ടൊയോട്ട വെല്‍ഫയര്‍ ഒക്‌റ്റോബറില്‍ ഇന്ത്യയിലെത്തും

ടൊയോട്ട വെല്‍ഫയര്‍ ഒക്‌റ്റോബറില്‍ ഇന്ത്യയിലെത്തും

പൂര്‍ണ്ണമായും നിര്‍മ്മിച്ചശേഷം ഇറക്കുമതി ചെയ്യും. ഏകദേശം 80 ലക്ഷം രൂപ വില പ്രതീക്ഷിക്കാം

ന്യൂഡെല്‍ഹി : ടൊയോട്ടയുടെ ആഡംബര മള്‍ട്ടി പര്‍പ്പസ് വാഹനമായ വെല്‍ഫയര്‍ ഈ വര്‍ഷം ഒക്‌റ്റോബറില്‍ ഇന്ത്യയിലെത്തും. ബെംഗളൂരുവിലെ ഒരു സ്വകാര്യ ചടങ്ങില്‍ 6 സീറ്റര്‍ ടൊയോട്ട വെല്‍ഫയര്‍ പ്രദര്‍ശിപ്പിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. പ്രീമിയം എംപിവി പൂര്‍ണ്ണമായും നിര്‍മ്മിച്ചശേഷം (സിബിയു രീതി) ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. ഹോമോലോഗേഷന്‍ നടത്താതെ വിവിധ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഇന്ത്യയിലേക്ക് പ്രതിവര്‍ഷം 2,500 വാഹനങ്ങള്‍ വരെ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഈയിടെ അനുമതി നല്‍കിയിരുന്നു. ഈ ഇളവുകളുടെ അടിസ്ഥാനത്തിലാണ് വെല്‍ഫയര്‍ എന്ന ആഡംബര എംപിവി ടൊയോട്ട ഇന്ത്യയിലെത്തിക്കുന്നത്.

ടൊയോട്ട ആല്‍ഫാര്‍ഡ് എന്ന പേരില്‍ വില്‍ക്കുന്ന വാഹനം തന്നെയാണ് വെല്‍ഫയര്‍. എന്നാല്‍ മുന്‍ഭാഗം റീസ്റ്റൈല്‍ ചെയ്തിരിക്കുന്നു. മറ്റ് ചില മാറ്റങ്ങളും കാണാം. 2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ടൊയോട്ട ആല്‍ഫാര്‍ഡ് പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ സ്‌പോര്‍ട്ടി വേര്‍ഷനായ വെല്‍ഫയര്‍ ഇന്ത്യയിലെത്തിക്കാനാണ് ടൊയോട്ടയുടെ തീരുമാനം. ഓള്‍ എല്‍ഇഡി സ്പ്ലിറ്റ് ഹെഡ്‌ലൈറ്റുകളും ഡേടൈം റണ്ണിംഗ് ലൈറ്റുകളും, പുനര്‍രൂപകല്‍പ്പന ചെയ്ത മുന്‍ ബംപറും ഗ്രില്ലും, ഫോഗ് ലാംപുകള്‍ക്ക് ത്രികോണാകൃതിയുള്ള ഹൗസിംഗ്, പൂര്‍ണ്ണമായും കറുപ്പ് നിറത്തിലുള്ള ഇന്റീരിയര്‍ എന്നിവയാണ് ആല്‍ഫാര്‍ഡില്‍നിന്ന് വെല്‍ഫയറിനെ വ്യത്യസ്തമാക്കുന്നത് (വെല്‍ഫയറില്‍ ഓപ്ഷണലായി ഇളംതവിട്ടു നിറത്തിലുള്ള ഇന്റീരിയര്‍ ലഭിക്കും). ബാക്കി കാര്യങ്ങളില്‍ രണ്ട് വാഹനങ്ങളും ഒരുപോലെയാണ്. നീളത്തിന്റെ കാര്യത്തില്‍ പത്ത് മില്ലി മീറ്റര്‍ വ്യത്യാസമുണ്ട് എന്നതൊഴിച്ചാല്‍ വലുപ്പത്തിലും രണ്ട് വാഹനങ്ങളും തുല്യരാണ്.

പെട്രോള്‍-ഹൈബ്രിഡ് പവര്‍ട്രെയ്‌നിലായിരിക്കും ടൊയോട്ട വെല്‍ഫയര്‍ ഇന്ത്യയിലെത്തുന്നത്. 150 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 2.5 ലിറ്റര്‍ ഡുവല്‍ വിവിടിഐ പെട്രോള്‍ എന്‍ജിനും 143 എച്ച്പി പുറപ്പെടുവിക്കുന്ന ഇലക്ട്രിക് മോട്ടോറും ഉപയോഗിക്കും. എന്നാല്‍ പവര്‍ ഔട്ട്പുട്ട് 145 എച്ച്പി ആയി പരിമിതപ്പെടുത്തും. സിവിടി (കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) വഴി നാല് ചക്രങ്ങളിലേക്കും കരുത്ത് എത്തിക്കും. ഏഴ് എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, കൂടുതല്‍ സ്ഥലം കാണാന്‍ കഴിയുന്ന ഡിജിറ്റല്‍ ഫുള്‍ ഡിസ്‌പ്ലേ മിറര്‍, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍ സിസ്റ്റം, റിയര്‍ ക്രോസ് ട്രാഫിക് അലര്‍ട്ട് (ആര്‍സിടിഎ), ബ്രേക്ക് ഹോള്‍ഡ് തുടങ്ങിയവയാണ് സുരക്ഷാ ഫീച്ചറുകള്‍.

‘എക്‌സിക്യൂട്ടീവ് ലൗഞ്ച്’ പാക്കേജിന്റെ ഭാഗമായി മധ്യ നിരയില്‍ വലിയ രണ്ട് ‘സിംഹാസനങ്ങള്‍’ നല്‍കും. പവേര്‍ഡ്, വെന്റിലേറ്റഡ്, റിക്ലൈന്‍ഡ് സീറ്റുകളായിരിക്കും ഇവ. പവേര്‍ഡ് സ്ലൈഡിംഗ് ഡോറുകളും ടെയ്ല്‍ഗേറ്റും, രണ്ട് സണ്‍റൂഫുകള്‍, 3 സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മൂഡ് ലൈറ്റിംഗ്, ഓരോരുത്തര്‍ക്കും ട്രേ ടേബിളുകള്‍ എന്നിവയും ‘എക്‌സിക്യൂട്ടീവ് ലൗഞ്ച്’ പാക്കേജിന്റെ ഭാഗമാണ്. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, പിന്‍ സീറ്റ് യാത്രക്കാര്‍ക്ക് 10.2 ഇഞ്ച് സ്‌ക്രീന്‍ ഉള്‍പ്പെടുന്ന എന്റര്‍ടെയ്ന്‍മെന്റ് പാക്കേജ്, 360 ഡിഗ്രി സറൗണ്ട് വ്യൂ കാമറ എന്നിവ അന്താരാഷ്ട്ര വിപണികളില്‍ വില്‍ക്കുന്ന ടൊയോട്ട വെല്‍ഫയറില്‍ ലഭ്യമാണ്. എന്നാല്‍ ഇന്ത്യാ സ്‌പെക് മോഡലില്‍ ഈ ഫീച്ചറുകള്‍ നല്‍കുമോയെന്ന് കണ്ടറിയണം.

തുടക്കത്തില്‍ 200 യൂണിറ്റ് വെല്‍ഫയര്‍ മാത്രമായിരിക്കും ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ ഇന്ത്യയിലെത്തിക്കുന്നത്. പൂര്‍ണ്ണമായും നിര്‍മ്മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. ആഡംബരങ്ങളും സിബിയു രീതിയില്‍ ഇറക്കുമതിയും ആകുന്നതോടെ ടൊയോട്ട വെല്‍ഫയറിന് വില 80 ലക്ഷം രൂപയോളമാകും. മെഴ്‌സേഡസ് ബെന്‍സ് വി-ക്ലാസ് ആയിരിക്കും എതിരാളി.

Comments

comments

Categories: Auto