ചെലവിടല്‍ കുറയുന്നത് ആശങ്കാജനകം

ചെലവിടല്‍ കുറയുന്നത് ആശങ്കാജനകം

എഫ്എംസിജി മേഖലയിലെ മാന്ദ്യം സാമ്പത്തികരംഗത്തിന്റെ ഉയിര്‍ത്തെഴുനേല്‍പ്പിന് തടസം നില്‍ക്കുന്നതാണ്. തിരുത്തല്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളായേക്കും

അതിവേഗം വിറ്റുപോകുന്ന ഉപഭോക്തൃ ഉല്‍പ്പന്ന (എഫ്എംസിജി) വിപണിയില്‍ ഇടിവ് അനുഭവപ്പെടുന്നത് ഇന്ത്യയുടെ സാമ്പത്തികരംഗത്തിന്റെ മുന്നേറ്റത്തെ കാര്യമായി ബാധിക്കും. കണക്കുകള്‍ പ്രകാരം എഫ്എംസിജി രംഗത്തിന്റെ മൂല്യവളര്‍ച്ചയില്‍ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 10 ശതമാനം ഇടിവാണ് നേരിട്ടിരിക്കുന്നത്. തുടര്‍ച്ചയായി മൂന്നാം പാദത്തിലും മാന്ദ്യമനുഭവപ്പെടുന്നു എഫ്എംസിജി മേഖലയില്‍ എന്നത് സര്‍ക്കാര്‍ ഗൗരവത്തോടെ കാണേണ്ടതുണ്ട്.

നഗരമേഖലകളില്‍ ചെലവിടല്‍ കുറഞ്ഞതും ഗ്രാമീണ മേഖലകളില്‍ ഉപഭോഗത്തില്‍ വന്‍കുറവ് വന്നതുമാണ് ഈ തിരിച്ചടിക്ക് കാരണമെന്നാണ് വിവിധ സാമ്പത്തിക ഏജന്‍സികള്‍ വിലയിരുത്തുന്നത്. പ്രമുഖ കണ്‍സള്‍ട്ടിംഗ് ഏജന്‍സിയായ നീല്‍സണ്‍ വിലയിരുത്തുന്നതനുസരിച്ച് 2019ലെ ആദ്യ പകുതിയില്‍ എഫ്എംസിജി മേഖലയുടെ വളര്‍ച്ച 12 ശതമാനം മാത്രമായിരിക്കും. നേരത്തെ ഇത് 14 ശതമാനമെന്നായിരുന്നു കണക്കുകൂട്ടിയത്.

ഇതനുസരിച്ചാണ് കാര്യങ്ങളെങ്കില്‍ 2019 അവസാനത്തോടെ എഫ്എംസിജി മേഖലയുടെ വളര്‍ച്ച 10 ശതമാനത്തില്‍ ഒതുങ്ങിയേക്കുമെന്നാണ് വിപണി വിദഗ്ധരുടെ നിഗമനം. സാമ്പത്തികരംഗത്തെ മൊത്തത്തിലുള്ള പ്രശ്‌നങ്ങളും സര്‍ക്കാര്‍ നയങ്ങളും മന്‍സൂണുമാണ് മന്ദതയ്ക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്. സ്ഥിരതയാര്‍ന്ന സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതിനോടൊപ്പം ഇനിയങ്ങോട്ടെങ്കിലും മികച്ച മന്‍സൂണ്‍ ലഭിക്കുകയാണെങ്കില്‍ പ്രതീക്ഷ വെക്കാമെന്ന നിലപാടിലാണ് ഈ മേഖലയിലുള്ളവര്‍.

മൊത്തം എഫ്എംസിജി ചെലവിടലിലേക്ക് 37 ശതമാനവും സംഭാവന ചെയ്യുന്നത് ഗ്രാമീണ മേഖലയാണ്. നഗരമേഖലകളിലേക്കാളും കൂടുതല്‍ വളര്‍ച്ചയാണ് ഗ്രാമപ്രദേശങ്ങളില്‍ എഫ്എംസിജി ഉല്‍പ്പന്നങ്ങള്‍ പലപ്പോഴും രേഖപ്പെടുത്താറുള്ളത്. എന്നാല്‍ ഇവിടങ്ങളില്‍ അടുത്തിടെ വമ്പന്‍ വില്‍പ്പന ഇടിവാണ് നേരിട്ടത്. ഇതാണ് തിരിച്ചടിക്ക് പ്രധാനകാരണമായി തീര്‍ന്നതും.

Categories: Editorial, Slider