അങ്കുരങ്ങളുടെ അര്‍ത്ഥവ്യാപ്തി

അങ്കുരങ്ങളുടെ അര്‍ത്ഥവ്യാപ്തി

ഒരു നവാരംഭ സംരംഭകന്‍ ജീവിക്കേണ്ടത് നാളെയില്‍ ആയിരിക്കണം. ആശയാവണം അവനെ നയിക്കുന്ന മുഖ്യ ഹേതു. അതാണ് നവാരംഭം, സ്റ്റാര്‍ട്ടപ്പ് എന്ന് പറയുന്നത്. വലിയ ഒന്നിന്റെ ഒരു എളിയ ആരംഭം. ഒരു ബൃഹത്തായ ബിസിനസ് സാമ്രാജ്യത്തിന്റെ തുടക്കത്തിന്റെ ആദ്യവിത്താണ് ഇതിലൂടെ വിതയ്ക്കപ്പെടുന്നത്

”User experience is everything. It always has been, but it’s undervalued and underinvested in. If you don’t know user-centered design, study it. Hire people who know it. Obsess over it. Live and breathe it. Get your whole company on board.’ -Evan Williams, Co-Founder, Twitter

കാലുകളും തലയും പുറന്തോടിനകത്തേക്ക് വലിച്ച്, ഒളിപ്പിച്ചുവെച്ച് പകുതി മയക്കത്തില്‍ ഒതുങ്ങി കിടക്കുകയായിരുന്നു ആമ. ബാഹ്യലോകത്തെ മദമാത്സര്യങ്ങളൊന്നും തനിക്ക് കാണണ്ട. തന്റെ കുറവുകളും കുറ്റങ്ങളും ലോകവും കാണണ്ട. കരയിലെ കെട്ടുകാഴ്ചകള്‍ കണ്ട് വല്ലാതെ ശ്വാസം മുട്ടിയാല്‍ വെള്ളത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ട് ആഴ്ന്നുപോകാന്‍ സൃഷ്ടാവ് തനിക്ക് തന്ന ഉഭയജീവി പൗരത്വം വലിയ ഒരു അനുഗ്രഹമാണല്ലോ എന്ന ആശ്വാസത്തില്‍ മയങ്ങിക്കിടക്കുമ്പോഴാണ് അതുവരെ വരട്ടുചൊറി മാന്തിക്കൊണ്ട് വെയില്‍ കാഞ്ഞിരുന്ന മുയല്‍ വന്ന് തട്ടിവിളിച്ചത്. ഇളംപുല്ല് തിന്ന് വയര്‍ നിറഞ്ഞ് കഴിഞ്ഞാല്‍ ഒന്ന് ഉച്ചവെയില്‍ കാഞ്ഞേ മൂപ്പര്‍ പോകാറുള്ളൂ. അന്ന് പക്ഷേ ഉണ്ടിരിക്കുന്ന ശശകന്‍1 നായര്‍ക്ക് ഒരു വിളി വന്നു. ഒരു ഓട്ടമത്സരം സംഘടിപ്പിച്ചാലോ? അങ്ങനെയാണ് പുറന്തോടിനകത്ത് ആത്മാവിനെ കണ്ടെത്തിക്കൊണ്ടിരുന്ന ആമയെ വിളിച്ചുണര്‍ത്തിയത്. ആമ ആദ്യം നിരാകരിച്ചതാണ്. മത്സരങ്ങളെല്ലാം നിങ്ങള്‍ കരജീവികള്‍ തമ്മില്‍ ആയിക്കൊള്ളൂ, ഞാനൊരു സലിലസ്ഥലകാരനാണ്2. ആമയ്ക്ക് ഒരിക്കലും ഒളിമ്പിക്സ് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നില്ല. പക്ഷേ മുയല്‍ വിട്ടില്ല. ഒടുവില്‍ സ്‌നേഹബുദ്ധ്യാ ഉള്ള ആ നിര്‍ബന്ധത്തിന് വഴങ്ങി സമ്മതിച്ചതാണ്.

പിന്നത്തെ കഥ അങ്ങാടിപ്പാട്ടാണ്. സത്യത്തില്‍ ആമയെ ജയിപ്പിച്ചത് എന്തെല്ലാം ഘടകങ്ങളാണ്? അതിന്റെ പേരാണ് സംരംഭകത്വം. ഒരു ലക്ഷ്യം മുന്‍നിര്‍ത്തി, അത് നേടിയെടുക്കുന്നതിനായി അവസാനം വരെ നിലനിര്‍ത്തിയ അചഞ്ചലമായ ക്ഷമ. വിഷമഘട്ടങ്ങളെ അതിവിദഗ്ദ്ധമായി അതിജീവിക്കാനുള്ള ത്വരയും കഠിനാധ്വാനവും. ഇതായിരുന്നു മുയലിന്റെ വിജയമന്ത്രം. ഒരു സംരംഭകന് നിശ്ചയമായും വേണ്ടിയിരിക്കുന്ന ഗുണഗണങ്ങളില്‍ പ്രധാനമാണ് ഇവ. സംരംഭകത്വത്തിന്റെ കൂടെ നൂതനാശയങ്ങള്‍ വിളക്കിച്ചേര്‍ക്കുമ്പോഴാണ് സ്റ്റാര്‍ട്ടപ്പുകള്‍ ജനിക്കുന്നത്. എന്നാല്‍ ഒരു നവസംരംഭവും സ്റ്റാര്‍ട്ടപ്പും തമ്മില്‍ വ്യത്യാസമുണ്ട്. നവസംരംഭകന്‍ തന്റെ പുതിയ ഉദ്യമത്തിന് വലിയ മാനമൊന്നും വിഭാവനം ചെയ്യുന്നില്ല. സ്വയം നടത്തിക്കൊണ്ട് പോകുന്ന, സ്വന്തം വരുമാനത്തിന്, ജീവിതത്തിന് ഉതകുന്ന ഒരു പദ്ധതി. അത്രയേ ഉള്ളൂ, അയാളുടെ മനസ്സില്‍. എന്നാല്‍ ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭകന്‍ അതിലും വിശാലമായ രീതിയില്‍ ചിന്തിക്കുന്നുണ്ട്. അയാള്‍ ശ്രീബുദ്ധന്റെ തത്വങ്ങളെ നിരാകരിക്കുന്നു. ‘ഇന്നലെകളെ കുറിച്ച് വ്യസനിക്കരുത്, നാളെയെ പറ്റി വേവലാതിപ്പെടരുത്, ഇന്നില്‍ ജീവിക്കുക,’ എന്നാണ് ബുദ്ധന്‍ പറഞ്ഞത്. ആശയാണ് എല്ലാ വേദനകളുടെയും കാരണം എന്നും പറഞ്ഞത് ഗൗതമ ബുദ്ധനാണ്. എന്നാല്‍ ഒരു നവാരംഭ സംരംഭകന്‍ ജീവിക്കേണ്ടത് നാളെയില്‍ ആയിരിക്കണം. ആശയാവണം അവനെ നയിക്കുന്ന മുഖ്യ ഹേതു. അതാണ് നവാരംഭം, സ്റ്റാര്‍ട്ടപ്പ് എന്ന് പറയുന്നത്. വലിയ ഒന്നിന്റെ ഒരു എളിയ ആരംഭം. ഒരു ബൃഹത്തായ ബിസിനസ് സാമ്രാജ്യത്തിന്റെ തുടക്കത്തിന്റെ ആദ്യവിത്താണ് വിതയ്ക്കപ്പെടുന്നത്.

ഒന്നോ രണ്ടോ പേരുടെ തലയില്‍ ഉദിക്കുന്ന ആശയമാണ് സ്റ്റാര്‍ട്ടപ്പ് ആയി വികസിക്കുന്നത്. അത് ചിലപ്പോള്‍ ആകസ്മികമായേക്കാം. കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ ഗവേഷണവിദ്യാര്‍ത്ഥികള്‍ ആയിരുന്ന അമേരിക്കക്കാരന്‍ ലാറി പേജും റഷ്യക്കാരന്‍ സെര്‍ജി ബ്രൈനും തങ്ങളുടെ ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട് പഠനം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു കാര്യം അവരുടെ ശ്രദ്ധയില്‍ പെട്ടു. പരമ്പരാഗത സെര്‍ച്ച് എന്‍ജിനുകളില്‍ നമ്മള്‍ ഒരു വാക്ക് തിരയുമ്പോള്‍, ഒരു പേജില്‍ ആ വാക്ക് എത്ര തവണ പ്രത്യക്ഷപ്പെടുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ആ വാക്ക് ഉള്‍പ്പെടുന്ന വെബ്സൈറ്റുകള്‍ സെര്‍ച്ച് റിസള്‍ട്ടില്‍ മുന്‍ഗണന പ്രകാരം അടുക്കപ്പെടുന്നത്. അതായത്, നമ്മള്‍ ‘പശു’ എന്ന വാക്ക് തിരയുമ്പോള്‍ കയറിനെ പറ്റിയുള്ള ഒരു വെബ്സൈറ്റില്‍ പശുവിനെ കെട്ടുന്ന വിധം വിവരിക്കുന്നതിനായി നാലിടത്ത് ‘പശു’ എന്ന വാക്ക് വരികയും, പശുവിനെ പറ്റിയുള്ള വെബ്സൈറ്റ് പശു എന്ന വാക്ക് മൂന്ന് പ്രാവശ്യം മാത്രം ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍, നമുക്ക് ആദ്യം ലഭിക്കുക കയറിനെ പറ്റിയുള്ള വെബ്സൈറ്റ് ആവും. ഇത് മാറ്റി, തിരയുന്ന വാക്കും വെബ്സൈറ്റില്‍ അതിനുള്ള പ്രസക്തിയും രണ്ടും തമ്മിലുള്ള ലംബവും തിരശ്ചീനവുമായ പ്രാധാന്യവും വിവിധ വെബ്സൈറ്റുകള്‍ തമ്മിലുള്ള താരതമ്യവും ബന്ധവും എല്ലാം വ്യവച്ഛേദിച്ച് തിരച്ചില്‍ ഫലം തരുന്ന അല്‍ഗോരിതം അവര്‍ വികസിപ്പിച്ചു. ഇത്രയും ചെയതത് ഗവേഷണത്തിന് വേണ്ടിയാണ്. അപ്പോഴാണ്, ഈ ഗവേഷണഫലത്തിന്റെ വ്യാവസായിക സാധ്യതകളെ പറ്റി അവര്‍ക്ക് തലയില്‍ ബുദ്ധി മിന്നിയത്. അതാണ് ഇന്ന്, ‘തിരച്ചില്‍’ എന്ന പദത്തിന്റെ പര്യായപദമായി ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടു സ്വീകരിച്ചിട്ടുള്ള, ഓരോ സെക്കന്റിലും ശതകോടിക്കണക്കിന് ആളുകള്‍ തിരച്ചിലിനായി പ്രവേശിക്കുന്ന, ഗൂഗിള്‍. ഒരു സുഹൃത്തിന്റെ കാര്‍ ഷെഡില്‍ തുടങ്ങിയ ആ നവാരംഭ സംരംഭമാണ് ഇന്ന്, ഇരുപത് വര്‍ഷം കൊണ്ട്, 136 ബില്യണ്‍ ഡോളര്‍ (9,52,000 കോടി രൂപ) വാര്‍ഷികാദായമുള്ള കമ്പനിയായി മാറിയത്. മൈക്രോസോഫ്റ്റും ആപ്പിളും ഊബറും ഒലയും ഒന്നും മറ്റൊരു കഥയല്ല പറയുക. സ്റ്റാര്‍ട്ടപ്പുകളുടെ സാധ്യത അനന്തമാണ്.

സ്റ്റാര്‍ട്ടപ്പ് സംരംഭകരെ വഴിതെറ്റിക്കുന്ന ചില ചിന്തകള്‍ ഉണ്ട്. അവയില്‍ ആദ്യം വരുന്നത് അമിതാത്മവിശ്വാസമാണ്. ആത്മവിശ്വാസം വേണം; എന്നാല്‍ അത് അമിതമാവരുത്. ‘സ്വയം സമര്‍ത്ഥിക്കാന്‍ പേടിക്കരുത്, നിങ്ങളുടെ കഴിവുകളില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടാവണം, എന്നാല്‍ ജാരസന്തതികള്‍ നിങ്ങളെ തോല്‍പ്പിക്കാന്‍ ഇടവരുത്,’ ഇത് പറയുന്നത് ബ്ലൂംബെര്‍ഗ് സ്ഥാപകന്‍ മൈക്കള്‍ ബ്ലൂംബെര്‍ഗ് ആണ്. ഭാവിയുടെ ഗതിവിഗതികളെ നമുക്ക് നിയന്ത്രിക്കാനാവും എന്ന മായാചിന്ത പലപ്പോഴും സംരംഭകരിലുണ്ട്. സാധ്യതകളേക്കാളധികം കൗശലം പ്രയോഗിച്ച് ജയിക്കാനാവും എന്ന തോന്നല്‍ മായ ആണ്, മരീചിക ആണ്; പ്രായോഗികമല്ല. ‘മുന്നോട്ട് പോകുന്നതിന്റെ പുറകിലുള്ള രഹസ്യം യാത്ര ആരംഭിച്ചതിലാണ്. സങ്കീര്‍ണ്ണമായതും അതിവിപുലവുമായ ലക്ഷ്യങ്ങളെ ചെറുത് ചെറുതായി ഭാഗിച്ച്, നടത്തിക്കൊണ്ടുപോകാന്‍ സാധിക്കുന്ന, സൂക്ഷ്മ ലക്ഷ്യങ്ങള്‍ ആക്കി മാറ്റുക. എന്നിട്ട് അതിലൊന്നില്‍ ആദ്യം തുടങ്ങുക’ എന്ന മാര്‍ക്ക് ടൈ്വന്‍ വചനം ഇവിടെ പ്രസക്തിയാര്‍ജ്ജിക്കുന്നു. നവാരംഭ സംരംഭകന് മലര്‍പ്പൊടിക്കാരന്റെ സ്വപ്നങ്ങള്‍ പാടില്ല. ഉദാഹരണത്തിന്, തന്റെ ഉല്‍പ്പന്നം ഒരാഴ്ചത്തെ ശ്രമം കൊണ്ട് തന്റെ പഞ്ചായത്തില്‍ 100 പേര്‍ ഉപയോഗിക്കാന്‍ തുടങ്ങി എന്നത്, 941 പേര്‍ ഒരേ സമയം ഒരാഴ്ച ശ്രമിച്ചാല്‍ കേരളത്തിലെ 941 പഞ്ചായത്തിലും 100 പേര്‍ വീതം മൊത്തം ഒരു ലക്ഷത്തോളം ഉപഭോക്താക്കളെ ഒരാഴ്ചയ്ക്കകം നേടാമെന്ന തരത്തിലുള്ള കണക്കുകൂട്ടലുകള്‍, യാഥാര്‍ഥ്യങ്ങളില്‍ നിന്ന് വഴിമാറി, അപ്പൂപ്പന്‍താടി പോലെയുള്ള, മനസ്സിന്റെ പറന്നുനടക്കലാണ്.

വലിയ വലിയ ഉദാഹരണങ്ങള്‍ അതുപോലെ തന്നെ വീണ്ടും സംഭവിച്ചുകൊള്ളണമെന്നില്ല. എല്ലാവര്‍ക്കും ഗൂഗിളോ ആപ്പിളോ ആവാനാവില്ല. ചിന്തിക്കാന്‍ എളുതാണെങ്കിലും പ്രവര്‍ത്തിയില്‍ വരുത്തുക പ്രയാസകരമാണ്. വലിയ വലിയ ലക്ഷ്യങ്ങള്‍ വച്ചാലേ ചെറിയവ എങ്കിലും നേടാനാവൂ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞപോലെ, ‘നിങ്ങള്‍ ചിന്തിക്കുവാന്‍ തീരുമാനിക്കുകയാണെങ്കില്‍ വലിയ വലിയകാര്യങ്ങള്‍ ചിന്തിക്കുക’. പരാജയങ്ങള്‍ വരികയാണെങ്കില്‍, അതേ വഴി വീണ്ടും പോവുകയോ യാത്ര ഉപേക്ഷിക്കുകയോ ചെയ്യരുത്; വഴി മാറി നോക്കുക. അവിടെ ആയിരിക്കും ചിലപ്പോള്‍ വിജയം.

വിജയിക്കുന്ന ഓരോ സ്റ്റാര്‍ട്ടപ്പും ബീജാവാപം ചെയ്യുന്നത് ഓരോരോ പ്രശ്‌നങ്ങളില്‍ നിന്നാണ്, ആ പ്രശ്‌നത്തിന്റെ പരിഹാരം തേടിയുള്ള അലച്ചിലിലാണ്. ഊബര്‍ തുടങ്ങാനുള്ള കാരണം മുന്‍പൊരിക്കല്‍ ഈ പംക്തിയില്‍ വിശദീകരിച്ചതാണ്. ചോദ്യങ്ങള്‍ ആണ് ഉത്തരങ്ങളുടെ ഉറവിടം. ചോദ്യങ്ങളില്ലെങ്കില്‍ ഉത്തരങ്ങള്‍ക്ക് അസ്തിത്വമില്ല. എത്രയെത്ര പ്രശ്‌നങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. അവയെ പ്രതിവിധികളിലൂടെ സമീപിക്കാന്‍ സാധിക്കുമ്പോഴാണ് സ്റ്റാര്‍ട്ടപ്പുകളുടെ സാധ്യത വളരുന്നത്. പ്രശ്‌നങ്ങളെ മനസിലാക്കുക, സാധ്യമായ നവ പരിഹാര മാര്‍ഗ്ഗങ്ങളെ ഓരോന്നായി മനസിലാക്കുക, ഒരു മിനിമം ലാഭക്ഷമതയുള്ള ഉല്‍പ്പന്നം അതനുസരിച്ച് വികസിപ്പിക്കുക എന്നതാണ് സ്റ്റാര്‍ട്ടപ്പ് സംരംഭം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടെ നമ്മള്‍ ഒരു ദര്‍ശനത്തെ ആണ് പിന്തുടരുന്നത്, പണത്തെയല്ല; പണം പുറകെ വന്നുകൊള്ളും എന്നാണ് സാപോസ് സ്ഥാപകന്‍ ടോണി ഹീ പറയുന്നത്.

‘ജീവിതം എന്തെങ്കിലും ജോലി ചെയ്ത് തള്ളിനീക്കാനുള്ളതാണ്. എങ്കില്‍ അത് നിങ്ങള്‍ക്കിഷ്ടമുള്ള ജോലി ചെയ്തിട്ടായിക്കൂടേ?’ ചോദിക്കുന്നത് ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സാണ്. എന്നാല്‍ ഒരു ആശയം കൈവരുന്നത് അത് അലോചിച്ചിരുന്നാലല്ല. മറിച്ച്, ‘പാണ്ഡവപുര’ത്തില്‍ സേതു എഴുതിയ പോലെ ജീവിതത്തിന്റെ പെരുവഴിയമ്പലങ്ങളിലൂടെയുള്ള പ്രയാണങ്ങളില്‍ ആണ് അത് കൈവരുന്നത്. കൈതൊട്ടറിഞ്ഞ സത്യങ്ങള്‍. കാരണം, നമ്മുടെ ഉല്‍പ്പന്നത്തെ നമ്മള്‍ മനസ്സിലാക്കുന്നിടത്തോളം മറ്റൊരാള്‍ മനസ്സിലാക്കരുത്. എന്നാല്‍, ഏറ്റവുമ
ധികം പരാതിപ്പെടുന്ന ഉപഭോക്താവ് ആയിരിക്കും നമ്മുടെ ഉല്‍പ്പന്നത്തിന്റെ ഗുണവര്‍ധനയെ ഏറ്റവും സഹായിക്കുന്ന ആള്‍. ഇവ രണ്ടും തമ്മിലുള്ള സമഞ്ജസ സ്ഥാനത്ത് വിരിയുന്ന പുഷ്പം അതീവ ഫലസിദ്ധി ഉള്ളതായിരിക്കും.

എപ്പോഴാണ് പുതിയ സംരംഭം തുടങ്ങാന്‍ നല്ല സമയം എന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ട കാര്യമില്ല. ‘നിങ്ങള്‍ നിങ്ങളുടെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്നതാണ് മഹനീയ മുഹൂര്‍ത്തം. ഒരുപാട് പേര്‍ക്ക് ഒരുപാട് ആശയങ്ങള്‍ ഉണ്ട്. എന്നാല്‍ വളരെ കുറച്ച് പേര്‍ മാത്രമേ ആ ആശയങ്ങള്‍ വച്ച് ഇപ്പോള്‍ എന്തെങ്കിലും ആരംഭിക്കണം എന്ന് കരുതുന്നുള്ളു. അതായത്, നാളെയല്ല, അടുത്തയാഴ്ചയല്ല, ഇന്ന്, ഈ നിമിഷം. The true entrepreneur is a doer, not a dreamer’. പറയുന്നത് വിഖ്യാത സംരംഭകനായ നോലാന്‍ ബുഷ്‌നെല്‍ ആണ്. എല്ലാം തികഞ്ഞിട്ട് കളി തുടങ്ങാം എന്ന് വിചാരിക്കുന്നത് മൗഢ്യമാണ്. ചീട്ടുകളിയില്‍ എല്ലായ്‌പോഴും തുറുപ്പ് ഗുലാന്‍ കയ്യില്‍ വന്നുകൊള്ളണമെന്നില്ല. ചിലപ്പോള്‍ സ്‌പേഡ് ഏഴാംകൂലി വെച്ചാവും ക്ലാവര്‍ ഗുലാനെ വെട്ടുന്നത്. അതിന് അനുഭവജ്ഞാനം വേണം. അതാണ് ട്വിറ്റര്‍ സ്ഥാപകന്‍ ഇവാന്‍ വില്യംസ് പറയുന്നത്. ഉപഭോക്തൃ കേന്ദ്രീകൃതമായ അനുഭവപരിചയം നിങ്ങള്‍ക്കില്ലെങ്കില്‍ അതുള്ളവരെ നിയമിക്കുക. എന്നാല്‍ നിയമിക്കേണ്ടത്, ശൂരനേയോ പണ്ഡിതനേയോ അല്ല, മറിച്ച്, ഈ ലോകം മാറ്റിമറിക്കണമെന്ന അതീവ ഉള്‍ത്തീയുള്ള കനല്‍ത്തരികളെയാണ്. നമുക്കും നമ്മുടെ ജോലിക്കാര്‍ക്കും ആ ഉള്‍ക്കാമ്പ് എരിയുന്നുണ്ടെങ്കില്‍ നമ്മില്‍ അങ്കുരിക്കുന്ന ആശയം അര്‍ത്ഥവ്യാപ്തി നേടും. ആ കനലാണ് നാളെ കാലം, ഒരു കത്തുന്ന പന്തമാക്കുന്നത്.

(1. ശശകം=മുയല്‍, 2. സലിലം=ജലം, സ്ഥലം=കര)

Categories: FK Special, Slider
Tags: business, Startup