ഹൈവേ നിര്‍മാണത്തിന് 1.25 ലക്ഷം കോടി രൂപ എല്‍ഐസി വായ്പ

ഹൈവേ നിര്‍മാണത്തിന് 1.25 ലക്ഷം കോടി രൂപ എല്‍ഐസി വായ്പ

പ്രതിവര്‍ഷം 25,000 കോടി രൂപ വീതം അഞ്ചു വര്‍ഷത്തേക്ക് ഫണ്ട് ഉറപ്പാക്കും

ന്യൂഡെല്‍ഹി:രാജ്യത്തെ ദേശീയപാതാ വികസനത്തിനായി ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി, 1.25 ലക്ഷം കോടി രൂപ വായ്പ നല്‍കും. ദേശീയ പാത വികസന അതോറിറ്റിക്കാണ് എല്‍ഐസി പ്രതിവര്‍ഷം 25,000 കോടി രൂപ വീതം നല്‍കുക. 2024 നകം 1.25 ലക്ഷം കോടി രൂപയും കൈമാറും. എല്‍ഐസി ചെയര്‍മാന്‍ ആര്‍ കുമാറുമായി കഴിഞ്ഞയാഴ്ച കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ ചര്‍ച്ചയിലാണ് ധാരണ ഉരുത്തിരിഞ്ഞത്. ഇതോടെ രാജ്യത്തെ വന്‍കിട അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഭാഗമാവുകയാണ് എല്‍ഐസി.

രാജ്യമൊട്ടാകെ ഗുണനിലവാരമുള്ള ഹൈവേകള്‍ ഉറപ്പാക്കാനുള്ള ഭാരത്മാല പദ്ധതിക്കായാവും വായ്പാ തുക ചെലവിടുകയെന്ന് മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. 8.41 ലക്ഷം കോടി രൂപയാണ് രാജ്യം ഇതുവരെ കണ്ട ഏറ്റവും വലിയ റോഡ് നിര്‍മാണ പദ്ധതിയുടെ പുതുക്കിയ ചെലവ്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 10,000 കിലോമീറ്റര്‍ ബാലന്‍സ് എന്‍എച്ച്ഡിപി (ദേശീയപാത വികസന പദ്ധതി) ഉള്‍പ്പെടെ 34,800 കിലോമീറ്റര്‍ പാതകളാണ് നവീകരിക്കുക.

സെസ്, ടോള്‍ വരുമാനം, വിപണി കടമെടുപ്പ്, സ്വകാര്യമേഖലയുടെ പങ്കാളിത്തം, ഇന്‍ഷുറന്‍സ് ഫണ്ട്, പെന്‍ഷന്‍ ഫണ്ടുകള്‍, മസാല ബോണ്ടുകള്‍ മറ്റ് സംരംഭങ്ങള്‍ എന്നിവയിലൂടെയും ഭാരത്മാല പദ്ധതിക്ക് ധനസഹായം ലഭ്യമാക്കുമെന്നും ഗഡ്കരി പറഞ്ഞു. 30 വര്‍ഷത്തേക്കുള്ള ഫണ്ടുകളാവും ഇപ്രകാരം സമാഹരിക്കുക. വായ്പകളുടെ പലിശ ഓരോ 10 വര്‍ഷം കൂടുമ്പോഴും പുനര്‍നിര്‍ണയിക്കും. എന്‍എച്ച്എഐ പുറപ്പെടുവിക്കുന്ന ബോണ്ടുകള്‍ മുഖേനയാവും എല്‍ഐസിയില്‍ നിന്ന് വായ്പ സ്വീകരിക്കുക. ഫണ്ടുകളുടെ അഭാവമേയില്ലെന്ന് ഗഡ്കരി പ്രതികരിച്ചു. 75,000 കോടി രൂപ ധനമന്ത്രാലയം ഈ വര്‍ഷം അനുവദിച്ചിട്ടുണ്ട്. ബാങ്കുകളില്‍ നിന്നും വായ്പ പ്രതീക്ഷിക്കുന്നു. ടിഒടി (ടോള്‍-ഓപ്പറേറ്റ്- ട്രാന്‍സ്ഫര്‍) മാതൃകയില്‍ 566 കിലോമീറ്റര്‍ ഹൈവേ കരാറുകാര്‍ക്ക് വിട്ടുകൊടുത്ത് 4,995 കോടി രൂപ സമാഹരിക്കാനും പദ്ധതിയുണ്ട്.

Comments

comments

Categories: FK News
Tags: LIC