ഭക്ഷ്യ സംസ്‌കരണ മേഖലയിലേക്കുള്ള എഫ്ഡിഐ കുറഞ്ഞു

ഭക്ഷ്യ സംസ്‌കരണ മേഖലയിലേക്കുള്ള എഫ്ഡിഐ കുറഞ്ഞു
  • കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ ഭക്ഷ്യ സംസ്‌കരണ മേഖലയിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപത്തില്‍ 31 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്
  • 2018-2019ല്‍ 628.24 മില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപമാണ് ഭക്ഷ്യ സംസ്‌കരണ മേഖലയിലേക്ക് എത്തിയത്

ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ ഭക്ഷ്യ സംസ്‌കരണ മേഖലയിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്ഡിഐ) കുറഞ്ഞതായി റിപ്പോര്‍ട്ട്. 31 ശതമാനം ഇടിവാണ് ഭക്ഷ്യ സംസ്‌കരണ മേഖലയിലെ എഫ്ഡിഐയില്‍ രേഖപ്പെടുത്തിയതെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

2018-2019ല്‍ 628.24 മില്യണ്‍ ഡോളര്‍ നിക്ഷേപമാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യയുടെ ഭക്ഷ്യ സംസ്‌കരണ മേഖലയിലേക്ക് ഒഴുക്കിയത്. 2017-2018 സാമ്പത്തിക വര്‍ഷം 904.90 മില്യണ്‍ ഡോളര്‍ പ്രത്യക്ഷ വിദേശ നിക്ഷേപം മേഖലയിലേക്ക് എത്തിയിരുന്നു. 2016-2017 സാമ്പത്തിക വര്‍ഷം 727.22 മില്യണ്‍ ഡോളര്‍ എഫ്ഡിഐ ആണ് ഇന്ത്യന്‍ ഭക്ഷ്യ സംസ്‌കരണ മേഖലയിലേക്ക് എത്തിയത്.

വ്യവസായങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ വാര്‍ഷിക സര്‍വേയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ കണക്കുകള്‍ തയാറാക്കിയിട്ടുള്ളത്. 2014-2015ല്‍ രജിസ്റ്റേര്‍ഡ് ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ 3,68,433.71 കോടി രൂപയുടെയും 2015-2016ല്‍ 3,86,339.38 കോടി രൂപയുടെയും 2016-2017ല്‍ 4,17,690.89 കോടി രൂപയുടെയും മൂലധന നിക്ഷേപം മേഖലയിലേക്ക് എത്തിയിട്ടുണ്ട്.

ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങളില്‍ ഓട്ടോമാറ്റിക് റൂട്ട് വഴി 100 ശതമാനം എഫ്ഡിഐയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ, ഇ-കൊമേഴ്‌സ് വഴിയുള്ളതടക്കം റീട്ടെയ്ല്‍ ട്രേഡിംഗ് വിഭാഗത്തിലും 100 ശതമാനം എഫ്ഡിഐ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മിച്ചതും ഉല്‍പ്പാദിപ്പിച്ചതുമായ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണ് ഇത് ബാധകം.

2016 മുതലാണ് ഭക്ഷ്യ റീട്ടെയ്ല്‍ വിഭാഗത്തില്‍ വിദേശ നിക്ഷേപം നടത്താനുള്ള അവസരം ഇന്ത്യ തുറന്നുകൊടുത്തത്. ഇതിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞ് രാജ്യത്ത് 500 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ ആമസോണ്‍ അനുമതി തേടി. എന്നാല്‍, വെയര്‍ഹൗസസ്, ലോജിസ്റ്റിക്‌സ്, ഇന്‍വെന്ററീസ് എന്നീ വിഭാഗങ്ങളിലായി സര്‍ക്കാര്‍ നിക്ഷേപം നിബന്ധനകള്‍ വേര്‍തിരിക്കുകയായിരുന്നു.

30ല്‍ അധികം കമ്പനികള്‍ ഏകദേശം 11 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തികൊണ്ട് രാജ്യത്ത് തങ്ങളുടെ പ്രൊജക്റ്റുകള്‍ ആരംഭിച്ചതായി മാര്‍ച്ചില്‍ ഭക്ഷ്യ സംസ്‌കരണ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ അറിയിച്ചിരുന്നു. ഈ കമ്പനികള്‍ മൊത്തം 14 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ വാഗ്ദാനമാണ് നടത്തിയിട്ടുള്ളത്.

ഒന്നാം മോദി സര്‍ക്കാരിന്റെ കാലയളവില്‍ ഭക്ഷ്യ സംസ്‌കരണ വ്യവസായ മേഖലയിലേക്കുള്ള നിക്ഷേപം 500 മില്യണ്‍ ഡോളറില്‍ നിന്നും 905 മില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. കൊക്കകോള, ബ്രിട്ടാനിയ, കാര്‍ഗില്‍, ടില്‍ഡ-ഹെയ്ന്‍ എന്നിവയാണ് രാജ്യത്ത് നിക്ഷേപം നടത്തുന്നതില്‍ മുന്‍നിരയിലുള്ള കമ്പനികള്‍. ഫൂഡ് റീട്ടെയ്ല്‍, ഡയറി, ധാന്യങ്ങള്‍, പഴം, പച്ചക്കറി, മൃഗസംരക്ഷണം, എണ്ണ തുടങ്ങിയവയാണ് എഫ്ഡിഐ ആകര്‍ഷിക്കുന്ന പ്രധാന മേഖലകളെന്നും മന്ത്രി അറിയിച്ചിരുന്നു.

ഭക്ഷ്യ സംസ്‌കരണ മേഖല പ്രതിവര്‍ഷം 11 ശതമാനത്തിലധികം വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍, ചൈന, മലേഷ്യ, യുഎസ് തുടങ്ങിയ നിരവധി സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ച് ഇന്ത്യയുടെ സംസ്‌കരണ തലം വളരെ പിന്നിലാണ്. സംസ്‌കരിച്ച ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ആഗോള കയറ്റുമതിയില്‍ വെറും രണ്ട് ശതമാനം വിഹിതമാണ് ഇന്ത്യക്കുള്ളതെന്നും സര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നു.

Comments

comments

Categories: Business & Economy