ചൈനീസ് ഭീമനും ഇന്ത്യയുടെ ആശങ്കയും

ചൈനീസ് ഭീമനും ഇന്ത്യയുടെ ആശങ്കയും

ഇതിനോടകം തന്നെ ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് ബ്രാന്‍ഡുകളുടെ അതിപ്രസരമാണ്. അതിനിടെയാണ് ടിക് ടോക്കിന്റെ കൂടി കടന്നുകയറ്റം. സുരക്ഷയുടെ പേരില്‍ ടിക്ടോക്കിന് പിടിവീഴുമോ

ചൈനീസ് കമ്പനികളുടെ കടന്നുകയറ്റമാണ് ഇന്ത്യന്‍ വിപണിയില്‍. സമാര്‍ട്ട്‌ഫോണുകളുടെ കാര്യത്തിലായിരുന്നു ഇതേറ്റവും ദൃശ്യമായത്. ഷഓമിയും വാവെയും ഒപ്പോയും വിവോയും വണ്‍പ്ലസുമെല്ലാം ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകളായി മാറിയത് വളരെ പെട്ടെന്നായിരുന്നു. ഇപ്പാള്‍ ഇന്ത്യന്‍ യുവതയ്ക്കിടയില്‍ ജ്വരമായി പടര്‍ന്ന് പിടിച്ചിരിക്കുന്ന ആപ്പും ചൈനയില്‍ നിന്നുള്ളത് തന്നെ, ടിക് ടോക്. അതിവേഗമായിരുന്നു ഹ്രസ്വ വിഡിയോ ആപ്പായ ടിക് ടോക്കിന്റെ ഇന്ത്യയിലെ വളര്‍ച്ച. ഏറ്റവും ശ്രദ്ധേയമായ കാര്യം അത് ചൈനീസ് ആപ്പാണെന്ന കാര്യം പോലും അടുത്തിടെ മാത്രമാണ് ഇന്ത്യന്‍ ഉപയോക്താക്കളുടെ ശ്രദ്ധയില്‍ പെട്ടത് എന്നതാണ്.

സുരക്ഷയുടെ പേരില്‍ ചൈനീസ് ആപ്പിനെ ഇന്ത്യയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ആര്‍എസ്എസ് അനുബന്ധ സംഘടനകള്‍. ഇതിന്റെ ഫലമായെന്നാണം ടിക് ടോക്കിനും ഹെലോയ്ക്കും കേന്ദ്രം നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് മറുപടി നല്‍കേണ്ട സമയം ഇന്നവസാനിക്കും. സര്‍ക്കാര്‍ എന്തുതീരുമാനമെടുക്കുമെന്നതാണ് ടെക് ലോകം ഉറ്റുനോക്കുന്നത്.

ടിക് ടോക്കും ഹെലോയും ചൈനീസ് കമ്പനിയായ ബൈറ്റ്ഡന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ്. ലോകത്തെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പാണ് ബൈറ്റ്ഡന്‍സ്. ഏകദേശം 75 ബില്യണ്‍ ഡോളറിലധികം വരും ഈ സ്ഥാപനത്തിന്റെ മൂല്യം. ബൈറ്റ്ഡന്‍സ് ഇന്ത്യയില്‍ പദ്ധതിയിടുന്നത് വലിയ കാര്യങ്ങളാണ്. ഏകദേശം ഒരു ബില്യണ്‍ ഡോളറിനപ്പുറത്തെ നിക്ഷേപത്തെകുറിച്ച് കമ്പനി ഇതിനോടകം തന്നെ തീരുമാനമെടുത്തതായാണ് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നത്.

ഒരുപോലെ, ടീനേജുകാരുടെയും പ്രായമായവരുടെയും ഇഷ്ട ആപ്പായ ടിക് ടോക്ക് അതിവേഗത്തിലാണ് വിപണികള്‍ കീഴടക്കിയത്. ഇന്ന് 150 വ ിപണികളില്‍, 75 ഭാഷകളില്‍ ടിക് ടോക്ക് ലഭ്യമാണ്. ആഗോളതലത്തില്‍ 700 ദശലക്ഷം പ്രതിമാസ ഉപയോക്താക്കള്‍ ഈ ആപ്പിനുണ്ടെന്നാണ് കണക്കുകള്‍. സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്കിനെ വരെ വെല്ലുവിളിച്ചാണ് ടിക് ടോക്കിന്റെ മുന്നേറ്റം.
ജനുവരിക്കും മാര്‍ച്ചിനും ഇടയില്‍ ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പുകളില്‍ മൂന്നാം സ്ഥാനത്താണ് ഈ ചൈനീസ് പ്ലാറ്റ്‌ഫോം. ഇതില്‍ 47 ശതമാനം ഡൗണ്‍ലോഡുകളും എത്തിയത് ഇന്ത്യയില്‍ നിന്നുമാണ്.

എന്നാല്‍ ടിക് ടോക്കിനെതിരെ വ്യാപക വിമര്‍ശനമാണ് ഒരു വശത്തുനിന്നും ഉയരുന്നത്. അമേരിക്ക ഉള്‍പ്പടെയുള്ള പല രാജ്യങ്ങളിലും ഇതിന്റെ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിക്കപ്പെട്ടിട്ടുണ്ട്. സ്വകാര്യതാ നിയമങ്ങളുടെ ലംഘനത്തിന്റെ പേരില്‍ യുഎസില്‍ വമ്പന്‍ പിഴയും ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആര്‍എസ്എസിന്റെ സാമ്പത്തികകാര്യ വിഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ചാണ് ആപ്പിനെതിരെ ശക്തമായി രംഗത്തുവന്നത്.

ദേശസുരക്ഷയ്ക്ക് ഭീഷണിയായ ആപ്പാണ് ടിക് ടോക്കെന്നും വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുന്നില്ലെന്നും പ്ലാറ്റ്‌ഫോമിനെ ഇന്ത്യ വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനായി പലരും ഉപയോഗപ്പെടുത്തുന്നുണ്ടെന്നും എല്ലാമാണ് വിമര്‍ശനങ്ങള്‍. മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ ബലത്തില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ടിക് ടോക് ഇന്ത്യയില്‍ വിലക്കപ്പെട്ടിരുന്നു. എന്നാല്‍ ആശങ്കകള്‍ പരിഹരിച്ച് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയതോടെ അത് നീങ്ങി. ആ സമയത്തെ ടിക് ടോക്കിന്റെ പ്രതിദിന നഷ്ടം 3.5 കോടി രൂപയോളം വരുമായിരുന്നുവെന്നാണ് ചില വെബ്‌സൈറ്റുകള്‍ പുറത്തുവിട്ട കണക്ക്. ഇന്ത്യന്‍ വിപണിക്ക് അവര്‍ നല്‍കുന്ന പ്രാധാന്യം ഇതില്‍ നിന്ന് തന്നെ വ്യക്തം.

രാജ്യവിരുദ്ധവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ആപ്പ് ഉപയോഗപ്പെടുത്തുന്നുവെന്ന ആരോപണത്തിന് ടിക് ടോക് കൃത്യമായ മറുപടി പറയേണ്ടി വരും. അതുപോലെ തന്നെ വിവര കൈമാറ്റത്തിന്റെ കാര്യവും വിഷയമാകും. ഇന്ത്യയില്‍ നിന്ന് ദശലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ കമ്പനി ശേഖരിക്കുമ്പോള്‍ അത് യാതൊരു തരത്തിലും വിദേശത്തേക്ക് എത്തിപ്പെടുന്നില്ല എന്നത് ഉറപ്പാക്കാനുള്ള സംവിധാനങ്ങളും സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ ടിക് ടോക് നിര്‍ബന്ധിതമാകും

Categories: Editorial, Slider
Tags: Tiktok