കാണാതായ എണ്ണടാങ്കര്‍ ഇറാന്‍ പിടിച്ചെടുത്തത് തന്നെ; ഉടന്‍ വിട്ടയക്കണമെന്ന് അമേരിക്ക

കാണാതായ എണ്ണടാങ്കര്‍ ഇറാന്‍ പിടിച്ചെടുത്തത് തന്നെ; ഉടന്‍ വിട്ടയക്കണമെന്ന് അമേരിക്ക
  • ടാങ്കര്‍ തങ്ങള്‍ പിടിച്ചെടുത്തെന്ന് ഐര്‍ജിസി
  • എണ്ണക്കടത്ത് നടത്തുകയായിരുന്നുവെന്ന് വാദം
  • ടാങ്കറും ജീവനക്കാരെയും വിട്ടയക്കണമെന്ന് അമേരിക്ക
  • ഇറാന്റെ ഡ്രോണ്‍ വിമാനം അമേരിക്ക വെടിവെച്ചിട്ടു

ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്കില്‍ വെച്ച് കാണാതായ എണ്ണടാങ്കര്‍ ഇറാന്‍ പിടിച്ചെടുത്തതാണെന്നതിന് സ്ഥിരീകരണം. ഗള്‍ഫിലെ ലരാക് ദ്വീപിന് സമീപത്ത് നിന്നും വിദേശ ടാങ്കറിന്റെ നിയന്ത്രണം ഏറ്റെടുത്തതായി ഇറാനിലെ ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് (ഐര്‍ജിസി) സമ്മതിച്ചു. എന്നാല്‍ ഇറാനില്‍ നിന്നും എണ്ണ കടത്തിയതിനാലാണ് ടാങ്കര്‍ പിടിച്ചെടുത്തതെന്ന് ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ ഐര്‍ജിസി അവകാശപ്പെട്ടു. അതേസമയം ടാങ്കര്‍ എത്രയും വേഗം വിട്ട് നല്‍കണമെന്ന് അമേരിക്ക ഇറാനോട് ആവശ്യപ്പെട്ടു. ഗള്‍ഫിലൂടെയുള്ള കപ്പല്‍ഗതാഗതം സുരക്ഷിതമാക്കാന്‍ വേണ്ട കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും അമേരിക്ക വ്യക്തമാക്കി.

എണ്ണ കടത്തുകയായിരുന്ന വിദേശ ടാങ്കറിനെ തങ്ങള്‍ പിടിച്ചെടുത്തതാണെന്ന ഐര്‍ജിസിയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കവെയാണ് ടാങ്കറും അതിലെ ജീവനക്കാരെയും വിട്ടയക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടത്. ഹോര്‍മൂസ് കടലിടുക്കിനും സമീപത്തുമായി കപ്പലുകളെ ആക്രമിക്കുന്ന പരിപാടി ഇറാന്‍ അവസാനിപ്പിക്കണമെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ആവശ്യപ്പെട്ടു.

ലോകത്തില്‍ ഏറ്റവുമധികം എണ്ണക്കപ്പലുകള്‍ കടന്നുപോകുന്ന ഗള്‍ഫിലെ നിര്‍ണായക ഇടനാഴിയായ ഹോര്‍മൂസ് കടലിടുക്കില്‍ കഴിഞ്ഞ മേയ് മുതല്‍ എണ്ണക്കപ്പലുകള്‍ ലക്ഷ്യമാക്കി നടക്കുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്നാണ് അമേരിക്കയുടെ വാദം. പക്ഷേ ഇറാന്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ദീര്‍ഘനാളായി തുടരുന്ന ഈ വിദ്വേഷപ്രവര്‍ത്തനങ്ങള്‍ യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ഭീതിയിലാണ് പശ്ചിമേഷ്യ ഇപ്പോള്‍.

ഹോര്‍മൂസ് കടലിടുക്കിലും അതിന് ചുറ്റുമുള്ള സുരക്ഷിതമായ കപ്പല്‍ സഞ്ചാരത്തിന് തടസമുണ്ടാകുന്നതിലും എണ്ണക്കപ്പലുകള്‍ ലക്ഷ്യമാക്കി ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡ് കോര്‍പ് തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തുന്നതിലും അമേരിക്ക ശക്തമായ ഖേദം പ്രകടിപ്പിക്കുന്നതായി സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് വ്യക്തമാക്കി. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികള്‍ ഇറാന്‍ അവസാനിപ്പിക്കണമെന്നും പ്രസ്തുത ടാങ്കറും അതിലെ ജീവനക്കാരെയും എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് ആവശ്യപ്പെട്ടു.

‘ടാങ്കര്‍ പിടിച്ചെടുത്തു’

12 ജീവനക്കാരുമായി എണ്ണ കടത്തുകയായിരുന്ന വിദേശ ടാങ്കര്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ഐര്‍ജിസി പിടിച്ചെടുത്തതെന്ന് ഇറാനിലെ ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ നിന്നുള്ള കള്ളക്കടത്തുകാരില്‍ നിന്നും ഒരു ദശലക്ഷം ലിറ്റര്‍ എണ്ണ വിദേശ ഉപഭോക്താക്കള്‍ക്ക് വേണ്ടി കടത്തുകയായിരുന്നു പ്രസ്തുത ടാങ്കറെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിയ, പനാമ എന്നീ എഴുത്തുകളോട് കൂടിയ കപ്പലിന് ചുറ്റും ഐര്‍ജിസിയുടെ പട്രോള്‍ ബോട്ടുകള്‍ കാവല്‍ നില്‍ക്കുന്ന ചിത്രവും ഇറാനിയന്‍ ടെലിവിഷന്‍ പുറത്തുവിട്ടു.

ഹോര്‍മൂസ് കടലിടുക്കില്‍ മറ്റ് കപ്പലുകളില്‍ ഇന്ധനം നിറയ്ക്കുന്നതിനായി ഉപയോഗിച്ചിരുന്ന റിയ എന്ന പനാമ പതാകയുള്ള ടാങ്കര്‍ ഞായറാഴ്ചയാണ് ഇറാന്‍ അധീന സമുദ്ര മേഖലയിലേക്ക് കടന്നതെന്ന് കപ്പലുകളെ നിരീക്ഷിക്കുന്ന ടാങ്കര്‍ട്രാക്കേഴ്‌സ് വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം കപ്പലിനുള്ളിലെ ഓട്ടോമാറ്റിക് ഐഡിന്റിഫിക്കേഷന്‍ സിസ്റ്റം സിഗ്നലുകള്‍ അയയ്ക്കുന്നത് നിര്‍ത്തിയെന്നും ഇവര്‍ പറഞ്ഞു.

അപകട സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട വിദേശ ടാങ്കറിന് ഇറാന്‍ സഹായം നല്‍കിയെന്ന് അവകാശപ്പെട്ട് ഒരു ദിവസത്തിന് ശേഷമാണ് കപ്പല്‍ തങ്ങള്‍ പിടിച്ചെടുത്തതാണെന്ന് ഐര്‍ജിസി വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇവ രണ്ടും ഒരു കപ്പല്‍ തന്നെയാണോ എന്ന് ഐര്‍ജിസി വ്യക്തമാക്കിയിട്ടില്ല.

ഹോര്‍മൂസ് കടലിടുക്കില്‍ ഇത്തരം കള്ളക്കടത്തുകള്‍ നടത്താന്‍ ഇറാന്‍ അനുവദിക്കില്ലെന്നും ഐര്‍ജിസി കമാന്‍ഡര്‍ പറഞ്ഞതായി ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

ആശങ്കയോടെ ഗള്‍ഫ്

ആഗോള എണ്ണനീക്കത്തില്‍ പ്രധാനമായ ഗള്‍ഫിലൂടെയുള്ള കപ്പല്‍ പാതയില്‍ സ്വതന്ത്ര സഞ്ചാരം ഉറപ്പ് വരുത്തണമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ചീഫ് കെന്നെത്ത് മക്കെന്‍സി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിലൂടെയുള്ള എണ്ണയുടെയും മറ്റ് ഉല്‍പ്പന്നങ്ങളുടെയും സ്വതന്ത്രനീക്കം സാധ്യമാക്കുന്നതിന് പങ്കാളികളുമായി ചേര്‍ന്ന് പരിഹാരമാര്‍ഗം കണ്ടെത്തുമെന്നും സൗദി അറേബ്യയില്‍ വെച്ച് മക്കെന്‍സി പറഞ്ഞു.

തങ്ങള്‍ക്ക് എണ്ണ കയറ്റുമതി ചെയ്യാന്‍ സാധിക്കില്ലെങ്കില്‍ ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുമെന്ന് നേരത്തെ ഇറാന്‍ ഭീഷണി മുഴക്കിയിരുന്നു. ആഗോള എണ്ണവ്യാപാരത്തിന്റെ അഞ്ചില്‍ ഒരു ഭാഗം കടന്നുപോകുന്നത് ഇതിലൂടെയാണ്. 2015ലെ നിര്‍ണ്ണായക ഇറാന്‍ ആണവക്കരാറില്‍ നിന്നും പിന്മാറിയ അമേരിക്ക കരാറില്‍ കൂടുതല്‍ വിലപേശലുകള്‍ക്ക് ഇറാന് മേല്‍ സമ്മര്‍ദ്ദമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗമായ എണ്ണ വ്യവസായം അടക്കമുള്ളവയ്ക്ക് ഉപരോധമേര്‍പ്പെടുത്തിയത്.

ഗള്‍ഫിലെ പുതിയ സുരക്ഷാ നീക്കങ്ങളിലൂടെ ഇറാനെതിരെ ഒരു സൈനിക സഖ്യമുണ്ടാക്കുകയല്ല, പകരം വാണിജ്യക്കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തടയുക എന്നതാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്ന് പെന്റഗണ്‍ വക്താവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സൈനിക നടപടികള്‍ െൈക്കാള്ളുക എന്നതിനേക്കാളും നിരീക്ഷണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയെന്നതാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് നാറ്റോ സഖ്യത്തിന് മുമ്പില്‍ അമേരിക്കയുടെ പദ്ധതികള്‍ വിശദീകരിച്ച കാതറിന്‍ വീല്‍ബര്‍ഗ് പറഞ്ഞു. ഇറാനെതിരെ സൈനിക നടപടിയാണ് ലക്ഷ്യമെങ്കില്‍ ഇത്തരമൊരു സഖ്യമായിരിക്കില്ല രൂപീകരിക്കുകയെന്നും സമുദ്രഗാതഗതം സംബന്ധിച്ച അവബോധവും നിരീക്ഷണ സംവിധാനങ്ങളും വര്‍ധിപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്നും കാതറിന്‍ അറിയിച്ചു.

ഇറാന്റെ എണ്ണടാങ്കര്‍ പിടിച്ചെടുത്തത് പുതിയ പ്രകോപനം

സിറിയയിലേക്ക് എണ്ണ കടത്തുകയാണെന്ന സംശയത്താല്‍ ജിബ്രാള്‍ട്ടറില്‍ ഇറാന്റെ എണ്ണടാങ്കര്‍ ബ്രിട്ടീഷ് റോയല്‍ മറീനുകള്‍ തടഞ്ഞുവെച്ചതാണ് പശ്ചിമേഷ്യയില്‍ പുതിയ പ്രകോപനത്തിന് കാരണം. ജൂലൈ ആദ്യവാരമാണ് യൂറോപ്യന്‍ യൂണിയന്റെ വിലക്ക് ലംഘിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് ജിബ്രാള്‍ട്ടര്‍ സര്‍ക്കാര്‍ ഇറാന്റെ ഗ്രേസ് 1 എന്ന ടാങ്കര്‍ തടഞ്ഞുവെച്ചത്.

ടാങ്കര്‍ എത്രയും പെട്ടെന്ന് വിട്ടുനല്‍കണമെന്ന് ഇറാന്‍ യുകെയോട് ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ 2.1 മില്യണ്‍ ബാരല്‍ എണ്ണയുമായി പോകുന്ന സൂപ്പര്‍ ടാങ്കര്‍ പിടിച്ചെടുത്ത് പകരം വീട്ടുമെന്ന് ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനെയി ഭീഷണി മുഴക്കി. പിടിച്ചെടുത്ത കപ്പലുമായി ബന്ധപ്പെട്ട് ജിബ്രാള്‍ട്ടര്‍ സര്‍ക്കാരും ഇറാന്‍ അധികൃതരും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഇതിനിടെ കുഴപ്പങ്ങള്‍ക്ക് കാരണമായ ഇറാന്റെ ആണവകരാര്‍ സംരക്ഷിക്കുന്നതിന് വേണ്ടി റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുചിനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ശ്രമം ആരംഭിച്ചിട്ടുണ്ട്. പശ്ചിമേഷ്യയുടെ സുരക്ഷ ഉറപ്പാക്കുന്നതിലും മേഖലയില്‍ ആണവ നിരായുധീകരണം നിലനിര്‍ത്തുന്നതിലും ജെസിപിഒഎ എന്നറിയപ്പെടുന്ന ഈ കരാര്‍ പ്രധാനഘടകമാണെന്ന് പുടിനും മക്രോണും അഭിപ്രായപ്പെട്ടു. കരാര്‍ സംരക്ഷിക്കുന്നതിന് താല്‍പ്പര്യമുള്ള രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.

ഇറാന്റെ ഡ്രോണ്‍ വിമാനം അമേരിക്ക വെടിവെച്ചിട്ടു: ട്രംപ്

വാഷിംഗ്ടണ്‍: ഹോര്‍മൂസ് കടലിടുക്കില്‍ അമേരിക്കന്‍ കപ്പലിന് മുകളില്‍ താഴ്ന്ന് പറന്ന ഇറാന്റെ ഡ്രോണ്‍ വിമാനം അമേരിക്കന്‍ നാവികക്കപ്പല്‍ വെടിവെച്ചിട്ടതായി ഡൊണാള്‍ഡ് ട്രംപ്. മുന്നറിയിപ്പുകള്‍ അവഗണിച്ച് യുഎസ്എസ് ബോക്‌സറെന്ന ‘നശീകരണ കപ്പലിന്’ 1,000 അടി അടുത്തെത്തിയതോടെയാണ് ഡ്രോണ്‍ വിമാനത്തിനെതിരെ പ്രതിരോധ നടപടി സ്വീകരിച്ചതെന്ന് ട്രംപ് വ്യക്തമാക്കി.

അന്താരാഷ്ട്ര സമുദ്ര മേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന പ്രകോപനപരവും വിദ്വേഷാത്മകവുമായ നടപടികളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ഉദ്യോഗസ്ഥരെയും സ്ഥാപനങ്ങളെയും താല്‍പ്പര്യങ്ങളെയും സംരക്ഷിക്കുന്നതിനുള്ള അവകാശം അമേരിക്കയ്ക്കുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

പെന്റഗണിലെ മുഖ്യ വക്താവ് ജൊനാഥന്‍ ഹോഫ്മാനും ഇറാന്റെ ഡ്രോണ്‍ വിമാനം അമേരിക്ക വെടിവെച്ചിട്ടതായി സ്ഥിരീകരിച്ചു. പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെയാണ് ആളില്ലാ ഡ്രോണ്‍ വിമാനം അപകടകരമാംവിധത്തില്‍ യുഎസ്എസ് ബോക്‌സറിന് അടുത്തെത്തിയതെന്നും ജൊനാഥന്‍ അറിയിച്ചു. കപ്പലിന്റെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് പ്രതിരോധ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഡ്രോണ്‍ വിമാനം നഷ്ടപ്പെട്ടതായി അറിവൊന്നും ലഭിച്ചിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ്് സരീഫ് പറഞ്ഞു.ട്രംപിന്റെ വാദം ഇറാനിലെ വിദേശകാര്യ സഹമന്ത്രി സയ്യിദ് അബ്ബാസ് അറഗച്ചിയും നിഷേധിച്ചിട്ടുണ്ട്. ഹോര്‍മൂസ് കടലിടുക്കിലോ മറ്റെവിടെങ്കിലുമോ വെച്ച് ഇറാന് ഡ്രോണ്‍ വിമാനം നഷ്ടമായിട്ടില്ലെന്ന് അബ്ബാസ് അറഗച്ചി ട്വിറ്ററിലൂടെ അറിയിച്ചു

ഡ്രോണ്‍ വിമാനം വെടിവെച്ചിട്ട സംഭവത്തിന് പിന്നാലെ ജാവേദ് സരീഫ് ‘ഓര്‍മ്മപ്പെടുത്തല്‍’ എന്ന തലക്കെട്ടില്‍ അമേരിക്കയെയും ഇറാനെയും അടയാളപ്പെടുത്തി കൊണ്ടുള്ള ഭൂപടത്തിന്റെ ചിത്രം ട്വീറ്റ് ചെയ്തു. ഇറാനില്‍ നിന്നും ഗള്‍ഫ് സമുദ്ര മേഖലയില്‍ നിന്നും അമേരിക്ക എത്രത്തോളം അകലത്തിലാണെന്ന് കാണിക്കുന്നതായിരുന്നു ആ ഭൂപടദൃശ്യം.

മേഖലയില്‍ നിന്നും പിന്‍വാങ്ങണമെന്ന് നേരത്തെ ഇറാന്‍ നേതാക്കള്‍ക്ക് അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ മാസം ഇറാന്റെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് അമേരിക്കയുടെ ആളില്ലാ നിരീക്ഷണ വിമാനം ഇറാനിലെ റെവലൂഷനറി ഗാര്‍ഡ് കോര്‍പ് വെടിവെച്ചിട്ടിരുന്നു. ഇതിനു മറുപടിയെന്നോണം ഇറാനെതിരെ സൈനിക നടപടിക്ക് അമേരിക്കന്‍ സൈന്യത്തിന് ട്രംപ് അനുമതി നല്‍കിയെങ്കിലും അവസാന നിമിഷത്തില്‍ വേണ്ടെന്ന് വെക്കുകയായിരുന്നു.

Comments

comments

Categories: Arabia
Tags: Iran, Oil tanker