ബ്രാന്‍ഡിംഗ് എന്ന മാസ്റ്റര്‍ സ്‌റ്റ്രോക്

ബ്രാന്‍ഡിംഗ് എന്ന മാസ്റ്റര്‍ സ്‌റ്റ്രോക്

സംരംഭകരംഗത്ത് ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന ഒരു വാക്കാണ് ബ്രാന്‍ഡിംഗ് എന്നത്. സംരംഭം ചെറുതോ വലുതോ ആവട്ടെ, അത് സാമ്പത്തികമായി വിജയിക്കണമെങ്കില്‍ ശക്തമായ ബ്രാന്‍ഡ് അടിത്തറ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പലപ്പോഴും ബ്രാന്‍ഡിംഗിന്റെ ആവശ്യകത പൂര്‍ണമായ രീതിയില്‍ മനസിലാക്കാന്‍ സംരംഭകര്‍ക്ക് കഴിയുന്നില്ല. അതുമല്ലെങ്കില്‍ മാര്‍ക്കട്ടിംഗിന്റെയും അഡ്വെര്‍ടൈസിംഗിന്റേയും ആകെത്തുകയായി ബ്രാന്‍ഡിംഗ് വിലയിരുത്തപ്പെടുന്നു. എന്നാല്‍ സംരംഭകത്വത്തോട് യദാര്‍ത്ഥ പാഷനുളള വ്യക്തികളാവട്ടെ ബ്രാന്‍ഡിംഗ് എന്ന ആശയത്തിന് പ്രത്യേക ശ്രദ്ധ നല്‍കി പ്രവര്‍ത്തിക്കുകയും തങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും കൃത്യമായി ഉപഭോക്താക്കളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ‘ബ്രാന്‍ഡ്’ എന്ന വാക്കും അതില്‍ നിന്നും ഉത്ഭവിച്ച ‘ബ്രാന്‍ഡിംഗ്’, ‘ബ്രാന്‍ഡ് വാല്യു’ എന്നെ പാദങ്ങളും ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യപ്പെടേണ്ടവയാണ്.ബ്രാന്‍ഡിംഗ് വന്‍കിടക്കാര്‍ക്ക് പറ്റുന്ന കാര്യമല്ലേ. നമുക്കെന്തിനാ അത്, എന്ന മുടന്തന്‍ ചിന്താഗതി മാറ്റിയാല്‍ ഏതൊരു ചെറുകിട സംരംഭത്തിനും വിപണിയിലെ താരമാകാന്‍ കഴിയും. ഒരു ഉല്‍പ്പന്നത്തെ തിരിച്ചറിയുന്നതിനുള്ള വ്യത്യസ്തമായൊരു പേര് അല്ലെങ്കില്‍ ട്രേഡ് മാര്‍ക്ക് എന്നതാണ് ‘ബ്രാന്‍ഡ്’ എന്ന പദം കൊണ്ട് യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നത്.ബ്രാന്‍ഡിനെ വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്‌കരിച്ച് ജനങ്ങളിലേക്കെത്തിക്കുന്ന രീതിയാണ് ബ്രാന്‍ഡിംഗ്. സമൂഹം വളര്‍ന്നില്ലെങ്കില്‍ ബ്രാന്‍ഡും തളരും. അതിനാല്‍ സാമൂഹികമായ മാറ്റങ്ങളും അഭിരുചികളും മനസിലാക്കിവേണം ബ്രാന്‍ഡിംഗ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍

ഒരു മനുഷ്യന്റെ സൗന്ദര്യത്തെ വിലയിരുത്തുമ്പോള്‍ പഴമക്കാര്‍ പറയാറുള്ളത് ‘പാദം നന്നായാല്‍ പാതി നന്നായി’ എന്നാണ്. പാടത്തിന്റെ വൃത്തിയില്‍ നിന്നും മനസിലാക്കാം ഒരു വ്യക്തിയുടെ ജീവിതത്തിന്റെ അടക്കും ചിട്ടയും എല്ലാം. ബിസിനസിലേക്ക് വരുമ്പോള്‍ പാദത്തിന്റെ ഈ റോള്‍ ബ്രാന്‍ഡിനാണ്. ബ്രാന്‍ഡ് നന്നായാല്‍ ബിസിനസിന്റെ പാതി നന്നായി. ബ്രാന്‍ഡ് ഒരു സ്ഥാപനത്തിന്റെ അടിത്തറയാണ്. അതിനാല്‍ പുതുതായി സംരംഭകനാകാനാഗ്രഹിക്കുന്ന ഒരു വ്യക്തി ആദ്യമായി ചെയ്യേണ്ടത് മികച്ച ഒരു ബ്രാന്‍ഡ് ഇമേജ് വളര്‍ത്തിയെടുക്കുക എന്നതാണ്. കാരണം നാം ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നമോ നല്‍കുന്ന സേവനമോ എത്ര മികച്ചതും ആയിക്കോട്ടെ, എന്നാല്‍ എന്താണ് നാം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത് എന്ന് അവര്‍ക്ക് മുന്‍കൂട്ടി അറിയാന്‍ സാധിക്കണം. ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചശേഷം ഉപഭോക്താക്കള്‍ നേരിട്ട് വിലയിരുത്തട്ടെ എന്നാണു വിചാരമെങ്കില്‍ അതൊരു പഴഞ്ചന്‍ ചിന്താഗതിയാണെന്നു മനസിലാക്കുക. മത്സരാധിഷിടിതമായ ഈ ലോകത്ത് നാം വിപണിയില്‍ എത്തിക്കുന്ന ഉല്‍പ്പന്നം എത്രമാത്രം മികച്ചതാണെന്നും സമാനമായ ഉല്‍പ്പന്നങ്ങളില്‍ നിന്നും അത് എങ്ങനെ വ്യത്യസ്തമാകുന്നുവെന്നും സാമ്പത്തികമായി നല്‍കുന്ന നേട്ടം എന്തെന്നും മുന്‍കൂട്ടി ഉപഭോക്താക്കള്‍ക്ക് മനസ്സിലാകണം. ഇതിനാണ് ബ്രാന്‍ഡിംഗ് രീതികള്‍ സഹായിക്കും. കേവലമൊരു പേരോ ലോഗോയോ മാത്രമല്ല ബ്രാന്‍ഡിംഗ് എന്നത്‌കൊണ്ട് ഉദ്ദേശിക്കുന്നത്. മികച്ച ഒരു ബ്രാന്‍ഡ് വളര്‍ത്തിയെടുക്കണമെങ്കില്‍ ആദ്യം ബ്രാന്‍ഡിംഗ് എന്ന ആശയത്തെ അടുത്തറിയണം.

എന്താണ് ബ്രാന്‍ഡിംഗ് ?

ബി ഫോര്‍ ബ്രാന്‍ഡിംഗ്, ബ്രാന്‍ഡിംഗ് ഫോര്‍ ബിസിനസ് എന്നതാകണം ഒരു സംരംഭകന്റെ ചിന്താഗതി. ഇടപാടുകാര്‍ക്ക് കമ്പനി നല്‍കുന്ന ഉറപ്പാണ് ലളിതമായ ഭാഷയില്‍ ബ്രാന്‍ഡ്. നിങ്ങളുടെ ഉല്‍പ്പന്നം/സേവനം ഉപഭോക്താവിന് എന്ത് നല്‍കും. സമാനമായ മറ്റുള്ളവയില്‍ നിന്ന് എങ്ങനെ വേറിട്ട് നില്‍ക്കുന്നു. എന്നിവയെല്ലാം ബ്രാന്‍ഡ് വ്യക്തമാക്കുന്നു. പായ്‌ക്കേജിംഗ് മുതല്‍ ഇടപാടുകാരുമായുള്ള ഫോണ്‍ സംഭാഷണം വരെയുള്ള എല്ലാം ബ്രാന്‍ഡിംഗില്‍ ഉള്‍പ്പെടും.പരസ്യമല്ല ബ്രാന്‍ഡിംഗ് എന്ന തിരിച്ചറിവിലേക്ക് നാം എത്തുക എന്നതാണ് പരമപ്രധാനം. പരസ്യം നല്‍കുക എന്നത് ബ്രാന്‍ഡിംഗിന്റെ ഒരു ഭാഗം മാത്രമാണ്. വിപണിയില്‍ സമാന സ്വഭാവത്തിലുള്ള മറ്റ് കമ്പനികളുടെ ഉല്‍പ്പന്നം/ സേവനം എന്നിവയില്‍ നിന്നും നിങ്ങളുടെ ഉല്‍പ്പന്നം എങ്ങനെ വേറിട്ട് നില്‍ക്കുന്നു എന്നും അത് ഉപഭോക്താവിന് എത്രമാത്രം ഗുണകരമാണെന്നും മനസ്സിലാക്കിക്കൊടുക്കാന്‍ ബ്രാന്‍ഡിംഗ് കൊണ്ട് സാധിക്കണം. ഉല്‍പ്പന്നങ്ങളുടേയും സേവനങ്ങളുടെയും സ്വഭാവ സവിശേഷതകളും മൂല്യങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ബ്രാന്‍ഡിംഗ് കൊണ്ട് സാധിക്കണം. ഇന്‍ഫഌവന്‍സര്‍ മാര്‍ക്കറ്റിംഗിന്റെ ഭാഗമായി പല ബ്രാന്‍ഡുകളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സെലിബ്രിറ്റികളെ തേടാറുണ്ട്. എന്നാല്‍ ഇതെല്ലം തന്നെ തുടക്കത്തിലേ ചെയ്യേണ്ട കാര്യമില്ല. ഉപഭോക്തൃ ശൃംഖല എങ്ങനെ വളരുന്നു എന്നതിനെ ആസ്പദമാക്കിയാണ് ബ്രാന്‍ഡിംഗ് തന്ത്രങ്ങളും വിപുലീകരിക്കേണ്ടത്.

എത്രമാത്രം ഉപഭോക്തൃ കേന്ദ്രീകൃതമാണ് ?

ബ്രാന്‍ഡിംഗില്‍ ഏറ്റവും കൂടുതലായി ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുടെ ബ്രാന്‍ഡ് എത്രമാത്രം ഉപഭോക്തൃ കേന്ദ്രീകൃതമാണ് എന്നതാണ്. പരസ്യങ്ങളെക്കാള്‍ ഏറെയായി ഒരു ബ്രാന്‍ഡിനെ വളര്‍ത്താന്‍ ഉപഭോക്താക്കളുടെ നല്ല അഭിപ്രായങ്ങള്‍ക്ക് സാധിക്കുന്നു. ഓറല്‍ പബ്ലിസിറ്റി ഇനത്തില്‍പെട്ട ഈ ബ്രാന്‍ഡിംഗ് തന്ത്രമാണ് ഒരു ബ്രാന്‍ഡിനെ ശാശ്വതമാക്കുന്നത്. അതിനാല്‍ ബ്രാന്‍ഡിംഗ് പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ അത് ജനങ്ങളിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്ന രീതിയില്‍ ആവിഷ്‌കരിക്കുക. നിങ്ങളുടെ ബ്രാന്‍ഡിന്റെ മിഷന്‍ സ്റ്റേറ്റ്‌മെന്റ് എന്താണ്? എന്ത് മൂല്യമാണ് നിങ്ങളുടെ ബ്രാന്‍ഡ് നല്‍കുന്നത്. അത് വ്യക്തമായി ജനങ്ങളിലേക്ക് എത്തിക്കുകയും നടപ്പിലാക്കുകയും ചെയ്യുക. ബ്രാന്‍ഡിന്റെ വ്യക്തിത്വം നിര്‍വചിക്കുക എന്നതും ഏറെ അനിവാര്യമായ കാര്യമാണ്. ഉപഭോക്താക്കള്‍ നിങ്ങളുടെ ബ്രാന്‍ഡിനെപ്പറ്റി എന്ത് ചിന്തിക്കുന്നു എന്നതാണ് ഇതില്‍ പ്രധാനം. ബ്രാന്‍ഡ് ഒരു വ്യക്തിയാണെന്ന് കരുതുക. ആ വ്യക്തിയുടെ സ്വഭാവ സവിശേഷതകള്‍ തീരുമാനിക്കും പോലെ ബ്രാന്‍ഡിനെയും രൂപകല്‍പ്പന ചെയ്യുക.ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ആ ഉല്‍പ്പന്നം എന്ന ബോധ്യമുണ്ടാകണം. ഉദാഹണമായി പറഞ്ഞാല്‍ തലവേദനക്കുള്ള വിക്‌സ് ഒരു ഉല്‍പ്പന്നത്തിന്റെ പേരാണ്. അല്ലാതെ വിക്‌സ് എന്നത് ഒരു ജനറിക് നെയിം അല്ല. എന്നാല്‍ കാലാന്തരത്തില്‍ വിക്‌സ് എന്നത് ഉപഭോക്താക്കള്‍ക്കിടയില്‍ ഒരു ജനറിക് നെയിമായി മാറി. ഇത് ആ ഉല്‍പ്പന്നത്തിന്റെ ബ്രാന്‍ഡിംഗ് വിജയമാണ്. ഇതുപോലെ ഒട്ടനവധി ഉല്‍പ്പന്നങ്ങള്‍ വേറെയുമുണ്ട്.

ലോഗോയും പേരുമല്ല ബ്രാന്‍ഡ്

ബ്രാന്‍ഡിനെ നിര്‍വചിക്കുമ്പോള്‍ പലപ്പോഴും വരുന്ന അബദ്ധമാണ് ലോഗോയും പേരും ചേര്‍ന്നാല്‍ ബ്രാന്‍ഡ് ആയി എന്ന് നിര്‍വചിക്കപ്പെടുന്നത്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റായ ഒരു ധാരണയാണ്.നിങ്ങളുടെ ബ്രാന്‍ഡിനെ വിപണിയില്‍ സവിശേഷമായി നിലനിര്‍ത്താന്‍ മാറ്റ് ചില ഘടകങ്ങള്‍ കൂടി അനിവാര്യമാണ്. കോളിറ്റി, പൊസിഷനിംഗ്, റീപൊസിഷനിംഗ്, ബാലന്‍സ്ഡ് കമ്മ്യൂണിക്കേഷന്‍, ഇന്റേണല്‍ മാര്‍ക്കറ്റിംഗ്, അഡ്വെര്‍ടൈസിംഗ് തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഒത്തു ചേര്‍ന്നാല്‍ മാത്രമേ ഒരു ബ്രാന്‍ഡ് പൂര്‍ണമാകുകയുള്ളൂ. ഗുണനിലവാരത്തില്‍ വീഴ്ചപറ്റിയാല്‍ ആളുകള്‍ വിപണിയിലെ സമാനമായ ഉല്‍പ്പന്നങ്ങള്‍ തേടി പോകും. അതിനാല്‍ ബ്രാന്‍ഡിംഗില്‍ എന്നും മുന്‍ഗണന ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുക എന്നതിനായിരിക്കണം. അത് പോലെ തന്നെ പ്രധാനമാണ് ബ്രാന്‍ഡിനെ എവിടെ പൊസിഷന്‍ ചെയ്യുന്നു എന്നത്. വിപണി നന്നായി പഠിച്ചശേഷം മാത്രം ചെയ്യേണ്ട കാര്യമാണിത്. ഉപഭോക്താക്കള്‍, അവരുടെ പ്രായപരിധി, പര്‍ച്ചേസിംഗ് പവര്‍ എന്നിവ ഈ ഘട്ടത്തില്‍ വിലയിരുത്തണം. ഏതെല്ലാം ഔട്ട് ലെറ്റുകള്‍ മുഖാന്തിരം ഉല്‍പ്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തണം എന്നതും പ്രധാനമാണ്.

ബ്രാന്‍ഡ് എന്താണ് ഉദ്ദേശിക്കുന്നത് എന്നത് കൃത്യമായി ഉപഭോക്താക്കളിലേക്ക് സംവേദനം ചെയ്യപ്പെടണം. ആശയവിനിമയത്തില്‍ വരുന്ന പാളിച്ചകള്‍ ബ്രാന്‍ഡിന്റെ മൂല്യത്തെ ബാധിക്കും. പായ്‌ക്കേജിംഗ് മുതല്‍ ജീവനക്കാരും സപ്ലയര്‍മാരുമായുള്ള ഇടപെടല്‍ വരെയുള്ള കാര്യങ്ങള്‍ അതീവ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്‍. ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും രീതിയിലുള്ള മോശപ്പെട്ട അനുഭവം ഉണ്ടാകുകയാണെങ്കില്‍ താമസം കൂടാതെ അത് പരിഹരിക്കുവാന്‍ കഴിയണം, അതിനു പ്രാപ്തമായ കസ്റ്റമര്‍ കെയര്‍ വിഭാഗത്തെ വികസിപ്പിച്ചെടുക്കുക എന്നതും ബ്രാന്‍ഡിംഗിന്റെ ഭാഗമാണ്. വില്‍പ്പനക്ക് എത്തിക്കുന്ന ഉല്‍പ്പന്നം ചെറുതോ വലുതോ ആകട്ടെ, ഉപഭോക്താക്കള്‍ ചെലവിടുന്ന പണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ബ്രാന്‍ഡ് ഏറ്റെടുക്കണം. മറ്റുളളവര്‍ക്ക് ഒരിക്കലും പകര്‍ത്താന്‍ സാധിക്കാത്ത, എന്നാല്‍ നിരവധിയാളുകള്‍ മാതൃകയാക്കും വിധമായിരിക്കണം ബ്രാന്‍ഡിനെ പൊസിഷന്‍ ചെയ്യേണ്ടത്.

അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ് , നാമകരണം, ലോഗോ ഡിസൈനിംഗ് എന്നിവ ബ്രാന്‍ഡിന്റെ ഭാഗമായി തന്നെ മുന്നോട്ട് കൊണ്ട് പോകേണ്ട കാര്യങ്ങളാണ്. ലോഗോ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒന്നാകണം. ‘ബ്രാന്‍ഡിംഗ്’ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു ‘ബ്രാന്‍ഡിന്റെ’ ഇന്‍ട്രിന്‍സിക് വാല്യു അഥവാ അതിന്റെ ‘ബ്രാന്‍ഡ് വാല്യു’ വര്‍ധിപ്പിക്കുന്നതിനു കാരണമാകുന്നു.

സമൂഹമാധ്യമങ്ങളിലെ സാന്നിധ്യം

ബ്രാന്‍ഡിങ്ങിനെപ്പറ്റി ചിന്തിക്കുമ്പോള്‍ തൊഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് സമൂഹമാധ്യമങ്ങളിലെ സാന്നിധ്യം. ഇന്ന് ഒരു ബ്രാന്‍ഡിനെ വളര്‍ത്താനും തളര്‍ത്താനും സമൂഹമാധ്യമങ്ങള്‍ക്ക് കഴിയും. അതിനാല്‍ ഉപഭോക്താക്കള്‍ സമൂഹമാധ്യമങ്ങളിടുന്ന പ്രോഡക്റ്റ് റിവ്യൂകള്‍ ഏറെ ശ്രദ്ധിക്കേണ്ടതാണ്. സമൂഹമാധ്യമങ്ങളില്‍ മികച്ച ഒരു ഇമേജ് ഉണ്ടാക്കിയെടുക്കാനും ഉപഭോക്താക്കളോട് അടുത്തു നില്‍ക്കുന്ന ബ്രാന്‍ഡാണ് എന്ന തോന്നണത് ഉണ്ടാക്കാനും കഴിഞ്ഞാല്‍ അത് പ്രത്യക്ഷത്തിലും പരോക്ഷത്തിലും ബ്രാന്‍ഡ് വളര്‍ച്ചയെ ത്വരിതപ്പെടുത്തും. ഡിജിറ്റല്‍ ലോകത്ത് നിങ്ങളുടെ പ്രതിച്ഛായ എന്താണ് എന്ന് ഇടയ്ക്കിടെ വിലയിരുത്തേണ്ടത് അനിവാര്യമാണ്. സോഷ്യല്‍ മീഡിയ ആക്ടിവിറ്റികള്‍ നമ്മുടെ വ്യക്തിത്വത്തിന്റെ കണ്ണാടിയാണ്. അതിനാല്‍ നമ്മുടെ പ്രവര്‍ത്തങ്ങള്‍ സുതാര്യമാക്കി വക്കുക. സിഎസ്ആര്‍ പദ്ധതികള്‍ക്ക് അനിവാര്യമായ പ്രാധാന്യം നല്‍കുന്നത് ബ്രാന്‍ഡിന്റെ വളര്‍ച്ചക്ക് സഹായിക്കും.

സംരംഭകന്‍ സ്വയമൊരു ബ്രാന്‍ഡായി മാറുക

ബ്രാന്‍ഡിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ബ്രാന്‍ഡ് ഉടമയുടെ ഇമേജ് വര്‍ധിപ്പിക്കുക എന്നതും ബ്രാന്‍ഡ് ഉടമ സ്വയമൊരു ബ്രാന്‍ഡായി മാറാന്‍ ശ്രമിക്കുക. ഇതിന്റെ ഏറ്റവും കൂടുതല്‍ സഹ്‌റയ്ക്കുക സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമാണ്. സമൂഹത്തോട് അടുത്ത നില്‍ക്കുകയും ആവശ്യമായ കാര്യങ്ങളില്‍ പ്രതികരണം രേഖപ്പെടുത്തുകയും ചെയ്യണം. എന്നാല്‍ സമൂഹം ഒന്നടങ്കം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ വികാരപരമായി പ്രതികരിക്കുക എന്നത് സ്വയം ഒരു ബ്രാന്‍ഡ് ആയി മാറാന്‍ ശ്രമിക്കുന്ന സംരംഭകനെ സംബന്ധിച്ചിടത്തോളം നല്ല കാര്യമല്ല. കാരണം ഉപഭോക്താക്കള്‍ പല സ്വഭാവത്തില്‍പ്പെട്ട , പല കാഴ്ചപ്പാടുകള്‍ ഉള്ള വ്യക്തികള്‍ ആയിരിക്കും. അതിനാല്‍ ഏകപക്ഷീയമായ അഭിപ്രായങ്ങള്‍ ദോഷം ചെയ്യും. മ്പനിയെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ എഴുതുക, സാമൂഹ്യ പ്രാധാന്യമുള്ള പരിപാടികളുടെ ഭാഗമാക്കുക,കോണ്‍ഫറന്‍സുകള്‍, നെറ്റ്വര്‍ക്കിംഗ് സാധ്യമാകുന്ന പൊതു ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ പേഴ്‌സണല്‍ ബ്രാന്‍ഡ് ഇമേജ് വളര്‍ത്തിയെടുക്കാം .

Categories: FK Special, Slider