ഹ്യുണ്ടായ് സാന്‍ട്രോ ലൈനപ്പ് പരിഷ്‌കരിച്ചു

ഹ്യുണ്ടായ് സാന്‍ട്രോ ലൈനപ്പ് പരിഷ്‌കരിച്ചു

ഡി-ലൈറ്റ്, എറ വേരിയന്റുകള്‍ക്ക് പകരം എറ എക്‌സിക്യൂട്ടീവ് ആണ് പുതിയ ബേസ് വേരിയന്റ്

ന്യൂഡെല്‍ഹി : ഹ്യുണ്ടായ് സാന്‍ട്രോയുടെ വേരിയന്റ് ലൈനപ്പ് ഔദ്യോഗികമായി പരിഷ്‌കരിച്ചു. നിലവിലെ ഡി-ലൈറ്റ്, എറ വേരിയന്റുകള്‍ക്ക് പകരം എറ എക്‌സിക്യൂട്ടീവ് ആണ് പുതിയ ബേസ് വേരിയന്റ്. എറ എക്‌സിക്യൂട്ടീവ്, മാഗ്ന, സ്‌പോര്‍ട്‌സ്, ആസ്റ്റ എന്നീ നാല് വേരിയന്റുകളില്‍ ഇനി ഹ്യുണ്ടായ് സാന്‍ട്രോ ലഭിക്കും. ഇതോടെ 4.15 ലക്ഷം രൂപ മുതലാണ് ഹ്യുണ്ടായ് സാന്‍ട്രോയുടെ വില ആരംഭിക്കുന്നത്.

ബോഡിയുടെ അതേ നിറത്തിലുള്ള ബംപറുകളും ഹബ് ക്യാപ്പുകളും, സ്റ്റാന്‍ഡേഡായി ഇളം തവിട്ടു നിറത്തിലും കറുപ്പിലുമുള്ള ഡുവല്‍ ടോണ്‍ ഇന്റീരിയര്‍ എന്നിവ എറ എക്‌സിക്യൂട്ടീവ് എന്ന പുതിയ ബേസ് വേരിയന്റിലെ ഫീച്ചറുകളാണ്. കൂടാതെ, ഇന്റീരിയറില്‍ ഷാംപെയ്ന്‍ ഗോള്‍ഡ് നിറത്തിലുള്ള അലങ്കാരം, റൂം ലാംപ്, ഒരു ലിറ്റര്‍ ബോട്ടില്‍ ഹോള്‍ഡറുകള്‍ സഹിതം മുന്നിലെയും പിന്നിലെയും ഡോറുകളില്‍ മാപ്പ് പോക്കറ്റുകള്‍ എന്നിവയും സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കുന്നു.

മാന്വല്‍ എസി, 6.35 സെമീ വലുപ്പമുള്ള എംഐഡി (മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ), പവര്‍ സ്റ്റിയറിംഗ്, മുന്നില്‍ പവര്‍ വിന്‍ഡോകള്‍ എന്നിവയും എറ എക്‌സിക്യൂട്ടീവ് വേരിയന്റ് സംബന്ധിച്ച സവിശേഷതകളാണ്. പിന്നില്‍ മടക്കാവുന്ന ബെഞ്ച് സീറ്റ്, ഫ്യൂവല്‍ ലിഡ്/ടെയ്ല്‍ഗേറ്റ് റിമോട്ട് ഓപ്പണിംഗ് എന്നിവയും സ്റ്റാന്‍ഡേഡായി നല്‍കുന്നു.

5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് സ്റ്റാന്‍ഡേഡായി നല്‍കുന്നത്. എന്നാല്‍ മാഗ്ന, സ്‌പോര്‍ട്‌സ് എന്നീ വേരിയന്റുകള്‍ക്ക് ഓപ്ഷണലായി എഎംടി ലഭിക്കും. എല്ലാ വേരിയന്റുകളുടെയും സിഎന്‍ജി ഓപ്ഷന്റെ കൂടെ മാന്വല്‍ ട്രാന്‍സ്മിഷന്‍ മാത്രമായിരിക്കും ലഭിക്കുന്നത്.

Comments

comments

Categories: Auto