ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ ആത്മാര്‍ത്ഥത വേണം

ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ ആത്മാര്‍ത്ഥത വേണം

ഹാഫിസ് സയിദ് അറസ്റ്റിലായി എന്നത് ഇന്ത്യയെ സംബന്ധിച്ച് നല്ല വാര്‍ത്തയാണ്. എന്നാല്‍ ഇത് കേവലം വാര്‍ത്ത സൃഷ്ടിക്കാനുള്ള തന്ത്രമാകരുത്. ഇമ്രാന്‍ ഖാന്റെ യുഎസ് സന്ദര്‍ശനത്തിന് മുന്നോടിയായുള്ള നാടകമാണോ ഇതെന്നും സംശയിക്കേണ്ടതുണ്ട്

പാഞ്ചാബിലെ (പാക്കിസ്ഥാന്‍) ഭീകരവിരുദ്ധ സംഘം ഇന്നലെ ജമാത് ഉദ് ദവ നേതാവ് ഹാഫിസ് സയിദിനെ അറസ്റ്റ് ചെയ്ത വാര്‍ത്തയ്ക്ക് പൊതുവെ സ്വീകാര്യതയാണ് ലഭിക്കുന്നത്. 2008ലെ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തത് ഹാഫിസ് സയിദായിരുന്നു. കൊടും ഭീകരനായാണ് അന്താരാഷ്ട്ര സമൂഹം സയിദിനെ കാണുന്നത്. ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ പാക്കിസ്ഥാനോട് നിരവധി തവണ ആവശ്യമുന്നയിച്ചിട്ടുമുണ്ട്.

കഴിഞ്ഞ കുറച്ചുകാലമായി ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ പേരില്‍ അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ പാക്കിസ്ഥാനോട് അത്ര അനുഭാവപൂര്‍വമായ സമീപനമല്ല സ്വീകരിക്കുന്നത്. പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. ഇതില്‍ മാറി മാറി വരുന്ന പാക്കിസ്ഥാന്‍ സര്‍ക്കാരുകള്‍ വെള്ളം ചേര്‍ക്കുന്നുവെന്ന തോന്നലിന്റെ അടിസ്ഥാനത്തിലാണ് അമേരിക്ക നിലപാട് കര്‍ക്കശമാക്കിയത്. എന്നാല്‍ ഇപ്പോള്‍ സയിദിനെതിരെയുള്ള നടപടിയിലൂടെ പാക്കിസ്ഥാന്‍ തങ്ങളുടെ വിശ്വാസ്യത ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്ന് വേണം കരുതാന്‍.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അമേരിക്ക സന്ദര്‍ശിക്കാനിരിക്കുന്നതിന്റെ തൊട്ടുമുമ്പായാണ് സയിദിന്റെ അറസ്റ്റെന്നതാണ് ശ്രദ്ധേയം. അമേരിക്കന്‍ സന്ദര്‍ശനം ഊഷ്മളമാക്കാന്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള തന്ത്രപരമായ നീക്കമാണോ ഇതെന്നും സംശയിക്കേണ്ടതുണ്ട്. അമേരിക്ക ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയ സയിദ്, പാക്കിസ്ഥാന്‍ കേന്ദ്രമാക്കിയ ലഷ്‌കര്‍ ഇ തായ്ബയുടെ സ്ഥാപകന്‍ കൂടിയാണ്. കശ്മീരില്‍ വിഘടനവാദം വളര്‍ത്തുന്നതില്‍ ലഷ്‌കറിനുള്ള പങ്ക് പലതവണ തുറന്നുകാട്ടപ്പെട്ടിട്ടുമുണ്ട്. മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സയിദാണെന്ന് യുഎസും ഇന്ത്യയും കരുതുന്നു. 160 പേരാണ് രാജ്യത്തെ നടുക്കിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഓരോ ഘട്ടത്തിനും സയിദ് സൂക്ഷമമായി മേല്‍നോട്ടം വഹിക്കുകയും ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനം ആയതിനാല്‍ ആയിരുന്നു മുംബൈ നഗരത്തെ ആക്രമണത്തിന് തെരഞ്ഞെടുത്തത്. ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നടുവൊടിക്കുക എന്നതായിരുന്നു ഉദ്ദേശ്യം.

നിയമവിരുദ്ധമായ സംഘടനകള്‍ക്ക് വേണ്ടി ധനസമാഹരണം നടത്തിയതുള്‍പ്പടെ 20ലധികം കുറ്റങ്ങള്‍ ചുമത്തിയാണ് സയിദിന്റെ അറസ്റ്റ്. ഈ അറസ്റ്റുകൊണ്ട് മാത്രം പ്രത്യേകിച്ച് മാറ്റമൊന്നും സംഭവിക്കില്ല, വിചാരണ ചെയ്ത് ശിക്ഷ ഉറപ്പാക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. യഥാര്‍ത്ഥത്തിലുള്ള നടപടിയാണ് വേണ്ടത്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും അര്‍ത്ഥരഹിതമാകും. ഒരു കോടതി അറസ്റ്റിനുത്തരവിടും. മറ്റൊരു കോടതി അതുകഴിഞ്ഞ് അയാളെ വെറുതെവിടും-സയിദിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്.

അമേരിക്ക പോലുള്ള രാജ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ മാത്രമുള്ള നീക്കമാണോ ഇതെന്ന് അതുകൊണ്ടുതന്നെ സംശയിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും പാക്കിസ്ഥാന്‍ ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന സമയമായതിനാല്‍ മറ്റ് രാജ്യങ്ങളുടെ സഹായം വളരെയധികം നിര്‍ണായകമാണ്. അതിന് തടസമില്ലാതാരിക്കാനാണോ ഇത്തരത്തിലുള്ള നടപടികള്‍ എന്നും ചിന്തിക്കേണ്ടതുണ്ട്. പാക്കിസ്ഥാന്റെ മണ്ണ് ഇന്ത്യാ വിരുദ്ധ ഭീകരതയ്ക്കായി ഉപയോഗിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്ന സമപീനം ഇമ്രാന്‍ ഖാന്‍ സ്വീകരിച്ചെങ്കില്‍ മാത്രമേ ക്രിയാത്മകമായ മാറ്റം പ്രകടമാകൂ.

Categories: Editorial, Slider