എല്‍ഐസിയെ പിന്തള്ളി ടാറ്റ മൂല്യമുള്ള ബ്രാന്‍ഡ്

എല്‍ഐസിയെ പിന്തള്ളി ടാറ്റ മൂല്യമുള്ള ബ്രാന്‍ഡ്
  • 2018 ലെ 14.2 ബില്യണ്‍ ഡോളര്‍ മൂല്യം ഈ വര്‍ഷം ടാറ്റ 19.6 ബില്യണിലേക്ക് ഉയര്‍ത്തി
  • 7.2 ബില്യണ്‍ ഡോളര്‍ മൂല്യവുമായി എല്‍ഐസി രണ്ടാമത്; മൂന്നാമത് ഇന്‍ഫോസിസ്
  • ഏറ്റവും വേഗത്തില്‍ മൂല്യം വര്‍ധിച്ച 25 ബ്രാന്‍ഡുകളുടെ പട്ടികയിലും ടാറ്റ ഒന്നാമത്

മുംബൈ: ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡ് എന്ന പദവി സ്വന്തമാക്കി ടാറ്റ. യുകെ ആസ്ഥാനമായ ബ്രാന്‍ഡ് മൂല്യനിര്‍ണയ കണ്‍സള്‍ട്ടന്‍സിയായ ബ്രാന്‍ഡ് ഫിനാന്‍സ്, ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 100 ബ്രാന്‍ഡുകളെ ഉള്‍പ്പെടുത്തി തയാറാക്കിയ റിപ്പോര്‍ട്ടില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ടാറ്റ ഒന്നാമതെത്തുന്നത്. 19.6 ബില്യണ്‍ ഡോളറാണ് ടാറ്റയുടെ ബ്രാന്‍ഡ് മൂല്യം. ഇത് റാങ്കിംഗില്‍ രണ്ടും മൂന്നും സ്ഥാനം നേടിയ എല്‍ഐസി, ഇന്‍ഫോസിസ് എന്നീ ബ്രാന്‍ഡുകളുടെ സംയുക്ത മൂല്യത്തേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ടാറ്റയുടെ ബ്രാന്‍ഡ് മൂല്യം 18 ബില്യണ്‍ ഡോളര്‍ കടക്കുന്നത്. 2013 മുതല്‍ 13-14 ബില്യണ്‍ ഡോളറിനുള്ളിലായിരുന്നു ടാറ്റയുടെ ബ്രാന്‍ഡ് മൂല്യം.

2018 ല്‍ 14.2 ബില്യണ്‍ ഡോളറായിരുന്ന ടാറ്റയുടെ ബ്രാന്‍ഡ് മൂല്യത്തില്‍ 37 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഏറ്റവും വേഗത്തില്‍ മൂല്യം വര്‍ധിച്ച 25 ബ്രാന്‍ഡുകളുടെ പട്ടികയിലും കമ്പനി ഒന്നാമതായി. ആഭ്യന്തര വിപണിയിലെ തുടര്‍ച്ചയായ നേതൃസ്ഥാനത്തിന്റെയും ഓട്ടോ, സ്റ്റീല്‍, ഐടി, ഹോട്ടല്‍സ്, റീട്ടെയ്ല്‍ സേവനം തുടങ്ങിയ പ്രധാന മേഖലകളിലെ പ്രകടനം മെച്ചപ്പെടുത്തിയതിന്റെയും ഫലമായിട്ടാണ് ടാറ്റയുടെ ബ്രാന്‍ഡിന്റെ മൂല്യം ഉയര്‍ന്നതെന്നാണ് വിലയിരുത്തല്‍.

7.2 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍െഎസി മുന്‍ വര്‍ഷത്തെ റാങ്കിംഗിനേക്കാള്‍ രണ്ട് സ്ഥാനം മുന്നേറിയാണ് ഇത്തവണ രണ്ടാം സ്ഥാനം നേടിയത്. 22.8 ശതമാനമാണ് എല്‍െഎസിയുടെ വാര്‍ഷിക മൂല്യ വളര്‍ച്ച. മൂന്നാം സ്ഥാനം നേടിയ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ മൂല്യം 6.5 ബില്യണ്‍ ഡോളറാണ്. 7.7 ശതമാനം വാര്‍ഷിക വര്‍ധനവാണ് കമ്പനിയുടെ മൂല്യത്തിലുണ്ടായത്. എസ്ബിഐ (5.97 ബില്യണ്‍ ഡോളര്‍), മഹീന്ദ്ര & മഹീന്ദ്ര (5.24), എച്ച്ഡിഎഫ്‌സി ബാങ്ക് (4.84), എയര്‍ടെല്‍ (4.79), എച്ച്‌സിഎല്‍ (4.64), റിലയന്‍സ് ഇന്‍ഡസ്ട്രീസ് (4.54), വിപ്രോ (4) എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിലിടം നേടിയ മറ്റ് ബ്രാന്‍ഡുകള്‍. ആദ്യ പത്ത് സ്ഥാനക്കാരുടെ എല്ലാവരുടെയും ബ്രാന്‍ഡ് മൂല്യം മുന്‍ വര്‍ഷത്തില്‍ നിന്ന് 1.7 മുതല്‍ 35.5 ശതമാനം വരെ ഉയര്‍ന്നു. അതേസമയം ടെലികോം കമ്പനിയായ ഭാരതി എയര്‍ടെലിന്റെ ബ്രാന്‍ഡ് മൂല്യം മുന്‍ വര്‍ഷത്തേക്കാള്‍ 28 ശതമാനം ഇടിഞ്ഞു. കടക്കെണിയില്‍ പെട്ട അനില്‍ അംബാനിയുടെ കമ്പനിയുടെ മൂല്യം 65 ശതമാനം ഇടിഞ്ഞ് 559 ബില്യണ്‍ ഡോളറിലെത്തി. മുന്‍ വര്‍ഷത്തേക്കാള്‍ 28 സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് 56 ാം സ്ഥാനത്താണ് കമ്പനി.

ബ്രാന്‍ഡ് റാങ്കിംഗ്

റാങ്ക് കമ്പനി വളര്‍ച്ച

1. ടാറ്റ 37 %

2. എല്‍െഎസി 22.8 %

3. ഇന്‍ഫോസിസ് 7.7 %

4. എസ്ബിഐ 34.4 %

5. മഹീന്ദ്ര & മഹീന്ദ്ര 35.5 %

6. എച്ച്ഡിഎഫ്‌സി ബാങ്ക് 19 %

7. എയര്‍ടെല്‍ 28 %

8. എച്ച്‌സിഎല്‍ 1.7 %

9. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 12.4 %

10. വിപ്രോ 25.0 %

Categories: Business & Economy, Slider
Tags: Tata brand