എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനയും പുതിയ സമിതിയും

എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനയും പുതിയ സമിതിയും

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള മന്ത്രിസഭാ സമിതിയുടെ ചെയര്‍മാനായി അമിത് ഷായെ നിയമിച്ചിരിക്കുന്നതായാണ് വാര്‍ത്ത. മോദി 1.0 കാലത്ത് നടക്കാതെ പോയ ഓഹരിവില്‍പ്പന ഇത്തവണ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാരിന് സാധിക്കണം

കടത്തില്‍ മുങ്ങിയ ദേശീയ വിമാനകമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പന നടപ്പാക്കാന്‍ ആദ്യ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലയളവില്‍ പരമാവധി ശ്രമം നടത്തിയതാണ്. എന്നാല്‍ ഓഹരി ഉടമസ്ഥാവകാശ ഘടനയിലെ ചില പ്രശ്‌നങ്ങളും സര്‍ക്കാരിന്റെ കടുംപിടുത്തവും കാരണം വില്‍പ്പന നടന്നില്ല. എയര്‍ ഇന്ത്യയെ നിലനിര്‍ത്താന്‍ ഏക പോംവഴിയായി സര്‍ക്കാര്‍ കണ്ടത് സ്വകാര്യ സംരംഭകര്‍ക്ക് കമ്പനിയുടെ ഓഹരികള്‍ വില്‍ക്കുക എന്നതായിരുന്നു.

ഭരണനിര്‍വണത്തിലെയും നയങ്ങളിലെയും പാളിച്ചകള്‍ കാരണമാണ് എയര്‍ ഇന്ത്യ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. 2018ലാണ് എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ താല്‍പ്പര്യമുള്ള കമ്പനികളോട് ബിഡ് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ പറഞ്ഞത്. 76 ശതമാനം വരുന്ന സര്‍ക്കാര്‍ ഓഹരികളും മാനേജ്‌മെന്റ് നിയന്ത്രണവും സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്ന തരത്തിലുള്ളതായിരുന്നു കരാറിന്റെ ഘടന. എന്നാല്‍ പൊതുമേഖല വിമാന കമ്പനിയെ ഏറ്റെടുക്കുന്നതിന് ഒരു സ്വകാര്യ കമ്പനിയും താല്‍പ്പര്യപത്രം നല്‍കിയില്ല. 24 ശതമാനം ഓഹരി സര്‍ക്കാരിന്റെ പക്കല്‍ തന്നെയായതിനാല്‍ അനാവശ്യമായ ഇടപെടല്‍ ഉണ്ടാകുമോയെന്നായിരുന്നു പല സ്വകാര്യ ഗ്രൂപ്പുകളുടെയും ആശങ്ക. ഇതിനോടൊപ്പം കടത്തിന്റെ കണക്കുകളും കമ്പനികളെ അകറ്റി.

ടാറ്റ എയര്‍ലൈന്‍ എന്ന പേരില്‍ 1932ലാണ് ജെ ആര്‍ ഡി ടാറ്റ എയര്‍ ഇന്ത്യയുടെ ആദ്യ രൂപത്തിന് തുടക്കമിട്ടത്. സര്‍ക്കാരിന്റെ കൂടി പങ്കാളിത്തത്തോടെ 1948ലാണ് കമ്പനിയുടെ പേര് എയര്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ എന്നാക്കി മാറ്റിയത്. 1953ല്‍ ഏവിയേഷന്‍ ബിസിനസ് ദേശസാല്‍ക്കരിക്കാന്‍ തീരുമാനിച്ചതോടെയാണ് എയര്‍ ഇന്ത്യ ടാറ്റയ്ക്ക് നഷ്ടമായത്. അതുകൊണ്ടുതന്നെ എയര്‍ ഇന്ത്യയെ വീണ്ടും സ്വകാര്യവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ടാറ്റ അതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന്റെ ഭാഗമായി ടാറ്റ സണ്‍സ് ചെയര്‍മാന്‍ സര്‍ക്കാരിലെ ഉന്നതരുമായി ചര്‍ച്ചകള്‍ നടത്തിയതായും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ബിഡ് സമര്‍പ്പിക്കാന്‍ ടാറ്റയും തയാറായില്ല, അതിനുകാരണം 24 ശതമാനം ഓഹരി സര്‍ക്കാര്‍ കൈവശം വെക്കുമെന്ന നിബന്ധനയാണെന്നാണ് വിലയിരുത്തപ്പെട്ടത്.

എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനരീതികളില്‍ അടിസ്ഥാനപരമായ മാറ്റം വേണമെങ്കില്‍ അതിന് പൂര്‍ണനിയന്ത്രണം വേണമെന്നാണ് പല കോര്‍പ്പറേറ്റുകളും നിലപാടെടുത്തത്. സര്‍ക്കാരിന്റെ സഹഉടമസ്ഥത കമ്പനിയുടെ ഉയിര്‍ത്തെഴുനേല്‍പ്പിന് തടസമാകുമെന്നും അവര്‍ കരുതി. അതിനെ കുറ്റപ്പെടുത്താനും സാധിക്കില്ല.

ഇത്തവണ സര്‍ക്കാര്‍ ആലോചിക്കുന്നത് എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വില്‍ക്കാനാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2019 ഡിസംബറിന് മുമ്പ് വില്‍പ്പന പൂര്‍ത്തിയാക്കുകയെന്ന ഉദ്ദേശ്യത്തിലാണ് നടപടിക്രമങ്ങള്‍. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ കമ്പനിയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനുള്ള കേന്ദ്ര മന്ത്രിസഭാ സമിതി പുന:സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്ര റോഡ് ഗതാഗത വകുപ്പ് കൈയാളുന്ന, കഴിഞ്ഞ നരേന്ദ്ര മോദി മന്ത്രിസഭയിലെ ഏറ്റവും പ്രകടനമികവുള്ള മന്ത്രിയെന്ന് പേരുകേട്ട നിതിന്‍ ഗഡ്ക്കരിയെ സമിതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷായാണ് സമിതിയുടെ പുതിയ ചെയര്‍മാന്‍. ധനമന്ത്രി നിര്‍മല സീതാരാമനും റെയ്ല്‍വേ മന്ത്രി പീയുഷ് ഗോയലും വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും സമിതിയില്‍ അംഗങ്ങളാണ്. 2017 ജൂണിലാണ് എയര്‍ ഇന്ത്യ സ്‌പെസിഫിക് ഓള്‍ട്ടര്‍നെറ്റിവ് മെക്കാനിസം എന്ന പേരില്‍ വില്‍പ്പന നടപടിക്രമങ്ങള്‍ സുഗമമാക്കാന്‍ സര്‍ക്കാര്‍ സമിതി രൂപീകരിച്ചത്. ഗഡ്ക്കരിയെ ഇപ്പോള്‍ സമിതിയില്‍ നിന്ന് ഒഴിവാക്കിയത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ടെങ്കിലും ഷായെ അധ്യക്ഷനാക്കിയതിലൂടെ വില്‍പ്പന വേഗത്തില്‍ നടന്നേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Categories: Editorial, Slider