ഒലിവര്‍ സിപ്‌സെ പുതിയ ബിഎംഡബ്ല്യു ഗ്രൂപ്പ് സിഇഒ

ഒലിവര്‍ സിപ്‌സെ പുതിയ ബിഎംഡബ്ല്യു ഗ്രൂപ്പ് സിഇഒ

ഹരാള്‍ഡ് ക്രൂഗറിന് പകരമാണ് ഒലിവര്‍ സിപ്‌സെ നിയോഗിക്കപ്പെടുന്നത്. മാനേജ്‌മെന്റ് ബോര്‍ഡിന്റെ പുതിയ ചെയര്‍മാനായി ഓഗസ്റ്റ് 16 ന് പ്രവര്‍ത്തിച്ചുതുടങ്ങും

സ്പാര്‍ട്ടന്‍ബര്‍ഗ്, യുഎസ് : ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഒലിവര്‍ സിപ്‌സെ ചുമതലയേല്‍ക്കും. ബിഎംഡബ്ല്യു വിട്ടുപോകുന്ന ഹരാള്‍ഡ് ക്രൂഗറിന് പകരമാണ് ഒലിവര്‍ സിപ്‌സെ നിയോഗിക്കപ്പെടുന്നത്. മാനേജ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജിവെയ്ക്കുന്ന ക്രൂഗര്‍ പരസ്പര ധാരണയോടെ ഓഗസ്റ്റ് 15 ന് കൈകൊടുത്ത് പിരിയും. ബിഎംഡബ്ല്യുവിന്റെ പുതിയ മാനേജ്‌മെന്റ് ബോര്‍ഡ് ചെയര്‍മാനായി ഓഗസ്റ്റ് 16 ന് ഒലിവര്‍ സിപ്‌സെ പ്രവര്‍ത്തിച്ചുതുടങ്ങും.

രണ്ടാം തവണ ചെയര്‍മാന്‍ സ്ഥാനത്ത് തുടരില്ലെന്ന് സൂപ്പര്‍വൈസറി ബോര്‍ഡ് ചെയര്‍മാനെ ഹരാള്‍ഡ് ക്രൂഗര്‍ നേരത്തെ അറിയിച്ചിരുന്നു. ദക്ഷിണ കരൊലൈനയില്‍ ചേര്‍ന്ന ബിഎംഡബ്ല്യുവിന്റെ സൂപ്പര്‍വൈസറി ബോര്‍ഡ് യോഗമാണ് പുതിയ നിയമനം സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ബിഎംഡബ്ല്യു മാനേജ്‌മെന്റ് ബോര്‍ഡില്‍ 2015 മുതല്‍ അംഗമാണ് ഒലിവര്‍ സിപ്‌സെ. നിലവില്‍ ഉല്‍പ്പാദന വിഭാഗത്തിന്റെ ചുമതലയാണ് അദ്ദേഹം വഹിക്കുന്നത്. 1991 ല്‍ ട്രെയ്‌നിയായി ബിഎംഡബ്ല്യുവില്‍ ചേര്‍ന്ന സിപ്‌സെ തുടര്‍ന്നിങ്ങോട്ട് ഓക്‌സ്‌ഫോഡ് പ്ലാന്റ് മാനേജിംഗ് ഡയറക്റ്റര്‍, കോര്‍പ്പറേറ്റ് പ്ലാനിംഗ് & പ്രൊഡക്റ്റ് സ്ട്രാറ്റജി വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചു.

ഹരാള്‍ഡ് ക്രൂഗറുടെ തീരുമാനത്തെ അംഗീകരിക്കുന്നതായി ബിഎംഡബ്ല്യു സൂപ്പര്‍വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. നോര്‍ബര്‍ട്ട് റീത്തോഫര്‍ പ്രതികരിച്ചു. ബിഎംഡബ്ല്യു ഗ്രൂപ്പിലെ നിരവധി വര്‍ഷത്തെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ അഭിനന്ദനം അറിയിക്കുന്നതായും റീത്തോഫര്‍ പറഞ്ഞു.

യുഎസ് വിപണിയിലെ ബിസിനസ് സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് സ്പാര്‍ട്ടന്‍ബര്‍ഗ് പ്ലാന്റില്‍ സൂപ്പര്‍വൈസറി ബോര്‍ഡ് യോഗം ചേരുന്നത്. ആഗോളതലത്തില്‍ ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ഏറ്റവും വലിയ പ്ലാന്റാണ് സ്പാര്‍ട്ടന്‍ബര്‍ഗിലേത്.

Comments

comments

Categories: Auto
Tags: Oliver Zipse