2023 ഓടെ വിറ്റഴിക്കപ്പെടുന്ന പകുതി ഫോണുകളിലും 5ജി സേവനം ലഭ്യമാകും

2023 ഓടെ വിറ്റഴിക്കപ്പെടുന്ന പകുതി ഫോണുകളിലും 5ജി സേവനം ലഭ്യമാകും

2020ല്‍ ആകെ ഫോണ്‍ വില്‍പ്പനയുടെ 6 ശതമാനം മാത്രമായിരിക്കും 5ജിയെ പിന്തുണയ്ക്കുന്നവ

അബുദാബി: 2023 ഓടെ വിറ്റഴിക്കപ്പെടുന്ന ഫോണുകളില്‍ പകുതിയിലധികവും 5ജി സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നവയായിരിക്കുമെന്ന് ഗവേഷണ കമ്പനിയായ ഗാര്‍ട്‌നെര്‍. പുതുതലമുറ വയര്‍ലെസ് നെറ്റ്‌വര്‍ക്കിനോടുള്ള സമൂഹത്തിന്റെ താല്‍പ്പര്യമാണ് വില്‍പ്പനയില്‍ പ്രകടമാകുക.

അതേസമയം 2020ല്‍ ആകെ ഫോണ്‍ വില്‍പ്പനയുടെ 6 ശതമാനം മാത്രമായിരിക്കും 5ജിയെ പിന്തുണയ്ക്കുകയെന്നും ഗാര്‍ട്‌നെറിലെ ഗവേഷണ ഡയറക്ടറായ രഞ്ജിത് അട്‌വാള്‍ പറഞ്ഞു. 5ജി കവറേജ് വ്യാപകമാകുന്നതോടെ ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുകയും വില കുറയുകയും ചെയ്യും. 2023ഓടെയാണ് കുത്തനെയുള്ള വളര്‍ച്ചയുണ്ടാകുക. അപ്പോള്‍ ആകെ വില്‍പ്പനയുടെ ഏതാണ്ട് 51 ശതമാനത്തോളം 5ജി ഫോണുകള്‍ ആയിരിക്കും.

5ജി എന്നറിയപ്പെടുന്ന അഞ്ചാംതലമുറ വയര്‍ലെസ് നെറ്റ്‌വര്‍ക്ക് നിലവില്‍ ലോകത്തിലെ 3.6 ബില്യണ്‍ ഇന്റെര്‍നെറ്റ് ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന 4ജിയേക്കാളും നൂറിരട്ടി വേഗതയുള്ളതായിരിക്കും.

എതിസലാത്, ഡു തുടങ്ങിയ യുഎഇയിലെ രണ്ട് ടെലികോം സേവന ദാതാക്കള്‍ ഇതിനോടകം തന്നെ 5ജി സേവനം ലഭ്യമാകുന്ന ഉപകരണങ്ങളുടെ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. യുഎഇയില്‍ 5ജി കണക്ടിവിറ്റിയെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ 1.5 ബില്യണ്‍ ദിര്‍ഹമാണ് ഈ വര്‍ഷം ഡു ചിലവഴിക്കുന്നത്. നിലവില്‍ യുഎഇയില്‍ 120 5ജി ടവറുകളാണ് ഡുവിനുള്ളത്. ഈ വര്‍ഷം അവസാനത്തോടെ 580 ടവറുകള്‍ കൂടി സ്ഥാപിക്കാനാണ് കമ്പനിയുടെ പദ്ധതി. അതേസമയം 5ജി ഉപകരണങ്ങളെ പിന്തുണയ്ക്കുന്ന നെറ്റ്‌വര്‍ക്കും അടിസ്ഥാന സൗകര്യങ്ങളും നല്‍കുന്ന 1,000 ടവറുകളാണ് എതിസലാത് സ്ഥാപിക്കുന്നത്.

5ജിയിലൂടെ വ്യാവസായികമേഖലകളുടെ ഡിജിറ്റല്‍വല്‍ക്കരണം സാധ്യമായാല്‍ 2026ഓടെ യുഎഇയിലെ ടെലികോം സേവനദാതാക്കള്‍ക്ക് 3.3 ബില്യണ്‍ ഡോളര്‍ അധിക വരുമാനം ലഭിക്കുമെന്ന് സ്വീഡിഷ് ടെക് കമ്പനിയായ എറിക്‌സണ്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗദി അറേബ്യയിലെ സൗദി ടെലികോം കമ്പനിയും വിവിധ നഗരങ്ങളിലെ കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനായി 5ജി നെറ്റ്‌വര്‍ക്ക് സേവനം ആരംഭിച്ചിട്ടുണ്ട്.

Comments

comments

Categories: Arabia
Tags: 5G, 5G in 2023

Related Articles