ബൈറ്റ്ഡാന്‍സ് ഇന്ത്യയില്‍ ഡാറ്റാ സെന്റര്‍ സ്ഥാപിക്കും

ബൈറ്റ്ഡാന്‍സ് ഇന്ത്യയില്‍ ഡാറ്റാ സെന്റര്‍ സ്ഥാപിക്കും
  • ടിക് ടോക്കിന്റെ ഉടമകളായ കമ്പനി നിലവില്‍ ഇന്ത്യക്കാരുടെ ഡാറ്റ സംഭരിക്കുന്നത് യുഎസിലും സിംഗപ്പൂരിലും
  • പ്രാദേശിക ഡാറ്റ സംഭരണ നയത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് കമ്പനിയുടെ വാഗ്ദാനം
  • ടിക് ടോക്കിനും ഹലോക്കുമെതിരെ നടപടിയെടുക്കാന്‍ കേന്ദ്രം ഒരുങ്ങുന്നതിനിടെയാണ് നീക്കം
  • കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് കമ്പനിക്ക് മറുപടി പറയാന്‍ നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ വിലക്കപ്പെടാനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കെ രാജ്യത്തെ നിയമത്തിന് വഴങ്ങുമെന്നും പ്രാദേശിക നിക്ഷേപം ശക്തമാക്കുമെന്നും വ്യക്തമാക്കി ടിക് ടോക്കിന്റെയും ഹലോയുടെയും ഉടമസ്ഥരായ ബൈറ്റ്ഡാന്‍സ്. ഇന്ത്യയില്‍ അന്താരാഷ്ട്ര ഡാറ്റാ സെന്റര്‍ സ്ഥാപിക്കുമെന്നാണ് ചൈനീസ് കമ്പനി വ്യക്തമാക്കിയത്. നിലവില്‍ അമേരിക്കയിലും സിംഗപ്പൂരും സ്ഥാപിച്ചിരിക്കുന്ന സെര്‍വറുകളിലാണ് ഇന്ത്യക്കാരുടെ ഡാറ്റ കമ്പനി സംഭരിക്കുന്നത്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര ഡാറ്റ സംഭരണ കേന്ദ്രവും ഇതില്‍ ഉള്‍പ്പെടും. ഇന്ത്യക്കാരുടെ ഡാറ്റ രാജ്യത്തു തന്നെ സ്ഥാപിച്ച സെര്‍വറുകളില്‍ സംഭരിക്കാനുദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഡാറ്റാ പ്രാദേശികവല്‍ക്കരണത്തെ പൂര്‍ണമായും പിന്തുണക്കുന്നെന്ന് ചൈനീസ് കമ്പനി വ്യക്തമാക്കുന്നു. യുഎസ് കേന്ദ്രമാക്കിയ സാമൂഹ്യ മാധ്യമങ്ങളായ ഫേസ്ബുക്കും ട്വിറ്ററും ടെക് കമ്പനിയായ ഗൂഗിളും മറ്റും കേന്ദ്ര സര്‍ക്കാരിന്റെ നിയമത്തെ എതിര്‍ക്കുന്നതിനിടെയാണ് ചൈനീസ് കമ്പനിയുടെ വേറിട്ട പ്രതികരണം.

6 മുതല്‍ 18 മാസത്തിനകം ഇന്ത്യയില്‍ ഡാറ്റാ സെന്റര്‍ സ്ഥാപിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. ഇതോടെ ടിക് ടോക്കുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന അശ്ലീല ദൃശ്യങ്ങളുടെ പ്രചാരണവും വിദ്വേഷ പ്രചാരണങ്ങളും സംബന്ധിച്ച വിവാദങ്ങള്‍ ഒരു പരിധി വരെ തടയാന്‍ സാധിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

ഫേസ്ബുക്ക് വിയര്‍ക്കുന്നു

ചുരുങ്ങിയ സമയത്തിനുള്ളില്‍ 20 കോടിയിലേറെ ഉപയോക്താക്കളെയാണ് വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോകിന് ഒരു വര്‍ഷം കൊണ്ട് ഇന്ത്യയില്‍ നിന്ന് ലഭിച്ചത്. ആഗോള തലത്തില്‍ 70 കോടി ആളുകളെയും കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം അവസാനത്തോടെ 10 കോടി ഉപയോക്താക്കളെയാണ് സാമൂഹ്യ മാധ്യമമായ ഹലോ ഇന്ത്യയില്‍ ലക്ഷ്യമിടുന്നത്. അതിവേഗം വളര്‍ച്ചയും പ്രചാരവും കൈവരിച്ച ഇന്ത്യയെ ഭാവിയിലെ ഏറ്റവും വലിയ വിപണിയായാണ് ബൈറ്റ്ഡാന്‍സ് കണക്കാക്കുന്നത്. 75 ബില്യണ്‍ ഡോളര്‍ മൂല്യത്തോടെ ബൈറ്റ്ഡാന്‍സിനെ ലോകത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പാകാനും സഹായിച്ചത് ടിക് ടോക്കിന്റെ മുന്നേറ്റമാണ്. ഇന്ത്യയിലെ സാമൂഹ്യ മാധ്യമ മേഖല പിടിച്ചടക്കിയ ഫേസ്ബുക്കിനാണ് ഇത് കാര്യമായ ക്ഷീണം വരുത്തിയിരിക്കുന്നത്. ഫേസ്ബുക്കിനെയും ട്വിറ്ററിനെയും കടത്തി വെട്ടിയാണ് ടിക് ടോക്ക് കുതിക്കുന്നത്. ഫേസ്ബുക്കിന് നാളിതുവരെ ഇന്ത്യയില്‍ നേടാനായത് 30 കോടി ഉപയോക്താക്കളെയാണ്.

യുഎസ് വിപണിയില്‍ കഴിഞ്ഞ നവംബറില്‍ ഇറക്കിയ ലസ്സോ എന്ന ഹ്രസ്വ വീഡിയോ ആപ്പ് ഉപയോഗിച്ചായിരിക്കും ഫേസ്ബുക്കിന്റെ തിരിച്ചടിയെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 150 വിപണികളില്‍ 75 ഭാഷകളില്‍ ടിക് ടോക്കിനെ എത്തിച്ച ബൈറ്റ്ഡാന്‍സിന്റെ വിപണന തന്ത്രത്തെ മറികടക്കാന്‍ ഫേസ്ബുക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പുതിയ വിപണി തന്ത്രങ്ങള്‍ മെനയാന്‍ ഗൂഗിളില്‍ നിന്ന് ജേസണ്‍ ടോഫിനെ പ്രധാന ഭരണ നിര്‍വഹണ സ്ഥാനത്തേക്ക് ഫേസ്ബുക്ക് കൊണ്ടുവന്നിട്ടുണ്ട്. ഏതുവിധേനയും ഇന്ത്യന്‍ വിപണി കൈവിട്ടു പോകുന്നത് തടയാനാണ് ശ്രമം.

വിലക്ക് വീഴുമോ

ഏഴോളം സംസ്ഥാനങ്ങളും ആര്‍എസ്എസിന്റെ സാമ്പത്തിക വിഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ചുമാണ് ടിക് ടോക്കിനും ഹലോക്കുമെതിരെ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. ഈ പരാതികളുടെ അടിസ്ഥാനത്തില്‍ 24 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാണ് കേന്ദ്ര ഐടി മന്ത്രാലയം ടിക് ടോക്കിനോടും ഹലോയോടും ആവശ്യപ്പെട്ടിരിക്കുന്നത്. സമയപരിധി ഇന്ന് അവസാനിക്കെ ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് മേല്‍ വിലക്ക് വീഴുമോയെന്ന ജിജ്ഞാസ വിപണിയില്‍ പ്രകടമാണ്.

Categories: FK News, Slider
Tags: Tiktok