എംജി ഹെക്ടര്‍ വിറ്റുതീര്‍ന്നു; ബുക്കിംഗ് നിര്‍ത്തിവെച്ചു

എംജി ഹെക്ടര്‍ വിറ്റുതീര്‍ന്നു; ബുക്കിംഗ് നിര്‍ത്തിവെച്ചു

വിപണിയില്‍ അവതരിപ്പിച്ചശേഷം 21,000 ല്‍ കൂടുതല്‍ ബുക്കിംഗാണ് എസ്‌യുവി കരസ്ഥമാക്കിയത്. ഇന്ന് അര്‍ധരാത്രി വരെ ബുക്കിംഗ് നടത്താം

ന്യൂഡെല്‍ഹി : എംജി ഹെക്ടര്‍ എസ്‌യുവി ഈ വര്‍ഷം ഇന്ത്യയില്‍ വിറ്റുതീര്‍ന്നു. ഇതോടെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വില പ്രഖ്യാപിച്ച് ഒരു മാസം തികയുന്നതിനുമുന്നേ 2019 വര്‍ഷത്തില്‍ ഹെക്ടര്‍ എസ്‌യുവി വിറ്റുതീര്‍ന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് എംജി മോട്ടോര്‍ ഇന്ത്യ. വിപണിയില്‍ അവതരിപ്പിച്ചശേഷം 21,000 ല്‍ കൂടുതല്‍ ബുക്കിംഗാണ് എസ്‌യുവി കരസ്ഥമാക്കിയിരിക്കുന്നത്. ഇന്ന് അര്‍ധരാത്രി വരെ ബുക്കിംഗ് നടത്താം. ഇതോടെ താല്‍ക്കാലികമായി നിര്‍ത്തിവെക്കും. ഗുജറാത്തിലെ ഹാലോള്‍ പ്ലാന്റില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് എംജി മോട്ടോര്‍ ഇന്ത്യയുടെ തീരുമാനം. ജൂണ്‍ നാലിനാണ് എംജി ഹെക്ടര്‍ എസ്‌യുവിയുടെ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചത്. വില പ്രഖ്യാപിച്ച ജൂണ്‍ 27 ആയപ്പോഴേക്കും പതിനായിരത്തിലധികം ബുക്കിംഗ് കരസ്ഥമാക്കിയിരുന്നു.

മികച്ച പ്രതികരണമാണ് ഹെക്ടറിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഇത്തരം ഉയര്‍ന്ന ആവശ്യകത ഇപ്പോള്‍ നിറവേറ്റാന്‍ കഴിയില്ലെന്നും അതിനാല്‍ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്നും എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്റ്ററുമായ രാജീവ് ഛാബ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഉപയോക്താക്കള്‍ക്ക് സമയബന്ധിതമായി ഹെക്ടര്‍ ഡെലിവറി ചെയ്യുന്നതിന് ഈ തീരുമാനം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഹന ഘടകങ്ങള്‍ വിതരണം ചെയ്യുന്നവരോടും ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടതായി രാജീവ് ഛാബ പറഞ്ഞു.

ഒക്‌റ്റോബര്‍ മാസത്തോടെ പ്രതിമാസം 3,000 യൂണിറ്റായി ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് എംജി മോട്ടോര്‍ ഇന്ത്യയുടെ തീരുമാനം. ബുക്കിംഗ് പുനരാരംഭിക്കുന്ന തിയ്യതി വൈകാതെ പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചു. ഹെക്ടര്‍ എസ്‌യുവിയുടെ ആകെ വില്‍പ്പനയില്‍ അമ്പത് ശതമാനത്തിലധികം വിറ്റുപോകുന്നത് പെട്രോള്‍ വേര്‍ഷനുകളാണ്. സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നീ രണ്ട് ടോപ് വേരിയന്റുകള്‍ക്കാണ് ഏറ്റവുമധികം ആവശ്യക്കാരുള്ളത്. ഏറ്റവുമധികം ജനപ്രീതി ഗ്ലേസ് റെഡ് നിറത്തിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍-ഡിസിടി ഹെക്ടറിനാണ്. ഈ ഹെക്ടറിന് മാത്രം ഏഴ് മാസത്തിലധികമാണ് വെയ്റ്റിംഗ് പിരീഡ്. 12.18 ലക്ഷം മുതല്‍ 16.88 ലക്ഷം രൂപ വരെയാണ് എംജി ഹെക്ടര്‍ എസ്‌യുവിയുടെ ഇന്ത്യ എക്‌സ് ഷോറൂം വില. പ്രാരംഭ വിലയിലാണ് ഇപ്പോള്‍ വില്‍ക്കുന്നത്. ബുക്കിംഗ് പുനരാരംഭിക്കുമ്പോള്‍ പ്രാരംഭ വില തുടരുമോ എന്ന് കാത്തിരുന്ന് കാണാം.

Comments

comments

Categories: Auto
Tags: MG Hector