ബഹ്‌റൈനില്‍ സമുദ്ര ഗതാഗത സുരക്ഷാ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുമെന്ന് അമേരിക്ക

ബഹ്‌റൈനില്‍ സമുദ്ര ഗതാഗത സുരക്ഷാ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുമെന്ന് അമേരിക്ക

സമുദ്ര ഗതാഗതത്തിന് ഇറാന്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചര്‍ച്ചയാകും 65ഓളം രാജ്യങ്ങള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്ന് അമേരിക്കന്‍ നയതന്ത്രപ്രതിനിധി

ലണ്ടന്‍: ഗള്‍ഫ് മേഖലയില്‍ സമുദ്ര ഗതാഗതം ഇറാനില്‍ നിന്നും നേരിടുന്ന ഭീഷണി ചര്‍ച്ച ചെയ്യാനും കപ്പലുകളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്നതിനായി ബഹ്‌റൈനില്‍ സമുദ്ര ഗതാഗത സുരക്ഷാ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഷേഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖാലിഫയും ഇറാനിലെ അമേരിക്കയുടെ പ്രത്യേക നയതന്ത്ര പ്രതിനിധി ബ്രയാന്‍ ഹൂക്കും ചേര്‍ന്നാണ് ഉച്ചകോടി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 65ഓളം രാഷ്ട്രങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഹൂക്ക് അറിയിച്ചു.

അറേബ്യന്‍ ഉപദ്വീപിന് ചുറ്റുമുള്ള സമുദ്രമേഖലയില്‍ കപ്പല്‍ ഗതാഗതം ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സമുദ്ര ഗതാഗതം സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക ബഹ്‌റൈനില്‍ ലോകരാജ്യങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള സമ്മേളനം പദ്ധതിയിടുന്നത്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായിരിക്കും ഉച്ചകോടി നടക്കുകയെന്ന് ഷേഖ് ഖാലിദ് അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ പോളണ്ടിലെ വാഴ്‌സയില്‍ സംഘടിപ്പിച്ച ഇറാന്‍ വിരുദ്ധ സമ്മേളനത്തിന്റെ തുടര്‍ച്ചയായിട്ടായിരിക്കും കോണ്‍ഫറന്‍സ് സംഘടിപ്പിക്കുക. യുഎഇയും മറ്റ് ജിസിസി രാഷ്ട്രങ്ങളും യൂറോപ്യന്‍ പ്രതിനിധികളും അടക്കം 65ഓളം രാജ്യങ്ങള്‍ പോളണ്ടിലെ കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു. ഇതേ രാജ്യങ്ങളെ ബഹ്‌റൈന്‍ ഉച്ചകോടിയിലേക്ക് ക്ഷണിക്കാനാണ് ആലോചിക്കുന്നത്.

ഇറാന്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിനായി പൊതുസമവായം രൂപപ്പെടുത്തിയെടുക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് വാഷിംഗ്ടണിലെ അറ്റ്‌ലാന്റിക് കൗണ്‍സിലില്‍ ഷേഖ് ഖാലിദ് അഭിപ്രായപ്പെട്ടു.

ഇറാനിലെയും യെമനിലെയും തിരക്കേറിയ കപ്പല്‍ പാതകളിലൂടെയുള്ള ഗതാഗതത്തിന് സംരക്ഷണം നല്‍കുന്നതിനായി നാവിക സഖ്യം രൂപീകരിക്കാന്‍ ആലോചിക്കുന്നതായി നേരത്തെ അമേരിക്ക അറിയിച്ചിരുന്നു. ഇതിനായി പങ്കാളികളെ അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നും അമേരിക്ക പറഞ്ഞു. അമേരിക്കയുടെ ഈ പദ്ധതി നടപ്പിലാക്കുന്നതിനായി വെള്ളിയാഴ്ച ഹൂക്ക് വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാരായി ചര്‍ച്ച നടത്തും. സഖ്യം നിലവില്‍ വന്നാല്‍ കപ്പലുകളുടെ വാണിജ്യ, സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്താന്‍ ഇറാന്‍ ബുദ്ധിമുട്ട് നേരിടുമെന്നും ഹൂക്ക് പറഞ്ഞു. മേയ് 12ന് ഫുജെയ്‌റയില്‍ എണ്ണടാങ്കറിന് നേരെയുണ്ടായ ആക്രമണം 17ഓളം രാജ്യങ്ങളെ ബാധിച്ചതായും ഹൂക്ക് അറിയിച്ചു.

അറബിക്കടലിനും അറേബ്യന്‍ ഗള്‍ഫിനും ഇടയിലുള്ള നേരിയ ഇടനാഴിയായ ഹോര്‍മൂസ് കടലിടുക്കിന് സമീപത്തായി കഴിഞ്ഞ മേയ് മുതല്‍ നിരവധി എണ്ണക്കപ്പലുകള്‍ അക്രമിക്കപ്പെട്ടിട്ടുണ്ട്. ആഗോള എണ്ണനീക്കത്തില്‍ സുപ്രധാനമായ ഈ പാതയില്‍ ഉണ്ടാകുന്ന ആക്രമണത്തിന് പിന്നില്‍ ആരാണെന്നുള്ളത് വ്യക്തമല്ലെങ്കിലും ഇതിന് പിന്നില്‍ ഇറാനാണെന്നാണ് അമേരിക്കയുടെ ആരോപണം. ടെഹ്‌റാന് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ കര്‍ശനമായ സാമ്പത്തിക ഉപരോധങ്ങള്‍ക്കുള്ള ഇറാന്റെ പ്രതികാരമാണ് കപ്പല്‍ ആക്രമണങ്ങളെന്ന് പൊതുവെ പറയപ്പെടുന്നുണ്ടെങ്കിലും ഇറാന്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയന്റെ സിറിയന്‍ ഉപരോധം ലംഘിച്ച് കൊണ്ട് അവിടേക്ക് എണ്ണ കൊണ്ടുപോകുകയാണെന്ന സംശയത്തില്‍ ജിബ്രാള്‍ട്ടറില്‍ ബ്രിട്ടീഷ് സൈന്യം ഇറാന്റെ എണ്ണക്കപ്പല്‍ തടഞ്ഞുവെച്ചതോടെ സ്ഥിതിഗതികള്‍ ഒന്നുകൂടി വഷളായി. കപ്പല്‍ വിട്ടുനല്‍കിയില്ലെങ്കില്‍ പ്രതികാര നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കിയ ഇാറാന്‍ ഹോര്‍മൂസ് കടലിടുക്കില്‍ യുകെയുടെ ഉടമസ്ഥതയിലുള്ള ഒരു കപ്പല്‍ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചു. ബ്രിട്ടീഷ് പടക്കപ്പലിന്റെ സഹായത്തോടെയാണ് പിന്നീട് യുകെ കപ്പല്‍ സഞ്ചാരം തുടര്‍ന്നത്. തുടര്‍ന്ന് മേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് യുകെ മൂന്ന് പടക്കപ്പലുകളെ ഗള്‍ഫില്‍ വിന്യസിച്ചു.

അതേസമയം ഇറാനിലേക്ക് പ്രവേശിച്ച ശേഷം കാണാതായ ടാങ്കര്‍ സംബന്ധിച്ച ദുരൂഹത തുടരുകയാണ്. സാങ്കേതിക തകരാറുകളെ തുടര്‍ന്ന് കപ്പല്‍ തങ്ങളുടെ സമുദ്രാതിര്‍ത്തിയിലേക്ക് പ്രവേശിച്ചതായി ഇറാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയെങ്കിലും കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതാണോ അതോ സംരക്ഷണം നല്‍കിയതാണോ തുടങ്ങിയ വിവരങ്ങള്‍ ഇപ്പോഴും അവ്യക്തമാണ്. ശനിയാഴ്ച രാത്രിയാണ് കപ്പലില്‍ നിന്നുള്ള ട്രാക്കിംഗ് സിഗ്നലുകള്‍ അവസാനമായി ലഭിച്ചത്. നിലവില്‍ കപ്പല്‍ ഇറാന്‍ സമുദ്രമേഖലയില്‍ ആണെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

Comments

comments

Categories: Arabia