ബൈക്കിനൊരു മേക്കോവര്‍ സ്റ്റൈല്‍

ബൈക്കിനൊരു മേക്കോവര്‍ സ്റ്റൈല്‍

ഉപഭോക്താക്കളുടെ ആവശ്യാനുസരണം ബൈക്കുകളില്‍ രൂപമാറ്റം വരുത്തി പുതിയ ലുക്ക് നല്‍കുന്ന സംരംഭമാണ് ഫുള്‍ ത്രോട്ടില്‍ കസ്റ്റംസ്. സംരംഭത്തിന്റെ സ്ഥാപകനായ നദീം അക്രവും സംഘവും ചേര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ പതിനഞ്ചോളം ബൈക്കുകള്‍ക്ക് പുതിയ മുഖം നല്‍കിക്കഴിഞ്ഞു

എക്കാലത്തും യുവാക്കളുടെ ഹരമാണ് ബൈക്കുകള്‍. ആധുനിക ഫീച്ചറുകള്‍, ആരും ഒന്ന് നോക്കാന്‍ കൊതിക്കുന്ന ആകര്‍ഷകമായ ലുക്ക്, മികച്ച വേഗത, മൈലേജ് എന്നീ കാര്യങ്ങള്‍ക്കാകും ഒരു ബൈക്ക് വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ അവര്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കാറുള്ളത്. ബൈക്കിന്റെ വില പലര്‍ക്കും ഒരു പ്രശ്‌നമല്ല, ബൈക്ക് ഫാഷനബിള്‍ ആയിരിക്കണം എന്നതിനാണിവിടെ പ്രാധാന്യം. മാത്രവുമല്ല, എത്ര നല്ല ഫാഷനബിള്‍ ലുക്ക് ആയാലും ആ ട്രെന്‍ഡ് അവസാനിച്ചാല്‍ മാറ്റി പുതിയതൊന്നു പരീക്ഷിക്കാനാണ് ഇന്നത്തെ ന്യൂജന്‍ പിള്ളേര്‍ക്ക് കൂടുതല്‍ താല്‍പ്പര്യം. ഈ താല്‍പ്പര്യമാണ് നദീം അക്രം എന്ന ചെറുപ്പക്കാരന്റെ ഫുള്‍ ത്രോട്ടില്‍ കസ്റ്റംസ് എന്ന സംരംഭത്തിന് തുണയാകുന്നത്. ആവശ്യക്കാരന്റെ ഇഷ്ടത്തിന് അനുസരിച്ച് ബൈക്ക് പുതിയ ലുക്കില്‍ മാറ്റിയെടുക്കുക, അതെ ഒരു കംപ്ലീറ്റ് മേക്കോവര്‍ അതാണ് ഈ സംരംഭത്തിന്റെ ഹൈലൈറ്റ്.

കെട്ടിലും മട്ടിലും മാറ്റം

ഉദാഹരണത്തിന് ഒരു 100 സിസി ബൈക്ക് കെട്ടിലും മട്ടിലും മാറ്റം വരുത്തി ഹാര്‍ലി ഡേവിഡ്‌സണ്‍ ലുക്ക് തോന്നിപ്പിക്കുന്ന രീതി, അതാണ് നദീം അക്രത്തിന്റെ മാജിക് ഡിസൈനിംഗ്. ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈക്ക് ഡിസൈനിംഗ് സംരംഭമാണ് ഫുള്‍ ത്രോട്ടില്‍ കസ്റ്റംസ്. ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ഇതുവരെ പതിനഞ്ചില്‍ പരം ബൈക്കുകള്‍ നദീമും സംഘവും ചേര്‍ന്ന് പുത്തന്‍ ലുക്കിലാക്കി മാറ്റിയിട്ടുണ്ട്. ബൈക്കിന്റെ മേക്കോവര്‍ അത്ര എളുപ്പമല്ല. വളരെയേറെ ചിന്തിച്ചു ചെയ്യേണ്ടെ ഒന്നാണെന്നും നദീം പറയുന്നു. പരിഷ്‌കരിക്കുന്നതിനായി ഒരു ബൈക്ക് കിട്ടിയാല്‍, ബൈക്കിന്റെ ഉപയോഗം മുതല്‍ പരിഷ്‌കരിക്കുന്നതിനാവശ്യമായ ഘടകങ്ങളും ബജറ്റും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മനസില്‍ തെളിയണം. ബൈക്കിന്റെ പുത്തന്‍ രൂപം മനസില്‍ തെളിഞ്ഞാല്‍ മാത്രമേ രൂപമാറ്റം ഗംഭീരമായി ചെയ്യാനാകൂവെന്നും നദിം ചൂണ്ടിക്കാണിക്കുന്നു.

ബൈക്കുകളോടുള്ള ഇഷ്ടമാണ് നദീമിനെ ഈ സംരംഭത്തിലേക്ക് എത്തിച്ചത്. ഓട്ടോമോട്ടീവ് ഡിസൈനിംഗില്‍ ബിരുദം നേടിയ നദീം പൂനെയിലെ നൊമാഡ് മോട്ടോര്‍സൈക്കിള്‍സ് സ്റ്റുഡിയോയില്‍ നിന്നും ബൈക്ക് കസ്റ്റമൈസിംഗിലും പരിശീലനം നേടുകയുണ്ടായി. കഫേ റേസര്‍, സ്‌ക്രാംബ്ലര്‍, ബോബര്‍, ഓഫ് -റോഡ്, അഡ്വഞ്ചര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലേക്ക് ബൈക്കുകള്‍ രൂപമാറ്റം വരുത്താറുണ്ടിവിടെ. ഓരോ ഉപഭോക്താക്കളുടേയും ആവശ്യങ്ങള്‍ വ്യത്യസ്തമായിരിക്കും. ചില ആളുകള്‍ ഹെഡ്‌ലൈറ്റില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെടുമ്പോള്‍ മറ്റു ചിലര്‍ സീറ്റിംഗ് ക്രമീകരണത്തില്‍ മാറ്റം വരുത്താനാകും ആവശ്യപ്പെടുക. ഇതൊന്നുമല്ലാതെ ബൈക്കിള്‍ പൂര്‍ണമായും ഡിസൈന്‍ മാറ്റിത്തരണമെന്ന് ആവശ്യപ്പെടുന്നവരും കുറവല്ല.

ഉപഭോക്താക്കള്‍ ബൈക്കുമായി വരുമ്പോള്‍ തന്നെ ആവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്, എന്തെല്ലാം ചെയ്യാനാകും, ആവില്ല എന്നത് കൃത്യമായി പറയും. ഒപ്പം തന്നെ രൂപമാറ്റം വരുത്തി കഴിഞ്ഞാല്‍ വാഹനം എങ്ങനെയിരിക്കുമെന്ന ഫോട്ടോ ഫോട്ടോഷോപ്പ് റെന്‍ഡറിന്റെ സഹായത്തോടെ അപ്പോള്‍ തന്നെ കാണിച്ചുകൊടുക്കകുയും ചെയ്യും. ഉപഭോക്താവ് ഇവ അംഗീകരിച്ചാല്‍ മാത്രമേ ബൈക്കിന്റെ പുനര്‍രൂപകല്‍പ്പന തുടങ്ങൂ.

ബോബറാണ് താരം

ഹീറോ ഹോണ്ട സ്‌പ്ലെന്‍ഡര്‍, ബോബര്‍ ബൈക്ക് പോലെയാക്കി മാറ്റിയതാണ് ഇതുവരെയുള്ളതില്‍വെച്ച് സംരംഭത്തിലെ ഏറ്റവും മികച്ച സൃഷ്ടിയെന്ന് നദീം പറയുന്നു. മിക്ക ആളുകള്‍ക്കും ബൈക്ക് അവരുടെ ഇഷ്ടാനുസരണം പരിഷ്‌കരിച്ച് രൂപമാറ്റം വരുത്താമെന്ന വസ്തുത അറിയില്ല. അതിനാല്‍ സംരംഭം കൂടുതല്‍ പ്രചാരണങ്ങള്‍ക്ക് ശ്രമിക്കുകയാണിപ്പോള്‍. കഴിഞ്ഞ വര്‍ഷം തുടക്കമിട്ട സംരംഭത്തിന് ആദ്യവര്‍ഷം നാല് ബൈക്കുകളാണ് പുതിയ ലുക്കിലേക്ക് മാറ്റാനായി ലഭിച്ചത്. എന്നാല്‍ ആളുകള്‍ സംരംഭത്തെ കുറിച്ച് മനസിലാക്കി വരുമ്പോള്‍ ഓര്‍ഡര്‍ കൂടുതല്‍ ലഭിക്കുന്നുണ്ടെന്നും നദീ ചൂണ്ടിക്കാട്ടി.

മോട്ടോര്‍സൈക്കിള്‍ തീം കഫേ

മോട്ടോര്‍സൈക്കിള്‍ തീം ആക്കി ഒരു കഫേയ്ക്കു കൂടി തുടക്കമിട്ടാണ് നദീം തന്റെ സംരംഭത്തിന്റെ പ്രചാരണം കൊഴുപ്പിക്കുന്നത്. കഫേയില്‍ വരുന്നവര്‍ക്ക് പുതിയ ബൈക്ക് ഡിസൈനുകള്‍ കാണാനും പരിചയിക്കാനും കഴിയുമെന്നതാണ് ഈ കഫേയുടെ സവിശേഷത. ബൈക്ക് ഇഷ്ടമുള്ള യുവാക്കള്‍ക്ക് നല്ലൊരു നേരംപോക്ക് കൂടിയാണ് ഇവിടം. ദശാബ്ദങ്ങള്‍ക്കു മുമ്പ് യൂറോപ്യന്‍ അമേരിക്കന്‍ നഗരങ്ങളില്‍ നിലനിന്ന ട്രെന്‍ഡ് ആയിരുന്നു ഇത്. 18-22 വയസ് പ്രായമുള്ള കോളെജ് വിദ്യാര്‍ത്ഥികളെയാണ് സംരംഭം കൂടുതലായും ലക്ഷ്യമിടുന്നത്. ”ഈ പ്രായത്തിലുള്ളവര്‍ക്ക് കടും നിറങ്ങളോടും അത്യാധുനിക ഫാഷനോടും വലിയ ഭ്രമമായിക്കും. ബൈക്ക് പ്രൊഫഷണലുകളും ഇവിടെ എത്താറുണ്ട്. ബൈക്കില്‍ ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നവരും ലഡാക്ക് പോലെയുള്ള സ്ഥലങ്ങളിലേക്ക് ട്രിപ്പ് നടത്തുന്നവരും ബൈക്കില്‍ മാറ്റങ്ങള്‍ വരുത്താനായി വരാറുണ്ട്. ഇക്കൂട്ടര്‍ക്ക് ഹാന്‍ഡില്‍ വലിപ്പം വര്‍ധിപ്പിച്ച്, സീറ്റ് കൂടുതല്‍ മൃദുവാക്കി, ഹൈവേകളില്‍ കൂടുതല്‍ കാഴ്ച ലഭിക്കാന്‍ ഫോഗ് ലൈറ്റ് പ്രകാശം കൂട്ടി, വലിയ മഡ്ഗാര്‍ഡുകള്‍ ഘടിപ്പിച്ചാകും മാറ്റം വരുത്തുക”, നദീം പറയുന്നു.

ബൈക്കിന്റെ രൂപം അടിമുടി മാറ്റാനും ചില ഉപഭോക്താക്കള്‍ ആവശ്യപ്പെടാറുണ്ട്. ആറുമാസത്തോളമെടുത്ത് രൂപമാറ്റം വരുത്തിയ ബൈക്കുകളും സംരംഭത്തിന്റെ ഭാഗമായിട്ടുണ്ട്. 60,000 മുതല്‍ 2 ലക്ഷം രൂപ വരെ ഇതിനായി ചെലവഴിക്കാനും ആളുകള്‍ തയാറാകാറുണ്ടെന്ന് നദീം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Entrepreneurship