പൊതു വിവര ശേഖരം രൂപീകരിക്കാന്‍ എന്‍പിസിഐ

പൊതു വിവര ശേഖരം രൂപീകരിക്കാന്‍ എന്‍പിസിഐ

ഓണ്‍ലൈന്‍, കാര്‍ഡ് ഇടപാടുകള്‍ വര്‍ധിക്കുന്നതിനൊപ്പം തട്ടിപ്പുകളും ഉയരുന്നതായി ബാങ്കുകളുടെ പരാതി

ന്യൂഡെല്‍ഹി: ഉപഭോക്തൃ ബാങ്കിംഗ് മേഖലയിലെ തട്ടിപ്പുകള്‍ തടയാന്‍ പൊതു വിവരശേഖരണ വിതരണ സംവിധാനത്തിന് രൂപം നല്‍കാന്‍ ഡിജിറ്റല്‍ പേമെന്റ് മേഖലയെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) തയാറെടുക്കുന്നു. അതിവേഗം പൂര്‍ത്തിയാവുന്ന ഡിജിറ്റല്‍ ഇടപാടുകളില്‍ തട്ടിപ്പുകാരെ കൃത്യസമയത്ത് തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്ന പരാതി ബാങ്കുകള്‍ ഉന്നയിച്ച സാഹചര്യത്തിലാണിത്. രാജ്യത്ത് ഡിജിറ്റല്‍ പേമെന്റുകളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനായി രൂപം നല്‍കിയ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേക്കനിയുടെ നേതൃത്വത്തിലുള്ള സമിതിയും ഇത്തരത്തിലൊരു സെന്‍ട്രല്‍ ഫ്രോഡ് രജിസ്ട്രിയുടെ രൂപീകരണത്തെ പിന്തുണച്ചിരുന്നു. പേമെന്റ് ആവാസവ്യവസ്ഥയിലെ എല്ലാ അംഗങ്ങള്‍ക്കും തല്‍സമയാടിസ്ഥാനത്തില്‍ രജിസ്ട്രി ലഭ്യമാക്കണമെന്നും എല്ലാ ഉപഭോക്താക്കുടെയും തട്ടിപ്പിനിരയാകാനുള്ള സാധ്യത വിലയരുത്താന്‍ ഇത് സഹായിക്കുമെന്നുമാണ് നിരീക്ഷണം.

ഡെബിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട് കാര്‍ഡ് ക്ലോണിംഗ്, ഒടിപി തട്ടിപ്പ് എന്നിങ്ങനെ രണ്ട് തരത്തിലുള്ള തട്ടിപ്പുകളാണ് പ്രധാനമായും നടക്കുന്നത്. സ്‌കാനിംഗ് മെഷീനും ഒൡക്യാമറയുമുപയോഗിച്ച് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി നടത്തുന്ന തട്ടിപ്പാണ് ക്ലോണിംഗ്. പൊതുവായ ഒരു രജിസ്ട്രി ഉണ്ടെങ്കില്‍ തട്ടിപ്പ് പണം എത്തിച്ചേരുന്ന എക്കൗണ്ടുകളെ മരവിപ്പിക്കാനും കുറ്റവാളികളെ കൂടുതല്‍ കാര്യക്ഷമതയോടെ കണ്ടെത്താനും കഴിയും. പല തട്ടിപ്പു കേസുകളിലും പരിശോധനയില്‍ കെവൈസി വിവരങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്താറുണ്ടെന്നും അതിനാല്‍ കുറ്റവാളികണ്ടെത്താന്‍ ബാങ്കുകള്‍ക്ക് സാധിക്കാറില്ലെന്നും കൊട്ടാക് മഹീന്ദ്ര ബാങ്ക് സീനിയര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പുനീത് കപൂര്‍ പറഞ്ഞു.

Categories: FK News, Slider