വീടുകളില്‍ ആരോഗ്യ പരിചരണം ഉറപ്പാക്കി ‘സോര്‍ജേഴ്‌സ്’

വീടുകളില്‍ ആരോഗ്യ പരിചരണം ഉറപ്പാക്കി ‘സോര്‍ജേഴ്‌സ്’

പ്രായമായ മാതാപിതാക്കള്‍, കിടപ്പിലായ രോഗികള്‍, നവജാതശിശുക്കള്‍ എന്നിവര്‍ക്ക് ശരിയായ പരിചരണം നല്‍കുന്നവരെ കണ്ടെത്തി വിതരണം ചെയ്യുന്ന സംരംഭമാണ് സോര്‍ജേഴ്‌സ്. മൊഹാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംരംഭം നഴ്‌സുമാരെയും ഡോക്റ്റര്‍മാരെയും വീട്ടിലെത്തിച്ച് ചികില്‍സ നടത്തും

നഗരങ്ങളിലെ ജനസംഖ്യ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. ജോലിയുടെ ഭാഗമായാണ് പ്രധാനമായും ആളുകള്‍ അന്യനാടുകളിലേക്ക് ചേക്കേറുന്നത്. തൊഴിലിന്റെ സ്വഭാവം മാറുന്നതും, വൈറ്റ് കോളര്‍ ജോലിയിലേക്ക് ആളുകള്‍ ആകൃഷ്ടരാകുന്നതും മെച്ചപ്പെട്ട വേതനവുമെല്ലാം ഇതിന്റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മക്കള്‍ ജോലിക്കായി ദൂരനാടുകളിലേക്ക് പോകുമ്പോള്‍ പ്രായമായ, രോഗികളായ രക്ഷിതാക്കള്‍ വീടുകളില്‍ ഒറ്റപ്പെടുകയാണ് പതിവ്. ഇവരുടെ സംരക്ഷണം ഏറ്റെടുക്കാനോ, മികച്ച രീതിയിലുള്ള ആരോഗ്യ പരിചരണം നല്‍കാനോ മക്കള്‍ക്കോ മറ്റ് ബന്ധുക്കള്‍ക്കോ കഴിയാതെ വരുന്ന സാഹചര്യത്തിലാണ് സോര്‍ജേഴ്‌സ് എന്ന ആരോഗ്യപരിചരണ സ്റ്റാര്‍ട്ടപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത്.

പ്രായമായ മാതാപിതാക്കള്‍, കിടപ്പിലായ രോഗികള്‍, നവജാതശിശുക്കള്‍ എന്നിവര്‍ക്ക് ശരിയായ പരിചരണം നല്‍കുന്നവരെ കണ്ടെത്തി വിതരണം ചെയ്യുന്ന സംരംഭമാണ് സോര്‍ജേഴ്‌സ്. മൊഹാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംരംഭം നഴ്‌സുമാരെയും ഡോക്റ്റര്‍മാരെയും വീട്ടിലെത്തിച്ചു നല്‍കുകയും ചെയ്യും. വരുണ്‍ ഗുപ്ത, അനില്‍കുമാര്‍ അഭിനവ് ഗുപ്ത എന്നിവരാണ് സംരംഭത്തിന്റെ സ്ഥാപകര്‍.

ആരോഗ്യരംഗത്തെ പരിചാരകര്‍

സോര്‍ജേഴ്‌സ്, ഒരു ഡച്ച് വാക്കാണ്. ഞങ്ങള്‍- പരിചാരകര്‍ എന്നാണ് ആ വാക്കിനര്‍ത്ഥം. പ്രായമായതോ, രോഗികളായവരോ ആയ വ്യക്തികള്‍ക്കൊപ്പം സ്ഥിരമായി താമസിച്ചുള്ള പരിചരണം, പ്രസവശേഷമുള്ള അമ്മയുടേയും കുഞ്ഞിന്റെയും സംരക്ഷണം, ഹോസ്പ്റ്റിലില്‍ നിന്നും ഡിസ്ചാര്‍ജ് നേടി വന്നവര്‍ക്കുള്ള സഹായം എന്നിങ്ങനെ ആളുകളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സഹായികളെ വിതരണം ചെയ്യുന്ന പ്ലാറ്റ്‌ഫോമാണിത്. പരിചരണ ജോലികള്‍ക്കായി നിലവില്‍ 3100 പേരാണ് സംരംഭത്തില്‍ രജ്‌സിറ്റര്‍ ചെയ്തിരിക്കുന്നത്.

രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ നിന്നാണ് സാധാരണഗതിയില്‍ ആളുകള്‍ കൂടുതലായും ജോലി ആവശ്യങ്ങള്‍ക്കായി വന്‍കിട നഗരങ്ങളിലേക്ക് ചേക്കേറുന്നത്. അതുകൊണ്ടുതന്നെ സംരംഭം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതും ഇത്തരം നഗരങ്ങളിലാണ്. സംരംഭത്തിന്റെ ഭാഗമായി ഡോക്റ്ററും നഴ്‌സും ആവശ്യാനുസരണം വീടുകളിലെത്തി നേരിട്ട് രോഗിയുമായി സംവദിച്ച് ആവശ്യമായ ചികില്‍സയും മരുന്ന് നല്‍കും. കൂടാതെ ഫിസിയോതെറാപ്പിയും വീടുകളില്‍ നേരിട്ടെത്തി ചെയ്യാനുള്ള സൗകര്യം ഇവര്‍ ഒരുക്കുന്നുണ്ട്.

രണ്ടു വര്‍ഷത്തിനുള്ളില്‍ 20 ലേറെ നഗരങ്ങളില്‍ സാന്നിധ്യം

നിലവില്‍ പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ഏഴ് നഗരങ്ങളിലായി പതിനായിരത്തിലേറെ ആളുകള്‍ക്ക് സേവനം നല്‍കിയ സംരംഭം, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സേവന ശൃംഖല ഇന്ത്യയിലെ ഇരുപതിലേറെ നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നു. 2025ഓടുകൂടി ഉപഭോക്താക്കളുടെ എണ്ണം അര ദശലക്ഷത്തിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. മെട്രോ നഗരങ്ങളിലേക്കും ഒന്നാം നിര നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുന്നതടക്കമുള്ള പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്.

Categories: FK Special
Tags: Zorgers