്‍ കൃഷ്!ണന്‍ നായര്‍ തന്റെ വാര്ധക്യകാലത്ത് സംരംഭകത്വത്തിലേക്ക് എത്തിയ വ്യക്തിയാണ്. അതിനാല്‍ പ്രായം ഒരു വിഷയമേയല്ല. എന്നാല്‍ പ്രവര്‍ത്തിക്കാനും തന്റെ ആശയങ്ങള്‍ നടപ്പിലാക്കാനുമുള്ള ആര്‍ജവം ഉണ്ടാകുക എന്നതാണ് പ്രധാനം. കീഴ്ജീവനക്കാര്‍ക്ക് ആജ്ഞകള്‍ കൊടുക്കുക എന്നത് മാത്രമല്ല ഒരു സംരംഭകയുടെ ചുമതല. അവര്‍ക്കൊപ്പം നിന്ന് ലക്ഷ്യപ്രാപ്തിയിലെത്തുക എന്നത് കൂടിയാണ്. അതിനാല്‍ സംരംഭകത്വത്തിലേക്ക് ഇറങ്ങുമ്പോള്‍ മറ്റൊന്നിനെപ്പറ്റിയും ചിന്തിക്കേണ്ടതില്ല. ഏതുവിധേനയും ലക്ഷ്യപ്രാപ്തിയില്‍ എത്തുകയെന്ന ഒരൊറ്റ ചിന്തയിലായിരിക്കണം പ്രവര്‍ത്തനം. സംരംഭക രംഗത്തേക്ക് ഇറങ്ങുന്നതിനു മുന്‍പായി സ്ഥാപനത്തിന്റെയും തന്റെയും ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് എഴുതി തയ്യാറാക്കി വക്കുക. ശേഷം ഇതനുസരിച്ചാകാം പ്രവര്‍ത്തനം

5. മറ്റുള്ളവരെ അനുകരിക്കാതിരിക്കുക

ബിസിനസില്‍ നമുക്കൊരു റോള്‍ മോഡല്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. എന്ന് കരുതി മറ്റുള്ളവര്‍ പറയുന്ന എല്ലാ കാര്യങ്ങളും അതെ പാടി അനുസരിക്കുന്ന ഒരു വ്യക്തിയായി മാറരുത്. നിങ്ങള്‍ സാധാരണ ഒരു സ്ത്രീയല്ല എന്നും ഒരു സംരംഭകയാണ് എന്നുമുള്ള തിരിച്ചറിവാണ് ആദ്യം ഉണ്ടാകേണ്ടത്. അതിനാല്‍ തന്നെ, സാധാരണ സ്ത്രീകളെപ്പോലെ ചിന്തിക്കാനും പെരുമാറാനും സമയം മാറ്റിവെക്കേണ്ട കാര്യമില്ല.മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ തന്നെ ചെയ്യാന്‍ സ്ത്രീകള്‍ നമ്മുടെ നാട്ടില്‍ നിര്‍ബന്ധിതരാകാറുണ്ട്. സാധാരണ ഒരു വീട്ടമ്മ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന രീതിയിലല്ല താന്‍ ചിന്തിക്കേണ്ടതെന്നും പെരുമാറേണ്ടതെന്നും ആദ്യമേ സ്വയം പറഞ്ഞു തിരുത്തുക. മികച്ച ആശയങ്ങളെപ്പറ്റി ചിന്തിക്കാനും അവ വളര്‍ത്തിയെടുക്കാനുമായി അവസരം കണ്ടെത്തുക. താന്‍ പ്രതിനിദാനം ചെയ്യുന്ന സ്ഥാപനത്തെയും അതിന്റെ ആശയത്തെയും പറ്റി പൊതുമധ്യത്തില്‍ സംസാരിക്കാന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കരുത്. അങ്ങനെ ചെയ്താല്‍ സംരംഭകത്വം എന്ന ആശയത്തെയും മികച്ച സംരംഭകയാകുക എന്ന മോഹത്തെയുമാണ് നിങ്ങള്‍ ബലി നല്‍കുന്നത് എന്ന് മനസിലാക്കുക.

6. തടസ്സങ്ങളെ തള്ളിമാറ്റുക

പുറമെ നിന്നും നോക്കുന്ന ഒരു വ്യക്തിക്ക് മനസ്സിലായില്ലെങ്കില്‍ കൂടി, ഒരു സംരംഭകയ്ക്ക് താന്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്തെല്ലാമാണെന്ന് മനസിലാക്കാന്‍ കഴിയും. അതിനാല്‍ അത്തരം തടസ്സങ്ങളെ എങ്ങനെ മറികടക്കുമെന്ന് ആദ്യമേ ചിന്തിക്കുക. തടസ്സങ്ങളെ തള്ളിമാറ്റാതെ മുന്നോട്ട് പോകുക അസാധ്യമാണ്. അങ്ങനെയുള്ളപ്പോള്‍ ഓരോ ദിവസവും ചെയ്യുന്ന കാര്യങ്ങളില്‍ അല്‍പം വ്യത്യസ്തത കൊണ്ട് വരന്‍ ശ്രമിക്കുക. ഇത് ചിന്താശേഷി വര്‍ധിപ്പിക്കും. ഓഫീസിലെ തിരക്കുകളില്‍ നിന്നും അല്‍പം റിലാക്‌സ് ചെയ്യണമെന്നുണ്ടെങ്കില്‍ തന്റെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് ഏതെങ്കിലും രീതിയിലുള്ള ഹോബി വളര്‍ത്തുക. മനസ്സില്‍ ഉണ്ടാകുന്ന ഓരോ ചെറിയ ആശങ്കയും അപ്പപ്പോള്‍ തന്നെ പരിഹരിക്കുക. കാരണം കണ്ടെത്തി പരിഹരിക്കാന്‍ ചെയ്യുന്ന കാര്യങ്ങള്‍ ആ രീതിയില്‍ മാത്രം ചെയ്യുക.എല്ലാത്തിലും ഉപരിയായി നാം എന്താകണം എന്നത് നാം തന്നെ തീരുമാനിക്കുക. ഓരോ ദിവസവും മാസവും വര്‍ഷവും ഉണ്ടാക്കേണ്ട നേട്ടങ്ങളുടെ ഒരു ലിസ്റ്റ് മുന്‍കൂട്ടി തയ്യാറാക്കുകയും അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിക്കുകയും ചെയ്യുക

7. പങ്കുവെക്കണം പോസറ്റിവ് ചിന്തകള്‍

ഇപ്പറയുന്നത് സംരംഭകര്‍ക്കും സാധാരക്കാര്‍ക്കും ഒരേ പോലെ ബാധകമായ ഒരു കാര്യമാണ്. തികച്ചും പോസറ്റിവ് ആയ ചിന്തകള്‍ മാത്രം പങ്കുവെക്കാന്‍ കഴിഞ്ഞാല്‍ ചെയ്യുന്ന കാര്യങ്ങളുടെ കൃത്യത 75 ശതമാനത്തോളം വര്‍ധിക്കും എന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നമ്മുടെ ചുറ്റുമുള്ള പരിസ്ഥിതിയോടും ആളുകളോടും സെന്‍സിറ്റീവ് അല്ലാതിരിക്കുക എന്നതും പ്രധാനമാണ്. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കാണാനും അവയോട് പ്രതികരിക്കാനും കഴിയണം. മികച്ച ഒരു മനുഷ്യന് മാത്രമേ സമൂഹത്തിനു ഗുണകരമാകുന്ന ഒരു സംരംഭത്തിന്റെ അമരത്തേക്ക് എത്താന്‍ കഴിയൂ. അതിനാല്‍ എപ്പോഴും പോസറ്റീവ് വ്യക്തിത്വം സൂക്ഷിക്കുക .സ്ഥാപനത്തില്‍ ഇത്തരത്തിലുള്ള പോസറ്റീവ് വാക്യങ്ങള്‍ എഴുതി പ്രദര്‍ശിപ്പിക്കുന്നതും പ്രചോദനാത്മകമായ സെമിനാറുകള്‍ നടത്തുന്നതും ഗുണകരമാകും

8. കാര്‍ക്കശ്യ സ്വഭാവം ഒഴിവാക്കുക

ഉത്തരവാദിത്വമുള്ള ഒരു റോളിലേക്ക് വന്നാല്‍ അല്‍പം കാര്‍ക്കശ്യക്കാരാകുന്ന സ്വഭാവക്കാരാണ് വനിതകള്‍. എന്നാല്‍ ഒന്ന് മനസിലാക്കുക, ചിന്തയിലും വാക്കിലും പ്രവൃത്തിയിലും കര്‍ക്കശമായ നിലപാട് പിന്തുടരുന്നവര്‍ക്ക് വിജയം കൈവരിക്കുക അത്ര എളുപ്പമായിരിക്കില്ല. അതിനാല്‍ പെരുമാറ്റം, അഭിപ്രായം എന്നിവയില്‍ ഇലാസ്തികത കൊണ്ടുവരുന്നതാണ് ഉത്തമം. തന്റെ സ്ഥാപനത്തിലെ തൊഴിലാളികളെയും അവരുടെ പ്രശ്‌നങ്ങളെയും മനസിലാക്കാന്‍ ശ്രമിക്കണം. ബിസിനസ് നടത്തിപ്പിലെ കൂടുതല്‍ തലവേദനകള്‍ ഒഴിവാക്കാനും തൊഴിലാളികളെ കൂടെ നിര്‍ത്താനും ഇത്തരം മാര്‍ഗങ്ങള്‍ സഹായിക്കും.

Categories: FK Special, Slider