ദുബായില്‍ ഭക്ഷണത്തോടൊപ്പം പൂക്കള്‍ വിളമ്പുന്നതിന് റെസ്‌റ്റോറന്റുകള്‍ക്ക് വിലക്ക്

ദുബായില്‍ ഭക്ഷണത്തോടൊപ്പം പൂക്കള്‍ വിളമ്പുന്നതിന് റെസ്‌റ്റോറന്റുകള്‍ക്ക് വിലക്ക്

ഭക്ഷണം തയാറാക്കാനും അലങ്കരിക്കാനും പൂക്കള്‍ ഉപയോഗിക്കേണ്ടെന്നാണ് നിര്‍ദേശം

ദുബായ്: ഭക്ഷണ പാനീയങ്ങള്‍ തയാറാക്കുന്നതിനും അലങ്കരിക്കുന്നതിനും പൂക്കളുകളും പൂവിതളുകളും ഉപയോഗിക്കുന്നതിന് ദുബായില്‍ വിലക്ക്. ദേശീയ ഭക്ഷ്യ സുരക്ഷാ കമ്മിറ്റിയുടേതാണ് തീരുമാനം. പുതിയ തീരുമാനം വ്യക്തമാക്കി നഗരത്തിലെ എല്ലാ ഹോട്ടലുകള്‍ക്കും ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് പുറത്തിറക്കി.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പൂക്കള്‍ ഉപയോഗിച്ച് ഭക്ഷ്യ വിഭവങ്ങളും പാനീയങ്ങളും തയാറാക്കുന്നതും അലങ്കരിക്കുന്നതും ട്രെന്‍ഡ് ആയി മാറിയിട്ടുണ്ട്. കേക്കുകളിലും റോസ്‌വാട്ടറിലുമെല്ലാം യഥാര്‍ത്ഥത്തിലുള്ള പൂക്കള്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍ പതിവ് കാഴ്ചയാണ്.

ദുബായില്‍ ഇതിനോടകം തന്നെ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞ പുതിയ നിയമം പൊതുജനങ്ങള്‍ക്ക് വിളമ്പുന്ന ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും പാചകത്തില്‍ യഥാര്‍ത്ഥ റോസുകളുടെയും പൂക്കളുടെയും ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തുന്നു. അലങ്കാര ആവശ്യങ്ങള്‍ക്കായി പൂക്കള്‍ ഉപയോഗിക്കുന്നതിനും വിലക്ക് ബാധകമാണെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

ഭക്ഷണങ്ങളില്‍ പൂക്കളുടെ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്താനുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും ‘പാചകലോകത്തെ പുത്തന്‍ ട്രെന്‍ഡുകള്‍’ അത്യന്തം അപകടകരമാണെന്ന ബ്രിട്ടീഷ് ഭക്ഷ്യാരോഗ്യ കമ്പനിയായ എച്ച്എസ്എഫ് ട്രെയിനിംഗ് ലിമിറ്റഡിന്റെ പ്രസ്താവനയാണ് ഭക്ഷണങ്ങളില്‍ പൂക്കള്‍ വിലക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ഭക്ഷ്യയോഗ്യമാണോ എന്നറിയാതെ വിഭവങ്ങളില്‍ എല്ലാ തരത്തിലുള്ള ചെടികളും ഉപയോഗിക്കുന്നതിനെതിരെയാണ് കമ്പനി രംഗത്ത് വന്നത്.

ഭക്ഷ്യയോഗ്യമാണെങ്കില്‍ കൂടിയും പൂക്കള്‍ ശരിയായി കഴുകാതെ ഉപയോഗിച്ചാല്‍ അത് അസുഖങ്ങള്‍ക്ക് കാരണമാകുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. മണ്ണിന്റെയോ മറ്റ് മാലിന്യങ്ങളുടെയോ അംശം പോലും ഇ.കോളി, ക്ലോസ്ട്രിഡിയം പെര്‍ഫിന്‍ജീന്‍സ് തുടങ്ങിയ രോഗാണുക്കളുടെ ഉറവിടമായേക്കാമെന്നാണ് കമ്പനി പറയുന്നത്.

Comments

comments

Categories: Arabia