ഐക്യരാഷ്ട്രസഭ വരച്ചുകാട്ടുന്ന 82 കോടി കൊടും പട്ടിണിക്കാര്‍

ഐക്യരാഷ്ട്രസഭ വരച്ചുകാട്ടുന്ന 82 കോടി കൊടും പട്ടിണിക്കാര്‍

ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി പട്ടിണി അവശേഷിക്കുന്നെന്നും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയാണെന്നുമുള്ള സൂചനയാണ് ഐക്യരാഷ്ട്ര സഭയുടെ ഈയാഴ്ച പ്രസിദ്ധീകരിച്ച ‘ദി സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്റ് ന്യൂട്രീഷ്യന്‍ ഇന്‍ ദി വേള്‍ഡ്’ റിപ്പോര്‍ട്ട് നല്‍കുന്നത്. പട്ടിണിക്കാരുടെ എണ്ണം കഴിഞ്ഞ മൂന്നു വര്‍ഷമായി ഉയരുകയാണെന്നും ഏറ്റവും പുതിയ കണക്കനുസരിച്ച് ഇത് 82 കോടിയിലെത്തിയെന്നും പഠനം വ്യക്തമാക്കുന്നു. പോഷക ദാരിദ്ര്യവും പട്ടിണിയും മൂലമുള്ള മരണങ്ങളും ആശങ്കപ്പെടുത്തുന്ന വിധത്തില്‍ ഉയരുകയാണ്. ഈ വിപത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തി സുസ്ഥിരമായ പരിഹാര നടപടികള്‍ ലോകം കൈക്കൊള്ളേണ്ടതുണ്ട്

അഡ്വ. ജി സുഗുണന്‍

നമ്മുടെ ലോകം ഇതിനകം വലിയ വളര്‍ച്ച കൈവരിച്ചിട്ടുണ്ടെന്നും, വിവിധ രാജ്യങ്ങള്‍ നാനാ മേഖലകളില്‍ മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ടെന്നുമുള്ളതിന് ആധികാരികമായ രേഖകള്‍ തന്നെ പുറത്ത് വന്നിട്ടുള്ളതാണ്. എാല്‍ ഈ റിപ്പോര്‍ട്ടുകള്‍ക്കൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്ന് വിളിച്ചറിയിക്കുന്നതാണ് ഐക്യരാഷ്ട്രസഭ കഴിഞ്ഞ ദിവസം പുറത്തുവിട്ട ആധികാരിക രേഖ. യൂറോപ്പിലും, അമേരിക്കന്‍ ഭൂഖണ്ഡത്തിലും, ഏഷ്യയിലുമെല്ലാം ചില രാഷ്ട്രങ്ങള്‍ സാമ്പത്തികമായി വളരെ ഉയര്‍ന്നിട്ടുണ്ടെന്നുള്ളത് വസ്തുതയാണ്. എന്നാല്‍ ഈ രാജ്യങ്ങളിലെ സമ്പത്ത്, വിരലിലെണ്ണാവുന്ന ആഗോള കുത്തകകളുടെ കൈകളില്‍ കേന്ദ്രീകരിക്കുകയും, സമ്പന്ന രാജ്യങ്ങളില്‍പോലും സമൂഹത്തിന്റെ താഴേക്കിടയിലുള്ള പാവപ്പെട്ട ജനസമൂഹം കൊടും പട്ടിണിയിലേക്കും കടുത്ത ജീവിതപ്രയാസങ്ങളിലേക്കും തള്ളിവിടപ്പെടുകയും ചെയ്തിരിക്കുകയാണ്.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളിലെ കൊടും പട്ടിണിയെപ്പറ്റി ലോകം ഇതിനകം മനസ്സിലാക്കി കഴിഞ്ഞിട്ടുണ്ട്. കെനിയയിലും, എത്യോപ്യയിലും, ബോട്‌സ്‌വാനയിലുമെല്ലാം ലക്ഷക്കണക്കിന് ആളുകള്‍ കടുത്ത പട്ടിണിമൂലം മരിക്കുന്നതിന്റെ നേര്‍ചിത്രങ്ങള്‍ ഏവര്‍ക്കും ബോധ്യമായിട്ടുള്ളതുമാണ്. ബോട്‌സ്‌വാന വജ്രങ്ങളുടെ നാടാണ്. പക്ഷേ രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ വിദേശികളും സ്വദേശികളുമായ ഒരു വിഭാഗം പേര്‍ തട്ടിയെടുക്കുകയും, മഹാഭൂരിപക്ഷം ജനങ്ങളും കൊടും ദാരിദ്രത്തില്‍ ആണ്ടുകിടക്കുകയും ചെയ്യുന്നു. പട്ടിണിക്കാരുടെ നാടുകളായ ആഫ്രിക്കയിലെ എത്തോപ്യയിലും കെനിയയിലും മറ്റ് രാജ്യങ്ങളിലുമെല്ലാം സ്ഥിതി ഇതുതെന്നയാണ്.

എന്നാല്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെ കൊടുംപട്ടിണിയുടെ ചിത്രമല്ല പ്രധാനമായും ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച ‘ദി സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്റ് ന്യൂട്രീഷ്യന്‍ ഇന്‍ ദി വേള്‍ഡ്’ എന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ലോകത്ത് മതിയായ ഭക്ഷണവും പോഷകാഹാരവും ലഭിക്കാത്തവരില്‍ നല്ലൊരു ശതമാനം അമേരിക്കയിലും യൂറോപ്പിലുമാണെന്ന് ഈ റിപ്പോര്‍ട്ട് അടിവരയിട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ പാവപ്പെട്ട ജനസമൂഹത്തിന്റെ പോഷകാഹാരക്കുറവും, കൊടുംപട്ടിണിയും പരിഹരിക്കാന്‍ സമ്പന്ന രാഷ്ട്രങ്ങള്‍ക്ക് പോലും കഴിഞ്ഞിട്ടില്ലെന്നാണ് 2015 മുതലുള്ള ഈ രംഗത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. നമ്മുടെ ലോകത്ത് കൊടുംപട്ടിണിക്കാര്‍ 82 കോടിയായി ഉയര്‍ന്നിരിക്കുന്നെന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ് ഐക്യരാഷ്ട്രസഭയുടെ ഭക്ഷണ-കാര്‍ഷിക സംഘടനയുടെയും ലോകാരോഗ്യസംഘടനയുടെയും ഈ റിപ്പോര്‍ട്ട് അടിവരയിട്ട് ചൂണ്ടിക്കാട്ടുന്നത്.

ലോകത്ത് പോയവര്‍ഷം പട്ടിണി കിടന്നത് 82.1 കോടി ആളകളാണെന്നുള്ള ഈ വെളിപ്പെടുത്തല്‍ വളരെ വേദനാജനകമായ ഒന്നാണ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒരുനേരത്തെ ആഹാരത്തിനു പോലും വഴിയില്ലാത്തവരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയാണെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് യു എന്‍ പുറത്തുവിട്ടത്. പോഷകാഹാരക്കുറവും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2015 മുതല്‍ കാര്യമായി വര്‍ധിച്ചിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പ് ഇക്കാര്യത്തില്‍ ആശാവഹമായ പുരോഗതി കാണിച്ചിരുന്നു. ആഭ്യന്തര യുദ്ധങ്ങളും കാലാവസ്ഥാ വ്യതിയാനവുമാണ് പട്ടിണിക്കും പോഷകാഹാരക്കുറവിനും ഒരു കാരണമായി പറയുന്നത്.

2017 ല്‍ ലോകത്ത് ഒരു നേരത്തെ ആഹാരം പോലുമില്ലാത്തവരുടെ എണ്ണം 81 കോടിയായിരുന്നു. 2030 ഓടെ വിശപ്പില്ലാത്ത ലോകം സാക്ഷാത്കരിക്കുകയെന്ന ലക്ഷ്യം കടുത്ത വെല്ലിവിൡാണ് നേരിുന്നതെന്ന് യു എന്നിന്റെ ‘വേള്‍ഡ് ഫുഡ് പ്രോഗ്രാം’ തലവന്‍ ഡേവിഡ് ബീസ്‌ലി അഭിപ്രായപ്പെടുന്നു. ”മോശം പ്രവണതയാണ് ഇപ്പോഴത്തേത്. ഭക്ഷ്യസുരക്ഷയില്ലാതെ സമാധാനവും സ്ഥിരതയും നേടിയെടുക്കാനാവില്ല. പട്ടിണി മൂലം ലോകത്ത് കുഞ്ഞുങ്ങളടക്കം മരിക്കുമ്പോഴും ബ്രക്‌സിറ്റിനും ഡൊണാള്‍ഡ് ട്രംപിനും ചുറ്റുമാണ് ലോക മാധ്യമങ്ങള്‍” ബീസ്‌ലി വിമര്‍ശിച്ചു. മാധ്യമങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നടമാടുന്ന പട്ടിണിയും അതുമൂലമുള്ള മരണങ്ങളും കൂടുതല്‍ പ്രാമുഖ്യത്തോടെ റിപ്പോര്‍ട്ട് ചെയ്യേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് പല മാധ്യമങ്ങളും, മാധ്യമ രാജാക്കന്‍മാരും. തികച്ചും ഖേദകരമായ ഒരു വസ്തുതയാണിത്.

മനുഷ്യരുടെ വിശപ്പാണ് ലോകത്തൊട്ടാകെയുള്ള ഭീകര പ്രസ്ഥാനങ്ങള്‍ മുതലെടുക്കുന്നതെന്നും, സമൂഹത്തെ കുറുകെ മുറിക്കാനും തങ്ങളുടെ ഭീകര സംഘടനയിലേക്ക് പുതുതായി ആളുകളെ ചേര്‍ക്കാനും ഇക്കൂട്ടര്‍ പട്ടിണിയെയും ദാരിദ്ര്യത്തെയും ഉപയോഗിക്കുന്നുണ്ടെന്നുമുള്ളത് ഒരു വസ്തുത തെന്നയാണ്. ഭീകര പ്രസ്ഥാനങ്ങള്‍ പട്ടിണിയെ അവരുടെ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി പ്രയോജനപ്പെടുത്തുത് തടയണമെങ്കില്‍ ഇന്ന് നിലവിലുള്ള സാമ്പത്തിക അസമത്വങ്ങള്‍ അവസാനിപ്പിച്ചേ മതിയാകൂ. അതിനാവശ്യമായ രാഷ്ട്രീയ, സാമൂഹിക മാറ്റങ്ങള്‍ ഈ പട്ടിണി രാജ്യങ്ങളില്‍ ഉണ്ടാവേണ്ടതുണ്ട്.

ആഫ്രിക്കയിലാണ് പോഷകാഹാരക്കുറവ് ഏറ്റവും അപകടകരമായ അവസ്ഥയിലുള്ളതെന്ന് ഈ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്. ജനസംഖ്യയുടെ 20 ശതമാനത്തോളം ആളുകള്‍ അവിടെ പോഷകാഹാരക്കുറവ് നേരിടുന്നു. ഇക്കാര്യത്തില്‍ ആഫ്രിക്കയുടെ തൊട്ടടുത്ത് നില്‍ക്കുന്ന ഏഷ്യയില്‍ 12 ശതമാനമാണ് പട്ടിണിക്കാര്‍. ലാറ്റിന്‍ അമേരിക്ക, കരീബിയന്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ പട്ടിണിക്കാര്‍ 7 ശതമാനമാണ്. ലോകത്ത് മതിയായ ഭക്ഷണവും പോഷകാഹാരവും ലഭിക്കാത്തവരില്‍ എട്ട് ശതമാനവും വടക്കേ അമേരിക്കയിലും യൂറോപ്പിലുമാണ്. പോഷകാഹാരക്കുറവാണ് ഇവിടങ്ങളിലെ ജനത നേടിരുന്ന ഏറ്റവും വലിയ വെല്ലുവിളി. ആഗോള തലത്തില്‍ 18 കോടിയോളം കുട്ടികള്‍ മതിയായ രീതിയില്‍ ആഹാരം ലഭിക്കാതെ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലോകത്തിന്റെ ഭാവി കരുപ്പിടിപ്പിക്കേണ്ട കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവ് മൂലം ചത്തൊടുങ്ങുന്ന സ്ഥിതി ഒഴിവാക്കാന്‍ കഴിയാത്തത് അപമാനകരമാണ്.

ഐക്യരാഷ്ട്ര സഭയുടെ ഈ റിപ്പോര്‍ട്ട് ലോകത്തെ കൊടുംദാരിദ്ര്യത്തിന്റെ ചിത്രം വരച്ച് കാട്ടുന്നുണ്ടെങ്കിലും വര്‍ധിച്ചുവരുന്ന പട്ടിണിയുടെ യഥാര്‍ത്ഥ കാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടാന്‍ അത് തയാറാകുന്നില്ല; അത് അവരുടെ വിഷയവുമല്ല. വിവിധ രാജ്യങ്ങളില്‍ നടപ്പിലാക്കപ്പെട്ടിട്ടുള്ള ആഗോളവല്‍ക്കരണവും പുത്തന്‍ സാമ്പത്തിക നയങ്ങളും രാജ്യത്തെ മഹാഭൂരിപക്ഷത്തിന്റെ താല്‍പര്യങ്ങളല്ല സംരക്ഷിക്കുന്നത്. മറിച്ച്, ഈ രാജ്യങ്ങളിലെ വന്‍കിട കുത്തകകളുടേയും, ആഗോള ഭീമന്‍മാരുടേതുമാണ്. ഈ കൂട്ടരുടെ താല്‍പര്യങ്ങള്‍ ഭംഗിയായി സംരക്ഷിക്കപ്പെടുമ്പോള്‍, മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ കൊടും ദാരിദ്ര്യത്തിലേക്കും, പട്ടിണി മരണങ്ങളിലേക്കും തളളിവിടപ്പെടുന്ന സ്ഥിതി വളരെ ഗൗരവമായി കാണേണ്ട ഒന്നാണ്.

ലോകത്തെ സമ്പന്നന്‍മാര്‍ അതി സമ്പന്നരാകുകയും, കോടീശ്വരന്‍മാര്‍ ശതകോടീശ്വരന്‍മാരായി മാറുകയും, സാധാരണക്കാരായ ജനകോടികള്‍ കടുത്ത തൊഴിലില്ലായ്മയിലേക്കും കൊടും പട്ടിണിയിലേക്കും തളളപ്പെടുകയും ചെയ്യുന്ന സ്ഥിതി ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെ വിവിധ രാഷ്ട്രങ്ങളില്‍ ഇപ്പോഴും തുടരുന്നതിന്റെ ദയനീയ ചിത്രം തന്നെയാണ് ഐക്യരാഷ്ട്രസഭയുടെ ഈ റിപ്പോര്‍ട്ട് ലോകജനതയ്ക്ക് മുന്നില്‍ തുറന്നിടുന്നത്.

(ലേഖകന്റെ ഫോണ്‍: 9847132428, E-mail: advgsugunan@gmail.com )

Categories: FK Special, Slider