കിമ്മിനെയും അദ്ദേഹത്തിന്റെ ഭരണകൂടത്തെയും അച്ചടക്കം പഠിപ്പിക്കാന്‍ നിലവിലുള്ള ഉപരോധ വ്യവസ്ഥ വലിയ തോതില്‍ ഫലപ്രദമല്ലെന്നു വ്യക്തമാക്കുന്ന ഒരു സംഭവമാണ് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നടന്നത്.
ഈ വര്‍ഷം മാര്‍ച്ച് മാസം വിയറ്റ്നാമിലെ ഹനോയിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ നടത്തിയ രണ്ടാമത്തെ കൂടിക്കാഴ്ചയ്ക്ക് ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കൃത്യമായി പറഞ്ഞാല്‍ 2019-ഫെബ്രുവരിയില്‍ കിം ജോങ് ഉന്‍ സഞ്ചരിച്ച മെഴ്സിഡെസ് കാര്‍ ഏവരുടെയും ശ്രദ്ധയില്‍പ്പെടുകയുണ്ടായി. പൊതുസ്ഥലത്ത് അന്ന് ആദ്യമായി പ്രത്യക്ഷപ്പെട്ട കാര്‍ കിം ജോങ് ഉന്നിന്റെ ഏറ്റവും പുതിയ ബുള്ളറ്റ് പ്രൂഫ് ലിമൗസിനായ (എല്ലാ സുഖസൗകര്യങ്ങളും ഒത്തിണങ്ങിയ മോട്ടോര്‍ കാര്‍) മെഴ്സിഡെസ്-മേബാക്ക് എസ്600 (Mercedes-Maybach S600) കാറായിരുന്നു. ഈ കാര്‍ ഉത്തര കൊറിയയിലേക്കു വ്യാജമായി കടത്തിക്കൊണ്ടു (smuggle) വരികയായിരുന്നെന്നു വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാഭേതര സംഘടനയായ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സ്റ്റഡീസിന്റെ (C4ADS) റിപ്പോര്‍ട്ട് സൂചിപ്പിച്ചു. ന്യൂയോര്‍ക്ക് ടൈംസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സ്റ്റഡീസ്. ഇവര്‍ ഈ മാസം 16ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
2018 ജൂണ്‍ 14ന് ഡച്ച് തുറമുഖമായ റോട്ടര്ഡാമില്നിന്നുമാണ് രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളായ മെഴ്സിഡെസ്-മേബാക്ക് എസ്600 ഉത്തര കൊറിയയിലേക്കു കൊണ്ടുപോകാനായി കപ്പലില്‍ കയറ്റിയത്. എന്നാല്‍ ഈ കാര്‍ കയറ്റിയ കപ്പല്‍ നേരിട്ട് ഉത്തര കൊറിയയിലേക്കു സഞ്ചരിച്ചില്ല. പകരം ചൈന, ജപ്പാന്, ദക്ഷിണ കൊറിയ, റഷ്യ എന്നീ രാജ്യങ്ങളിലൂടെ വളഞ്ഞുതിരിഞ്ഞു സഞ്ചരിച്ചാണ് ഉത്തര കൊറിയയിലെത്തിയത്. ഇങ്ങനെ ഉത്തര കൊറിയയിലെത്തിയ മെഴ്സിഡെസ് കാറുകളില്‍ ഓരോന്നിനും ചുരുങ്ങിയത് അഞ്ച് ലക്ഷം ഡോളര്‍ വില വരുന്നതാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അമേരിക്കയും, ജര്‍മനിയും, ഫ്രാന്‍സും ഉള്‍പ്പെടെയുള്ള രാജ്യങ്ങളും, ഐക്യരാഷ്ട്രസഭയും ഉത്തര കൊറിയയ്ക്കു മേല്‍ നിരവധി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ഉത്തര കൊറിയയുമായി ഇടപാടുകള്‍ നടത്താന്‍ വിദേശരാജ്യങ്ങളിലെ കമ്പനികള്‍ക്കോ വ്യക്തികള്‍ക്കോ സാധിക്കില്ല. എന്നാല്‍ മെഴ്സിഡെസ്-മേബാക്ക് എസ്600 ഉത്തരകൊറിയയിലേക്കു കടത്തിക്കൊണ്ടു വന്നതിലൂടെ വെളിപ്പെടുന്നത് ഉപരോധം തകര്‍ക്കാന്‍ സാധിക്കുന്ന ശൃംഖലകള്‍ ഉത്തരകൊറിയയ്ക്ക് ഉണ്ടെന്നാണ്. 2016 മുതല്‍ ഒന്നിലധികം രാജ്യങ്ങളില്‍നിന്ന് ആഡംബര വിഭാഗത്തില്‍ ഉള്‍പ്പെടുന്നതടക്കം 800-ാളം കാറുകളും ട്രക്കുകളും ഇറക്കുമതി ചെയ്യാന്‍ പ്യോംഗാങിലെ ഭരണകൂടത്തിനു സാധിച്ചിരുന്നെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2015-17 വരെയുള്ള കാലയളവില്‍ ഐക്യരാഷ്ട്രസഭയുടെ ഉപരോധം ലംഘിച്ച് ഉത്തര കൊറിയ കുറഞ്ഞത് 191 ദശലക്ഷം ഡോളര്‍ മൂല്യമുള്ള ആഡംബര വസ്തുക്കള്‍ ഇറക്കുമതി ചെയ്തതായും സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സ്റ്റഡീസിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഉത്തര കൊറിയയിലേക്ക് കടത്തിക്കൊണ്ടു വന്ന മെഴ്സിഡെസിന്റെ ഉത്ഭവം എവിടെനിന്ന് ?
ഉത്തര കൊറിയയിലേക്ക് കടത്തിക്കൊണ്ടു വന്ന മെഴ്സിഡെസ്-മേബാക്ക് എസ്600 ന്റെ ഉത്ഭവം എവിടെനിന്നാണെന്നു വ്യക്തതയില്ല. ഡൈംലറിന്റെ (Daimler) ഉടമസ്ഥതയിലുള്ളതാണു മെഴ്സിഡെസ്, മെഴ്സിഡെസ്-മേബാക്ക് ബ്രാന്‍ഡുകള്‍. ഡൈംലര്‍ തന്നെയാണ് ഈ ബ്രാന്‍ഡുകള്‍ വില്പന നടത്തുന്നതും. മെഴ്സിഡെസ്-മേബാക്കിന്റെ പുള്‍മാന്‍ ഗാര്‍ഡ് പതിപ്പ് നിരവധി വിഐപികള്‍ക്കും, സര്‍ക്കാരിലുള്ള ഉന്നത വ്യക്തികള്‍ക്കും ഡൈംലര്‍ വില്പന നടത്തിയിട്ടുമുണ്ട്. ഈ ബ്രാന്‍ഡുകള്‍ വാങ്ങിക്കാന്‍ ഓര്‍ഡര്‍ ചെയ്യുന്നവരുടെ പശ്ചാത്തലത്തെ കുറിച്ച് ഡൈംലര്‍ അന്വേഷണം നടത്താറുണ്ട്. മുന്‍പൊരിക്കല്‍, ഉത്തര കൊറിയയുടെ മുന്നണികളായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും, സംഘങ്ങള്‍ക്കും കാറിന്റെ വില്‍പ്പന ഡൈംലര്‍ നിഷേധിച്ചിട്ടുള്ളതുമാണ്. ഉത്തര കൊറിയയിലെത്തിയ കാറുകള്‍ യഥാര്‍ഥത്തില്‍ മെഴ്സിഡെസ്-മേബാക്ക് എസ്600 പുള്‍മാന്‍ ഗാര്‍ഡ് നിര്‍മിക്കുന്ന ഡൈംലറിന്റെ ഫാക്ടറിയില്നിന്നുള്ളതായിരിക്കില്ലെന്നാണു കരുതുന്നത്. പകരം, ഒരു മൂന്നാം കക്ഷി കമ്പനിയില്‍നിന്നും എസ്600 കാറിനു ബുള്ളറ്റ് പ്രൂഫ് സംവിധാനം ലഭിച്ചിരിക്കാമെന്നാണ്. 2019 ഫെബ്രുവരിയില്‍ കാണപ്പെട്ട കിം ജോങ് ഉന്‍ സഞ്ചരിച്ച എസ്600 കാറിന്, സ്റ്റാന്‍ഡേര്‍ഡ് എസ്600 പുള്‍മാന്‍ ഗാര്‍ഡ് കാറുമായി ചില വ്യത്യാസങ്ങളുണ്ടായിരുന്നെന്ന് എന്‍ പ്രോ (NK Pro) എന്ന മാധ്യമ സ്ഥാപനം കണ്ടെത്തുകയുണ്ടായി. വീഡിയോ ഫൂട്ടേജിന്റെ സഹായത്തോടെയാണ് ഈ വ്യത്യാസം കണ്ടുപിടിച്ചത്. വ്യത്യാസം എന്തു തന്നെയായാലും, 2018-ജൂണില്‍ പ്രത്യേകം പ്രത്യേകം ഷിപ്പിംഗ് കണ്ടെയ്നറുകളിലാണു മെഴ്സിഡെസ് കാറുകള്‍ നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാം തുറമുഖത്തെത്തിയത്. ഡച്ച് ചരക്ക് കൈമാറല്‍ കമ്പനിയായ (freight forwarding company) സ്ലേവന്ബര്ഗ് & ഹുയിസര് ബി.വി, (Slavenburg & Huyser B.V.) ആ രണ്ട് കാറുകളെ ചൈനയിലെ ഡെയ്ലാനിലേക്കു കയറ്റി അയച്ചു. ചൈനയിലെത്തിയ കാറുകളെ ജാപ്പനീസ് ട്രേഡിംഗ് കമ്പനിയായ സുയിസ്യോ ജപ്പാനിലെ ഒസാക്കയിലേക്കു കയറ്റി അയച്ചു. ഒസാക്കയില്‍ വച്ച് മിനോ ലോജിസ്റ്റിക്സ് ജപ്പാന് എന്ന കമ്പനി ദക്ഷിണ കൊറിയയിലെ ബുസാനിലേക്കു കയറ്റി അയച്ചു. അവിടെ മിനോ ലോജിസ്റ്റിക്സ് കമ്പനി ചരക്ക് ഏറ്റെടുത്തു. 2018 സെപ്റ്റംബര്‍ 30-നാണ് രണ്ട് കാറുകള്‍ ബുസാനിലെത്തിയത്. ബുസാനിലെത്തിയതിനു ശേഷം നടന്നതാണു കഥയിലെ ഏറ്റവും ഉദ്വേഗഭരിതമെന്നു വിശേഷിപ്പിക്കാവുന്ന സംഭവം. ബുസാനില്നിന്നും കാറുകള്‍ ടോഗോ എന്ന രാജ്യത്തിന്റെ പതാകയേന്തിയ ഡിഎന്‍ 5505 കാര്‍ഗോ കപ്പലിലേക്കു കയറ്റി. ഈ കപ്പല്‍ മാര്‍ഷല്‍ ഐലന്‍ഡ്സ് ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഡു യങ് ഷിപ്പിംഗ് കമ്പനിയുടേതായിരുന്നു.
ബുസാനില്നിന്നും കാറുകളുമായി ഡിഎന്‍ 5505 കാര്‍ഗോ കപ്പല്‍ റഷ്യയിലെ നഖോഡ്ക ലക്ഷ്യമാക്കി യാത്ര തിരിച്ചു. 2018 ഒക്ടോബര്‍ അഞ്ചിന് നഖോഡ്കയിലെത്തുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഒക്ടോബര്‍ ഒന്നിന് കപ്പലിന്റെ ട്രാന്‍സ്പോണ്ടര്‍ ഓഫ് ചെയ്തതായി കാണപ്പെട്ടു. ഒക്ടോബര്‍ 19 വരെ കപ്പലില്‍നിന്നും സിഗ്നലൊന്നും ലഭിച്ചതുമില്ല. പിന്നീട് കപ്പലിന്റെ ട്രാന്സ്പോണ്ടറില്നിന്നും സിഗ്നല്‍ ലഭ്യമായപ്പോള്‍ ലഭിച്ച വിവരം കപ്പല്‍ ബുസാനിലേക്ക് യാത്ര തിരിച്ചതായിട്ടാണ്. ഒക്ടോബര്‍ ഒന്നു മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ കപ്പല്‍ റഷ്യയിലെത്തിയിരുന്നില്ലെന്നും വ്യക്തമായി. ഈ കപ്പല്‍ ദക്ഷിണ കൊറിയയിലെ പോഹാങിലെത്തിയപ്പോള് കപ്പലിലെ ക്രൂ ദക്ഷിണ കൊറിയന്‍ കസ്റ്റംസ് അധികൃതരോടു പറഞ്ഞത്, റഷ്യയിലെ നഖോഡ്കയില്നിന്നും 2,588 മെട്രിക് ടണ്‍ കല്‍ക്കരി ശേഖരിക്കാന്‍ പോയതാണെന്നായിരുന്നു.
വിട്ടൊഴിയാതെ സസ്പെന്‍സ്
2018 ഒക്ടോബര്‍ ഏഴാം തീയതി ഉത്തര കൊറിയയുടെ ഔദ്യോഗിക വിമാന സര്‍വീസായ എയര്‍ കോര്യോ മൂന്ന് കാര്‍ഗോ വിമാനങ്ങള്‍ (Il-76) റഷ്യയിലെ വഌഡിവോസ്റ്റോക്കിലേക്ക് അയച്ചിരുന്നു. വഌഡിവോസ്റ്റോക്ക് എന്ന സ്ഥലം നഖോഡ്കയില്നിന്നും വെറും മൂന്ന് മണിക്കൂര്‍ ഡ്രൈവിന്റെ ദൂരം മാത്രമാണുള്ളത്. കാര്‍ കയറ്റിയ ബുസാനില്നിന്നുള്ള കപ്പല്‍ 2018 ഒക്ടോബര്‍ അഞ്ചിന് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്ഥലമാണു നഖോഡ്ക. ഉത്തര കൊറിയയുടെ Il-76 കാര്‍ഗോ വിമാനത്തിനു കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വഹിക്കാന്‍ പ്രാപ്തിയുള്ളതാണ്. കിം ജോങ് ഉന്‍ നടത്തുന്ന വിദേശയാത്രകളില്‍ ഉപയോഗിക്കുന്ന ലിമൗസിനുകളും മറ്റു കാറുകളും കൊണ്ടുവരുന്നതും ഈ കാര്‍ഗോ വിമാനത്തിലാണ്. 2018 ജുലൈയ്ക്കു ശേഷം വഌഡിവോസ്റ്റോക്കിലേക്ക് Il-76 കാര്‍ഗോ വിമാനം പറന്നത്, 2018 ഒക്ടോബറിലായിരുന്നു. Il-76 വിമാനം ഉത്തര കൊറിയയിലേക്ക് എസ്600 കാറുകള്‍ കൊണ്ടുവന്നിരിക്കാമെന്നാണ് അനുമാനിക്കുന്നത്. ഈ സംഭവത്തിനു പിന്നിലെ ദുരൂഹതയെ കുറിച്ച് അറിയാവുന്നത് ഡിഎന്‍ 5505 കാര്‍ഗോ കപ്പലിലെ ക്രൂവിനും, മാര്‍ഷല്‍ ഐലന്‍ഡ്സ് ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഡു യങ് ഷിപ്പിംഗ് കമ്പനിക്കുമാണ്. ഈ കപ്പല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഡു യങ് ഷിപ്പിംഗ് കമ്പനിയുടെ പേരിലാണ്. 2019 ഫെബ്രുവരിയില്‍ ദക്ഷിണ കൊറിയന്‍ അധികൃതര്‍ ഡിഎന്‍ 5505 കാര്‍ഗോ കപ്പല്‍ പിടിച്ചെടുക്കുകയുണ്ടായി. അന്താരാഷ്ട്ര ഉപരോധം ലംഘിച്ച് ഉത്തര കൊറിയയിലേക്കു കല്‍ക്കരി കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു കപ്പല്‍ പിടിച്ചെടുത്തത്. ഇതേ മാസം പനാമയുടെ പതാകയേന്തിയ കത്രീന്‍ എന്ന കപ്പലിനെയും ദക്ഷിണ കൊറിയ പിടിച്ചെടുത്തിരുന്നു. ഈ കപ്പലിന്റെ ഉടമസ്ഥരും ഡു യങ് ഷിപ്പിംഗ് കമ്പനിയായിരുന്നു. ഉത്തര കൊറിയയിലേക്ക് അന്താരാഷ്ട്ര ഉപരോധം ലംഘിച്ചു പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുകയാണെന്ന സംശയത്തിന്റെ നിഴലിലാണു പിടിച്ചെടുത്തത്. ഡിഎന്‍ 5505 എന്ന കപ്പലിന്റെ ഉടമ റഷ്യന്‍ ബിസിനസുകാരനായ ഡാനില്‍ കസാഷുക്കാണ്. വഌഡിവോസ്റ്റോക്കില്‍ ഡാനിലിന് ഒരു ഓട്ടോ ഷോപ്പുള്ളതായും റിപ്പോര്‍ട്ടുണ്ട്.
ഉത്തര കൊറിയന്‍ ആയുധ കടത്തുമായി ബന്ധമുള്ള ഓഷ്യന്‍ മാരിടൈം മാനേജ്മെന്റ് എന്ന കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട് ഡിഎന്‍ 5505 എന്ന കപ്പല്‍. എന്നാല്‍ കപ്പലിന്റെ ഉടമയായ കസാഷുക്കിന് ഉത്തര കൊറിയയുടെ കള്ളക്കടത്ത് ശൃംഖലയുമായി നേരിട്ട് ബന്ധമുള്ളതായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നിരുന്നാലും, സംശയനിഴലിലുള്ള കപ്പലുകളുമായി കസാഷുക്കിനുള്ള ബന്ധം, ഡു യങ് ഷിപ്പിംഗ് കമ്പനി ആരാണ് സ്വന്തമാക്കിയിരിക്കുന്നത്, ആരാണ് ഓപറേറ്റ് ചെയ്തിരിക്കുന്നത് എന്നീ കാര്യങ്ങളില്‍ വ്യക്തതയില്ലാത്തതും അടിവരയിടുന്നത്, ഉത്തര കൊറിയയിലെ ഭരണകൂടത്തിന് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന നിരവധി കാര്യങ്ങളുണ്ടെന്നാണ്.
തങ്ങള്‍ക്കു മീതെ ചുമത്തിയിരിക്കുന്ന അന്താരാഷ്ട്ര ഉപരോധത്തില്‍ ഇളവ് ചെയ്യണമെന്ന് ഉത്തര കൊറിയ ആവശ്യപ്പെടുമ്പോഴാണ് മറുവശത്ത്, മേഴ്സിഡെസ് പോലുള്ള ആഡംബര കാറുകള്‍ ഉത്തര കൊറിയ ഇറക്കുമതി ചെയ്യുന്നത്. ഉപരോധം നിലനില്‍ക്കവേ എസ്600 കാറുകള്‍ ഉത്തര കൊറിയ ഇറക്കുമതി ചെയ്തതിലൂടെ പരസ്പര ബന്ധിതമായ ആഗോള സമ്പദ് വ്യവസ്ഥയില്‍നിന്നും പ്യോങ്യാങിലെ ഭരണകൂടത്തെ യഥാര്‍ഥത്തില്‍ ഒറ്റപ്പെടുത്തുന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്നും എടുത്തുകാണിക്കുന്നുണ്ട്.
മേഴ്സിഡെസ്-മേബാക്ക് എസ്600 എന്ന ആഡംബര നൗക
കിം ജോങ് ഉന്‍ ഉപയോഗിക്കുന്ന മേഴ്സിഡെസ്-മേബാക്ക് എസ്600 ഒട്ടേറെ പ്രത്യേകതയുള്ള കാറാണ്. ഇതില്‍ ലെതര്‍ മസാജിംഗ് സജ്ജീകരിച്ചിട്ടുണ്ട്. അതോടൊപ്പം വെടിയുണ്ടകളില്‍നിന്നും സംരക്ഷണം ഒരുക്കുന്ന ബുള്ളറ്റ് പ്രൂഫും ഉണ്ട്. ഈ കാറിനു പിന്നില്‍ സ്റ്റീല്‍ ബള്‍ക്ക് ഹെഡ് ഉണ്ട്. ഇത് ഒരു ആക്രമണമുണ്ടായാല്‍ കാറിനുള്ളില്‍ ഇരിക്കുന്ന ആളുടെ തലയ്ക്ക് സുരക്ഷ ഒരുക്കാന്‍ പ്രാപ്തിയുള്ളതാണ്. കഴിഞ്ഞ വര്‍ഷം ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നുമായി കൂടിക്കാഴ്ചയ്ക്കെത്തിയപ്പോള് കിം സഞ്ചരിച്ച കാര്‍ ഇതായിരുന്നു. ഈ കാര്‍ വേഗത കുറച്ചു ഓടിച്ചപ്പോള്‍ അതിനു ചുറ്റും കവചം തീര്‍ത്തു സേനാംഗങ്ങള്‍ ഓടുന്ന ദൃശ്യങ്ങള്‍ അന്നു വലിയ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തിരുന്നു. ഈ കാറിനു മുന്‍പ് കിം റോള്‍സ് റോയ്സ് ഫാന്റം ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.