അധിക കരുതല്‍ ധനശേഖരം ഘട്ടംഘട്ടമായി കൈമാറണം

അധിക കരുതല്‍ ധനശേഖരം ഘട്ടംഘട്ടമായി കൈമാറണം

മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള കാലയളവില്‍ ആര്‍ബിഐ തുക കേന്ദ്ര സര്‍ക്കാരിന് കൈമാറണമെന്ന് സമിതി

ന്യൂഡെല്‍ഹി: ആര്‍ബിഐയുടെ അധിക കരുതല്‍ ധനശേഖരം കേന്ദ്ര സര്‍ക്കാരിന് ഘട്ടംഘട്ടമായി 3-5 വര്‍ഷം കൊണ്ട് കൈമാറണമെന്ന് ബിമല്‍ ജലാല്‍ സമിതിയുടെ റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക മൂലധന ഘടന വിലയിരുത്താന്‍ നിയമിച്ച ആറംഗ സമിതി ഇന്നലെ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26 നാണ് ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിരുന്നത്.

കേന്ദ്ര ബാങ്കിന് ഒന്‍പത് ലക്ഷം കോടി രൂപയോളം അധിക മൂലധന ശേഖരമുണ്ടെന്നാണ് കണക്ക്. അധിക കരുതല്‍ ധനം സര്‍ക്കാരിന് ലഭ്യമാകുന്നതോടെ പൊതുഖജനാവിലേക്ക് പണമെത്തുകയും ഇത് ധനകമ്മി ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സര്‍ക്കാരിനെ സഹായിക്കുകയും ചെയ്യും. നടപ്പു സാമ്പത്തിക വര്‍ഷം 3.3 ശതമാനമാണ് സര്‍ക്കാരിന്റെ ധനകമ്മി ലക്ഷ്യമിടല്‍. കരുതല്‍ ധനശേഖരത്തിനു പുറമെ റിസര്‍വ് ബാങ്കില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം 90,000 കോടിയുടെ ലാഭവിഹിതവും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. മുന്‍ സാമ്പത്തിക വര്‍ഷം ലാഭവിഹിതമായി 68,000 കോടി രൂപയാണ് ആര്‍ബിഐ കൈമാറിയിരുന്നത്. മൊത്തം ആസ്തിയുടെ 28 ശതമാനമാണ് ആര്‍ബിഐയുടെ കരുതല്‍ ധനശേഖര അനുപാതം. ഇത് 14 ശതമാനമെന്ന ആഗോള ശരാശരിയേക്കാള്‍ കൂടുതലാണെന്നും അതിനാല്‍ അധികമുള്ള തുക സര്‍ക്കാരിന് നല്‍കണമെന്നുമാണ്് ധനകാര്യ മന്ത്രാലയത്തിന്റെ അഭിപ്രായം.

ആര്‍ബിഐ നിലനിര്‍ത്തേണ്ട അധിക കരുതല്‍ ധനശേഖരാനുപാതം സംബന്ധിച്ച് ഇതിനു മുന്‍പ് വി സുബ്രഹ്മണ്യം (1997), ഉഷ തോറാത്ത് (2004), വൈ എച്ച് മാലേഗം (2013) എന്നീ മൂന്നു സമിതികള്‍ പഠനം നടത്തിയിട്ടുണ്ട്. ഇതില്‍ സുബ്രഹ്മണ്യം സമിതി 12 ഉം തോറാത്ത് സമിതി 18 ശതമാനവും കരുതല്‍ ശേഖരമാണ് ശുപാര്‍ശ ചെയ്തത്. തോറാത്ത് സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിക്കാത്ത ആര്‍ബിഐ ബോര്‍ഡ് സുബ്രഹ്മണ്യം സമിതിയുടെ നിര്‍ദേശങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരുന്നു.

Comments

comments

Categories: FK News
Tags: RBI, Reserve Bank