300 സംരംഭകര്‍, 30000 ഉപഭോക്താക്കള്‍.. ഈവ് വ്യത്യസ്തമാകുന്നത് ഇങ്ങനെ

300 സംരംഭകര്‍, 30000 ഉപഭോക്താക്കള്‍.. ഈവ് വ്യത്യസ്തമാകുന്നത് ഇങ്ങനെ

സംസ്ഥാനത്തിന്റെ സംരംഭകത്വ രംഗത്ത് വനിതകള്‍ക്കായി തീര്‍ത്തും വ്യത്യസ്തമായ ബിസിനസ് മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്ത് തുടക്കം കുറിച്ച് കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈവ് എന്ന സംഘടന. തുന്നല്‍ തൊഴിലാളികളായി മാത്രം ഒതുങ്ങിക്കൂടിയിരുന്ന വനിതകളെ കണ്ടെത്തി അവര്‍ക്ക് റെഡിമേഡ് വസ്ത്രങ്ങളുടെ നിര്‍മാണത്തിലും റീട്ടെയ്ല്‍ വിപണനത്തിലും പരിശീലനം നല്‍കി, സ്വന്തമായി ഈവ് എന്ന ബ്രാന്‍ഡിന് കീഴില്‍ ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ് തുടങ്ങാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ് ഈവ് ചെയ്യുന്നത്. തയ്യല്‍ത്തൊഴിലാളിയായിരുന്ന് പ്രതിമാസം 7000 രൂപ മാത്രം മാസാവരുമാനം നേടിയിരുന്ന വനിതകള്‍ ഈവിന്റെ ഭാഗമായി ഇന്ന് പ്രതിമാസം 40000 രൂപവരെ ലാഭമുണ്ടാക്കുന്നു. എംപവര്‍മെന്റ് ഓഫ് വിമണ്‍ എന്‍ട്രപ്രണര്ഷിപ് എന്നതിന്റെ ചുരുക്കെഴുത്താണ് ഈവ് (EWE). നീലേശ്വരം സ്വദേശിയായ അഭയനും ഭാര്യ സംഗീതയുമാണ് സാമൂഹിക സംരംഭകത്വ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംരംഭത്തിന് പിന്നില്‍. 2017 സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈവിന് ഇതിനോടകം കേരളത്തിലെ ഏഴു ജില്ലകളിലായി 300 സംരംഭകരെയും 30000 ഉപഭോക്താക്കളെയും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈവിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരില്‍ 80 ശതമാനവും കാലങ്ങളോളം വീട്ടമ്മാരായിരുന്നവരാണ് എന്നിടത്താണ് ഈ സംരംഭത്തിന്റെ വിജയം

മനസ്സ് വച്ചാല്‍ നേടാന്‍ കഴിയാത്തതായി ഒന്നും തന്നെയില്ല എന്ന് തെളിയിക്കുകയാണ് ഒരു നാടിന്റെ തന്റെ പ്രതീക്ഷയും കരുത്തുമായി മാറിയ ഈവ് എന്ന സംഘടന. സംരംഭകത്വത്തിന് ഏറെ വളക്കൂറുള്ള കേരളം പോലൊരു സംസ്ഥാനത്ത് സാങ്കേതിക വിദ്യയുടെയും സര്‍ക്കാര്‍ സ്വയം തൊഴില്‍ വായ്പകളുടെയും പ്രയോജനം പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രവര്‍ത്തനമാരംഭിച്ച ഈവ് എന്ന സംരംഭം തൊഴിലാളികളെ സൃഷ്ടിക്കുക എന്നതിലുപരി തൊഴില്‍ദാതാക്കളെ സൃഷ്ടിക്കുക എന്ന വലിയ ലക്ഷ്യത്തിലധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ ഉടമസ്ഥതയിലുള്ള സംരംഭത്തിന്റെ പ്രവര്‍ത്തനഫലങ്ങള്‍ നേരിട്ട് സമൂഹത്തിലേക്കും പ്രത്യേകിച്ച് സമൂഹത്തിന്റെ അടിത്തട്ടിലുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീട്ടമ്മമാരിലേക്കും എത്തണം എന്ന ആഗ്രഹത്തിന്റെ ഫലമായാണ് നീലേശ്വരം സ്വദേശികളായ അഭയനും ഭാര്യ സമീതെയും ചേര്‍ന്ന് 2017 സെപ്റ്റംബറില്‍ ഈവ് എന്ന സംഘടനക്ക് രൂപം നല്‍കുന്നത്.

തീര്‍ത്തും അസംഘടിതമായി കഴിയുന്ന തയ്യല്‍ മേഖലകളിലെ വനിതകളെ ഒരു കൂട്ടായ്മയുടെ കീഴില്‍ കൊണ്ടുവരിക എന്നതായിരുന്നു ഈവ് രൂപകല്‍പന ചെയ്യുമ്പോള്‍ ഇരുവരുടെയും മനസ്സില്‍.എം.എസ്.സി ബയോകെമിസ്ട്രി പഠിച്ചശേഷം ഒരു സ്വകാര്യ കോളേജില്‍ ലെക്ച്ചററായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സംഗീതയുടെ മനസ്സില്‍ വളരെ ചെറുപ്പം മുതല്‍ക്കുള്ള ആഗ്രഹമായിരുന്നു ഫാഷന്‍ മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ജോലി ചെയ്യണം എന്നത്. എന്നാല്‍ സാഹചര്യം സംഗീതയെ അധ്യാപികയാക്കി. ആയിടക്കാണ് ഭര്‍ത്താവ് അഭയന്‍ നീണ്ടകാലത്തെ വിദേശവാസത്തിന് ശേഷം നാട്ടില്‍ മടങ്ങിയെത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ജോലി വേണ്ടെന്ന് വച്ച് നാട്ടിലെത്തിയ അഭയന്‍ സ്വന്തം മണ്ണില്‍ ഏതെങ്കിലും രീതിയിലുള്ള ബിസിനസ് തുടങ്ങാനാണ് ആഗ്രഹിച്ചത്. ഒത്ത പ്രകാരം ടെക്‌സ്‌റ്റൈല്‍ മേഖലയിലേക്ക് കടക്കുകയായിരുന്നു. തനിക്ക് ഏറെ ഇഷ്ടമുള്ള മേഖലയായതിനാല്‍ സംഗീത പൂര്‍ണ പിന്തുണയും നല്‍കി.

എന്നാല്‍ റീട്ടെയ്ല്‍ മേഖലയുമായും വസ്ത്രങ്ങളുടെ നിര്‍മാണവുമായും കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട അവസരം ലഭിച്ചപ്പോഴാണ് അഭയനും സംഗീതയും ഒരു കാര്യം മനസിലാക്കുന്നത്, തയ്യല്‍ തൊഴിലാളികളില്‍ ഭൂരിഭാഗവും വനിതകളാണ്. ഇവരില്‍ 80 ശതമാനം ആളുകളും മിനിമം വേതനം മാത്രം ലഭിക്കുന്നവരാണ്. ഇത്തരത്തില്‍ തയ്യല്‍ ജോലി ചെയ്യുന്നവരുടെ കൂട്ടത്തില്‍ നിരവധി കഴിവുള്ള ആളുകളെ കണ്ടെത്താന്‍ അഭയന് കഴിഞ്ഞു. മികച്ച മാനേജ്‌മെന്റ് സ്‌കില്ലും ലീഡര്‍ഷിപ് സ്‌കില്ലും ഉള്ളവര്‍ കൂട്ടത്തില്‍ ഉണ്ടായിരുന്നു. എങ്കില്‍പ്പിന്നെ എന്തുകൊണ്ട് ഇത്തരത്തിലുള്ള വനിതാ തയ്യല്‍ തൊഴിലാളികളെ കോര്‍ത്തിണക്കി അവരുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി ഒരു സ്ഥാപനം ആരംഭിച്ചു കൂടാ എന്ന ചിന്ത വരുന്നത്. ഭാര്യ സംഗീതയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ സംഗീതക്കും പൂര്‍ണ സമ്മതം. മാത്രമല്ല, പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ മുന്നിട്ടിറങ്ങിയ സംഗീത കോളെജ് ലെക്ച്ചറര്‍ ജോലി വേണ്ടെന്ന് വച്ച് ഫാഷന്‍ ഡിസൈനിംഗ് പഠിക്കാനിറങ്ങി. അപ്പോഴേക്കും വനിതാ സംരംഭകത്വ ശാക്തീകരണം (empowerment of women etnrepreneurship ) എന്ന ആശയത്തില്‍ അധിഷ്ഠിതമായി ഈവ് എന്ന സംഘടനക്ക് അഭയന്‍ രൂപം നല്‍കിക്കഴിഞ്ഞിരുന്നു. തുടക്കം മുതല്‍ക്ക് ഈവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ട് സംഗീതയും കൂടെയുണ്ട്.

ഈവ്; ആശയം ലളിതം, ആര്‍ക്കും പങ്കാളിയാകാം

വളരെ ലളിതവും എന്നാല്‍ ശക്തവുമായ ഒരു ആശയത്തിന്റെ പിന്‍ബലത്തിലാണ് ഈവ് പ്രവര്‍ത്തിക്കുന്നത്. അസംഘടിതമായ തയ്യല്‍ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന വനിതകളെ ഒരു ബ്രാന്‍ഡിന്റെ കുടക്കീഴില്‍ കൊണ്ടുവന്ന് റീട്ടെയ്ല്‍ സെയില്‍സിന്റെ സാധ്യത കൂടി ഉപയോഗപ്പെടുത്തി അവര്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഒരു ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവസരമൊരുക്കുകയാണ് ഈവ് ചെയ്യുന്നത്. 2017 സെപ്തംബറില്‍ തുടക്കമിട്ട ഈവിന് ചുരുങ്ങിയ സമയം കൊണ്ട് കണ്ണൂര്‍, കാസര്‍കോഡ്, എറണാകുളം , പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കോഴിക്കോട് , മലപ്പുറം തുടങ്ങിയ ഏഴു ജില്ലകളിലായി മുന്നൂറില്‍ പരം സംരംഭകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞു.

”ഈ മേഖലയിലേക്ക് കടന്നു വരുന്നതിനു മുന്‍പ് തന്നെ ഞാന്‍ ചെറിയ രീതിയില്‍ ടെക്‌സ്‌റ്റൈല്‍ ബിസിനസ് ചെയ്തിരുന്നു. വാട്‌സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ ആധുനിക സാങ്കേതിക മാധ്യമങ്ങളെയാണ് ഞാന്‍ അതിനായി വിനിയോഗിച്ചിരുന്നത്. ഈവ് പ്രവര്‍ത്തികമാക്കുമ്പോള്‍ ഞങ്ങളുടെ മനസിലുള്ള ആശയവും അത് തന്നെയായിരുന്നു. തയ്യല്‍ ജോലി ചെയ്യാന്‍ കഴിവുള്ള വനിതകളെയും ടെക്‌സ്‌റ്റൈല്‍ ബിസിനസിലേക്ക് ഇറങ്ങാന്‍ തയ്യാറുള്ള വനിതകളെയും കണ്ടെത്തി അവര്‍ക്ക് നിര്‍മാണത്തിലും റീട്ടെയ്ല്‍ വിപണനത്തിലും പരിശീലനം നല്‍കുക. മികച്ച രീതിയില്‍ പരിശീലനം പൂര്‍ത്തിയാക്കുന്ന വനിതകള്‍ ഈവ് എന്ന ബ്രാന്‍ഡിന് വേണ്ടി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയും ഈവ് ഫാഷന്‍സ് എന്ന നെറ്റ്‌വര്‍ക്ക് വഴി അവ വിറ്റഴിക്കുകയും ചെയ്യുന്നു. ഉപഭോക്താക്കളെ കണ്ടെത്തുന്നതിനായി വാട്‌സാപ്പ് , ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങള്‍ വിനിയോഗിക്കാം. വീട്ടിലിരുന്നും സ്ത്രീകള്‍ക്ക് വരുമാനമുണ്ടാക്കാന്‍ കഴിയണം എന്നതായിരുന്നു ഈവിന്റെ അടിസ്ഥാന ലക്ഷ്യം” ഈവ് സഹസ്ഥാപകയായ സംഗീത അഭയ് ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു.

ഈവിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് വേണ്ട പൂര്‍ണ പിന്തുണ ഈവ് നല്‍കുന്നുണ്ട്. വസ്ത്രങ്ങള്‍ നിര്‍മിക്കുന്നതിനാവശ്യമായ മെറ്റിരിയല്‍ സംഗീത നേരിട്ടാണ് പര്‍ച്ചേസ് ചെയ്യുന്നത്. ശേഷം ആവശ്യാനുസരണം തയ്യല്‍ യൂണിറ്റുകളിലേക്ക് എത്തിക്കുന്നു. അവിടെ വച്ചാണ് ഉല്‍പ്പാദനം നടക്കുന്നത്. ഈവിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി ഒരു മൊബീല്‍ ആപ്പും ഉണ്ട്. നിലവില്‍ സ്ത്രീകള്‍ക്കായുള്ള ഉല്‍പ്പന്നങ്ങളാണ് നിര്‍മിക്കുന്നത്. സാരികള്‍, ടോപ്പുകള്‍, ലെഗ്ഗിംഗ്‌സ്, പലാസോ തുടങ്ങി ഒട്ടുമിക്ക ഉല്‍പ്പന്നങ്ങളും ഇവിടെ നിര്‍മിക്കപ്പെടുന്ന. ഒരു സ്മാര്‍ട്ട്‌ഫോണും മികച്ച സാമൂഹിക ബന്ധങ്ങളും ഉണ്ടെങ്കില്‍ ഏതൊരു വ്യക്തിക്കും സംരംഭകത്വത്തില്‍ ഒരു കൈനോക്കാം എന്നാണ് ഈവിന്റെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നത്. ജില്ലാടിസ്ഥാനത്തില്‍ എന്‍ട്രപ്രണര്ഷിപ് സെമിനാറുകള്‍ നടത്തിയാണ് ഈവ് എന്ന ആശയത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന വനിതകളെ കണ്ടെത്തുന്നത്. നിര്‍മാണം മുതല്‍ വിപണനം വരെ എല്ലാ മേഖലകളിലും സ്ത്രീകള്‍ മാത്രമാണുള്ളത് എന്നത് ഈവ് ഉല്‍പ്പന്നങ്ങളുടെ പ്രത്യേകതയാണ്.

ഈവ് എന്ന ബ്രാന്‍ഡ് നെയിമില്‍ നിലവില്‍ എട്ട് റെഡിമേഡ് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്ന കമ്പനി കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുളള ശ്രമത്തിലാണ്. വിവിധ സോഷ്യല്‍ ഓര്‍ഗനൈസേഷന്‍സുമായി ചേര്‍ന്ന് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്ക്‌ഷോപ്പുകളും ബിടുബി മീറ്റുകളും ഈവ് സംഘടിപ്പിക്കുന്നുണ്ട്.കാലത്തിന്റെ മാറുന്ന അഭിരുചികള്‍ക്ക് അനുസരിച്ച് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിലും മാറ്റം വരുത്തുന്നുണ്ട്. സംഗീതയെ കൂടാതെ മറ്റൊരു ഫാഷന്‍ ഡിസൈനര്‍ കൂടി ഈവിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. .സംരംഭകയ്ക്ക് വില്‍പനയുടെ 30 ശതമാനം വരെയാണ് പ്രതിഫലം.സ്റ്റോക്കിസ്റ്റിന് 15 ശതമാനവും. തയ്യല്‍ തൊഴിലാളികള്‍ക്ക് മൂന്നു ശതമാനത്തിന് മുകളില്‍ ലാഭം ലഭിക്കുന്നു. തുടക്കം മുതല്‍ക്ക് ഏറെ പരിചയസമ്പന്നരായ സംരംഭകരെ പോലെ പ്രവര്‍ത്തിക്കുന്ന അഭയനും സംഗീതയും സംരംഭകത്വ സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ സജീവമാണ്. സ്ത്രീ സംരംഭകര്‍ക്ക് വേണ്ട വസ്ത്രങ്ങള്‍ എത്തിക്കാന്‍ ഓരോ ജില്ലയിലും രണ്ടു സ്റ്റോക്കിസ്റ്റുകളുണ്ടാകും. ഈവ് പ്രവര്‍ത്തനം ആരംഭിച്ച ആദ്യവര്‍ഷം കമ്പനിയുടെ ടേണ്‍ഓവര്‍ 30 ലക്ഷമായിരുന്നു. വരും വര്‍ഷങ്ങളില്‍ കോടികളുടെ വരുമാനക്കണക്കിലേക്കാണ് ഈവ് ശ്രദ്ധ പതിപ്പിക്കുന്നത്. നിര്‍മിക്കുന്ന ഉല്‍പ്പങ്ങള്‍ക്കെല്ലാം തന്നെ ന്യായമായ വില മാത്രമേ ഈടാക്കുന്നുള്ളൂ. പയ്യന്നൂര്‍ ഖാദി ബോര്‍ഡുമായി സഹകരിച്ച് ഖാദി ഉല്‍പ്പന്നങ്ങളും ഇപ്പോള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. നേരിട്ട് ഉല്‍പ്പാദനകേന്ദ്രം സന്ദര്‍ശിച്ച ശേഷം മാത്രമാണ് സംഗീത ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കുന്നത്. വില്‍പ്പനക്കെത്തിച്ചിരിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ ഖാദി വസ്ത്രങ്ങള്‍ക്ക് മാത്രമാണ് 2000 രൂപക്ക് മുകളില്‍ വില വരുന്നത്.

”ഈവിന്റെ ആശയം മനസ്സില്‍ വന്ന ഉടന്‍ രണ്ടാമതൊന്ന് ആലോചിക്കാതെ പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. സമൂഹത്തിന്റെ ഇടത്തട്ടില്‍ നില്‍ക്കുന്ന, സാമ്പത്തിക ഉന്നമനം ആവശ്യമായി വരുന്ന വനിതകളെ മാത്രമാണ് ഈവിന്റെ ഭാഗമാകുന്നത്. ഇത്തരത്തിലുള്ള വഫാനിതകളെ സെമിനാറുകള്‍ മുഖാന്തിരം കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കുന്നു. സ്ഥാപനം തുടങ്ങുന്നതിനു വേണ്ട നിക്ഷേപം സമാഹരിച്ചത് മുദ്ര വായ്പ വഴിയാണ്. ഉപാധികള്‍ ഒന്നും കൂടാതെ അപേക്ഷിച്ച് ഏഴു ദിവസത്തിനുള്ളില്‍ വായ്പ ലഭ്യമായി. ഇത് ഏറെ സഹായകമായി. അത് പോലെ തന്നെ പ്രധാനമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതികള്‍ മുഖാന്തിരവും ഫണ്ട് ലഭിച്ചു” ഈവ് സിഒഒ അഭയന്‍ പറയുന്നു.

വീട്ടിലോ ചെറിയ തയ്യല്‍ കടകളിലോ ആയി തയ്യലില്‍ നിന്നുളള കുറഞ്ഞ വരുമാനത്തില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീകള്‍ക്ക് ഈവിന്റെ ഭാഗമായുള്ള ഉല്‍പ്പന്ന വിപണനത്തിലൂടെ മികച്ച വരുമാനം ലഭിക്കുന്നു. പ്രതിമാസം 7000 രൂപ മാത്രം വരുമാനമായി നേടിയിരുന്ന വനിതകള്‍ ഇന്ന് സംരംഭകരാകുകയും ശരാശരി 40000 രൂപയുടെ വരുമാനം നേടുകയും ചെയ്യുന്നു.

ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്റെ അംഗീകാരമുണ്ട് ഈവിന്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ യുനീക് ഐഡിയും സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്.വരും നാളുകളില്‍ കേരളത്തിലെ 14 ജില്ലകളിലേക്കും ഈവിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും കൂടുതല്‍ വനിതകളെ സംരംഭകത്വത്തിലേക്ക് എത്തിക്കാനുമാണ് ഈവ് പദ്ധതിയിടുന്നത്. അടുത്തവര്‍ഷത്തോടെ തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ഈവിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് സ്ഥാപകര്‍ ലക്ഷ്യമിടുന്നത്.

Categories: FK Special, Slider