ബിസിനസ് യാത്രികര്‍ക്ക് വേണ്ടിയുള്ള ഒയോയുടെ ‘കാപ്പിറ്റല്‍ ഒ’ സേവനം ഇനി യുഎഇയിലും

ബിസിനസ് യാത്രികര്‍ക്ക് വേണ്ടിയുള്ള ഒയോയുടെ ‘കാപ്പിറ്റല്‍ ഒ’ സേവനം ഇനി യുഎഇയിലും

റാസ് അല്‍ ഖൈമയിലും ബുര്‍ജ് ദുബായിലുമാണ് ഒയോ കാപ്പിറ്റല്‍ ഒ സേവനം ആരംഭിച്ചിരിക്കുന്നത്

റാസ് അല്‍ ഖൈമ: ഇന്ത്യയിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലയായ ഒയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസിന്റെ കാപ്പിറ്റല്‍ ഒ സേവനം ഇനിമുതല്‍ യുഎഇ വിപണിയിലും. ബിസിനസ് യാത്രികരെ ലഭ്യമിട്ട് കൊണ്ടുള്ള ഒയോയുടെ പ്രീമിയം ശ്രേണിയിലുള്ള പദ്ധതിയാണ് കാപ്പിറ്റല്‍ ഒ. റാസ് അല്‍ ഖൈമയില്‍ കാപ്പിറ്റല്‍ ഒ 187 ആക്ഷന്‍ ഹോട്ടലും ബുര്‍ജ് ദുബായില്‍ കാപ്പിറ്റല്‍ ഒ 167 മൂണ്‍ വാലി ഹോട്ടല്‍ അപ്പാര്‍ട്‌മെന്റുമാണ് ഒയോ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.

യുഎഇയിലെ ബിസിനസ് യാത്രികരില്‍ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് കാപ്പിറ്റല്‍ ഒ സേവനം യുഎഇയില്‍ ആരംഭിച്ചതെന്ന് ഒയോയുടെ മിഡില്‍ഈസ്റ്റ് മേധാവി മനു മിത പറഞ്ഞു. ”കഴിഞ്ഞ വര്‍ഷം യുഎഇയില്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ നിരവധി ബിസിനസ് യാത്രികര്‍ തങ്ങളുടെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്ന ഹോട്ടലുകള്‍ സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങളുമായി പങ്കുവെച്ചിരുന്നു. ഇത്തരം ആവശ്യങ്ങള്‍ മനസില്‍ വെച്ചുകൊണ്ടാണ് കാപ്പിറ്റല്‍ ഒ ആരംഭിച്ചിരിക്കുന്നത്”മനു മിത പറഞ്ഞു. 2019 അവസാനത്തോടെ കാപ്പിറ്റല്‍ ഒ വിഭാഗത്തിലുള്ള സേവനം ഇരട്ടിയാക്കുമെന്നും മനു മിത കൂട്ടിച്ചേര്‍ത്തു.

കോര്‍പ്പറേറ്റ് യാത്രികര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയ കാപ്പിറ്റല്‍ ഒ വിഭാഗത്തിലുള്ള സേവനങ്ങള്‍ക്ക് 200-300 ദിര്‍ഹം വിലയാണ് ഒയോ ഈടാക്കുന്നത്. കാപ്പിറ്റല്‍ ഒ വിഭാഗത്തിന് ഇന്ത്യയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയില്‍ ഇരുന്നൂറിലധികം നഗരങ്ങളില്‍ 700 ഹോട്ടലുകളിലായി ഒയോ ഈ സേവനം നല്‍കിവരുന്നു.

പശ്ചിമേഷ്യയിലും ഓസ്‌ട്രേലിയയിലും ത്രീ, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ സ്വന്തമായുള്ള ഡെവലപ്പറും അസെറ്റ് മാനേജറുമായ ആക്ഷന്‍ ഹോട്ടല്‍സുമായി ചേര്‍ന്നാണ് ഒയോ റാസ് അല്‍ ഖൈമയില്‍ കാപ്പിറ്റല്‍ ഒ സേവനം ആരംഭിച്ചിട്ടുള്ളത്. പുതിയ സംരംഭം യുഎഇയില്‍ ഒയോയുടെ വികസന പദ്ധതികള്‍ക്ക് കരുത്ത് പകരും. 2020 ഓടെ യുഎഇയില്‍ 150 ഹോട്ടലുകളിലായി 12,000 റൂമുകള്‍ കമ്പനിയോട് കൂട്ടിച്ചേര്‍ക്കാനാണ് ഒയോ പദ്ധതിയിടുന്നത്. 2018 ഒക്ടോബറിലാണ് ഒയോ യുഎഇയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. യുഎഇയില്‍ ദുബായ്, ഷാര്‍ജ,റാസ് അല്‍ ഖൈമ, ഫുജെയ്‌റ, അജ്മന്‍ എന്നിവിടങ്ങളിലെ 105 ഹോട്ടലുകളിലെ 1,800 റൂമുകളിലായി 225,000 അതിഥികള്‍ക്ക് ഇതുവരെ ഒയോ താമസമൊരുക്കിയിട്ടുണ്ട്.

Comments

comments

Categories: Arabia
Tags: Oyo capital