നെറ്റ്ഫ്ലിക്സിന് യുകെയില്‍ ഒരു പുതിയ എതിരാളി വരുന്നു

നെറ്റ്ഫ്ലിക്സിന് യുകെയില്‍ ഒരു പുതിയ എതിരാളി വരുന്നു

ലണ്ടന്‍: നെറ്റ്ഫ്ലിക്സിന് ഒരു പുതിയ ബദലുമായെത്തുകയാണു യുകെ ടെലിവിഷന്‍ ശൃംഖലയായ ഐടിവി. ബിബിസിയുമായി ചേര്‍ന്നാണു ഐടിവി പുതിയ സ്ട്രീമിംഗ് സേവനം ആരംഭിക്കുന്നത്. ബ്രിറ്റ് ബോക്‌സ് എന്നാണ് സ്ട്രീമിംഗ് സേവനത്തിന്റെ പേര്. പ്രതിമാസ വരിസംഖ്യ 7.50 ഡോളറായിരിക്കും. പുതിയ എച്ച്ഡി പ്രോഗ്രാമുകളും പഴയ ഷോകളും വരിക്കാര്‍ക്ക് വീക്ഷിക്കാനുള്ള സൗകര്യം ലഭ്യമാക്കുമെന്നു ബ്രിറ്റ് ബോക്‌സ് അറിയിച്ചു. പഴയ ഷോകളില്‍ ജനപ്രീതി നേടിയ വിക്ടോറിയ, ലവ് ലാന്‍ഡ് എന്നിവ ഉള്‍പ്പെടും. വരിസംഖ്യയായിരിക്കും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമെന്ന് ബ്രിറ്റ് ബോക്‌സ് പറയുന്നു.

നെറ്റ്ഫ്ലിക്സിന്റെ ബേസിക് സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് 3.75 ഡോളറാണ്. ഇതിനോട് അടുത്ത് നില്‍ക്കുന്നതാണ് ബ്രിറ്റ് ബോക്‌സിന്റെ പ്രതിമാസ വരിസംഖ്യ. തുടക്കത്തില്‍ ബ്രിറ്റ് ബോക്‌സ് എന്ന സംയുക്ത സംരംഭത്തിന്റെ 90 ശതമാനം ഓഹരി ഐടിവിയായിരിക്കും സ്വന്തമാക്കുന്നത്. എന്നാല്‍ പിന്നീട് ബിബിസിക്ക് അതിന്റെ ഓഹരി 10 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ത്താനുള്ള അവസരമുണ്ട്. യുഎസിലും കാനഡയിലും ബ്രിറ്റ് ബോക്‌സ് സേവനം ഇപ്പോള്‍ ലഭിക്കുന്നുണ്ട്. നെറ്റ്ഫഌക്‌സിന് ആഗോളതലത്തില്‍ 150 മില്യനോളം വരിക്കാരുണ്ട്. യുകെയില്‍ മാത്രം നെറ്റ്ഫഌക്‌സിന് 9.1 മില്യന്‍ വരിക്കാരുണ്ടെന്നാണു യുകെ മീഡിയ റെഗുലേറ്ററായ ഓഫ് കോം കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച സര്‍വേയില്‍ സൂചിപ്പിക്കുന്നത്. വീഡിയോ സ്ട്രീമിംഗ് രംഗം ഇപ്പോള്‍ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന ഇടമായി മാറിയിരിക്കുകയാണ്. വിപുലമായ ലൈബ്രറികളും, സാമ്പത്തിക ശക്തിയുമുള്ള വലിയ ടെക് കമ്പനികളും മാധ്യമ സ്ഥാപനങ്ങളും വീഡിയോ സ്ട്രീമിംഗ് രംഗത്തേയ്ക്കു ചുവടുവച്ചിരിക്കുകയാണ്. ആപ്പിള്‍, ഡിസ്‌നി, ആമസോണ്‍, സിഎന്‍എന്നിന്റെ മാതൃസ്ഥാപനമായ വാര്‍ണര്‍ മീഡിയ, എന്‍ബിസി യൂണിവേഴ്‌സല്‍ തുടങ്ങിയവര്‍ ഉദാഹരണങ്ങളാണ്. ഇത് നെറ്റ്ഫഌക്‌സിനു ഭാവിയില്‍ വെല്ലുവിളിയാകുമെന്നും കരുതുന്നുണ്ട്.

Comments

comments

Categories: FK News
Tags: Netflix