ജെറ്റ് എയര്‍വെയ്‌സ് താല്‍പ്പര്യ പത്രം ക്ഷണിച്ചു

ജെറ്റ് എയര്‍വെയ്‌സ് താല്‍പ്പര്യ പത്രം ക്ഷണിച്ചു
  • ഓഗസ്റ്റ് മൂന്നാണ് താല്‍പ്പര്യ പത്രം സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി
  • ആസ്തി വില്‍പ്പനയില്‍ എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ റെസല്യൂന്‍ പ്രൊഫഷണല്‍ ഓഗസ്റ്റ് 11 വരെ സമയം അനുവദിച്ചിട്ടുണ്ട്

ന്യൂഡെല്‍ഹി: സാമ്പത്തിക പ്രതിസന്ധി കാരണം പ്രവര്‍ത്തനം നിര്‍ത്തിയ ജെറ്റ് എയര്‍വെയ്‌സിന്റെ ആസ്തി വില്‍പ്പനയ്ക്ക് താല്‍പ്പര്യ പത്രം ക്ഷണിച്ചു. റെസല്യൂഷന്‍ പ്രൊഫഷണലാണ് താല്‍പ്പര്യ പത്രം ക്ഷണിച്ചിരിക്കുന്നത്. ഓഗസ്റ്റ് മൂന്നാണ് താല്‍പ്പര്യ പത്രം സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി.

ജെറ്റ് എയര്‍വെയ്‌സിന്റെ വായ്പാദാതാക്കള്‍ നിയോഗിച്ച റെസല്യൂഷന്‍ പ്രൊഫഷണല്‍ ആശിഷ് ചൗചാരിയയാണ് താല്‍പ്പര്യ പത്രം ക്ഷണിച്ചുകൊണ്ട് പരസ്യം നല്‍കിയത്. ജെറ്റ് എയര്‍വെയ്‌സിന്റെ വെബ്‌സൈറ്റിലും പത്രങ്ങളിലും പരസ്യം കൊടുത്തിട്ടുണ്ട്. താല്‍പ്പര്യ പത്രം സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ഓഗസ്റ്റ് മൂന്ന് ആണെന്നും ഓഗസ്റ്റ് ആറിനകം അപേക്ഷകരുടെ പട്ടിക സമര്‍പ്പിക്കണമെന്നും പരസ്യത്തില്‍ പറയുന്നു.

ജെറ്റ് എയര്‍വെയ്‌സിന്റെ ആസ്തി വില്‍പ്പനയില്‍ എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അത് അറിയിക്കാന്‍ റെസല്യൂന്‍ പ്രൊഫഷണല്‍ ഓഗസ്റ്റ് 11 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഓഗസ്റ്റ് 14ന് അപേക്ഷകരുടെ അന്തിമ പട്ടിക പുറത്തിറക്കുമെന്നും പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ അപേക്ഷകര്‍ക്ക് റെസല്യൂഷന്‍ പദ്ധതി സമര്‍പ്പിക്കാന്‍ സെപ്റ്റംബര്‍ അഞ്ച് വരെയാണ് സമയം അനുവദിക്കുക.

സെപ്റ്റംബര്‍ 20ന് മുന്‍പായി റെസല്യൂഷന്‍ പ്രൊഫഷണല്‍ റെസല്യൂഷന്‍ പദ്ധതി ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 14 എയര്‍ക്രാഫ്റ്റുകളും ജെറ്റ് പ്രിവിലേജിലെ 49 ശതമാനം ഓഹരിയും മറ്റ് സ്ഥാപനങ്ങളുമാണ് ജെറ്റ് എയര്‍വെയ്‌സിന്റെ ആസ്തി. ഇതില്‍ പത്തെണ്ണം ബോയിംഗ് വിമാനങ്ങളാണ്. പ്രവര്‍ത്തനം നിര്‍ത്തുന്നതിന് മുന്‍പ് 124 വിമാനങ്ങള്‍ കമ്പനിക്കുണ്ടായിരുന്നു.

36,000 കോടി രൂപയിലധികം കടബാധ്യതയാണ് ജെറ്റ് എയര്‍വെയ്‌സിനുള്ളത്. ഇതില്‍ 10,000 കോടി രൂപയിലധികം വിമാനങ്ങളുടെ വാടകയാണ്. 8,500 കോടി രൂപയുടെ വായ്പാ (പലിശ അടക്കം) ബാധ്യതയും 3,000 കോടി രൂപ ശമ്പളകുടിശ്ശികയുമാണ്. 13,500 കോടി രൂപ കഴിഞ്ഞ മൂന്ന് വര്‍ഷകാലത്തെ നഷ്ടകണക്കാണ്.

ഭീമമായ നഷ്ടവും കടബാധ്യതയും കാരണം ഏപ്രില്‍ 17നാണ് ജെറ്റ് എയര്‍വെയ്‌സ് പ്രവര്‍ത്തനം നിര്‍ത്തിയത്. ഇത് വ്യോമയാന മേഖലയിലുണ്ടാക്കിയ ആഘാതം ചെറുതല്ല. ജെറ്റ് എയര്‍വെയ്‌സിന്റെ പാപ്പരത്ത കേസില്‍ അടുത്ത വാദം കേള്‍ക്കുന്നത് ഈ മാസം 23നാണ്. അന്നുതന്നെ റെസല്യൂഷന്‍ പ്രൊഫഷണല്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 8,500 കോടി രൂപയുടെ വായ്പ വീണ്ടെടുക്കുന്നതിന് കഴിഞ്ഞ മാസം 17നാണ് കമ്പനിയെ എന്‍സിഎല്‍ടിയിലേക്ക് നിര്‍ദേശിച്ചത്.

ജൂണ്‍ 20ന് കേസ് എന്‍സിഎല്‍ടി ഏറ്റെടുത്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് കമ്പനിക്ക് ഏറ്റവും കൂടുതല്‍ കടമുള്ളത്. എന്‍സിഎല്‍ടിയിലേക്ക് നിര്‍ദേശിക്കുന്നതിന് മുന്‍പ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 31.2-75 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ താല്‍പ്പര്യ പത്രം ക്ഷണിച്ചിരുന്നു. ഏപ്രിലില്‍ നാല് കമ്പനികള്‍ താല്‍പ്പര്യം പത്രം സമര്‍പ്പിച്ചിരുന്നു. കമ്പനിയില്‍ 24 ശതമാനം നിയന്ത്രണമുള്ള ഇത്തിഹാദ് എയര്‍വെയ്‌സ് വ്യവസ്ഥാപരമായി അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.

Comments

comments

Categories: FK News
Tags: Jet Airways