സിഎഫ് മോട്ടോ ഇന്ത്യയില്‍; നാല് ബൈക്കുകള്‍ പുറത്തിറക്കി

സിഎഫ് മോട്ടോ ഇന്ത്യയില്‍; നാല് ബൈക്കുകള്‍ പുറത്തിറക്കി

300എന്‍കെ, 650എന്‍കെ, 650എംടി, 650ജിടി എന്നീ ബൈക്കുകളാണ് അവതരിപ്പിച്ചത്. യഥാക്രമം 2.29 ലക്ഷം, 3.99 ലക്ഷം, 4.99 ലക്ഷം, 5.49 ലക്ഷം എന്നിങ്ങനെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ചൈനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ സിഎഫ് മോട്ടോ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചു. നാല് മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കിയാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം നടത്തിയിരിക്കുന്നത്. 300എന്‍കെ, 650എന്‍കെ, 650എംടി, 650ജിടി എന്നീ നാല് ബൈക്കുകളാണ് വിപണിയില്‍ അവതരിപ്പിച്ചത്. യഥാക്രമം 2.29 ലക്ഷം, 3.99 ലക്ഷം, 4.99 ലക്ഷം, 5.49 ലക്ഷം എന്നിങ്ങനെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. പ്രാരംഭ വിലയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 5 ന് ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കും. ഒക്‌റ്റോബറില്‍ ഡെലിവറി ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഹൈദരാബാദ്, ബെംഗളൂരു, മുംബൈ, പുണെ, ചെന്നൈ എന്നിവിടങ്ങളിലാണ് തുടക്കത്തില്‍ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കുന്നത്.

ബെംഗളൂരു ആസ്ഥാനമായ എഎംഡബ്ല്യു മോട്ടോര്‍സൈക്കിള്‍സുമായി പങ്കാളിത്തം സ്ഥാപിച്ചാണ് സിഎഫ് മോട്ടോ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നതിനും സെയില്‍സ്, സര്‍വീസ് ശൃംഖല സ്ഥാപിക്കുന്നതിനുമാണ് എഎംഡബ്ല്യു മോട്ടോര്‍സൈക്കിള്‍സുമായി കൂട്ട് കൂടിയിരിക്കുന്നത്. ചൈനയില്‍നിന്ന് പാര്‍ട്‌സ് കിറ്റുകള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍വെച്ച് കൂട്ടിയോജിപ്പിച്ച് പൂര്‍ണ്ണ ബൈക്കുകള്‍ നിര്‍മ്മിക്കും (സികെഡി രീതി). ഹൈദരാബാദിന് സമീപത്തെ എഎംഡബ്ല്യു പ്ലാന്റിലാണ് ബൈക്കുകള്‍ അസംബിള്‍ ചെയ്യുന്നത്.

ഷാര്‍പ്പ് സ്റ്റൈലിംഗ്, ചെറിയ തോതിലുള്ള ബോഡിവര്‍ക്ക് എന്നിവയോടെയാണ് 300എന്‍കെ വരുന്നത്. ട്രെല്ലിസ് ഫ്രെയിമില്‍ നിര്‍മ്മിച്ചിരിക്കുന്നു. എല്‍ഇഡി ഹെഡ്‌ലാംപ്, ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വീതിയേറിയ ഹാന്‍ഡില്‍ബാര്‍ തുടങ്ങിയവ സവിശേഷതകളാണ്. 292 സിസി എന്‍ജിന്‍ 33 ബിഎച്ച്പി കരുത്തും 20.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു.

യുഎസ്ഡി ഫോര്‍ക്കുകള്‍, മോണോഷോക്ക് എന്നിവ സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കും. 17 ഇഞ്ച് അലോയ് വീലുകളിലാണ് സിഎഫ് മോട്ടോ 300എന്‍കെ വരുന്നത്. മുന്നില്‍ 110/70 ടയറും പിന്നില്‍ 140/60 ടയറും നല്‍കിയിരിക്കുന്നു. രണ്ട് ചക്രങ്ങളിലും ഡിസ്‌ക്ക് ബ്രേക്ക് നല്‍കി. ഡുവല്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറാണ്. 151 കിലോഗ്രാമാണ് കെര്‍ബ് വെയ്റ്റ്. എന്‍ജിന്‍ കരുത്തും വാഹനത്തിന്റെ ഭാരവും തമ്മിലുള്ള അനുപാതം മികച്ചതാണ്. കെടിഎം 250 ഡ്യൂക്ക്, യമഹ എഫ്ഇസഡ്25 തുടങ്ങിയവയാണ് ഇന്ത്യയിലെ എതിരാളികള്‍.

650 എന്‍കെ എന്ന സ്ട്രീറ്റ് ഫൈറ്റര്‍, 650 എംടി എന്ന അഡ്വഞ്ചര്‍ ടൂറര്‍, 650ജിടി എന്ന സ്‌പോര്‍ട്‌സ് ടൂറര്‍ എന്നീ മൂന്ന് ബൈക്കുകളും 649 സിസി, ഇരട്ട സിലിണ്ടര്‍ എന്‍ജിന്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഓരോ ബൈക്കിനും അനുസൃതമായി വ്യത്യസ്തമായ രീതിയില്‍ എന്‍ജിന്‍ ട്യൂണ്‍ ചെയ്തു. 650എന്‍കെ മോട്ടോര്‍സൈക്കിളില്‍ 60 ബിഎച്ച്പി കരുത്തും 56 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 650എംടി മോട്ടോര്‍സൈക്കിളിലെ എന്‍ജിന്‍ 69 ബിഎച്ച്പി കരുത്തും 62 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. വലിയ ഫെയറിംഗ് ലഭിച്ചതിനാല്‍ മോട്ടോര്‍സൈക്കിളിന്റെ കെര്‍ബ് വെയ്റ്റ് 213 കിലോഗ്രാമാണ്. 650എന്‍കെ മോട്ടോര്‍സൈക്കിളിനേക്കാള്‍ 7 കിലോഗ്രാം കൂടുതല്‍. അതേസമയം, 650ജിടി മോട്ടോര്‍സൈക്കിളിലെ അതേ ഇരട്ട സിലിണ്ടര്‍ എന്‍ജിന്‍ 60 ബിഎച്ച്പി കരുത്തും 58.5 എന്‍എം ടോര്‍ക്കും പുറത്തെടുക്കും.

മൂന്ന് ബൈക്കുകളിലും നല്‍കിയിരിക്കുന്നത് 6 സ്പീഡ് ട്രാന്‍സ്മിഷനാണ്. മുന്നില്‍ ഇരട്ട ഡിസ്‌ക്കുകളും പിന്നില്‍ ഒരു ഡിസ്‌ക്കും ബ്രേക്കിംഗ് ജോലി നിര്‍വ്വഹിക്കും. ഡുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറാണ്. മൂന്ന് ബൈക്കുകളിലെയും സസ്‌പെന്‍ഷന്‍ സംവിധാനം വ്യത്യസ്തമാണ്. 650ജിടി, 650എന്‍കെ മോട്ടോര്‍സൈക്കിളുകള്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും മോണോഷോക്കും ഉപയോഗിക്കുമ്പോള്‍ യുഎസ്ഡി (അപ്‌സൈഡ് ഡൗണ്‍) ഫോര്‍ക്കുകളും മോണോഷോക്കുമാണ് 650എംടി മോട്ടോര്‍സൈക്കിളില്‍ നല്‍കിയിരിക്കുന്നത്.

Categories: Auto
Tags: CF Moto