ഇല്‍ഹാന്‍ ഒമര്‍: ട്രംപിന്റെ 2020-ലെ തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ മുഖമോ ?

ഇല്‍ഹാന്‍ ഒമര്‍: ട്രംപിന്റെ 2020-ലെ തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ മുഖമോ ?

വംശീയ ചുവയോടെ യുഎസ് പ്രസിഡന്റ് ട്രംപ് ട്വിറ്ററില്‍ രേഖപ്പെടുത്തിയ കുറിപ്പ് മൂന്ന് ദിവസങ്ങള്‍ കൊണ്ട് അദ്ദേഹത്തിന്റെ തന്നെ തെരഞ്ഞെടുപ്പ് റാലിയിലെ മുദ്രാവാക്യമായി മാറി. ജുലൈ 14-ാം തീയതി ഞായറാഴ്ചയാണ് ട്രംപ് അമേരിക്കന്‍ കോണ്‍ഗ്രസിലെ നാല് സ്ത്രീകള്‍ക്കു നേരേ ‘ ഗോ ബാക്ക് ‘ പ്രയോഗം ട്വിറ്ററില്‍ നടത്തിയത്. പിന്നീട് മൂന്ന് ദിവസങ്ങള്‍ക്കു ശേഷം 17-ാം തീയതി ബുധനാഴ്ച നോര്‍ത്ത് കരോലിനയില്‍ നടന്ന 2020 യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള റാലിയില്‍ പങ്കെടുത്തപ്പോള്‍ ട്രംപിന്റെ അനുയായികള്‍ നാല് സ്ത്രീകള്‍ക്കെതിരേ ‘ഗോ ബാക്ക് ‘ മുദ്രാവാക്യം മുഴക്കി ട്രംപിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

അമേരിക്കയുടെ നിയമനിര്‍മാണസഭയായ കോണ്‍ഗ്രസില്‍ മിനെസോട്ടയെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് ഇല്‍ഹാന്‍ ഒമര്‍. ജുലൈ 17-ാം തീയതി ബുധനാഴ്ച വൈകുന്നേരം നോര്‍ത്ത് കരോലിനയിലെ ഗ്രീന്‍വില്ലെയില്‍ നടന്ന 2020 യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപ് വേദിയില്‍ നിന്നുകൊണ്ട് ഒമറിനെതിരേ രൂക്ഷമായ വിമര്‍ശനം നടത്തിയതോടെ ‘ അവളെ തിരിച്ചയയ്ക്കുക’ (send her back) എന്ന് 8000-ത്തോളം പേര്‍ പങ്കെടുത്ത റാലിയില്‍ മുഴങ്ങി കേട്ടു. ‘ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രധാന ശബ്ദങ്ങള്‍ ഇടതുപക്ഷ തീവ്രവാദികളാണ്. അവര്‍ നമ്മളുടെ ജനതയെ തിന്മയുടെ ശക്തിയായി കാണുകയാണെന്ന് ട്രംപ് ഒമറിനെയടക്കം നാല് ഡമോക്രാറ്റിക് പാര്‍ട്ടിയിലെ കോണ്‍ഗ്രസ് പ്രതിനിധികളെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ട് പറഞ്ഞു’. ഇല്‍ഹാന്‍ ഒമര്‍ (മിനെസോട്ട), അയാന പ്രസ്‌ലി (മസാചുസെറ്റ്‌സ്). റഷീദ താലിബ് (മിഷിഗന്‍), അലക്‌സാന്‍ഡ്രിയ ഒകാസിയോ കോര്‍ട്ടസ് (ന്യൂയോര്‍ക്ക്) എന്നിവര്‍ക്കെതിരേയാണ് ട്രംപ് വിമര്‍ശനം നടത്തിയത്. എന്നാല്‍ ബുധനാഴ്ച തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പരാമര്‍ശം പ്രധാനമായും ലക്ഷ്യമിട്ടത് ഇല്‍ഹാന്‍ ഒമറിനെയായിരുന്നു. തീവ്രവാദികളോടുള്ള ഒമറിന്റെ അടുപ്പത്തിനും, ഒമര്‍ സ്‌നേഹിക്കുന്നുവെന്ന് അവകാശപ്പെടുന്ന ജനവിഭാഗങ്ങളെ അവഗണിച്ചതിനു തെളിവുകളുണ്ടെന്നും ട്രംപ് റാലിയില്‍ പങ്കെടുത്തവരോടായി പറഞ്ഞപ്പോള്‍ അവിടെ കൂടിയിരുന്നവര്‍ ഒന്നടങ്കം ‘അവളെ തിരിച്ചയയ്ക്കുക’ എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ പിറ്റേ ദിവസം രാവിലെ അതായത് വ്യാഴാഴ്ച രാവിലെ ഒമറിനെതിരേ മുദ്രാവാക്യം വിളിച്ചതിനെ കുറിച്ചു മാധ്യമപ്രവര്‍ത്തകര്‍ വൈറ്റ് ഹൗസില്‍ വച്ച് ചോദിച്ചപ്പോള്‍ ‘അതില്‍ താന്‍ സന്തുഷ്ടനല്ല-അതിനോട് വിയോജിക്കുന്നു എന്നായിരുന്നു’ ട്രംപ് പറഞ്ഞത്. എന്നാല്‍ ‘തിരിച്ചയയ്ക്കുക’ എന്ന പ്രയോഗം ആദ്യം ഉപയോഗിച്ചത് ട്രംപായിരുന്നു. കഴിഞ്ഞയാഴ്ച ദ സ്‌ക്വാഡ് (the squad) എന്ന് അറിയപ്പെടുന്ന നാല് വനിത പ്രതിനിധികളോട് അവരുടെ സ്വദേശത്തേയ്ക്കു മടങ്ങി പോകണമെന്ന് ട്രംപ് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ‘go back’ എന്ന മുദ്രാവാക്യം മുഴക്കി കൊണ്ട് ട്രംപാണ് ആദ്യം രംഗത്തുവന്നതും. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ, ഇസ്രയേല്‍ നയങ്ങളെ വിമര്‍ശിച്ചതാണു നാല് വനിതാ പ്രതിനിധികള്‍ക്കുമെതിരേ വംശീയാക്രമണം നടത്താന്‍ ട്രംപിനെ പ്രേരിപ്പിച്ചത്.

ട്രംപ് പലപ്പോഴും ചെയ്യുന്നതു പോലെ, തന്നോട് വിയോജിപ്പുള്ളവരെ പ്രത്യേകിച്ച് സ്ത്രീകളെ ലക്ഷ്യം വയ്ക്കുന്നത് ട്രംപിന്റെ പൊതുസ്വഭാവമാണ്. നാല് വനിതാ പ്രതിനിധികള്‍ക്കും കുടിയേറ്റ പശ്ചാത്തലമുണ്ട്. ഇവരില്‍ ഒമര്‍ ഒഴികെ മൂന്നു പേര്‍ യുഎസില്‍ ജനിച്ചു വളര്‍ന്നവരാണ്. എന്നാല്‍ ഒമര്‍ ജനിച്ചത് സൊമാലിയയിലാണ്. മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്കു കുടിയേറുകയായിരുന്നു. ഈയൊരു ഘടകമാണ് ഒമറിനെതിരേ ട്രംപ് പ്രയോഗിച്ചതും, ഇപ്പോള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നതും. ഇതാദ്യമല്ല, ഒമറിനെ ട്രംപ് അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ യുഎസ് കോണ്‍ഗ്രസിലേക്കു തെരഞ്ഞെടുക്കപ്പെട്ട ദിവസം മുതല്‍ ട്രംപിന്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും പ്രധാന ലക്ഷ്യമായിരുന്നു ഒമര്‍ ഇല്‍ഹാന്‍. യുഎസ് കോണ്‍ഗ്രസിലേക്കു തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ രണ്ട് മുസ്‌ലിം സ്ത്രീകളില്‍ ഒരാളാണ് ഒമര്‍. മുസ്‌ലിം വിഭാഗങ്ങളെ അപമാനിക്കുന്നതിനായി പ്രസിഡന്റ് ട്രംപ് കണ്ടെത്തിയ ഒരു മുഖം ഒമറിന്റേതാണെന്നു കരുതേണ്ടിയിരിക്കുന്നു. 2020-ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്റെ അടിത്തറ തനിക്ക് അനുകൂലമാകുമെന്ന് ഉറപ്പിക്കാനായി ഒമറിനെ മോശമാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ് ട്രംപ്. വിദ്വേഷവും, ഭ്രാന്തും ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിക്കുകയാണ് ട്രംപെന്ന് മിനെസോട്ട അറ്റോര്‍ണി ജനറല്‍ കീത്ത് എല്ലിസണ്‍ പറയുന്നു. അമേരിക്കന്‍ ചരിത്രത്തില്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്‌ലിമാണ് കീത്ത് എല്ലിസണ്‍. ട്രംപ് അമേരിക്കന്‍ വോട്ടര്‍മാരോട് പറയുന്നത് ഇതാണ്. നിങ്ങള്‍ എനിക്ക് വോട്ട് ചെയ്യുക, കാരണം എന്റെ ഭയങ്ങളും ഉത്കണ്ഠകളും നിങ്ങളുടേതിനു സമാനമാണ്, നിങ്ങളുടെ ഭയങ്ങളെയും ഉത്കണ്ഠകളെയും ഞാന്‍ ദൂരീകരിച്ചു നിങ്ങള്‍ക്കു വിജയം സമ്മാനിക്കാം. ഇതാണ് ട്രംപ് വോട്ടര്‍മാരോട് പറയുന്നത്.

2016-ല്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആദ്യമായി സ്ഥാനാര്‍ഥിയായപ്പോള്‍ യുഎസിലേക്ക് പ്രവേശിക്കുന്നതില്‍നിന്നും എല്ലാ മുസ്‌ലിംകളെയും വിലക്കണമെന്ന കുപ്രസിദ്ധമായ പ്രചാരണം നടത്തിയിരുന്നു ട്രംപ്. മുസ്‌ലിം രജിസ്ട്രി എന്ന ആശയവുമായി ട്രംപ് മുന്നോട്ടു വരികയും ചെയ്തു. 2001 സെപ്റ്റംബര്‍ 11 ഭീകരാക്രമണ ദിവസം ന്യൂജേഴ്‌സിയില്‍ മുസ്‌ലിംകള്‍ ആഘോഷം നടത്തിയെന്ന് ട്രംപ് ആരോപിക്കുകയുണ്ടായി. പിന്നീട് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനു ശേഷമെടുത്ത ആദ്യ തീരുമാനങ്ങളിലൊന്നു വിവിധ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യുഎസില്‍ പ്രവേശിക്കാന്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതായിരുന്നു. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രിട്ടന്‍ ഫസ്റ്റില്‍ നിന്നുള്ള ഇസ്ലാം വിരുദ്ധ വീഡിയോകളുടെ ഒരു പരമ്പര അദ്ദേഹം റീട്വീറ്റ് ചെയ്തു. 2017-ല്‍ തീവ്രവാദ ആക്രമണത്തെ തുടര്‍ന്ന് ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിലെ മേയര്‍ സാദിഖ് ഖാനെ പരസ്യമായി വിമര്‍ശിച്ചു. ഇപ്പോള്‍ ഒമറിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ എല്ലാം വ്യത്യസ്തമാണ്. വാഷിംഗ്ടണിലെ ഒരു പ്രധാന പുരോഗമന ശബ്ദമായി ഒമര്‍ ഉയര്‍ന്നുവന്നിരിക്കുകയാണ്. ഇതാണ് ട്രംപിനെ പ്രകോപിപ്പിക്കുന്നത്. ഒമറിന്റെ വിശ്വാസത്തെയും സ്വത്വത്തെയും ആയുധമാക്കാന്‍ ട്രംപ് ശ്രമിക്കുകയാണ്. ഒമര്‍ ‘അമേരിക്കയെ വെറുക്കുന്നുവെന്നാണ് ‘ ട്രംപ് കുറ്റപ്പെടുത്തുന്നത്. ഇതിന് അദ്ദേഹം തെളിവായി പറയുന്നത്, ഒമറിനു തീവ്രവാദികളുമായി ബന്ധമുണ്ടെന്നുമാണ്.

സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തെ കുറിച്ച് ഒമര്‍ പറയുന്ന വീഡിയോയും ട്രംപ് തെളിവായി സമര്‍പ്പിക്കുന്നു. ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍സ് (സിഎഐആര്‍) ഒരു സംവാദം സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുക്കവേ, ‘ചിലര്‍ ചെയ്ത തെറ്റിന് എല്ലാവരും അനുഭവിക്കുകയാണെന്ന് ‘ ഒമര്‍ പറയുകയുണ്ടായി. 9/11 ഭീകരാക്രമണത്തെ പരാമര്‍ശിച്ചാണ് ഒമര്‍ ഇത് പറഞ്ഞത്. ഇതേ തുടര്‍ന്നു നിരവധി പേര്‍ ഒമറിനെ വിമര്‍ശിച്ച് രംഗത്തുവരികയും ചെയ്തു. ഇതിന്റെ വീഡിയോ അടക്കം ‘ഇത് ഞങ്ങള്‍ മറക്കില്ല’ എന്ന കുറിപ്പോടെ ട്രംപ് ട്വീറ്റ് ചെയ്യുകയുമുണ്ടായി. ഈ ട്വീറ്റിനെ പരമാവധി പേരിലേക്ക് എത്തിക്കാന്‍ അന്ന് ട്രംപിന്റെ രാഷ്ട്രീയ നിലപാടുള്ള കണ്‍സര്‍വേറ്റീവുകള്‍ അന്ന് ശ്രമിക്കുകയുമുണ്ടായി. മാത്രമല്ല, ഒമറിന്റെ പശ്ചാത്തലത്തെ കുറിച്ച് ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കാനും അവരുടെ ശക്തമായ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചു. ഏതാനും മാസങ്ങള്‍ക്കു മുമ്പായിരുന്നു ഫോക്‌സ് ന്യൂസിലെ വാര്‍ത്താ അവതാരകയായ ജിയാനിന്‍ പീറോയെ സസ്‌പെന്‍ഡ് ചെയ്തത്. ഒമര്‍ ഇല്‍ഹാന്റെ ശിരോവസ്ത്രവും ഇസ്ലാമിക വിശ്വാസവും അമേരിക്കന്‍ ഭരണഘടനയുമായി പൊരുത്തപ്പെടുന്നില്ലെന്ന പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു പീറോയെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ പീറോയെ പ്രതിരോധിച്ച് ട്രംപ് രംഗത്തുവരികയുണ്ടായി. പീറോയെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെടുകയുണ്ടായി.

Comments

comments

Categories: Top Stories
Tags: Trump-2020