ഹൈബ്രിഡ് എസ്‌യുവികള്‍

ഹൈബ്രിഡ് എസ്‌യുവികള്‍

ഇന്ത്യയില്‍ വാങ്ങാന്‍ കഴിയുന്ന അഞ്ച് മികച്ച ഹൈബ്രിഡ് എസ്‌യുവികള്‍

ആന്തരിക ദഹന എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍നിന്നുമാറി ഹൈബ്രിഡ് (സങ്കര ഇന്ധന), ഇലക്ട്രിക് വാഹനങ്ങള്‍ ഒന്നൊന്നായി വിപണിയിലെത്തുന്ന കാലമാണിത്. പെട്രോള്‍, ഡീസല്‍ ഉപയോഗിക്കുന്ന ആന്തരിക ദഹന എന്‍ജിനൊപ്പം സാധാരണയായി ഇലക്ട്രിക് മോട്ടോറും ബാറ്ററി പാക്കും ഉപയോഗിക്കുന്നതാണ് ഹൈബ്രിഡ് വാഹനങ്ങള്‍. അതായത്, ഇത്തരം വാഹനങ്ങള്‍ എന്‍ജിന്‍ കരുത്തും ബാറ്ററി പാക്കില്‍ സംഭരിക്കുന്ന വൈദ്യുതിയും ഉപയോഗിച്ച് ഓടിക്കാന്‍ കഴിയും. നിലവില്‍ ഇന്ത്യയില്‍ വാങ്ങാന്‍ കഴിയുന്ന അഞ്ച് മികച്ച ഹൈബ്രിഡ് എസ്‌യുവികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 10.05 ലക്ഷം മുതല്‍ 1.58 കോടി രൂപ വരെ വില വരുന്നതാണ് ഈ വാഹനങ്ങള്‍.

മാരുതി സുസുകി എസ്-ക്രോസ്

1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍-മാന്വല്‍ ട്രാന്‍സ്മിഷന്‍ സഖ്യത്തോടെ മാത്രമാണ് മാരുതി സുസുകി എസ്-ക്രോസ് ലഭിക്കുന്നത്. 89 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന എന്‍ജിന്റെ കൂടെ ഹൈബ്രിഡ് സംവിധാനം സ്റ്റാന്‍ഡേഡായി നല്‍കി കഴിഞ്ഞ വര്‍ഷം കാര്‍ പരിഷ്‌കരിച്ചിരുന്നു. മുന്നിലെ പാസഞ്ചര്‍ സീറ്റിന് താഴെയാണ് ബാറ്ററി പാക്ക് സ്ഥാപിച്ചിരിക്കുന്നത്. 15-20 ശതമാനം ബൂസ്റ്റിംഗ് ലഭിക്കുന്നതായി വ്യക്തമാണ്. ബാറ്ററി ചാര്‍ജിംഗ് നില ഇന്‍ഫര്‍മേഷന്‍ പാനലില്‍ അറിയാന്‍ കഴിയും. ഹൈബ്രിഡ് പവര്‍ട്രെയ്ന്‍ ഉപയോഗിക്കുന്നതോടെ മാരുതി സുസുകി എസ്-ക്രോസിന്റെ ഇന്ധനക്ഷമത മൂന്ന് കിലോമീറ്ററോളം വര്‍ധിച്ചു. ഒരു ലിറ്റര്‍ ഡീസല്‍ നിറച്ചാല്‍ 25.1 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. 10.05 ലക്ഷം മുതല്‍ 13.35 ലക്ഷം രൂപ വരെയാണ് മാരുതി സുസുകി എസ്-ക്രോസിന്റെ കൊച്ചി ഓണ്‍ റോഡ് വില.

എംജി ഹെക്ടര്‍ 1.5 ലിറ്റര്‍ പെട്രോള്‍ 48 വോള്‍ട്ട്

ഈയിടെ വിപണിയില്‍ അവതരിപ്പിച്ച എംജി ഹെക്ടര്‍ എസ്‌യുവി പെട്രോള്‍-ഹൈബ്രിഡ് ഓപ്ഷനിലും ലഭ്യമാണ്. 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്‍ 141 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. മുന്നിലെ പാസഞ്ചര്‍ സീറ്റിന് താഴെ ബാറ്ററി പാക്ക് സ്ഥാപിച്ചിരിക്കുന്നു. കോസ്റ്റിംഗ്, ബ്രേക്കിംഗ് സന്ദര്‍ഭങ്ങളില്‍ ഗതികോര്‍ജ്ജം ബാറ്ററിയില്‍ സംഭരിക്കപ്പെടും. സ്റ്റാര്‍ട്ടിംഗ് സമയങ്ങളില്‍ 20 എന്‍എം അധികം ടോര്‍ക്ക് നല്‍കുന്നതിന് ഈ ഊര്‍ജ്ജം ഉപയോഗിക്കുന്നു. ഇലക്ട്രിക് കരുത്തില്‍ മാത്രം എംജി ഹെക്ടര്‍ ഓടില്ല. ബഹിര്‍ഗമനം 11 ശതമാനം കുറയ്ക്കുന്നതിനും ക്ഷമത 12 ശതമാനം വര്‍ധിപ്പിക്കുന്നതിനും ഹൈബ്രിഡ് സംവിധാനം ഉപകരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 17.8 കിലോമീറ്ററാണ് ഇന്ധനക്ഷമത. 6 സ്പീഡ് മാന്വല്‍ മാത്രമാണ് ഹൈബ്രിഡ് ഹെക്ടറിന്റെ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. 14.16 ലക്ഷം മുതല്‍ 20.58 ലക്ഷം രൂപ വരെയാണ് കൊച്ചി ഓണ്‍ റോഡ് വില.

ലെക്‌സസ് എന്‍എക്‌സ്

ഇന്ത്യയില്‍ ലെക്‌സസിന്റെ എസ്‌യുവി നിര ആരംഭിക്കുന്നത് എന്‍എക്‌സ് എന്ന ചെറിയ മോഡലില്‍ നിന്നാണ്. 2.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് (സ്വാഭാവിക ശ്വസന) പെട്രോള്‍ എന്‍ജിന്റെ കൂടെയാണ് ഹൈബ്രിഡ് സിസ്റ്റം നല്‍കിയിരിക്കുന്നത്. ആകെ പവര്‍ ഔട്ട്പുട്ട് 195 കുതിരശക്തി. സിവിടി (കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു. ഒരു ലിറ്റര്‍ പെട്രോള്‍ നിറച്ചാല്‍ 25 കിലോമീറ്ററാണ് ലെക്‌സസ് എന്‍എക്‌സ് തിരിച്ചുതരുന്ന ഇന്ധനക്ഷമത. ഓള്‍ വീല്‍ ഡ്രൈവ് (എഡബ്ല്യുഡി) വാഹനമാണ് ലെക്‌സസ് എന്‍എക്‌സ്. ബാറ്ററി പാക്കിലെ ചാര്‍ജ് തീരുന്നതുവരെ ഇലക്ട്രിക് കരുത്തില്‍ മാത്രം ഓടാന്‍ കഴിയുന്ന എസ്‌യുവിയാണ് ലെക്‌സസ് എന്‍എക്‌സ്. ഇതിനുശേഷം പെട്രോള്‍ എന്‍ജിന്‍ പ്രവര്‍ത്തിച്ചുതുടങ്ങും. 67.9 ലക്ഷം മുതല്‍ 70.86 ലക്ഷം രൂപ വരെയാണ് ബെംഗളൂരു ഓണ്‍ റോഡ് വില.

ലെക്‌സസ് ആര്‍എക്‌സ്

ലെക്‌സസ് എന്‍എക്‌സ് എസ്‌യുവിയുടെ വല്യേട്ടനാണ് ലെക്‌സസ് ആര്‍എക്‌സ്. 3.5 ലിറ്റര്‍ വി6 എന്‍ജിനാണ് മിഡ്-സൈസ് ആഡംബര എസ്‌യുവിയുടെ ഹൃദയം. ഈ മോട്ടോറിന്റെ കൂടെയാണ് ഹൈബ്രിഡ് സിസ്റ്റം നല്‍കിയിരിക്കുന്നത്. ഈ ലെക്‌സസിനും ബാറ്ററി കരുത്തില്‍ മാത്രം സഞ്ചരിക്കാന്‍ കഴിയും. 1.54 കോടി മുതല്‍ 1.57 കോടി രൂപ വരെയാണ് ബെംഗളൂരു ഓണ്‍ റോഡ് വില.

വോള്‍വോ എക്‌സ്‌സി90 ടി8

ഇവിടെ പ്രതിപാദിച്ച മറ്റ് വാഹനങ്ങളില്‍നിന്ന് വ്യത്യസ്തമായി പ്ലഗ് ഇന്‍ ഹൈബ്രിഡ് മോഡലാണ് വോള്‍വോ എക്‌സ്‌സി90 ടി8. അതായത്, പവര്‍ സോക്കറ്റുമായി വാഹനത്തിലെ ബാറ്ററി കണക്റ്റ് ചെയ്യണം. ബാറ്ററി കരുത്തില്‍ മാത്രം 40 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഈ മിഡ്-സൈസ് ആഡംബര എസ്‌യുവിക്ക് കഴിയും. ബാറ്ററി ചാര്‍ജ് ചെയ്യാന്‍ ആറ് മണിക്കൂര്‍ സമയം മതി. പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് ആകെ 407 കുതിരശക്തിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 1.58 കോടി രൂപയാണ് കൊച്ചി ഓണ്‍ റോഡ് വില.

Categories: Auto
Tags: Hybrid SUV