സംവിധാനം: രാജേഷ് എം. സെല്‍വ
അഭിനേതാക്കള്‍: വിക്രം, അക്ഷര ഹസന്, ലെന
ദൈര്‍ഘ്യം: 121 മിനിറ്റ്
പോയ്ന്റ് ബ്ലാങ്ക് (2010) എന്ന ഫ്രഞ്ച് ചിത്രത്തിന്റെ റീമേക്കാണ് കാതരം കൊണ്ടാന്. കമല്‍ഹസന്റെ രാജ്കമല് ഫിലിം ഇന്റര്‍നാഷണലാണു ചിത്രം നിര്‍മിച്ചിരിക്കുന്നത്. കമല്‍ഹസനെ നായകനാക്കി തൂങ്കാവനം എന്ന ചിത്രം സംവിധാനം ചെയ്ത രാജേഷ് സെല്‍വ തന്നെയാണു കാതരം കൊണ്ടാനും സംവിധാനം ചെയ്തിരിക്കുന്നത്. ദ സ്ലീപ് ലെസ്നൈറ്റ് എന്ന ഫ്രഞ്ച് ചിത്രത്തിന്റെ റീമേക്കാണു തൂങ്കാവനം. അക്ഷര ഹസന് നടന് നാസറിന്റെ മകന് അഭി ഹസനും അരങ്ങേറ്റം കുറിച്ച ചിത്രമാണിത്. മലയാളി താരം ലെന ഈ ചിത്രത്തില്‍ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്.
മലേഷ്യയിലാണു കഥ നടക്കുന്നത്. ജൂനിയര്‍ ഡോക്ടറായ വാസു(അഭി ഹസന്), അയാളുടെ ഗര്‍ഭിണിയായ ഭാര്യ ആതിര(അക്ഷര ഹസന്) എന്നിവര്‍ അവരുടെ ആദ്യത്തെ കണ്മണിയെ പ്രതീക്ഷിച്ചിരിക്കുകയാണ്. നിഗൂഢതകളുള്ള വ്യക്തിയാണു കെ.കെ(വിക്രം). കെ.കെയെ പൊലീസും ക്രിമിനല്‍ സംഘങ്ങളും ഒരു പോലെ തേടി നടക്കുകയാണ്. അയാളെ വകവരുത്തുകയെന്നതാണ് പൊലീസിന്റെയും ക്രിമിനല്‍ സംഘങ്ങളുടെയും ലക്ഷ്യം. ഒരു ദിവസം റോഡപകടത്തില്‍ പരിക്കേറ്റ കെ.കെയെ അബോധാവസ്ഥയിലായ നിലയില്‍ ആശുപത്രിയിലെത്തിക്കുന്നു. വാസു ചികിത്സിച്ചു സുഖപ്പെടുത്തുന്നു. ഡ്യൂട്ടി കഴിഞ്ഞു വാസു വീട്ടിലെത്തുമ്പോള്‍ ആക്രമിക്കപ്പെടുകയാണ്.
വാസുവിന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോയതായും കാണപ്പെടുന്നു. അക്രമിയുടെ ആവശ്യം വാസു കെ.കെയെ ആശുപത്രിയില്‍നിന്നും അക്രമിയുടെ മുന്പിലെത്തിക്കണമെന്നാണ്. ഒരു പ്രമുഖന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്നു പൊലീസ് സംശയിക്കുന്ന വ്യക്തിയാണു കെ.കെ. തന്റെ ഭാര്യയെ രക്ഷപ്പെടുത്താന്‍ കെ.കെയുടെ സഹായം വേണമെന്നു വാസു മനസിലാക്കുന്നു. കെ.കെയും എതിരാളികളും തമ്മിലുള്ള യുദ്ധത്തില്‍ നിരപരാധിയായ ഡോക്ടറും അയാളുടെ ഗര്‍ഭിണിയായ ഭാര്യയും കുഴപ്പത്തിലകപ്പെടുന്നതാണു ചിത്രത്തിന്റെ ഇതിവൃത്തം. വാണിജ്യ സിനിമകളില്‍ കാണുന്നതു പോലുള്ള അനാവശ്യമായ ക്ലീഷേകളൊന്നുമില്ല ഈ ചിത്രത്തില്‍. കിറുകൃത്യമാണ് ഈ ചിത്രത്തിന്റെ ദൈര്‍ഘ്യം. 121 മിനിറ്റില്‍ കഥ ബോറടിപ്പിക്കാതെ പറയുന്നു. നിശബ്ദനായ കൊലയാളിയായിട്ടാണു വിക്രമെത്തുന്നത്. റൊമാന്സും, നീളമേറിയ ഡയലോഗും ഇല്ല. എന്നാല്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഫാന്‍ മൊമന്റ്സ് ധാരാളമുണ്ട് താനും. ഗമയോടു കൂടിയ, സ്റ്റൈലിഷായ പ്രകടനം വിക്രത്തിന്റെ താരപ്രഭാവത്തെ കൂടുതല്‍ തിളക്കമുള്ളതാക്കുന്നു. വിക്രത്തിന്റെ സ്ക്രീന്‍ പ്രസന്‍സ് തന്നെയാണ് ഈ ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. അഭി ഹസന്റെ ജൂനിയര്‍ ഡോക്ടറായുള്ള പ്രകടനം മതിപ്പുളവാക്കുന്നതാണ്. ജിബ്രാന്റെ പശ്ചാത്തല സംഗീതം ഈ ത്രില്ലര്‍ ചിത്രത്തിനു കൂടുതല്‍ ഹരം പകരുന്നുണ്ട്.
തോക്കും, വെടിവെപ്പും, ചേസിംഗുമൊക്കെയുള്ള ഒരു ആക്ഷന്‍ ചിത്രമെന്ന നിലയില്‍ കാതരം കൊണ്ടാന് ദൃശ്യ വിരുന്നാണ്. പക്ഷേ, കഥയിലേക്ക് വരുമ്പോഴാകട്ടെ, എഴുത്ത് ഫലപ്രദമാക്കാന്‍ അധിക ശ്രമം നടത്തിയിട്ടില്ലെന്നു ബോധ്യപ്പെടും. വിക്രമിന്റെ ആകര്‍ഷകമായ രൂപം മുതല്‍ അങ്ങേയറ്റം സ്റ്റൈലിഷായ ആക്ഷന്‍ രംഗങ്ങള്‍ വരെയായി, കാതരം കൊണ്ടാന് ഒരു ബാഹ്യശോഭയുള്ള ചിത്രമായി മാത്രമാണു കാണപ്പെടുന്നത്, അതില്‍ ആത്മാവില്ല. അവിസ്മരണീയ അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ചവയ്ക്കാനുള്ള അവസരം വിക്രമിന് ചിത്രത്തില്‍ ലഭിക്കുന്നില്ല.