ഇടത്തരം നഗരങ്ങള്‍ക്കായി ‘മെട്രോലൈറ്റ്’ വരുന്നു

ഇടത്തരം നഗരങ്ങള്‍ക്കായി ‘മെട്രോലൈറ്റ്’ വരുന്നു

33 മീറ്റര്‍ നീളമുള്ള മൂന്ന് കോച്ചുകളും 25-60 കിലോമീറ്റര്‍ വേഗതയുമായിരിക്കും ഇത്തരം ട്രെയിനുകള്‍ക്കുണ്ടാവുക

ന്യൂഡെല്‍ഹി: ജനസംഖ്യ കുറഞ്ഞ ഇടത്തരം നഗരങ്ങള്‍ക്കും (ടയര്‍-2), ചെറിയ നഗരങ്ങള്‍ക്കുമായി (ടയര്‍-3) മെട്രോലൈറ്റ് സംവിധാനമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 33 മീറ്റര്‍ നീളമുള്ള മൂന്ന് കോച്ചുകളും 25-60 കിലോമീറ്റര്‍ വേഗതയുമായിരിക്കും ഇത്തരം ട്രെയിനുകള്‍ക്കുണ്ടാവുക. മൂന്ന് കോച്ചുകളിലായി 300 പേര്‍ക്ക് യാത്ര ചെയ്യാനാകും. മെട്രോ പദ്ധതി പോലെ തന്നെ തൂണുകളിലും നിലത്തും വിരിച്ച ട്രാക്കുകളിലൂടെയുമാവും ട്രെയ്‌നുകള്‍ ഓടുക. നിലവിലെ മെട്രോ സംവിധാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ ചെലവില്‍ മെട്രോലൈറ്റ് സംവിധാനം സ്ഥാപിക്കാന്‍ കഴിയുമെന്ന് കേന്ദ്ര നഗര വികസന മന്ത്രാലയം വ്യക്തമാക്കുന്നു.

മെട്രോലൈറ്റ് സംവിധാനത്തില്‍ ഷെല്‍റ്റര്‍ പ്ലാറ്റ്‌ഫോമുകളുണ്ടാവും. എന്നാല്‍ മെട്രോകളിലേത് പോലെ സ്വയം പ്രവര്‍ത്തിക്കുന്ന പ്രവേശന കവാടങ്ങളും സ്‌ക്രീന്‍ ഡോറും എക്‌സ്-റേ, ബാഗേജ് സ്‌കാനറുകളും ഉണ്ടാകില്ല. ട്രെയ്‌നുകള്‍ക്കുള്ളിലും പ്ലാറ്റ്‌ഫോമുകളിലും ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിച്ചിരിക്കും.

മെട്രോലൈറ്റ് പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നിലവിലെ മെട്രോ റെയ്ല്‍ സംവിധാനം നിലവാരമുള്ളതും വലിയ നഗരങ്ങള്‍ക്ക് അത്യാവശ്യവുമാണ്. എന്നാല്‍ ജനസംഖ്യ കുറഞ്ഞ ചെറിയ നഗരങ്ങളില്‍ ഇത്തരം വലിയ സംവിധാനത്തിന്റെ ആവശ്യമില്ല. നിരവധി നഗരങ്ങളാണ് മെട്രോ റെയ്ല്‍ സംവിധാനം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. മെട്രോലൈറ്റ് ട്രെയ്‌നുകള്‍ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു. മെട്രോ ശൃംഖല 50 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ബിജെപി പ്രകടപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു.

Categories: FK News
Tags: Metrolite