ആധാര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാന്‍ തെര. കമ്മീഷന്‍

ആധാര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാന്‍ തെര. കമ്മീഷന്‍
  • വോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിച്ചാല്‍ കള്ളവോട്ടും വ്യാജവോട്ടും തടയാനാവും
  • ആധാര്‍ നിയമത്തിലെ ഭേദഗതികള്‍ ലിങ്കിംഗിനെ ബാധിക്കുമോയെന്ന് പരിശോധിക്കുന്നു
  • ഡെല്‍ഹി ഹൈക്കോടതിയെ അന്തിമ തീരുമാനം കമ്മീഷന്‍ വൈകാതെ അറിയിക്കും

ന്യൂഡെല്‍ഹി: ആധാര്‍ കാര്‍ഡുകള്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കണമോ എന്ന വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ തന്നെ അന്തിമ തീരുമാനമെടുക്കും. നിയമാനുസരണം രണ്ട് കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിക്കുന്നതിന്റെ സ്വീകാര്യത സംബന്ധിച്ച് എട്ടാഴ്ച്ചയ്ക്കുള്ളില്‍ പ്രതികരണമറിയിക്കാന്‍ ഡെല്‍ഹി ഹൈക്കോടതി കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. കള്ളവോട്ടുകളും വ്യാജ വോട്ടുകളും തടയാന്‍ ബയോമെട്രിക് രേഖകളുള്‍പ്പെടുത്തിയ ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡി കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. കോടതിയില്‍ ഇക്കാര്യം തന്നെ ശക്തിയുക്തം അവതരിപ്പിക്കാനാവും കമ്മീഷന്‍ ശ്രമിക്കുക.

അതേസമയം അടുത്തിടെ ആധാര്‍ നിയമത്തില്‍ കൊണ്ടുവന്ന ഭേഗദതികള്‍ ഈ ബന്ധിപ്പിക്കലിന് എന്തെങ്കിലും നിയമപരമായ തടസങ്ങള്‍ സൃഷ്ടിക്കുന്നുണ്ടോയെന്നും കമ്മീഷന്‍ പരിശോധിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമവിഭാഗമാണ് വിഷയം വിശകലനം ചെയ്യുന്നത്. പ്രസ്തുത വിഷയത്തില്‍ ഈ വര്‍ഷമാദ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിയായ ജസ്റ്റിസ് വിക്രംജീത് സെന്നിന്റെ അഭിപ്രായം തേടിയിരുന്നു. ആധാര്‍-വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കേണ്ടതാണെന്നും സാമൂഹ്യ വിരുദ്ധര്‍ ഒന്നിലധികം വോട്ടുകള്‍ രേഖപ്പെടുത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നത് തടയാന്‍ ഇത് സഹായിക്കുമെന്നുമാണ് സെന്‍ ശുപാര്‍ശ നല്‍കിയത്.

പാന്‍കാര്‍ഡ്, ആദായ നികുതി സമര്‍പ്പിക്കല്‍, ക്ഷേമ പദ്ധതികള്‍ എന്നിവയ്ക്ക് മാത്രമെ ആധാര്‍ നിര്‍ബന്ധമാക്കാന്‍ കഴിയുകയുള്ളെന്ന് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനുശേഷമാണ് ആധാര്‍-വോട്ടര്‍ ഐഡി ലിങ്കിംഗ് നിര്‍ബന്ധമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഊര്‍ജിതമായി ശ്രമമാരംഭിച്ചത്. ക്രമകേടുകളില്ലാത്തതും സുതാര്യവുമായ തെരഞ്ഞെടുപ്പ് സാധ്യമാക്കുന്നതിനായി 2015 ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍, നാഷണല്‍ ഇലക്ട്രല്‍ റോള്‍ പ്യൂരിഫിക്കേഷന്‍ ആന്‍ഡ് ഓതന്റിഫിക്കേഷന്‍ പ്രോഗ്രാമിന്റെ (എന്‍ഇആര്‍പിഎപി) ഭാഗമായി ആധാര്‍-വോട്ടര്‍ ഐഡികള്‍ തമ്മില്‍ സ്വമേധയാ ബന്ധിപ്പിക്കാനുള്ള പരിപാടി ആരംഭിച്ചിരുന്നു. എന്നാല്‍ ആധാറിലെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വിവാദങ്ങളുയരുകയും പ്രശ്‌നം സുപ്രീ കോടതിയിലെത്തുകയും ചെയ്തതോടെ ഈ പദ്ധതി നിര്‍ത്തിവെച്ചു. അപ്പേഴോക്കും ഏകദേശം 38 കോടി സമ്മതിദായകരുടെ ആധാര്‍ നമ്പറുകള്‍, വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിച്ചു കഴിഞ്ഞിരുന്നു.

പ്രവാസി വോട്ട്

ആധാര്‍-വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍ നടപ്പാക്കിയാല്‍ പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ടവകാശം നല്‍കാനുള്ള പദ്ധതിയും കാര്യക്ഷമമായി നടപ്പാക്കാനാവുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഗമനം. നാട്ടിലുള്ള അടുത്ത ബന്ധുക്കള്‍ വഴി പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ട് ചെയ്യാനാവും. ഇത് സംബന്ധിച്ച ബില്‍ രാജ്യസഭയില്‍ പാസാകാഞ്ഞതിന്റെ പശ്ചാത്തലത്തില്‍ റദ്ദായിപ്പോയിരുന്നു. ബില്‍ വൈകാതെ പാര്‍ലമെന്റില്‍ വീണ്ടും അവതരിപ്പിക്കപ്പെടുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് സമയത്ത് അന്യ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സ്വന്തം മണ്ഡലത്തില്‍ ഇന്റര്‍നെറ്റ് വോട്ട് ചെയ്യാനുള്ള സൗകര്യവും ഭാവിയില്‍ ഒരുക്കാനാവുമെന്നാണ് കമ്മീഷന്റെ പ്രതീക്ഷ.

ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പരിശോധനാ സംവിധാനങ്ങളടക്കം ഭാവിയില്‍ പോളിംഗ് ബൂത്തുകളില്‍ നടപ്പാക്കാനാകുമെന്നും ഇതോടെ കള്ളവോട്ടുകളും ക്രമക്കേടും പൂര്‍ണമായി തടയാനാവുമെന്നും കണക്കാക്കപ്പെടുന്നു.

Categories: FK News, Slider