എല്ലാവരും പോകുന്ന വഴിയേ പോകുന്നത്കൊണ്ട് സംരംഭകത്വത്തില്‍ വിജയം നേടാന്‍ കഴിയില്ലെന്നും എന്നും എപ്പോഴും വ്യത്യസ്തമായ ആശയത്തിന് മാത്രമേ മത്സരാധിഷ്ഠിതമായ ലോകത്ത് വിജയം കൈവരിക്കാന്‍ കഴിയൂ എന്നും പറയുന്നവരെ നിശബ്ദമാക്കുന്ന വിജയമാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയുടേത്. 2014 ല്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം കഴിഞ്ഞ സാമ്പത്തികവര്‍ഷം നേടിയത് 442 കോടി രൂപയുടെ വിറ്റുവരവാണ്. ഐഐടി ബിരുദധാരിയായ ശ്രീഹര്‍ഷ മജേറ്റിയുടെ തലയില്‍ പിറന്ന സ്വിഗ്ഗി എന്ന ആശയത്തിന് തുടക്കത്തില്‍ നിരവധി തിരിച്ചടികള്‍ ഏല്ക്കേണ്ടതായി വന്നു. ഫുഡ് ഡെലിവറി സംരംഭങ്ങള്‍ കൂണുപോലെ മുളച്ചുപൊങ്ങുന്ന കാലഘട്ടത്തിലാണ് സ്വിഗ്ഗി പ്രവര്‍ത്തികമാക്കുന്നതിനായി ശ്രീഹര്‍ഷ മുന്നിട്ടിറങ്ങുന്നത്. വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാതെ പ്രവര്‍ത്തിച്ച ഈ സംരംഭകന് ബിസിനസ് പങ്കാളികളുടെ സാധ്യത്തോടെ രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വിഗ്ഗിയെ ഇന്ത്യയിലെതന്നെ മുന്‍നിര ഫുഡ് ഡെലിവറി ആപ്പുകളില്‍ ഒന്നായി മാറ്റുകയായിരുന്നു. ഇന്ന് 90000 തൊഴിലാളികളാണ് സ്വിഗ്ഗിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ബെംഗളൂരുവില്‍ ഡോര്‍ ടു ഡോര്‍ ഡെലിവറി ഭക്ഷണം എത്തിക്കുന്ന സ്റ്റാര്ട്ടപുകള് പലതും കൊഴിഞ്ഞു പോയപ്പോഴും സ്വിഗ്ഗി പിടിച്ചു നിന്നത് മാനേജ്മെന്റ് മികവ്, കൃത്യത, ഗുണമേന്മ തുടങ്ങിയ ഘടകങ്ങളുടെ സഹായത്തോടെയായിരുന്നു. സംരംഭകന് എന്ന നിലക്ക് ആദ്യമായി തുടക്കമിട്ട സംരംഭം പരാജയപ്പെട്ടതില്‍ നിന്നും ലഭിച്ച അനുഭവസമ്പത്താണ് രണ്ടാമത്തെ സംരംഭമായ സ്വിഗ്ഗിയുടെ വിജയത്തിനാധാരമെന്ന് ശ്രീഹര്‍ഷ വ്യക്തമാക്കുന്നു.
വയറൊന്ന് വിശന്നാല്‍, പാചകം ചെയ്യാന്‍ മടി തോന്നിയാല്‍, പെട്ടന്ന് പാചകവാതകം തീര്‍ന്നുപോയാല്‍ ഒക്കെ പണ്ട് ചിന്തിച്ചിരുന്നത് ഹോട്റ്റലില് പോയി ഭക്ഷണം കഴിക്കാം എന്നായിരുന്നു എങ്കില്‍ ഇന്ന് കഥ മാറിയിരിക്കുന്നു.സ്മാര്‍ട്ട്ഫോണില്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് ഇഷ്ട്ടപ്പെട്ട ഹോട്ടലില്‍ നിന്നും ഇഷ്ടമുള്ള ആഹാരം നില്ക്കിടത്തേക്ക് എത്തിക്കുന്ന സ്വിഗ്ഗി ഫുഡ് ഡെലിവറി ആപ്പിലാണ് ഇന്ന് നഗരവാസികളുടെ ശ്രദ്ധ.കറുപ്പും ഓറഞ്ചും നിറത്തിലുള്ള ബാഗ് തൂക്കി ബൈക്കില്‍ ചീറിപ്പായുന്ന സ്വിഗ്ഗിയുടെ ഡെലിവറി ബോയ്സ് കൊച്ചിയും ബെംഗളൂരുവും ഡല്‍ഹിയും ഉള്‍പ്പെടുന്ന ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെ സ്ഥിരം കാഴ്ചയാണ്. ദിവസവും 7 മില്യണ്‍ ജനങ്ങളുടെ വിശപ്പാണ് സ്വിഗ്ഗി മാറ്റുന്നത്. 2014 ല്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനം വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഇന്ത്യന്‍ സംരംഭകാന്തരീക്ഷത്തില്‍ വേരുറപ്പിച്ചത്. വെറും നാലു വര്‍ഷം കൊണ്ട് ഫുഡ് ടെക് കമ്പനികളിലെ യൂണികോണ്‍ ആയി സ്വിഗ്ഗി മാറിയത് ശ്രീഹര്‍ഷ തന്റെ സംരംഭത്തോട് കാണിച്ച അര്‍പ്പണ മനോഭാവം ഒന്നുകൊണ്ട് മാത്രമാണ്.
പരാജയത്തില്‍ നിന്നും തുടക്കം
വിജയം മാത്രം രുചിച്ചറിഞ്ഞ ഒരു സംരംഭകനായിരുന്നില്ല ശ്രീഹര്‍ഷ. സമ്പൂര്‍ണ പരാജയത്തോടെയായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ഐഐടി കൊല്‍ക്കത്തയില്‍ നിന്നും മികച്ച മാര്‍ക്കോടെ പഠിച്ചിറങ്ങിയ ശ്രീഹര്‍ഷ മജെറ്റിയുടെ മനസ്സില്‍ സംരംഭകത്വം എന്ന ആശയം വേരുറച്ചത് വളരെ പെട്ടന്നായിരുന്നു. പഠനത്തിന്റെ ഭാഗമായി നടത്തിയ പ്രോജക്റ്റ് വര്‍ക്കുകളും പങ്കെടുത്ത സെമിനാറുകളും അദ്ദേഹത്തെ സംരംഭകലോകത്തോട് കൂടുതല്‍ അടുപ്പിച്ചു. ബിറ്റ്സ് പിലാനിയില്‍ നിന്നും ബിരുദം നേടിയ സുഹൃത്ത് നന്ദന് റെഡ്ഢിയും ഐഐടി ഖരഖ്പൂരില്‍ നിന്ന്നും പഠിച്ചിറങ്ങിയ രാഹുല്‍ ജൈമിനിയും ശ്രീഹര്‍ഷയുടെ സംരംഭക മോഹങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ രണ്ടും കല്‍പ്പിച്ച് സംരംഭകാത്തവ മേഖലയിലേക്ക് ഇറങ്ങാന്‍ തന്നെ ശ്രീഹര്‍ഷ തീരുമാനിച്ചു. ശ്രീഹര്‍ഷ മജേറ്റിയുടെ രക്തത്തില്‍ തന്നെ സംരംഭകത്വം അലിഞ്ഞു ചേര്‍ന്നിട്ടുണ്ട് എന്നത് പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മവിശ്വാസം നല്കി.
വിജയവാഡയില്‍ ഹോസ്പിറ്റാലിറ്റി രംഗത്തെ സംരംഭകനായിരുന്നു ശ്രീഹര്‍ഷയുടെ അച്ഛന്. അമ്മയും സംരംഭക തന്നെ. സ്വന്തം ക്ലിനിക്കുള്ള ഡോക്ടറായിരുന്നു ‘അമ്മ. ഇതു കൂടാതെ ബ്യൂട്ടി പാര്‍ലര്‍ ശൃംഖലയും അമ്മയ്ക്കുണ്ടായിരുന്നു. ഈ കുടുംബ പശ്ചാത്തലവും അപരിചിതമായ സ്ഥലങ്ങള്‍ തേടിയുള്ള യാത്രകളുമാണ് സംരംഭകത്വത്തിലേക്ക് ശ്രീഹര്‍ഷയെ അടുപ്പിച്ചത് .എന്നാല്‍ പഠിച്ചിറങ്ങുമ്പോള്‍ എന്ത് ബിസിനസ് ചെയ്യണമെന്നോ എവിടെ നിന്നും നിക്ഷേപം കണ്ടെത്തണമെന്നോ ഒന്നും തന്നെ രൂപമുണ്ടായിരുന്നില്ല ശ്രീഹര്‍ഷക്ക്. പിന്നീട് ഊണിലും ഉറക്കത്തിലും സംരംഭകത്വം എന്ന ചിന്ത സജീവമായതോടെയാണ് ഈ രംഗത്തേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. ആദ്യ സംരംഭം ലോജിസ്റ്റിക്സ് മേഖലയില്‍ ആയിരുന്നു.2014 ല്‍ ബന്‍ഡില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കാലഘട്ടത്തില്‍ പ്രമുഖ ഇ കൊമേഴ്സ് കമ്പനികള്‍ക്കു പോലും ഷിപ്പിംഗ്, ലോജിസ്റ്റിക്സ് സംവിധാനം സുസജ്ജമായിട്ടുണ്ടായില്ല. അസംഘടിതമായ ഈ മേഖലയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ശ്രീഹര്‍ഷയും നന്ദനും ചേര്‍ന്ന് ബന്‍ഡില്‍ എന്ന കമ്പനി ആരംഭിച്ചു. പക്ഷേ ഇവര്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോഴേയ്ക്കും സാഹചര്യങ്ങള്‍ പാടെ മാറി.
ഒട്ടനവധി ഇ കൊമേഴ്സ് കമ്പനികള്‍ ലോജിസ്റ്റിക്സ്, ഷിപ്പിംഗ് രംഗത്ത് സജീവമായി. അതോടെ കിട്ടും എന്ന് പ്രതീക്ഷിച്ച പല ബിസിനസും കിട്ടാതെയായി. പരാജയം അടുത്തറിഞ്ഞ ശ്രീഹര്‍ഷയും നന്ദനും തങ്ങളുടെ നയം മാറ്റി.കൂടുതല്‍ പണം ഈ ബിസിനസില്‍ മുടക്കാതെ ഒഴിവാക്കുന്നതാണ് നല്ലതെന്നു മനസിലാക്കിയ ഇരുവരും ഷിപ്പിംഗ് രംഗത്തോട് വിട പറഞ്ഞു. എന്നാല്‍ ആദ്യ ബിസിനസ് പൂര്‍ണ പരാജയമായതോടെ ഇരുവരും ഒരു കാര്യം മനസിലാക്കി, വിപണി സാധ്യത നന്നായി പഠിച്ചശേഷം മാത്രമേ ബിസിനസുകളില്‍ നിക്ഷേപം നടത്താവൂ. മാത്രമല്ല, സാങ്കേതിക വിദ്യ അതിവേഗം വികാസം പ്രാപിച്ചു വരുന്ന കാലഘട്ടത്തില്‍ പല കമ്പനികളും അവരുടെ വളര്‍ച്ചയ്ക്കു വേണ്ടി സാങ്കേതിക വിദ്യ വേണ്ട വിധത്തില്‍ വിനിയോഗിക്കുന്നില്ല. അതിനാല്‍ ഐബി ഏത് സംരംഭം തുടങ്ങിയാലും അത് സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടതായിരിക്കണം എന്ന് ഇരുവര്‍ക്കും തോന്നി. അങ്ങനെ വരുമ്പോള്‍ ബിസിനസിന്റെ വേഗതയും ഉപഭോക്താക്കളുടെ സംതൃപതിയും വര്‍ധിക്കും. ഈ ചിന്തയാണ് സ്വിഗ്ഗിക്ക് അടിത്തറയായത്.
വിശപ്പിന് നോ എക്സ്ക്യൂസ്
ബന്‍ഡില്‍ എന്ന ആദ്യ സംരംഭത്തിന്റെ പരാജയത്തിനുശേഷം ഇനിയെന്ത് എന്ന ചിന്തയില്‍ ഇരിക്കുമ്പോഴാണ് ശ്രീഹര്‍ഷയും കൂട്ടുകാരും ബെംഗളൂരുവിലെ വര്‍ധിച്ചു വരുന്ന ജനസംഖ്യയെപ്പറ്റിയും ഇവരുടെ വിശപ്പകറ്റുന്നതിനായുള്ള സംരംഭങ്ങളെപ്പറ്റിയും ചിന്തിക്കുന്നത്. ഫുഡ് ഡെലിവറി സംരംഭങ്ങള്‍ കൂണുപോലെ മുളച്ചു വരുന്ന കാലമായിരുന്നു അത്. സമാനമായ രീതിയില്‍ ഒരു ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം ഒരുക്കുന്നതിനെപ്പറ്റിയാണ് ശ്രീഹര്‍ഷയും നന്ദനും രാഹുലും ചിന്തിച്ചത്. എന്നാല്‍ സാധാരണ ഫുഡ് ഡെലിവറി സംരംഭങ്ങളില്‍ നിന്നും വ്യത്യസ്തമായി നമ്മുടെ സംരംഭത്തിന് ഒരു യുഎസ്പി അനിവാര്യമാണെന്ന് ശ്രീഹര്‍ഷക്ക് തോന്നി . അങ്ങനെയാണ് മൊബീല്‍ അപ്പു മുഖാന്തിരമുള്ള ഫുഡ് ഡെലിവറി എന്ന ആശയം പിറക്കുന്നത്. വിശപ്പിന്റെ കാര്യത്തില്‍ നോ എക്സ്ക്യൂസ് എന്ന പോലെ തന്നെ തങ്ങളുടെ സംരംഭത്തിന്റെ കാര്യത്തിലും നോ എക്സ്ക്യൂസ് എന്ന സമീപനമായിരുന്നു ശ്രീഹര്ഷക്കും സുഹൃത്തുക്കള്‍ക്കും. അങ്ങനെയാണ് മൊബീല്‍ ആപ്പ് വികസിപ്പിക്കുന്നതും ബെംഗളൂരു നഗരത്തില്‍ ആദ്യമായി സ്വിഗ്ഗി പ്രവര്‍ത്തനമാരംഭിക്കുന്നതും. ലോജിസ്റ്റിക്സ് ശൃംഖല കുറ്റമറ്റ രീതിയില്‍ ആദ്യകാലം മുതല്‍ സ്വിഗ്ഗി കൈകാര്യം ചെയ്തിരുന്നു. ഇത് നിക്ഷേപം കൂടുതലായി ലഭിക്കുന്നതിന് സ്ഥാപകര്‍ സഹായിച്ചു. ഇന്ന് വന്‍തോതില്‍ നിക്ഷേപം തേടിയെത്തുന്ന ഫുഡ് ടെക് കമ്പനിയാണ് സ്വിഗ്ഗി.പ്രവര്‍ത്തനമാരംഭിച്ച അന്നുമുതല്‍ ഓരോ മാസവും കുറഞ്ഞത് 25 ശതമാനം വളര്‍ച്ച സ്വിഗി നേടുന്നുണ്ട്.2014 ല്‍ 5000 റസ്റ്ററന്റുകളുടെ പങ്കാളിത്തവും 3000 ഡെലിവറി ബോയ്സും ഉണ്ടായിരുന്ന സ്വിഗ്ഗി ഇന്ന് 40000 ല്‍ പരം റെസ്റ്റോറന്റുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. 90000 തൊഴിലാളികളാണ് ഇന്ന് സ്വിഗ്ഗിക്ക് ഉള്ളത്. 2014 ല്‍ 7,41,702 രൂപയുടെ വിറ്റുവരവുണ്ടായിരുന്ന സ്ഥാപനത്തിന് ഇന്ന് 442 കോടി രൂപയുടെ വിറ്റുവരവാണുള്ളത്.
വിട്ടുവീഴ്ചയില്ലാത്ത സേവനം
എന്തുകൊണ്ടാണ് സ്വിഗ്ഗി ഇത്ര എളുപ്പത്തില്‍ ജനങ്ങളുടെ മനസ്സില്‍ സ്ഥാനം പിടിച്ചത് എന്ന ചോദ്യത്തിന് ഒരു ഉത്തരമേ ശ്രീഹര്‍ഷക്ക് പറയാനുള്ളൂ, അത് വിട്ടു വീഴ്ച കൂടാതെയുള്ള സേവനം മൂലമാണ് എന്നതാണ്. ഓര്‍ഡര്‍ നല്കിയ ഭക്ഷണം ഗുണമേന്മ കുറയാതെ കൃത്യ സമയത്ത് വിതരണം ചെയ്യുന്നു എന്നത് മാത്രമല്ല സ്വിഗ്ഗിയുടെ പ്രത്യേകത. നല്ല റസ്റ്ററന്റുകളില്‍ നിന്നും ഭക്ഷണം എത്തിക്കുക, ഒട്ടുംതാമസം കൂടാതെ പെട്ടെന്നു ഭക്ഷണം എത്തിക്കുക ഒപ്പം ഉപഭോക്താക്കളില്‍ നിന്നും കൃത്യമായ ഫീഡ്ബാക്ക് ശേഖരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ സ്വിഗ്ഗി ശ്രദ്ധ ചെലുത്തുന്നു. ഏതു കമ്പനിയെ സംബന്ധിച്ചിടത്തോളം ഉപഭോക്താക്കള്‍ക്ക് നല്കുന്ന സേവനങ്ങളെ ആശ്രയിച്ചാണ് കമ്പനിയുടെ വളര്‍ച്ച നിലനില്‍ക്കുന്നത്. അതിനാല്‍ തന്നെ അതില്‍ ശ്രദ്ധ വയ്ക്കാനാണ് സ്വിഗിയുടെ സ്ഥാപകരുടെയും പദ്ധതി. ഒരിക്കല്‍ സ്വിഗ്ഗിയുടെ ഭാഗമായ ഉപഭോക്താക്കള്‍ പിന്നീട് കാലാകാലം ഉപഭോക്താവായി തുടരുന്നു എന്നതും സ്ഥാപനത്തിന്റെ വിജയമാണ്.
തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന സേവനങ്ങളെ മാത്രമേ സ്വിഗി സ്വീകരിക്കാറുള്ളൂ.അമിതലാഭം പ്രതീക്ഷിച്ചു കൂടുതല്‍ ഓര്‍ഡറുകള്‍ സ്വീകരിക്കാറില്ല. ഒരു സമയത്ത് നിരവധി ഓര്‍ഡറുകള്‍ ലഭിച്ചാല്‍ സ്വിഗി അതു വേണ്ടെന്നു വയ്ക്കാറുണ്ട്. കാരണം തങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയില്ലായെന്നു എന്നത് തന്നെ. ആദ്യം ഓര്‍ഡര്‍ നല്കുന്ന ഉപഭോക്താവിനായിരിക്കും മുന്‍ഗണന. പെട്ടന്ന് നല്കുന്ന സേവനത്തോടൊപ്പം ഭക്ഷണത്തിന്റെ ഗുണവും സ്വിഗ്ഗിയുടെ ഡെലിവറി ബോയ്സ് ഉറപ്പുവരുത്തുന്നു .സ്വിഗിയുടെ ടെക്നോളജി കമ്പനിക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്. മൊബൈല്‍ ആപ് കമ്പനിയുടെ വളര്‍ച്ചയ്ക്കും ഡെലിവറി ബോയ്സിനും ഒരേ പോലെ വരുമാനം എത്തിക്കുന്നു. എവിടെ നിന്നും ഭക്ഷണം ശേഖരിക്കണമെന്നും എവിടെ എത്തിക്കണമെന്നും ഡെലിവറി ബോയ്സിനു പെട്ടെന്നുതന്നെ മനസിലാകുന്ന വിധത്തിലാണ് ആപ്പിന്റെ രൂപീകരണം. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്തത് ശ്രീഹര്‍ഷ തന്നെയായിരുന്നു.ഏതെങ്കിലും മേഖലയില്‍ നിന്നും വിതരണം സംബന്ധിച്ച പ്രശ്നമാണ് നേരിട്ടാല്‍ ഉടനടി പരിഹാരം കാണുന്നു. അത് പോലെ തന്നെ റെസ്റ്റോറന്റുകള്‍ക്ക് എതിരെ ലഭിക്കുന്ന പരാതികള്‍ മനസിലാക്കി ഒഴിവാക്കേണ്ടവയെ ഒഴിവാക്കുന്നു.വര്‍ഷത്തിലെ 365 ദിവസവും സ്വിഗിയുടെ സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് ടീം ലക്ഷ്യമിടുന്നത്. സിഇഒ സ്ഥാനത്ത് നിന്നുകൊണ്ട് ശ്രീഹര്‍ഷ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. കഴിഞ്ഞ വര്‍ഷം 235 ശതമാനം വളര്‍ച്ചയാണ് സ്ഥാപനത്തിനുണ്ടായത്. വരും നാളുകളില്‍ അവധിയോ കൃത്യമായ ജോലി സമയമോ ഇല്ലാതെ ഉപഭോക്താക്കള്‍ക്ക് ഏതു സമയത്തും സ്വിഗിയെ ആശ്രയിക്കാന്‍ സാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കാനാണ് പദ്ധതിയിടുന്നത്.