ഭൂമിയെ ഹരിതാഭമാക്കുന്ന സംരംഭങ്ങള്‍

ഭൂമിയെ ഹരിതാഭമാക്കുന്ന സംരംഭങ്ങള്‍

നിത്യ ജീവിതത്തില്‍ നാം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ബദല്‍ നിര്‍മിക്കുന്ന ചില സ്റ്റാര്‍ട്ടപ്പുകളെ പരിചയപ്പെടാം

ലണ്ടനിലെ ഗ്രേറ്റ് ഇന്റര്‍നാഷണല്‍ എക്‌സിബിഷനില്‍ 1862ലാണ് ആദ്യമായി മനുഷ്യ നിര്‍മിത പ്ലാസ്റ്റിക് പ്രദര്‍ശനത്തിനെത്തുന്നത്. ഇന്നും കൈകാര്യം ചെയ്യുന്നതിലെ സൗകര്യങ്ങള്‍ കൊണ്ടും ഭാരം കുറവായതുകൊണ്ടും ആളുകള്‍ക്ക് പ്ലാസ്റ്റിക്കിനോടുള്ള മമത കുറഞ്ഞിട്ടില്ല, എങ്കിലും മലിനീകരണത്തിന്റെ പേരില്‍ പ്ലാസ്റ്റിക്കിനെ പടി കടത്താനുള്ള ശ്രമത്തിലാണിപ്പോള്‍ ലോകം. പ്ലാസ്റ്റിക്കിനെ മാറ്റി നിര്‍ത്തുമ്പോള്‍ പകരമെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ന് മിക്ക സ്റ്റാര്‍ട്ടപ്പുകളും. നാം നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന ഒട്ടുമിക്ക പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടേയും ബദല്‍ നിര്‍മിക്കുന്ന ആശയങ്ങളുമായാണ് മിക്ക സ്റ്റാര്‍ട്ടപ്പുകളും ഉദയം ചെയ്യുന്നത്. ഇക്കൂട്ടത്തില്‍ ചെരിപ്പുകള്‍, ബാഗുകള്‍, പാത്രങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടും. പ്ലാസ്റ്റിക്ക് രഹിത ആവാസവ്യവസ്ഥ സൃഷ്ടിച്ച് ഭൂമിയെ ഹരിതാഭമാക്കാന്‍ ശ്രമിക്കുന്ന ചില സ്റ്റാര്‍ട്ടപ്പുകളെ ഇവിടെ പരിചയപ്പെടാം.

പാപ്‌കോ ഗ്രീന്‍വെയര്‍

ആഹാര സാധനങ്ങള്‍ പായ്ക്ക് ചെയ്യുന്ന ഉല്‍പ്പന്നങ്ങളാണ് ഈ സംരംഭം നിര്‍മിക്കുന്നത്. കരിമ്പിന്‍ ചണ്ടിയില്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന പരിസ്ഥിതി സൗഹൃദ ഫുഡ് സട്രീമര്‍ മുതല്‍ പേപ്പര്‍ സ്‌ട്രോ, പാത്രങ്ങള്‍ എന്നിവയെല്ലാം ഇവരുടെ ശേഖരത്തിലുണ്ട്. അനില്‍ അഗര്‍വാള്‍, ആദേശ് അഗര്‍വാള്‍, അഭിഷേക് അഗര്‍വാള്‍ എന്നിവര്‍ ചേര്‍ന്നു തുടങ്ങിയ സംരംഭമാണ് പാപ്‌കോ ഗ്രീന്‍വെയര്‍. ഇന്ന് താജ് ഗ്രൂപ്പ് ഹോട്ടല്‍ ഉള്‍പ്പെടെ നിരവധി പ്രമുഖ ഹോട്ടല്‍, റെസ്‌റ്റൊറന്റുകളില്‍ പ്ലാസ്റ്റിക് പായ്ക്കിംഗിനു പകരം പാപ്‌കോ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചുവരുന്നു. മുംബൈ ആസ്ഥാനമാക്കിയാണ് സംരംഭത്തിന്റെ പ്രവര്‍ത്തനം.

ബ്ലിങ്ക്ഗ്രീന്‍

പൂനെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബ്ലിങ്ക് ഗ്രീന്‍, ഉപേക്ഷിക്കപ്പെടുന്ന ടയര്‍ ഉപയോഗിച്ച് ഫാഷന്‍ ചെരിപ്പുകള്‍ നിര്‍മിക്കുന്ന സംരംഭമാണ്. മെമിറ്റാല്‍ എന്ന ബ്രാന്‍ഡ് നെയിമിലാണ് ഇവര്‍ ന്യൂജന്‍ ശൈലിയിലുള്ള ചെരിപ്പുകള്‍ വിപണിയില്‍ എത്തിക്കുന്നത്. പാഴാക്കപ്പെടുന്ന ടയറുകള്‍ വിവിധ രീതികളിലൂടെ അപ്‌സൈക്കിളിംഗിന് വിധേയമാക്കിയാണ് ഇവര്‍ ചെരിപ്പ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. പൂജ ആപ്‌തെ ബദാമികര്‍ ആണ് ബ്ലിങ്ക്ഗ്രീന്‍ സംരംഭത്തിന്റെ സ്ഥാപക.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും മഹാരാഷ്ട്ര സ്റ്റേറ്റ് ഇന്നൊവേഷന്‍ സൊസൈറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് യാത്ര മത്സര പരിപാടിയില്‍ 50,000 രൂപയുടെ സമ്മാനം നേടിയ ഉല്‍പ്പന്നമായിരുന്നു ഇത്. പൂജ തന്നെയാണ് ചെരിപ്പുകള്‍ ഡിസൈന്‍ ചെയ്യുന്നതും.

ബെകോ

ആദിത്യ റൂയിയ, അനുജ് റൂയിയ, അക്ഷയ് വര്‍മ, പുനിത് ബത്ര എന്നീ നാല് എന്‍ജിനീയര്‍മാര്‍ ചേര്‍ന്ന് 2017ല്‍ തുടക്കമിട്ട സംരംഭമാണ് ബെകോ. പ്ലാസ്റ്റിക്കിന് ഉത്തമമായ ബദല്‍ കണ്ടുപിടിക്കുന്നതിനായി ഒരു വര്‍ഷത്തോളം നിരവധി ഗവേഷണ പരീക്ഷണങ്ങള്‍ നടത്തിയ ശേഷമാണിവര്‍ കമ്പനിക്ക് തുടക്കമിട്ടത്. മുള പള്‍പ്പും ചോളത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന പോളിമറും ചേര്‍ത്ത് പ്രകൃതിക്കിണങ്ങും വിധത്തിലുള്ള
മാലിന്യ ബാഗുകള്‍, അടുക്കളയിലേക്ക് ആവശ്യമായ ടവ്വലുകള്‍, ടിഷ്യൂ റോളുകള്‍ എന്നിവയാണ് സംരംഭം പുറത്തിറക്കുന്നത്. റീസൈക്കിള്‍ ചെയ്യാവുന്ന പേപ്പറിലാണ് ബെകോ ഉല്‍പ്പന്നങ്ങള്‍ പായ്ക്ക് ചെയ്തു നല്‍കുന്നതും.

നിലവില്‍ മുംബൈയിലെ 1500 ല്‍പ്പരം കടകളില്‍ വിപണനം കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ പുനെ, രാജ്‌കോട്ട്, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് ബിസിന്‌സ വിപുലീകരിക്കാനും കമ്പനി പദ്ധതിയിടുന്നു.

എക്കോറൈറ്റ്

പരിസ്ഥിതി സൗഹൃദ ബാഗുകളാണ് എക്കോറൈറ്റിന്റെ പ്രധാന ഉല്‍പ്പന്നം. 2017 ല്‍ തുടക്കമിട്ട കമ്പനി ഒറ്റ വര്‍ഷം കൊണ്ട് 2.25 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. ഉദിത് സൂദ് , പിതാവ് സഞ്ജീവ് സൂദിനൊപ്പം ചേര്‍ന്നാണ് ഈ സംരംഭത്തിന് ഇന്ത്യയില്‍ തുടക്കമിട്ടത്. ആമസോണ്‍ വഴി യുഎസില്‍ അരങ്ങേറിയ ബാഗുകള്‍ വിദേശ വിപണി ലക്ഷ്യമിട്ട് യൂറോപ്പ്, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിലും സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. കോട്ടണ്‍, ജൂട്ട് എന്നിവയുടെ മിശ്രിതം ഉപയോഗിച്ചാണ് എക്കോറൈറ്റ് ബാഗുകള്‍ നിര്‍മിക്കുന്നത്.

ആരോഹണ എക്കോസോഷ്യല്‍

റീസൈക്കിള്‍ ചെയ്യാനാവാത്ത, പ്രകൃതിയില്‍ അലിഞ്ഞു ചേരാത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അപ്‌സൈക്കിളിംഗിനു വിധേയമാക്കി ബാഗുകള്‍, അലങ്കാര വസ്തുക്കള്‍ എന്നിവ നിര്‍മിക്കുന്ന സംരംഭമാണ് ആരോഹണ. 2013ല്‍ അമിത ദേശ്പാണ്ഡെ, നന്ദന്‍ ഭട്ട് എന്നിവര്‍ ചേര്‍ന്നു തുടക്കമിട്ട സംരംഭം ആദിവാസി ഗ്രാമീണര്‍ക്ക് മികച്ച വരുമാനം നേടിക്കൊടുക്കാനും ശ്രമിക്കുന്നുണ്ട്. ആദിവാസി ഗ്രാമങ്ങളില്‍ നിന്നുള്ള 13 പേരാണ് സംരംഭത്തിന്റെ ഭാഗമായി ജോലി ചെയ്യുന്നത്. ഇവര്‍ക്ക് പ്രതിമാസം 6000 മുതല്‍ 15,000 രൂപ വരെ വരുമാനം സംരംഭത്തിലൂടെ ലഭിക്കുന്നു.

Comments

comments