ഒറ്റ ദിവസംകൊണ്ട് കിയ സെല്‍റ്റോസ് നേടിയത് 6,046 ബുക്കിംഗ്

ഒറ്റ ദിവസംകൊണ്ട് കിയ സെല്‍റ്റോസ് നേടിയത് 6,046 ബുക്കിംഗ്

ജൂലൈ 16 നാണ് ബുക്കിംഗ് ആരംഭിച്ചത്. ഓഗസ്റ്റ് 22 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

ന്യൂഡെല്‍ഹി : സെല്‍റ്റോസ് എസ്‌യുവി ഒറ്റ ദിവസംകൊണ്ട് 6,046 ബുക്കിംഗ് കരസ്ഥമാക്കിയതായി കിയ മോട്ടോഴ്‌സ് ഇന്ത്യ അറിയിച്ചു. ഇക്കഴിഞ്ഞ 16 നാണ് കോംപാക്റ്റ് എസ്‌യുവിയുടെ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചത്. ഓഗസ്റ്റ് 22 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. നേരത്തെ ആഗോളതല അനാവരണം ഇന്ത്യയില്‍ സംഘടിപ്പിച്ചിരുന്നു. ഇന്ത്യന്‍ വിപണിയിലെ ആദ്യ കിയ മോഡലാണ് സെല്‍റ്റോസ് എസ്‌യുവി. കിയ സെല്‍റ്റോസ് ബുക്ക് ചെയ്യുന്നതിന് 25,000 രൂപയാണ് ടോക്കണ്‍ തുക.

ജനങ്ങളില്‍നിന്ന് ഇത്തരത്തിലൊരു പ്രതികരണം ലഭിക്കുന്നത് തങ്ങളെ ആവേശഭരിതരാക്കുന്നതായി കിയ മോട്ടോഴ്‌സ് ഇന്ത്യ വൈസ് പ്രസിഡന്റും വില്‍പ്പന വിപണന വിഭാഗം മേധാവിയുമായ മനോഹര്‍ ഭട്ട് പറഞ്ഞു. ഇന്ത്യയിലെ ബ്രാന്‍ഡ് കാംപെയ്‌നാണ് ഇത്തരത്തില്‍ നേട്ടം കൈവരിക്കാന്‍ സഹായിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിപണിയില്‍ പുറത്തിറക്കുന്ന അന്നുമുതല്‍ കിയ സെല്‍റ്റോസ് ബിഎസ് 6 പാലിക്കുന്നതാണെന്നും പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ലഭിക്കുമെന്നും എല്ലാ പവര്‍ട്രെയ്‌നുകളിലും മാന്വല്‍, ഓട്ടോമാറ്റിക് ഓപ്ഷനുകള്‍ നല്‍കുന്നുണ്ടെന്നും മനോഹര്‍ ഭട്ട് പറഞ്ഞു. ഇതെല്ലാം ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതാണ്. പ്രതിവര്‍ഷം മൂന്ന് ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്റ് എന്നും വാഹനങ്ങള്‍ കൃത്യസമയത്ത് ഉപയോക്താക്കള്‍ക്ക് കൈമാറാന്‍ കഴിയുമെന്നും ഭട്ട് അറിയിച്ചു.

ഒറ്റ ദിവസംകൊണ്ട് നേടിയ 6,046 ബുക്കിംഗുകളില്‍ 1,628 എണ്ണം ഓണ്‍ലൈന്‍ വഴി നേടിയതാണെന്ന് കമ്പനി വ്യക്തമാക്കി. പ്രീ-ബുക്കിംഗ് ആരംഭിച്ച ജൂലൈ 16 ന് കിയ മോട്ടോഴ്‌സ് ഇന്ത്യയുടെ വെബ്‌സൈറ്റ് രണ്ട് ലക്ഷത്തോളം പേരാണ് സന്ദര്‍ശിച്ചത്. ബാക്കി ബുക്കിംഗുകള്‍ ഡീലര്‍ഷിപ്പുകളില്‍ ലഭിച്ചു. ഇന്ത്യയിലെ 160 നഗരങ്ങളിലാണ് കിയ ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

Comments

comments

Categories: Auto
Tags: Kia seltos