രഘുറാം രാജന്‍ ബിഒഇ ഗവര്‍ണറാവാനില്ല

രഘുറാം രാജന്‍ ബിഒഇ ഗവര്‍ണറാവാനില്ല

രാജനും യുഎസ് ഫെഡറല്‍ റിസര്‍വ് മുന്‍ മേധാവി ജാനെറ്റ് യെലനും അപേക്ഷ നല്‍കിയില്ല

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ (ബിഒഇ) ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ അപേക്ഷ നല്‍കിയില്ലെന്ന് റിപ്പോര്‍ട്ട്. ബിഒഇയുടെ തലപ്പത്തേക്ക് രഘുറാം രാജന്‍, യുഎസ് ഫെഡറല്‍ റിസര്‍വ് മുന്‍ മേധാവി ജാനെറ്റ് യെലന്‍ എന്നിവരിലൊരാള്‍ നിയമിക്കപ്പെടാനുള്ള സാധ്യതകളെപ്പറ്റി മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. യെലനും ബിഒഇയ്ക്ക് അപേക്ഷ നല്‍കിയിട്ടില്ല. ബ്രക്‌സിറ്റിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ കോലാഹലങ്ങളാണ് ലോകത്തെ തന്നെ മുന്‍നിര ബാങ്കര്‍മാരുടെ വിമുഖതയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍.

ഇതോടെ നിലവിലെ ഗവര്‍ണര്‍ മാര്‍ക് കാര്‍ണിയുടെ കാലാവധി 2020 ജനുവരി അവസാനം വരെ ദീര്‍ഘിപ്പിക്കാന്‍ സാധ്യതയേറി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ യുകെ ചാന്‍സിലര്‍ ഫിലിപ് ഹമ്മണ്ട് അയച്ച കത്തില്‍ ഇത് സചിപ്പിച്ചിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പിന്‍മാറ്റത്തിനുശേഷം യുകെയുടെ ഭാവിയിലെ പങ്കാളിത്തങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനമാകുന്നതുവരെ ഇത് ബാങ്കില്‍ തുടര്‍ഭരണം ഉറപ്പാക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് അന്താരാഷ്ട്രതലത്തില്‍ അനുഭവസമ്പത്തുള്ള ഒരാളെയാണ് യുകെ ചാന്‍സിലര്‍ തേടുന്നത്. രഘുറാം രാജന്റെ സാധ്യത ഇല്ലാതായത് ഫിനാന്‍ഷ്യല്‍ കണ്ടക്റ്റ് അതോറിറ്റി സിഇഒയും ചാന്‍സിലറിന്റെ ഇഷ്ടക്കാരനുമായ ആന്‍ഡ്രൂ ബെയ്‌ലി ഉള്‍പ്പടെയുള്ള മറ്റ് സ്ഥാനാര്‍ത്ഥികളുടെ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചിനുശേഷം ചിക്കാഗോ സര്‍വകലാശാലയില്‍ സാമ്പത്തികശാസ്ത്ര വിഭാഗത്തില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചു വരികയാണ് രഘുറാം രാജന്‍.

Categories: FK News