ടിക് ടോക്ക് വിലക്കാന്‍ ഏഴ് സംസ്ഥാനങ്ങള്‍ കൂടി

ടിക് ടോക്ക് വിലക്കാന്‍ ഏഴ് സംസ്ഥാനങ്ങള്‍ കൂടി

ചൈനീസ് ആപ്പ് നിരോധിക്കണമെന്ന് അഞ്ച് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍

ന്യൂഡെല്‍ഹി: ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ഹ്രസ്വ വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്, സാമൂഹ്യ മാധ്യമമായ ഹലോ എന്നിവ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് അഞ്ച് സംസ്ഥാന സര്‍ക്കാരുകള്‍. തമിഴ്‌നാട്, തെലുങ്കാന, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന് ആവശ്യമുന്നയിച്ചത്. കര്‍ണാടകയും പഞ്ചാബും ഇതേ നിലപാട് അറിയിക്കുമെന്നാണ് സൂചന. ഇതോടെ വിവാദ ആപ്പുകള്‍ക്കെതിരെ രംഗത്തെത്തുന്ന സംസ്ഥാനങ്ങളുടെ എണ്ണം ഏഴാകും.

കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള അശ്ലീല ദൃശ്യങ്ങളുടെ പ്രചാരണവും വിദ്വേഷ പ്രചാരണവും ടിക് ടോക്കിലൂടെയും ഹലോയിലൂടെയും വര്‍ധിച്ചു വരികയാണെന്നാണ് സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയിരിക്കുന്ന പരാതി.

ചെറിയ പട്ടണങ്ങളിലും ഉള്‍പ്രദേശങ്ങളിലും ആപ്പുകളുടെ ഉപയോഗം വര്‍ധിച്ചുവരുന്നുണ്ട്. നിയമവിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ ഉള്ളടക്കമാണ് പലയിടത്തും പ്രചരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ തടയുന്നതിനായി ആപ്ലിക്കേഷന്‍ നിരീക്ഷിച്ചു വരുന്നുണ്ടെന്നും അധികൃതരുമായി സഹകരിക്കുന്നുണ്ടെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഉറപ്പുകള്‍ക്ക് ശേഷവും ഇത്തരം വീഡിയോകള്‍ പ്രചരിക്കുന്നുണ്ടെന്നാണ് കേന്ദ്ര ഐടി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ ഐടി വകുപ്പുകള്‍ പ്രതിദിനം നിരവധി നിയമവിരുദ്ധ വീഡിയോകള്‍ കണ്ടെത്തുന്നുണ്ട്. ആപ്പുകള്‍ പൂര്‍ണമായും നിരോധിക്കാനുള്ള വഴിയാണ് സംസ്ഥാന സര്‍ക്കാരുകള്‍ തേടുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ദേശ വിരുദ്ധവും രാജ്യത്തെ യുവ ജനതയെ വഴിതെറ്റിക്കുന്നതുമായ ഉള്ളടക്കവും പ്രവര്‍ത്തനവുമാണ് ടിക് ടോക്കിന്റേതെന്നു ചൂണ്ടിക്കാട്ടി സംഘപരിവാര്‍ സംഘടനായ സ്വദേശി ജാഗരന്‍ മഞ്ച് കഴിഞ്ഞയാഴ്ച കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. ടിക് ടോക്കിനോടും ഹലോയോടും മറുപടി നല്‍കാനാവശ്യപ്പെട്ട് ചോദ്യാവലി കേന്ദ്രം നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് രാജ്യത്തുടനീളം നിന്ന് ആപ്പുകള്‍ക്കെതിരെ പ്രതിഷേധ സ്വരം ഉയരുന്നത്. ആപ്പുകള്‍ നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഏപ്രിലില്‍ ഐടി മന്ത്രാലയം ഗൂഗിളിനോടും ആപ്പിളിനോടും അവരുടെ ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്ന് ടിക് ടോക്ക് എടുത്തുകളയാന്‍ ആവശ്യപ്പെട്ടിരുന്നു.

Comments

comments

Categories: FK News
Tags: Tiktok