8 കോടി വീടുകളിലേക്ക് കൂടി ഉജ്ജ്വല യോജന

8 കോടി വീടുകളിലേക്ക് കൂടി ഉജ്ജ്വല യോജന

2019 ല്‍ രാജ്യത്തെ മുഴുവന്‍ കുടുംബങ്ങളിലേക്കും പാചകവാതകം എത്തിക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ എട്ട് കോടി ഭവനങ്ങളിലേക്ക് പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതി പ്രകാരം യുദ്ധകാലാടിസ്ഥാനത്തില്‍ സൗജന്യ പാചക വാതക കണക്ഷനുകള്‍ നല്‍കാന്‍ ലക്ഷ്യമിട്ട് കേന്ദ്രം. രണ്ടാം മോദി സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകള്‍ക്ക് സൗജന്യ എല്‍പിജി കണക്ഷന്‍ നല്‍കാന്‍ 2016 ല്‍ ആരംഭിച്ച പദ്ധതി ഇതുവരെ 7.2 കോടി കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ഏകദേശം 94 ശതമാനം വീടുകളിലും പാചക വാതകം ലഭ്യമായിക്കഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ മുഴുവന്‍ അടുക്കളകളിലും സംശുദ്ധ ഊര്‍ജം ലഭ്യമാക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

രണ്ടാമത്തെ ഘട്ടത്തില്‍, പുതിയ കണക്ഷനുകളെടുത്ത കുടുംബങ്ങള്‍ ആവര്‍ത്തിച്ച് എല്‍പിജി വാങ്ങുന്നുണ്ടെന്ന് ഉറപ്പാക്കും. കുടുംബത്തിലെ വനിതാ അംഗത്തിന്റെ പേരിലാണ് കണക്ഷന്‍ നല്‍കി വരുന്നത്. അഞ്ച് കിലോ വരുന്ന ചെറിയ എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായുളള പദ്ധതിയാണ് സര്‍ക്കാരിന്റെ ആലോചനയിലുള്ളത്. ഉജ്ജ്വലയ്ക്ക് കീഴിലുള്ള ശരാശരി എല്‍പിജി സിലിണ്ടര്‍ പ്രതിവര്‍ഷം മൂന്ന് തവണ മാത്രമാണ് റീഫില്‍ ചെയ്യുന്നത്. ദേശീയ ശരാശരി അനുസരിച്ച് ഒരു വര്‍ഷത്തില്‍ എഴ് തവണയാണ് സിലിണ്ടര്‍ റീഫില്‍ നടക്കുന്നത്. അഞ്ചുകിലോ സിലിണ്ടറുകള്‍ ഉപയോഗിക്കുന്നതോടു കൂടി സാധാരണ സിലിണ്ടറിന്റെ മൂന്നിലൊന്ന് വിലയ്ക്ക് റീഫില്‍ ചെയ്യാനാകും. ഇത് ഉജ്ജ്വലയ്ക്ക് കീഴില്‍ നല്‍കിയിട്ടുളള കണക്ഷനുകളുടെ ഉപയോഗം വര്‍ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടല്‍. 8,000 കോടി രൂപയാണ് പദ്ധതിക്കായി 2016 സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. എന്നാല്‍ പദ്ധതിയുടെ വിജയം കണക്കിലെടുത്ത് 2018-19 ബജറ്റില്‍ അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി 4,800 കോടി രൂപ കൂടി അധികമായി വകയിരുത്തിയിരുന്നു.

Categories: FK News, Slider